ജോൺസൺ ചെറിയാൻ.
യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക് വർധിക്കുന്നു. സൗദി ക്ലബ്ബുകളെ യൂറോപ്പിലെ മുൻ നിര താരങ്ങളുമായി ബന്ധപ്പെടുത്തി വരുന്നത് ദിനം പ്രതി ഒട്ടനവധി റിപ്പോർട്ടുകൾ. നിലവിൽ ഒരു പിടിയോളം ലോകോത്തര താരങ്ങൾ സൗദി അറേബ്യയിലെ മുൻ നിര ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്. ആ നിരയിൽ ഏറ്റവും പുതിയതായി സ്ഥാനം പിടിക്കുന്ന ഒരാളാണ് സെനഗലിന്റെ കാലിദൊ കൗലിബാലി. സൗദി ക്ലബ് അൽ ഹിലാലുമായി താരം 2026 വരെ കരാർ ഒപ്പിട്ടു. 23 മില്യൺ യൂറോക്കാണ് താര കൈമാറ്റം നടന്നത്. 32 കാരനായ കൗലിബാലി കഴിഞ്ഞ ജൂലൈയിലാണ് നാപ്പോളിയിൽ നിന്നും ചെൽസിയിലേക്ക് എത്തിയത്.കഴിഞ്ഞ ദിവസം പോർച്ചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസ് പ്രീമിയർ ലീഗിലെ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്നും അൽ ഹിലാലിലേക്ക് നീങ്ങിയിരുന്നു. ഏഷ്യയിലെയും സൗദി അറേബ്യയിലെയും ഏറ്റവും അധികം നേട്ടങ്ങൾ കരസ്ഥമാക്കിയ ക്ലബാണ് അൽ ഹിലാൽ. നാല് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 18 ലീഗ് കിരീടങ്ങളും അൽ ഹിലാലിന്റെ ട്രോഫി ക്യാബിനറ്റിൽ ഉണ്ട്.