ജോൺസൺ ചെറിയാൻ.
അഡിഡാസ് പുറത്തിറക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജഴ്സി ഡിസൈൻ ചെയ്തത് സ്വയം ഡിസൈനിങ്ങ് പഠിച്ച കശ്‌മീരി യുവാവ്. കശ്‌മീരി ജനിച്ച് ഡൽഹിയിൽ താമസിക്കുന്ന ആക്വിബ് വാനി എന്ന 32കാരനാണ് ഇന്ത്യയുടെ പുതിയ ജഴ്സി ഡിസൈൻ ചെയ്തത്. മുൻപും അഡിഡാസിനായി പ്രൊജക്ടുകൾ ചെയ്തിട്ടുള്ള ആക്വിബ് കമ്പനി ബ്രാൻഡ് അംബാസിഡർമാരായ രൺവീർ സിംഗ്, രോഹിത് ശർമ എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് അഡിഡാസ് ആക്വിബിനോട് ഇക്കാര്യം സൂചിപ്പിച്ചത്. ആർക്കുവേണ്ടിയാണ് ജഴ്സി എന്ന് പറഞ്ഞിരുന്നില്ല. ജനുവരി രണ്ടാം വാരം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജഴ്സികളാണ് ഡിസൈൻ ചെയ്യേണ്ടതെന്ന് അദ്ദേഹം അറിഞ്ഞു. ചെറുപ്പം മുതൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള, ക്രിക്കറ്റിനെ സ്നേഹിക്കുന്ന തനിക്ക് ഈ അവസരം വളരെ വലുതായിരുന്നു എന്ന് ആക്വിബ് പറയുന്നു.
പഠനത്തിൽ മിടുക്കനായിരുന്നില്ല ആക്വിബ്. 11 ആം ക്ലാസിൽ രണ്ട് വട്ടം തോറ്റതോടെ ഇദ്ദേഹം പഠനം അവസാനിപ്പിച്ചു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം ഒരു മ്യൂസിക് ബാൻഡ് തുടങ്ങി. ബാൻഡിൽ ഗിറ്റാറിസ്റ്റായിരുന്നു ആക്വിബ്. നാട്ടുകാരും ബന്ധുക്കളുമൊക്കെ ആക്വിബിനെ ഇക്കാര്യത്തിൽ എതിർത്തു. എന്നാൽ, അതിലൊന്നും ആക്വിബ് തളർന്നില്ല. ചെറുപ്പം മുതൽ ഡയറിയിൽ വരയ്ക്കുമായിരുന്ന ആക്വിബ് ചില ബ്രാൻഡുകൾക്കായി വരയ്ക്കാൻ തുടങ്ങി. ഫ്രീലാൻസറായായിരുന്നു തുടക്കം. 2014ൽ അദ്ദേഹത്തിന് റോക്ക് സ്ട്രീറ്റ് ജേണൽ എന്ന കമ്പനി ജോലി നൽകി. അവിടെനിന്നായിരുന്നു ആക്വിബിൻ്റെ വളർച്ച. വീട്ടിലിരുന്ന് സ്വയം ഡിസൈനിങ്ങ് പഠിച്ച ആക്വിബ് 2018ൽ തൻ്റെ സ്വന്തം ഡിസൈനിങ്ങ് സ്റ്റുഡിയോ ആരംഭിച്ചു. ഡൽഹിയിൽ ആക്വിബ് വാനി ഡിസൈൻ എന്നായിരുന്നു സ്റ്റുഡിയോയുടെ പേര്.