ജോൺസൺ ചെറിയാൻ.
വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പകർച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും ആരോഗ്യ അസംബ്ലിയുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.വൃത്തിയുള്ള സ്‌കൂൾ ക്യാമ്പസ് മികച്ച ആരോഗ്യശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ശുചിത്വം പാലിക്കുന്നത് വിദ്യാർത്ഥികളിൽ അച്ചടക്കവും ഉത്തരവാദിത്തബോധവും പരിസ്ഥിതിബോധവും വളർത്തും. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ ഉടമസ്ഥതാബോധം, പരിസ്ഥിതിയോടുള്ള ആദരവ്, സംഘടനാ മികവ്, ശുചിത്വ ശീലങ്ങൾ എന്നിവ വികസിക്കും. വൃത്തിയായി പരിപാലിക്കപ്പെടുന്ന ക്യാമ്പസുകൾ മികവും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.