ജോൺസൺ ചെറിയാൻ.
ടൈറ്റാനിക്കിൻറെ അവശിഷ്‌ടങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെ ജൂൺ 18നാണ് ടൈറ്റൻ അന്തർവാഹിനി കപ്പൽ അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചുള്ള ലോകത്തിന്റെ കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ടാണ് ആ സങ്കട വാർത്ത മണിക്കൂറുകൾക്ക് മുമ്പ് പുറത്തുവന്നത്. അന്തർവാഹിനി കപ്പൽ ടൈറ്റൻ (Titan) അകത്തേക്ക് പൊട്ടിത്തെറിച്ച് 5 പേരും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.
ടൈറ്റാനിക്കിലൂടെയും ടൈറ്റനിലൂടെയും പ്രതിഫലിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്. സാങ്കേതികവിദ്യ പ്രതിക്ഷിച്ചതിനുമപ്പുറം വികസിച്ച ഇക്കാലത്തും കടലിന്റെ നിഗൂഢതയെപ്പറ്റി നാം അജ്ഞരാണ്. യുകെ, ഫ്രഞ്ച്, കാനഡ ഗവൺമെൻറുകളുടെ സഹായത്തോടെയുള്ള സുസജ്ജമായ യുഎസ് നാവികസേന തല കുത്തി നിന്നിട്ടും അവസാന നിമിഷം വരെയും ടൈറ്റനെ കണ്ടെത്താനായിരുന്നില്ല. ഏറ്റവുമൊടുവിൽ ടൈറ്റൻ പൊട്ടിത്തെറിച്ച് 5 പേരും മരണത്തിന് കീഴടങ്ങിയെന്ന വാർത്ത നമുക്ക് സങ്കടത്തോടെ കേൽക്കേണ്ടി വന്നു.
മനുഷ്യരുടെ സമുദ്രത്തിൻറെ മേലുള്ള ആധിപത്യത്തിൻറെ പരിമിതികളിലേക്കാണ് ഈ ദാരുണ സംഭവം വിരൾ ചൂണ്ടുന്നത്. ടൈറ്റനെ കണ്ടെത്തി അഞ്ച് പേരെയും രക്ഷപ്പെടുത്താൻ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു അധികൃതർ. 96 മണിക്കൂർ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഓക്‌സിജനാണ് ടൈറ്റണിൽ സജ്ജീകരിച്ചിരുന്നത്. ‘വിനാശകാരമായ സ്‌ഫോടനം സംഭവിച്ചിരിക്കുന്നു’ എന്നായിരുന്നു അന്തർവാഹിനിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ യുഎസ് കോസ്റ്റ് ഗാർഡ് റിയർ അഡ്മിറൽ ജോൺ മൗഗർ അറിയിച്ചത്.