ജോൺസൺ ചെറിയാൻ.
തെക്കൻ ജർമ്മനിയിലെ ചരിത്രപ്രസിദ്ധമായ ന്യൂഷ്വാൻസ്റ്റീൻ കാസിലിൽ യുവതികൾക്ക് നേരെ ആക്രമണം. 21 കാരിയായ യുവതിയെ കോട്ടയുടെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഇവരുടെ സുഹൃത്തായ 22 കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു യുഎസ് പൗരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ആക്രമണത്തിന് ഇരയായ പെൺകുട്ടികൾ അമേരിക്കയിൽ നിന്നുള്ളവരാണെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതി മരിയൻബ്രൂക്ക് പാലത്തിൽ വച്ചാണ് യുവതികളെ കണ്ടുമുട്ടുന്നതെന്ന് സംശയിക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോട്ട കാണാൻ വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ വ്യൂ പോയിന്റാണ് ഈ സ്ഥലം.
കോട്ടയിലേക്ക് എളുപ്പവഴിയുണ്ടെന്ന് പറഞ്ഞ് അടുത്തുകൂടിയ പ്രതി, യുവതികളെ മറ്റൊരു വഴിയിലേക്ക് നയിച്ചു. ഇതിനിടയിലാണ് 30 കാരനായ പ്രതി 21 കാരിയായ യുവതിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച 22 കാരിയായ യുവതിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയും പിന്നീട് പ്രതി ഇരുവരെയും കുത്തനെയുള്ള ഒരു ചരിവിൽ നിന്ന് തള്ളിയിടുകയായിരുന്നു.
21 കാരിയായ യുവതിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തിന്റെ നില അതീവ ഗുരുതരമാണ്. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം അക്രമിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.