ജോൺസൺ ചെറിയാൻ.
ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സുനാമി ഭീഷണിയില്ലെന്ന് യുഎസ് നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കി.
തലസ്ഥാനമായ നുകുഅലോഫയിൽ നിന്ന് 290 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 167 കിലോമീറ്റർ (103 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
യുഎസ് വെസ്റ്റ് കോസ്റ്റ്, ബ്രിട്ടീഷ് കൊളംബിയ, അലാസ്ക എന്നിവിടങ്ങളിൽ സുനാമി ഭീഷണിയില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. കൂടാതെ ഓസ്‌ട്രേലിയയിൽ സുനാമി ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. പതിവായി ഭൂകമ്പം അനുഭവപ്പെടുന്ന ഇടമാണ് ടോംഗ.