പി. മുജീബ്‌റഹ്‌മാന്‍.
മലപ്പുറം: മലബാറിലെ വികസന പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മലബാറിനോടുള്ള വംശീയ മുന്‍വിധിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ്‌റഹ്‌മാന്‍. ജമാഅത്തെ ഇസ്ലാമിയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പതിറ്റാണ്ടിലധികമായി കേരളത്തിലെ പൊതുസമൂഹവും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന വിഷയമാണ് വിദ്യാഭ്യാസ മേഖലയിലടക്കമുള്ള ഈ അസന്തുലിതാവസ്ഥ. ഇത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യവുമാണ്. ഇപ്പോള്‍ ഹയര്‍സെക്കന്ററി പ്രവേശനം നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത ചര്‍ച്ചയിലെത്തിയിരിക്കുകയാണ്. ഈ ചര്‍ച്ച തണുപ്പിക്കാന്‍ അതാത് വര്‍ഷങ്ങളില്‍ പരിമിതമായ അധിക സീറ്റുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി പ്രവേശനത്തിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട വി.കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. മലബാറില്‍ പുതിയ സ്ഥിരം ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുക, വിദ്യാര്‍ഥികളുടെ എണ്ണം 50ല്‍ പരിമിതപ്പെടുത്തുക തുടങ്ങിയ മലബാറിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ശിപാര്‍ശകളിന്‍മേല്‍ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അധ്യായനവര്‍ഷാരംഭത്തിന് മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണെന്ന് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ മേഖലയോടുള്ള വിവേചനം തുടരുന്നതിലൂടെ തികഞ്ഞ വംശീയ മുന്‍വിധികള്‍ നിലനിര്‍ത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് ഇടത്പക്ഷം നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം വാരിയംകുന്നത്ത് സ്മാരക ടൗൺഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്റ് അമീറുമാരായ വി.ടി അബ്ദുല്ലക്കോയ തങ്ങൾ, എം.കെ മുഹമ്മദലി തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം നഹാസ് മാള സമാപന പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു.