ജോൺസൺ ചെറിയാൻ.
ഫ്രഞ്ച് ഫുട്ബോൾ താരം കരിം ബെൻസേമ സൗദി ക്ലബ്ബായ അൽ ഇത്തിഹാദുമായി കരാർ ഒപ്പുവെച്ചു. 3 വർഷത്തേക്കാണ് കരാർ. സൗദി പ്രൊ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്.
റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചാണ് ഫ്രഞ്ച് ഫൂട്ബാൾ താരം കരീം ബെൻസേമ സൗദിയിലെത്തുന്നത്. സൗദിയിലെ പ്രമുഖ ക്ലബ്ബും നിലവിലെ സൗദി പ്രോ ലീഗ് ജേതാക്കളുമായ അൽ ഇത്തിഹാദുമായി ബെൻസേമ കരാർ ഒപ്പുവെച്ചു. മാഡ്രിഡിൽ വെച്ച് അൽ ഇത്തിഹാദ് പ്രസിഡൻറ് അൻമർ അൽ ഹൈലെ, വൈസ് പ്രസിഡൻറ് അഹമദ് കാക്കി എന്നിവർക്കൊപ്പമാണ് ബെൻസേമ കരാർ ഒപ്പിട്ടത്.
ഇത്തിഹാദ് ക്ലബ്ബിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റമാണിത്. വൈകാതെ താരം ജിദ്ദയിലെത്തും. കഴിഞ്ഞ വർഷത്തെ ബാലൻ ഡി ഓർ ജേതാവ് കൂടിയായ ബെൻസേമയ്ക്കു 3 വർഷത്തെ കരാറാണ് ഇത്തിഹാദുമായി ഉള്ളത്. റയലിൻറെ എക്കാലത്തെയും ഗോൾ വേട്ടക്കാരിൽ രണ്ടാമനാണ് ബെൻസേമ. 657 മത്സരങ്ങളിൽ 353 ഗോളുകൾ റയലിന് വേണ്ടി നേടി. മുൻ സഹതാരവും റയലിൻറെ ഗോൾ വേട്ടക്കാരിൽ ഒന്നാമനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നസ്ർ ക്ലബ്ബിലാണ് ഇപ്പോഴുള്ളത്. ഈ രണ്ട് താരങ്ങളും മുഖാമുഖം വരുന്നതും കാത്തിരിക്കുകയാണ് ഫൂട്ബാൾ ആരാധകർ.