ജോൺസൺ ചെറിയാൻ.
69 വയസുകാരിയായ യുവതിയെ പറ്റിച്ച് 80,000 ഡോളർ തട്ടിയെടുത്ത കേസിൽ രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. ഫോൺ തട്ടിപ്പിലൂടെ പണം അപഹരിച്ച കുറ്റത്തിനാണ് ഫ്ലോറിഡയിൽ രണ്ട് ഇന്ത്യൻ വംശജർ പിടിയിലായത്. പാർത്ഥ് പട്ടേൽ (33), ജയറമി കുരുഗുണ്ട്ല (25) എന്നിവരെ ഓകല പൊലീസ് അറസ്റ്റ് ചെയ്തു.മെയ് 23 നാണ് തട്ടിപ്പിൻ്റെ തുടക്കം. അന്ന് വയോധികയുടെ ഐപാഡിലേക്ക് ഒരു പോപ്പപ്പ് മെസേജ് വന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപകടത്തിലാണെന്നും ഒരു നമ്പരിലേക്ക് വിളിക്കണം എന്നുമായിരുന്നു മെസേജ്. ഭയന്നുപോയ വയോധിക നമ്പരിലേക്ക് വിളിച്ചു. ഇത് തട്ടിപ്പുകാരുടെ നമ്പരായിരുന്നു. കുട്ടികളുടെ അശ്ലീല വിഡിയോ പങ്കുവച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ ഇവ കുറ്റാരോപിതയാണെന്ന് തട്ടിപ്പുകാർ ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചു. ചൈനയിൽ 30,000 ഡോളർ മുടക്കി കുട്ടികളുടെ അശ്ലീല വിഡിയോ വാങ്ങിയതായി രേഖയുണ്ടെന്നും ഇതിൽ നിന്ന് രക്ഷപ്പെടാൻ 72 മണിക്കൂറിനുള്ളൈൽ 30,000 ഡോളർ അടയ്ക്കണമെന്നും തട്ടിപ്പുകാർ പറഞ്ഞു. ഗ്യാസ് സ്റ്റേഷനിൽ നിന്ന് ബിറ്റ് കോയിൻ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാനായിരുന്നു നിർദ്ദേശം. പിറ്റേന്ന് ഇവർ വീണ്ടും വിളിച്ച് 50,000 ഡോളർ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇക്കുറി നേരിട്ടാണ് പണം നൽകിയത്. ഇതിനു പിറ്റേന്ന് വീണ്ടും ഇവർ 50,000 ഡോളർ ആവശ്യപ്പെട്ടു. ഇതോടെ വയോധിക വിവരം പൊലീസിനെ അറിയിച്ചു. പണം വാങ്ങാൻ എത്തിയപ്പോൾ പൊലീസ് ഇവരെപിടികൂടുകയായിരുന്നു.