ജോൺസൺ ചെറിയാൻ.
ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മുതിർന്ന നേതാക്കൾക്കു സീറ്റ് നൽകാത്തതിനെ തുടർന്ന് കർണാടക ബിജെപിയിൽ പരക്കെ പ്രതിഷേധവും രാജിയും തുടരുന്നു. 6 തവണ നിയമസഭാംഗമായിരുന്ന മുൻ മന്ത്രി എസ്.അംഗാര സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുകയാണെന്നു കണ്ണീരോടെ അറിയിച്ചു. സുള്ള്യ സീറ്റ് നൽകാത്തതാണു കാരണം.വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പയ്ക്ക് പിന്തുണയുമായി ശിവമൊഗ്ഗയിലെ ബിജെപി മേയറും 18 കോർപറേഷൻ അംഗങ്ങളും രാജിവച്ചു. മുൻ ഉപമുഖ്യമന്ത്രിയും നിയമസഭാ കൗൺസിൽ (എംഎൽസി) അംഗവുമായ ലക്ഷ്മൺ സാവദി പാർട്ടി വിടുമെന്നറിയിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടായേക്കും.മുതിർന്ന നേതാവ് ആർ.ശങ്കർ എംഎൽസി സ്ഥാനം രാജിവച്ചു.