ജോയ്ചെൻ പുതുകുളം
മല്ലപ്പള്ളിയിലെ ജിഎംഎം ആശുപത്രി നവീകരണത്തിനു ജനപങ്കാളിത്തം തേടുന്നു
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിലെ നവോഥാന നായകരിൽ പ്രമുഖനായ റവ. ജോർജ് മാത്തന്റെ സ്മരണാർത്ഥം മല്ലപ്പള്ളിയിൽ 1971 ൽ സ്ഥാപിതമായ ജിഎംഎം ആശുപത്രിയാണ് ആ പ്രദേശത്തെ
സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ സാധ്യമാക്കിയത്. എന്നാൽ, കോവിഡ് രൂക്ഷമായ സമയത്ത്, ഈ ആശുപത്രിയിലെ സൗകര്യങ്ങൾ അപര്യാപ്തമായി വന്നു. അഞ്ചുലക്ഷം പേർ താമസിക്കുന്ന മല്ലപ്പള്ളിയിൽ, 12 കിലോമീറ്റർ ചുറ്റളവിൽ മറ്റ് ആശുപത്രികളില്ല.
നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന തദ്ദേശ നിവാസികൾക്ക്, ദൂരെയുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടതായി വന്നത് അവരെ കടക്കെണിയിലാക്കി. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട്, കുറവുകൾ പരിഹരിച്ച് മികച്ച രീതിയിൽ ജിഎംഎം ആശുപത്രി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു
നവീകരണം ആവശ്യമാണ്.
കോട്ടയം-മല്ലപ്പള്ളി-കോഴഞ്ചേരി റൂട്ടിൽ എമർജൻസി / ക്രിട്ടിക്കൽ/ ട്രോമാ കെയർ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിക്കുക എന്നതാണ് പോംവഴിയായി മുന്നിൽ വന്ന ആശയം. ദ്രുതഗതിയിൽ രോഗനിർണയം
സാധ്യമാക്കുന്നതിനുള്ള ആധുനിക സജ്ജീകരണങ്ങളും വേണം. ഹോം/പാലിയേറ്റീവ് കെയർ ,ഡയാലിസിസ് യൂണിറ്റുകൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്.പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാതെ പോകരുതെന്നതാണ് ലക്ഷ്യം.
പ്രസ്തുത ഉദ്യമം സാക്ഷാത്കരിക്കുന്നതിന് വളരെയധികം ചെലവുവരും. അതുകൊണ്ടുതന്നെ ഉദാരമതികളായ നിങ്ങൾ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ ഞങ്ങൾക്ക് വലിയ
കൈത്താങ്ങായിരിക്കും. ജാതിമത ഭേദമന്യേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന
കുടുംബങ്ങൾക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും, വൃദ്ധജനങ്ങൾക്കും ഉന്നത നിലവാരമുള്ള ചികിത്സ ലഭിക്കാൻ വഴിയൊരുക്കുന്നതിൽ പങ്കാളിയാകാൻ നിങ്ങൾ ഏവരെയും ക്ഷണിക്കുന്നു. നിങ്ങളുടെ
സാമ്പത്തികസ്ഥിതി അനുസരിച്ചുള്ള സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.