ജോൺസൺ ചെറിയാൻ.
എരുമേലി : ശരണമന്ത്ര താളത്തിൽ എരുമേലിയുടെ മനം ഒരുമയോടെ തുള്ളിയ പകലിൽ ചരിത്രം വീണ്ടും ഭക്തിനിർഭരമായ പേട്ടതുള്ളലിനു സാക്ഷിയായി.പുലരും വരെ നീണ്ടു നിന്ന ചന്ദനക്കുട ആഘോഷത്തിന്റെ അലയടി തീരും മുൻപേ രാവിലെ എട്ടു മുതൽ തന്നെ പേട്ടക്കവല ജനങ്ങളാൽ നിറഞ്ഞു തുടങ്ങി.അയ്യപ്പ സ്തുതികൾ നിറഞ്ഞ അന്തരീക്ഷത്തിൽ പൊള്ളുന്ന ചൂടിനെ വക വയ്ക്കാതെ ജനങ്ങളുടെ കാത്തിരിപ്പു നീണ്ടു.
പാൽപായസം പോലെ മാധുര്യമുള്ള അമ്പലപ്പുഴ പേട്ട തുള്ളലും ശരണ പാതയിൽ വർണം വിതറിയെത്തിയ ആലങ്ങാട്ട് പേട്ടതുള്ളലും കാണാൻ ജനം വഴിയോരങ്ങൾ നിറഞ്ഞു നിന്നു.ആദ്യ സംഘം പേട്ട തുള്ളി പോയി എങ്കിലും പേട്ടക്കവലയിൽ തിരക്കിനു കുറവില്ലായിരുന്നു.നൈനാർ മസ്ജിദ്, കൊച്ചമ്പലം, വലിയമ്പലം എന്നിവിടങ്ങളിൽ തീർഥാടക തിരക്ക് കുറയാതെ നിന്നു. ഇതിനൊപ്പം പേട്ട പേട്ട തുള്ളൽ കാണാൻ എത്തിയ ആളുകൾ റോഡിന് ഇരുവശത്തും സ്ഥാനം പിടിച്ചു.