ജോൺസൺ ചെറിയാൻ.
എരുമേലി : ശരണമന്ത്രങ്ങളുടെ മാറ്റൊലിയിൽ ഭഗവത് സാന്നിധ്യമായ കൃഷ്ണപ്പരുന്തിനെയും പകൽനക്ഷത്രത്തെയും സാക്ഷിയാക്കി അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ ഭക്തിസാന്ദ്രം.ഇന്നലെ രാവിലെ മുതൽ എരുമേലി നഗരവും പരിസരങ്ങളും ജനത്തിരക്കിലായി.12നു കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ ഭക്തിപ്രകർഷത്തിൽ ആയിരങ്ങൾ ശരണം വിളിച്ചു.3 ഗജവീരൻമാരാണ് അമ്പലപ്പുഴ സംഘത്തിനൊപ്പം എഴുന്നള്ളത്തിന് ഉണ്ടായിരുന്നത്.
തൃക്കടവൂർ ശിവരാജുവാണ് ഭഗവാന്റെ തിടമ്പേറ്റിയത്. കുളമാക്കിൽ പാർഥസാരാഥി,കാഞ്ഞിരക്കാട്ട് ശേഖരൻ എന്നിവർ അകമ്പടിയായി.തിങ്ങി നിറഞ്ഞ ഭക്തർക്കിടയിലൂടെ താളത്തിൽ പേട്ട നീങ്ങി. പേട്ടക്കവല മുതൽ വലിയമ്പലം വരെ വിശുദ്ധപാതയുടെ ഇരുവശവും സംഘടനകൾ പേട്ട സംഘത്തിനു സ്വീകരണം ഒരുക്കിയിരുന്നു. 3നാണ് അമ്പലപ്പുഴ പേട്ട സംഘം വലിയമ്പലത്തിൽ പ്രവേശിച്ചത്.3ന് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട തുടങ്ങി.