Saturday, April 20, 2024
HomePoemsബാല്യവസന്തം. (കവിത)

ബാല്യവസന്തം. (കവിത)

ഡിജിന്‍ കെ ദേവരാജ്.
കൈക്കുമ്പിള്‍ ബാല്യത്തിൻ
കളിയോടം തുഴയവെ
കണ്ണാരം പൊത്തി നീ വന്നു
എൻ തുമ്പിച്ചങ്ങാതീ
കാതോരം കവിതയായി
കടലോളം കനവുമായി
കടലാസു വഞ്ചിയിൽ
കഥയോരം തേടിനാം
പൊഴിയുമീ മാമ്പൂക്കളിൽ
നിറയുമീ മധുരത്തേൻ-കനി
നുകരുവാന്‍കൊതിയായ്
പൂങ്കാറ്റേ എൻ ചാരത്തണയൂ നീ
കടലാസു പട്ടമായി
നിറവാനിൽ ദൂരെ ദൂരെ
ചിറകാർന്നുയർന്നിടാം
ചെറുബാല്യശലഭമായി
ബാല്യമാം ചില്ലയിൽ
കൂടുകൂട്ടിയൊരു പൈങ്കിളീ
നിൻതളിർചുണ്ടിലെ
തേൻമണി നൽകുമൊ
പുസ്തകത്താളിൽ ഞാൻ
കാത്തുവെച്ചോരെൻ
മയിൽപീലിപ്പൂവിതള്‍
പകരം നൽകിടാം ഞാൻ
മഴ പെയ്യും നേരമായി
മനമാകെ ഈറനായി
ചേമ്പിലക്കുടയും ചൂടി
വയലോരം വരുമോ നീ
കൈതപ്പൂത്തളികയിൽ
മഞ്ചാടിമുത്തുകള്‍ നൽകാം
മഴനൂൽകിനാവു നെയ്ത
കരിമണി മാലയും നൽകാം
കഥചൊല്ലും കൂട്ടുകാരീ
ചെറുതൂശ്ശനിലയിൽ നീളെ
കളിസദ്യ വിളമ്പി നൽകാം
മണ്ണപ്പം പകുത്തു നൽകാം
പൂവിതൾകുമ്പിളിൽ മധു-
നനവൂറും മഞ്ഞുതുള്ളികള്‍
നിൻ മിഴിനീളെ നൽകിടാം
പോരൂ എൻ പൂത്തുമ്പീ നീ
പച്ചിലച്ചാർത്തിൻ തണലുമായി
പണ്ടൊരുനാള്‍ വിടർന്നു
വിടചൊല്ലിയകന്നു പോയൊരാ
നഷ്ടവസന്തമെൻ ബാല്യം
RELATED ARTICLES

Most Popular

Recent Comments