Wednesday, April 24, 2024
HomePoemsപാഴ്‌ജന്മം. (കവിത)

പാഴ്‌ജന്മം. (കവിത)

ബീനാ റെയ്ച്ചല്‍ നിജു. 
അരയാലിൻ ചുവട്ടിലായ്‌ ഒറ്റക്കിരിക്കുമാ
അരിഷ്‌ടജന്മത്തിൻ മിഴികളിലാകവേ
അകമാൽ നിഴലിച്ചു നില്‌ക്കുന്നിതാ
അകക്കാമ്പിൽ നിറയുന്ന വിരഹദു:ഖം
മുഷിഞ്ഞ തോർത്തിൽ വീഴുന്നതാം
മുക്കാൽ ചക്രത്തെ നോക്കീടാതെ
മുക്കോടുമുക്കും ദൃഷ്ടി പായിച്ചീടുന്നു
മനോവ്യഥയാൽ മകനെത്തേടുന്നു
പുരുഷായുസ്സിന്റെ നല്ലപങ്കുമങ്ങു
പകുത്തുനല്കിയാ മണലാരണ്യത്തിൽ
പരിശ്രമിച്ചതത്രയും കുടുംബോന്നതിക്കായ്‌
പ്രതിഫലമായിത്തെരുവിലെ ജീവിതം ബാക്കി
ജടിലമാം ജീവിതചര്യക്കൊടുവിലായ്‌
ജീവച്ഛവമായി തിരികെയെത്തിയപ്പോൾ
ജീവിതേശ്വരി പോലും കൈവെടിഞ്ഞല്ലോ
ജഗത്തിനുതന്നെയും ഭാരമായീജന്മം
പരിലാളനത്തിനായ്‌ കൊതിക്കുന്നു
പാഴ്മനസ്സിന്നു, പരിക്ഷീണിതനായ്‌
പാമരത്വം സഹിച്ചോരാപാവമോ
പാദസേവകനായ്‌ മാറുന്നു വീട്ടിലും
പരിത്രാണം ചെയ്യേണ്ടതാം കരങ്ങളിന്നിതാ
പരിത്യജിച്ചീടുന്നു പാതയോരത്തായ്‌
പശിയതു മാറ്റുവാൻ പിച്ചയെടുക്കുന്നു
പുത്രവാത്സല്യത്താൽ അന്ധനാം പാമരൻ!!!!!!
RELATED ARTICLES

Most Popular

Recent Comments