Friday, April 26, 2024
HomePoemsഒറ്റയടിപ്പാതകൾ. (കവിത)

ഒറ്റയടിപ്പാതകൾ. (കവിത)

ഭവ്യ.കെ.വി.
ഓരോ സ്ത്രീമനസ്സും
ഓരോ ഒറ്റയടിപ്പാതയാണ്,
അനന്തതയിലേക്ക് നീളുന്ന,
മടങ്ങിവരവുകൾ അസാധ്യമായ
ഒറ്റയടിപ്പാതകൾ !
മടിച്ചുമടിച്ചെങ്കിലും നിങ്ങളൊരിക്കൽ
തനിച്ചവിടെയെത്തും.
പുറകിൽ ഒരു കാലടിശബ്ദം
നിങ്ങളെ പിന്തുടരുന്നുണ്ടാകാം,
തിരിഞ്ഞുനോക്കാതിരിക്കുക !
ഒരിക്കൽ പ്രവേശിച്ചാൽ
തിരിഞ്ഞുനടത്തം നിഷിദ്ധം .
എത്ര മഴപ്പകലുകളും
പ്രളയദൂരങ്ങളും താണ്ടിയാലും
പുറത്തിറങ്ങാനാകില്ലയെന്നതിനാൽ
നിങ്ങൾ പിന്നെയും നടക്കേണ്ടിയിരിക്കുന്നു.
വഴിക്കിരുവശവും നിബിഡവനം,
ഓരോ തിരിവിലും പുറംവാതിൽ പ്രതീതി!
നക്ഷത്രവാതിലുകളുടെ കൂർപ്പിൽ
നിങ്ങൾ ബന്ധനസ്ഥനാക്കപ്പെടും.
പുരുഷത്വത്തിന്റെ കടുംവാക്കുകളാൽ
കെട്ടറുത്ത് നടന്നുനീങ്ങൂ…
മുന്നിൽ,
പുൽവിരിച്ച കളിക്കെണിയിൽ
നിങ്ങൾ പിന്നെയും ആണ്ടുപോകും.
ഭയക്കേണ്ട, മുറിവേല്ക്കില്ല
മുള്ളുകളല്ല, പൂവിതൾക്കിടക്കയാണതിൽ!
ഇടംവലം ഊടുവഴികൾ കാണാം…
ആ വഴി അല്പദൂരംതാണ്ടി
നിങ്ങൾ തിരികെനടക്കും.
അവയുടെ പ്രവേശനവാടം
മുളന്തണ്ടുകൾകൊണ്ട്
നിങ്ങൾ അടച്ചുകെട്ടും.
എങ്കിലും ഇടയിൽ പാട്ടുതിരും!
അധികാരത്തിന്റെ നഖമുനകളൂന്നി
നിങ്ങൾ ഉയർന്നുപൊങ്ങാൻ ശ്രമിക്കും.
മഴചാറിനനഞ്ഞിടങ്ങളിലെല്ലാം
പ്രണയത്തിന്റെ പശപശപ്പായതിനാൽ
പിന്നെയും തോറ്റുപോകും!
ഇടയ്ക്കൊരു പൊടിക്കാറ്റ്
വഴിയിലെപ്പോറലുകൾ മായ്ച്ചെന്നുതോന്നാം.
അടുത്തനിമിഷം,
തിളച്ച ഉപ്പുനീരിറ്റിവീണ്
അവ വീണ്ടും പഴുത്തുവിങ്ങും.
മുറിവാഴം ഓരോ പെയ്ത്തിലും
വളർന്നുവളർന്ന് കടലോളമാകും.
പുറത്തെത്താനുള്ള വ്യഗ്രതയിൽ
നിങ്ങളുടെ കാലുകൾക്ക് വേഗമേറും,
അന്ധമായ അടിമഭയത്തിന്റെ മാൻവേഗം!
വിളർത്തോടിക്കിതച്ച് ഒടുവിൽ
നിങ്ങൾ കാടിന്റെ
ഏറ്റവും ഇരുണ്ടയിടത്ത് പ്രവേശിക്കും,
പാതകളില്ലാത്തിടത്ത്…
തിരിച്ചറിവിന്റെ നൂൽവെളിച്ചം
അപ്പോൾ തെളിച്ചുപറയും,
നടന്നുതീർത്ത ഒറ്റയടിപ്പാത
നിങ്ങൾക്കന്യമായിരുന്നെന്ന് !

 

RELATED ARTICLES

Most Popular

Recent Comments