Thursday, April 25, 2024
HomeLiteratureകാമുകന്റെ ശപഥം. (കഥ)

കാമുകന്റെ ശപഥം. (കഥ)

കാമുകന്റെ ശപഥം. (കഥ)

ഷെരീഫ് ഇബ്രാഹിം.

അര മണിക്കൂറായി ഫോൺ ചെയ്ത് തുടങ്ങിയിട്ട്. ബെല്ലടിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല. ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവൾക്കെന്താ ഫോൺ എടുത്താല്? ഞാൻ വാച്ചിൽ നോക്കി. പതിനൊന്ന് കഴിഞ്ഞ് ഇരുപത് മിനിറ്റായി. ബഹ്‌റൈനിൽ നിന്നും ഓടി നാട്ടിലേക്ക് എത്താൻ കഴിയില്ലല്ലോ? ഇപ്പോൾ നാട്ടിൽ രാത്രി രണ്ടു മണി ആവാറായി. ഒരു പക്ഷെ അവൾ ഉറങ്ങുകയായിരിക്കും.
പണ്ടൊക്കെ ഗൾഫിൽ നിന്ന് ഫോൺ ചെയ്യാൻ മൂന്ന് ദിവസം വരെ കാത്ത് നിന്ന അനുഭവം തൃപ്രയാര്‍ക്കാരനായ ഏതോ ഒരു ഷെരീഫുക്ക എഴുതിയത് വായിച്ചിട്ടുണ്ട്. ഷെരീഫുക്കാക്ക് എന്തും എഴുതാം. ഇന്നത്തെ തലമുറക്ക് അതൊന്നും സ്വീകാര്യമല്ല. ഒരു പക്ഷെ ഷെരീഫുക്കാക്ക് പോലും ഇന്നത്തെ കാലത്ത് അങ്ങിനെ ക്ഷമിചിരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
വീണ്ടും ഡയൽ ചെയ്തു. സമാധാനമായി. അവൾ ഫോൺ എടുത്തു. ഉറക്കച്ചടവോടെ അവൾ ഹലോ എന്ന് പറഞ്ഞു.
“നീയെന്തേ ഫോൺ എടുക്കാഞ്ഞേ?” ഉള്ളിൽ വന്ന ദേഷ്യം പുറത്ത് കാട്ടാതെ ഞാൻ ചോദിച്ചു.

“നല്ല ഉറക്കമായിരുന്നു….”. ഇതായിരുന്നു സക്കീനാടെ മറുപടി.
“പിന്നെ എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ?”. തേനും വയമ്പും കൂട്ടി ഞാൻ ചോദിച്ചു.
“ഞാൻ പറഞ്ഞില്ലേ.. സമദിക്ക ഇവിടെ എനിക്ക് ആലോചനകൾ ദിവസേന വരുന്നു… ഞാൻ ഒന്നും ഇത് വരെ സമ്മതിച്ചിട്ടില്ല. ഉപ്പാക്കും ഉമ്മാക്കും എന്നെ വേഗം വിവാഹം കഴിച്ചയാക്കാൻ തിരക്ക് കൂട്ടുന്നു. അവരുടെ ഭാഗത്ത് നിന്നാലോചിക്കുമ്പോൾ അത് ശെരിയാണ്.. പക്ഷെ… ഇക്ക… നമ്മുടെ കാര്യം.. എനിക്കൊരു സമാധാനവുമില്ല”. സക്കീനവിതുമ്പുന്നുണ്ടായിരുന്നു.
” പേടിക്കേണ്ട. നീയില്ലാത്തൊരു ജീവിതം എനിക്കില്ല. നിന്നെ കല്യാണം കഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാൻ മരണം വരെ അവിവാഹിതനാകും.”. എന്റെ വാക്കുകളിൽ ദൃഢനിശ്ചയം.
“അതിന് ഇക്ക, ഞങ്ങൾ പാവപ്പെട്ടവരാണെന്ന് അറിയാമല്ലോ? കൂലിവേലക്കാരനായ എന്റെ ഉപ്പാക്ക് സ്ത്രീധനം തരാൻ കഴിയില്ല.” സക്കീന നയം വ്യക്തമാക്കി.
“പാവപ്പെട്ടവർ ആയാലും അല്ലെങ്കിലും സ്ത്രീധനത്തിന് എതിരാണ് ഞാൻ. സ്ത്രീ തന്നെയാണ് ധനം. തന്നെയുമല്ല പുരുഷനാണ് സ്ത്രീക്ക് ധനം (മഹര്‍) കൊടുക്കേണ്ടത്.” എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു.
ഞങ്ങൾ വീണ്ടും കുറെ നേരം സംസാരിച്ചു.
സഹമുറിയാനായ ഹംസ നല്ല ഉറക്കത്തിലാണ്.
ഞങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണളും വാട്ട്സ്അപ്പുകളും കൂടി കൂടി വന്നു.
ആറു മാസം കഴിഞ്ഞപ്പോൾ എനിക്ക് കല്യാണത്തിനുള്ള ലീവ് കിട്ടി.
ഫേസ് ബുക്കില്‍ കൂടെ പരിചയപ്പെട്ട, ഒരു പാട് ഫോണ്‍ ചെയ്ത എന്റെ ഭാവി വധുവായ സക്കീനയെ രണ്ട് ദിവസം കഴിഞ്ഞ് കാണാന്‍ പോകണം.
“മോനെ, നിന്നെ കാണാന്‍ ഇന്നൊരു ബ്രോക്കര്‍ വരും. അയാളുടെ കൂടെ നീ പോണം. ഉപ്പ പറഞ്ഞതാണ്.”
ഉപ്പ പറഞ്ഞതനുസരിച്ച് ഉമ്മ എന്നോട് പറഞ്ഞു. അല്ലെങ്കിലും ഉപ്പ അങ്ങിനെയാണ്. കുറച്ചു ഗൌരവും എപ്പോഴുമുണ്ടാവും.
എന്തായാലും വെറുതെ പോകാമെന്ന് തീരുമാനിച്ചു. വിവാഹം കഴിക്കുകയാണെങ്കില്‍ സക്കീന തന്നെ. വേറെ ആരെയും വേണ്ട.
ഞാനും ഉമ്മയും ബ്രോക്കറും കൂടി പെണ്ണ് കാണാന്‍ പോയി. ചാഴൂര്‍ എന്നൊരു കുഗ്രാമം.
പെണ്ണിനെ നേരെ ചൊവ്വേ നോക്കാന്‍ പോലും തോന്നിയില്ല. ഉമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഒന്ന് നോക്കിയെന്ന് മാത്രം.
ഞങ്ങള്‍ ആ ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോന്നു.
ഉമ്മയും ബ്രോക്കറും കാറില്‍ ഇരുന്ന് എന്റെ അഭിപ്രായം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ പറയാം എന്ന ഒറ്റ വാചകമായിരുന്നു എന്റെ മറുപടി.
ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ ഞാൻ ഇങ്ങിനെ പറഞ്ഞു.
“എനിക്ക് ഈ ബന്ധം വേണ്ട ഉമ്മാ”
“അവൾക്കെന്താ മൊഞ്ചില്ലേ?” ഉമ്മ ക്രോസ് വിസ്താരം നടത്തുകയാണ്.
“ന്നാലും വേണ്ട”
“അവൾക്ക് പഠിപ്പില്ലേ”
“എന്ത് ഉണ്ടായാലും എനിക്ക് അവളെ ഇഷ്ടമല്ല.”
“എന്താ അവൾക്കു കുറവ്?”
ഉമ്മ ചോദ്യം നിർത്താൻ ഭാവമില്ല.
“എനിക്കവളുടെ പേര് ഇഷ്ടായില്ല. കുഞ്ഞാമിന.. ഇന്നത്തെ കാലത്ത് അതൊരു പഴഞ്ചൻ പേര്..”
“അതവളുടെ വെല്ലിമ്മാടെ പേര് അവർ ഇട്ടതല്ലേ?”
“എന്തായാലും എനിക്കാ കുട്ടിയെ വേണ്ട.” ഞാനെന്റെ നിശ്ചയത്തില്‍ ഉറച്ചു നിന്നു. സക്കീനാടെ കാര്യം ഉമ്മാട് പറയണം. രണ്ടു ദിവസം കഴിയട്ടെ.
കാറ് ഏകദേശം കരാഞ്ചിറ എന്ന സ്ഥലത്തെത്തി.
“മൊയ്‌ദു ഹാജിക്ക് സൗദിയേല് വലിയ ബിസിനസ്സ് ആണ്. ആണും പെണ്ണുമായി ഈ ഒരു കുട്ടി മാതമേയുള്ളൂ. നല്ല ബന്ധമാണ്..”
ബ്രോക്കർ ആരോടെന്നില്ലാതെ പറഞ്ഞു.
“അതിനെങ്ങിനാ നസീബ് വേണം”. ഉമ്മയും ആരോടെന്നില്ലാതെ പറഞ്ഞു. ഉമ്മാടെ വാക്കില്‍ എന്നോടുള്ള പരിഭവം കാണുന്നു.
“നമുക്ക് അതൊറപ്പിക്കാം. ഉമ്മാടെ ഇഷ്ടം അതല്ലേ? ഞാനായിട്ട് ഉമ്മാടെ ആഗ്രഹം വേണ്ടെന്ന് വെക്കുന്നില്ല.”
ഞാനത് പറഞ്ഞപ്പോള്‍ കാർ ഡ്രൈവർ പിന്നിലിരിക്കുന്ന എന്നെ പരിഹാസച്ചിരിയോടെ നോക്കി.
അല്ലെങ്കിലും ഈ ധനം ഒരു വലിയ ഇരയാണ്. ഏത് ത്വത്തസംഹിതയും ആ ചൂണ്ടലിൽ കൊളുത്തും.
അപ്പോൾ സക്കീന?. മനസാക്ഷി എന്നോട് ചോദിച്ചു. മനസാക്ഷിയോട് പണിനോക്കാൻ പറ. ഫേസ് ബൂക്കിലൂടെ പരിചയപ്പെട്ടവരെ മുഴുവൻ കല്ല്യാണം കഴിക്കാൻ പറ്റോ?
കല്ല്യാണം ഉറപ്പിച്ചു. ആദ്യം ഞാൻ വിളിച്ചു പറഞ്ഞത് ബഹ്‌റൈനിൽ എന്റെ സഹമുറിയാനായ ഹംസയെയാണ്. അവൻ എല്ലാം മൂളിക്കേട്ടു. അവനെ പ്രത്യേകം കല്യാണം ക്ഷണിക്കാൻ മറന്നില്ല. കാരണം കല്ല്യാണത്തിന്റെ സമയത്ത് അവന് ലീവ് ഉണ്ടെന്ന് എനിക്കറിയാം. അവന്‍ കല്ല്യാണത്തിന് വരാമെന്നേറ്റു.
ഇന്നെന്റെ കല്ല്യാണമാണ്. ഒരു വലിയ ഓഡിറ്റോറിയം. ഞാൻ നിക്കാഹ് കഴിഞ്ഞു ഇസ്ലാമിൽ ഒരു ബന്ധവുമില്ലാത്ത താലികെട്ടും കഴിഞ്ഞു ഫോട്ടോ സെഷൻ ആരംഭിച്ച സമയത്താണ് ബഹ്‌റൈനിലെ എന്റെ സഹമുറിയൻ ഹംസ ഹാളിൽ നിന്ന് സ്റ്റേജിലേക്ക് കയറിവരുന്നത് കണ്ടത്. കുറച്ചു പിന്നിലായി ഒരു പെൺകുട്ടിയും. ഞാൻ സൂക്ഷിച്ചു നോക്കി. അതെ. അത് അവൾ തന്നെ. ഞാൻ വാട്സപ്പിലൂടെ കണ്ട എന്റെ പ്രേമഭാജനം – സക്കീന. അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണോ റബ്ബേ ഈ വരുന്നത്. എന്റെ സന്തോഷമൊക്കെ ആവിയായിപോയി.
ഞാൻ സക്കീനയോട് ചെവിയിൽ സ്വകാര്യം പറഞ്ഞു. “പ്ലീസ്…. പ്രശ്നമുണ്ടാക്കരുത്”
അവൾ ചിരിച്ചതേയുള്ളൂ. ആ ചിരി കൊല്ലാനാണോ എന്തോ..
ഫോട്ടോക്ക് പോസ് ചെയ്യാൻ ഹംസ എന്റെ അടുത്ത് നിന്നു. അപ്പോൾ സക്കീനയാകട്ടെ കുഞ്ഞാമിനയുടെ അടുത്ത് നിന്നു.
“കുട്ടി. ഈ ഫോട്ടോ കഴിഞ്ഞിട്ട് അടുത്തതിൽ കുട്ടിക്ക് നിൽക്കാം”
പരിചയമില്ലാത്ത പോലെ സക്കീനയോട് ഞാൻ പറഞ്ഞു.
“അത് സാരമില്ല, അവൾ അവിടെ നിന്നോട്ടെ..”. മറുപടി പറഞ്ഞത് ഹംസയായിരുന്നു.
ഞങ്ങളുടെ ഫോട്ടോ സെഷൻ കഴിഞ്ഞപ്പോൾ ഹംസ എന്നോടും കുഞ്ഞാമിനയോടും ഒരു കാര്യം പറഞ്ഞു.
“ഇത് എന്റെ ഭാവി വധുവാണ്. പേര് സക്കീന. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞു. കല്യാണത്തിന് നിങ്ങൾ രണ്ടു പേരും കുടുംബസമേതം വരണം. വീട്ടിൽ വന്ന് വേറെ വിളിക്കും….”
എന്നിട്ടവൻ എന്നോട് രഹസ്യമായി പറഞ്ഞു.. .
“ഞാനവൾക്ക് ഒരു ജീവിതം കൊടുത്തു. ഇപ്പോൾ അത്രമാത്രം മനസ്സിലാക്കിയാൽ മതി.”
RELATED ARTICLES

Most Popular

Recent Comments