നിഴൽരൂപങ്ങൾ… (കഥ)

നിഴൽരൂപങ്ങൾ... (കഥ)

0
428
പ്രസാദ് മണ്ണിൽ
രാമനുണ്ണി, നടപ്പിന്റെ വേഗതകുട്ടി താഴ്ന്ന ജാതിയിൽ ഉള്ളവർക്കു ദുർമരണം സംഭവിച്ചാൽ അടക്കം ചെയ്യുന്ന പറമ്പ് ആണ് ലക്ഷ്യം. നേരം പുലർന്നിരിക്കുന്നു, പക്ഷെ അയാളുടെ കയ്യിൽ അപ്പോഴും ആ വലിയ ടോർച് ഉണ്ടായിരുന്നു. അയാൾ ആ പറമ്പിന് സമീപം എത്തി കാട് പിടിച്ചു കിടക്കുന്ന പറമ്പ് അയാൾ കൈയിൽ ഇരുന്ന ടോർച് ആ പുലരി വെട്ടത്തിലേക്കു തെളിച്ചു. “എന്താ, ഉണ്ണി ഇവിടെ നോക്കുന്നത് ” ആ ശബ്ദ മുഖത്തേക്കു രാമനുണ്ണി മുഖം തിരിച്ചു . “ശാരദാ ” വീട്ടിൽ പുറംപണിക് വരുന്ന സ്ത്രീ. അയാൾ അവരുടെ മുഖത്തേക് സൂക്ഷിച്ചു നോക്കി എന്നിട്ട് മെല്ലെ പിറുപിറുത്തു “നിഴൽരൂപങ്ങൾ ” അത് പറഞ്ഞ് അയാൾ വേഗത്തിൽ നടന്നു അമ്പലക്കടവ് ലക്ഷ്യമാക്കി.
“ശങ്കരമംഗലം ” ആ നാട്ടിലെ പുരാതന നായർ തറവാട്, ഒരു കാലത്ത് ആ നാടിന്റ പകുതിയും അവരുടെ കൈയിൽ ആയിരുന്നു കൂട്ടുകുടുബം ആയിരുന്നു ഒടുവിൽ എല്ലാവരും അവരവരുടെ “ഭാഗം “വാങ്ങി പല വഴിക്ക് പോയി ഇന്ന് ഇപ്പോൾ ആ വലിയ തറവാട്ടിൽ അയാളും, അമ്മയും ഭാര്യയും മാത്രം. രാമനുണ്ണിയുടെ അഞ്ചാം വയസിൽ അച്ഛൻ മരിച്ചു, പാമ്പ് കടിയേറ്റു. തറവാട്ടിൽ നിന്നും എല്ലാവരും പലവഴിക്ക് പോയി തുടങ്ങി ഒടുവിൽ മുത്തച്ഛനും പോയതോടുകൂടി രാമനുണ്ണി ആ വലിയ വീട്ടിൽ ഒറ്റപെട്ടുതുടങ്ങി. അയാൾക്കു ഒരു അനിയത്തി ഉണ്ടായിരുന്നു രാധ.
ഏഴാംക്ലാസിൽ പഠിക്കുബോൾ ആണ് രാമനുണ്ണി ആദ്യമായി നിഴൽരൂപങ്ങളെ കണ്ടുതുടങ്ങിയത്, അന്ന് അയാൾ അമ്മക്ക് ഒപ്പമായിരുന്നു ഉറക്കം. ഉറക്കത്തിൽ എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ അമ്മ അടുത്തില്ല. അടുക്കളയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ കട്ടിലിൽ നിന്നും എഴുനേറ്റു അടുക്കള ഭാഗത്തേക്ക് നടന്നു. വാതിൽ തുറന്ന് അമ്മ. പെട്ടന്ന് ഒരു രൂപം അരണ്ട നിലാവെളിച്ചത്തിൽ തെന്നി മാറിയതുപോലെ അയാൾക്കു തോന്നി. അമ്മ തലതിരിച്ചു അയാളെ നോക്കി. അവർ പെട്ടന്ന് അടുക്കളവാതിൽ കൊട്ടിയടച്ചു. “എന്താ ഉണ്ണി, ഉറങ്ങിയില്ലേ ” അവർ അടുക്കള ഭാഗത്തെ വെളിച്ചം അണച്ചു അയാളുടെ കൈക്കു പിടിച്ച മുറികുളിലേക്കു പോയി. “അമ്മേ അവിടെ ഒരു രൂപം ഞാൻ കണ്ടു “.രൂപമോ ?.”അത് വെല്ല നിഴൽ രൂപങ്ങൾ ആവും ഉണ്ണി. “ഭ്രാന്ത് പറയാതെ കിടന്ന് ഉറങ്ങാൻ നോക്ക് “. മുറിക്കുളിലെ കട്ടപിടിച്ച ഇരുട്ടിൽ രാമനുണ്ണി അമ്മയുടെ മുഖം കണ്ടില്ല, പക്ഷെ അപരിചിതമായ രണ്ടു പദങ്ങൾ അയാൾ വീണ്ടും കേട്ടു . നിഴൽരൂപങ്ങൾ, ഭ്രാന്ത്…..
ഒരു ദിവസം അമ്മക്കൊപ്പം ഉറങ്ങാൻ ചെന്നപ്പോൾ അമ്മ പറഞ്ഞു “ഉണ്ണി ഇപ്പോൾ വലിയ കുട്ടി ആയി ഇനി ഒറ്റക്ക് കിടക്കണം “അയാൾ അമ്മയുടെ മുഖത്തേക് നോക്കി ചോദിച്ചു “എവിടെ കിടക്കും ഞാൻ “.”മുത്തച്ഛന്റെ മുറിയിൽ പോയി കിടന്നോളു, നിന്റെ അനിയത്തി കുട്ടി ഒറ്റയ്ക്ക് കിടക്കുന്നു, പിന്നെ നിനക്ക് എന്താ “?.രാമനുണ്ണി ഒന്നും മിണ്ടാതെ മുത്തച്ഛന്റെ മുറിയിലേക്കു നടന്നു. ഇന്നുവരെ അയാൾ തനിച്ചു കിടന്നിട്ടില്ല. മുത്തച്ഛന്റെ ഒപ്പമായിയുന്നു ഉറക്കം, മുത്തച്ഛൻ പോയപ്പം അമ്മക്കൊപ്പം ഇപ്പോൾ….. താൻ ഒരു വലിയ കുട്ടി ആയി. കതക് അടച്ച് മുറിക്കുളിൽ കട്ടിലിൽ ഇരുന്നു. അയാൾ ചുറ്റും കണ്ണോടിച്ചു. ആ നോട്ടം ചെന്ന് നിന്നത് ഒരു വലിയ ടോർച്ചിന്റെ മുൻപിൽ ആണ്, രാമനുണ്ണി അത് എടുത്തു തെളിച്ചുനോക്കി, അത് തന്നോട് ചേർത്തുവെച്ചു ഉറങ്ങാൻ കിടന്നു.
ആ ടോർച് അയാൾക്കു തന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. രാത്രീകളിൽ രാമനുണ്ണി വീണ്ടും നിഴൽരൂപങ്ങളെ കണ്ടു, ചില രാത്രികളിൽ നിഴൽ രൂപങ്ങൾ അടക്കിപ്പിടിച്ചു എന്തൊക്കയോ സംസാരിക്കുന്നത് കേൾക്കാമായിയുന്നു. രാമനുണ്ണിക് ഉറക്കം നഷ്ടമായി, ഉറക്കം ക്ലാസ്സ്‌ മുറികളിൽ ആയി. അദ്ധ്യാപകർ വഴക്കു പറഞ്ഞു, പക്ഷെ രാമനുണ്ണി ഉറങ്ങിക്കൊണ്ടേയിരുന്നു. ഒടുവിൽ വീട്ടിൽ നിന്നും അമ്മയെ വിളിപ്പിച്ചു. കുട്ടിക്ക് എന്തോ കുഴപ്പം ഉണ്ട് എന്നായി അദ്ധ്യാപകർ. അമ്മാവന്മാർ വന്നു. അവർ ആ നാട്ടിലെ അറിയപ്പെടുന്ന ഒരു വൈദ്യനെ കൊണ്ട് വന്നു. അയാൾ അമ്മയോട് എന്തൊക്കയോ ചോദിച്ചു, പിന്നീട് ചോദ്യം അയാളോട് ആയി. “രാത്രിയിൽ എന്തെങ്കിലും കാണാറുണ്ടോ രാമനുണ്ണി “?. കുറച്ചു സമയം രാമനുണ്ണി വൈദ്യന്റെ മുഖത്തേക് നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു “ഉം.. നിഴൽ രൂപങ്ങൾ “. അവ “എന്തെങ്കിലും സംസാരിക്കാറുണ്ടോ “?. ശബ്ദം താഴ്ത്തി രാമനുണ്ണി പറഞ്ഞു “ഇടക്ക് ചില അടക്കിപ്പിടിച്ച സംസാരങ്ങൾ “. ഉം… വൈദ്യന് ദീർഘമായി ഒന്ന് മൂളി, “ചിത്തഭ്രമം “… !അതിന്റെ ലക്ഷണങ്ങളാ “.അമ്മാവന്മാർ പരസപരം നോക്കി, പെതുക്കെ മനസിൽ പറഞ്ഞു “ഭ്രാന്ത് “.. !.
രാമനുണ്ണി സ്കൂളിൽ പോക്ക് അവസാനിപ്പിച്ചു. വൈദ്യന്റെ മരുന്നും അതോടൊപ്പം മന്ത്രവാദവും അയാളിലേക് വന്ന് ചേർന്നു. മന്ത്രവാദി പുതിയ നിഗമനത്തിൽ എത്തിച്ചേർന്നു. ദുര്മരണപെട്ട ആത്മാക്കൾ രാമനുണ്ണിയിൽ പ്രവേശിച്ചിരിക്കുന്നു !. നാട്ടിൽ പെതുക്കെപ്പതുക ഒരു വാർത്ത പരന്നു. ശങ്കരമംഗലത്തെ രാമനുണ്ണിക് ഭ്രാന്ത് ആണ് !..
രാമനുണ്ണി എല്ലാവരിൽനിന്നും ഒറ്റപെടുകയായിരുന്നു മൈതാനത്, അമ്പലക്കടവിൽ എല്ലായിടത്തും അയാൾ ഏകനായി. രാമനുണ്ണി എല്ലാവരെയും നോക്കി ചിരിച്ചു, പക്ഷെ ആരും അയാൾക് ഒരു ചെറുപുഞ്ചിരി പോലും തിരിച്ചു നൽകിയില്ല. മരുന്നും, മന്ത്രവാദവും തുടർന്നുകൊണ്ടേയിരുന്നു കാലം അയാളിൽ മാറ്റം വരുത്തി ഇന്ന് അയാൾ ഒരു ഒത്ത പുരുഷൻ ആയിരിക്കുന്നു. അമ്മയെ വാർധക്യം പിടികുടിയേരിക്കുന്നു രാധ യവ്വനത്തിൽ എത്തിനിൽകുന്നു. കുറച്ചു നാളുകൾ ആയി രാമനുണ്ണി നിഴൽ രൂപങ്ങളെ കാണാറില്ല അയാൾ നന്നായി ഉറങ്ങാൻ തുടങ്ങി. ഇടക്ക് ഒരു ദിവസം രാമനുണ്ണി ഉറക്കത്തിൽ ഞെട്ടി ഉണർന്നു. എവിടെ നിന്നോ അടക്കിപിടിച്ചുള്ള സംസാരം. അയാൾ മെല്ലെ എഴുനേറ്റു വർഷങ്ങളായി തന്റെ ശരീരത്തിന്റെ തന്നെ ഭാഗമായ ടോർച് എടുത്തു അയാൾ വാതിൽ തുറന്ന് പുറത്തിറങ്ങി. രാമനുണ്ണി മെല്ലെ പൂമുഖ വാതിൽ തുറന്നു. പെട്ടെന്ന് ഒരു രൂപം ഓടിമാറുന്നത് അയാൾ കണ്ടു. ആ ദിശയിലേക്കു അയാൾ വെളിച്ചം പായിച്ചു. പുറകിൽ ഒരനക്കം അയാൾ ഞെട്ടി തിരിഞ്ഞുനോക്കി. രാധ !.
അവൾ ലൈറ്റ് ഇട്ടു. “ഏട്ടൻ എന്താ ഈ നോക്കണെ “. അമ്മയും ഇതിനകം എഴുനേറ്റുവന്നു. “എന്താ ഉണ്ണി, എന്താ പറ്റിയത് ?. രാമനുണ്ണി ആ രണ്ടു മുഖങ്ങളിലേക്കും മാറിമാറി നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു “ഞാൻ കണ്ടു ഒരു രൂപം ഓടിമറയുന്നത് “. ഏട്ടന് വീണ്ടും തുടങ്ങിരിക്കുന്നു “. “എന്ത് ” ?. അമ്മ ചോദിച്ചു. രാധ മറുപടി പറഞ്ഞില്ല. അമ്മ രൂക്ഷമായി മകളുടെ മുഖത്തേക് നോക്കി. അവൾ പെട്ടന്ന് അവിടെ നിന്നും പിൻവലിഞ്ഞു. “ഉണ്ണി പോയി കിടക്കു “. “വേണ്ട, ഇനി ഉറങ്ങാൻ കഴിയില്ല “. അവർ ദീർഘമായി ഒന്ന് നിശ്വസിച്ചതിനു ശേഷം മുറികുളിലേക്കു പോയി. രാമനുണ്ണി ഇരുട്ടിലേക് വെളിച്ചം കടത്തിവിട്ട് നിഴൽ രൂപങ്ങളെ തേടി ഇരുന്നു.
വളരെ പെട്ടന്ന് ആയിരുന്നു രാധയുടെ വിവാഹം. വീണ്ടും ആ തറവാട്ടിൽ ആളനക്കം കുറഞ്ഞു രാമനുണ്ണിയും അമ്മയും മാത്രം. വീണ്ടും ഒരു തുലാവർഷം കുടിയതി, രാമനുണ്ണി ഉറങ്ങിത്തുടങ്ങി നിഴൽ രൂപങ്ങൾ ഇപ്പോൾ അയാളെ ശല്യപെടുത്തുന്നില്ല.
“എനിക്ക് പ്രായം ആയി വരുന്നു എന്റെ പ്രാണൻ പോയാൽ പിന്നെ ഇവന് ആരുണ്ടാവും “?.അമ്മയുടെ ചോദ്യം അമ്മാവന്മാരോട് ആയിരുന്നു. “വൈദ്യരും പറഞ്ഞു ഇനി ഒരു വിവാഹം ആക്കാമെന്നു “.”ഈ ഒരു അസുഖം ഉള്ള സ്ഥിതിക്ക് ആരെങ്കിലും അതിനു തയ്യാറാകുമോ “?.അമ്മാവന്റെ മറുപടി ഇതായിരുന്നു. “എന്റെ ഉണ്ണിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല, പിന്നെ എന്താ ഏട്ടാ “?.”ഒരിക്കൽ ഭ്രാന്ത് വന്നാൽ പിന്നെ അവൻ ഭ്രാന്തനാ ജീവിതകാലം മുഴുവൻ “.”ഇനീപ്പം ഇല്ലങ്ങിലും ആളുകൾ അതുതന്നെ പറയും ഭ്രാന്ത്”. രാമനുണ്ണിയും കേട്ടു ആ സംസാരം. “ഭ്രാന്ത് ” തനിക്ക് ഉണ്ടോ അത്. താൻ കണ്ട നിഴൽ രൂപങ്ങളും, സംസാരങ്ങളും എല്ലാം… അതാണോ ഭ്രാന്ത് ?..
രാമനുണ്ണിക് കല്യാണം. നാട്ടിലെ സംസാരം മുഴുവൻ അതായിരുന്നു ഏതോ തകർന്നടിഞ്ഞ തറവാട്ടിലെ പെൺകിടാവ്. “മീനാക്ഷി “!അങ്ങനെ ഒരു വൃശ്ചികമാസത്തിൽ രാമനുണ്ണി മീനാക്ഷിയുടെ കഴുത്തിൽ താലി ചാർത്തി. വൈദ്യരുടെ മരുന്ന് ഇപ്പോഴും ഉണ്ട്. രാമനുണ്ണി ഇപ്പോൾ നിഴൽ രൂപങ്ങളെ കാണാറേയില്ല,അടക്കിപ്പിടിച്ച സംസാരങ്ങൾ ഇല്ല, പകരം ഇപ്പോൾ ഏത് സമയവും ഉറക്കം മാത്രം.
അമ്പലത്തിൽ കുംഭ ഭരണി ഉത്സവത്തിന് കൊടിയേറി. ഇനി പത്തുനാൾ ഉത്സവം. അവസാന ദിവസം പടയണി !. ഈ പ്രാവശ്യം പടയണി കോലം എഴുന്നളിക്കുന്നത് രാമനുണ്ണിയുടെ തറവാട്ടിൽ നിന്നാണ്. കോലങ്ങൾ എഴുതുവാൻ ഉള്ള ആൾകാർ വന്നുതുടങ്ങി, പാളയും, മുളയും, ഓലമടലും എത്തിത്തുടങ്ങി. പാതിരാവ് വരെ തറവാട് മുറ്റത്ത്‌ ആൾത്തിരക്കാണ് അതുകഴിഞ്ഞു അവർ പോകും. കരയോഗ മന്ദിരത്തിൽ ഉറക്കം. രാമനുണ്ണി വീണ്ടും ഉറക്കത്തിൽ ഞെട്ടി ഉണർന്നു. അടക്കിപ്പിടിച്ച സംസാരം കേൾകുന്നതുപോലെ, അയാൾ തന്റെ സന്തതസാഹചര്യയാ ടോർച് തെരഞ്ഞു അത് അവിടെ കണ്ടില്ല തപ്പിത്തടഞ്ഞു അയാൾ മുറിക്കുളിലെ വെളിച്ചം തെളിച്ചു കിടക്കയിൽ മീനാക്ഷിയെ കണ്ടില്ല അയാൾ വാതിൽ തുറന്ന് മുറിക്കു പുറത്തു വന്നു. മീനാക്ഷി പെട്ടന്ന് ഒരു മൊന്ത നിറയെ വെള്ളവും ആയി അടുക്കളഭാഗത്തുനിന് വന്നു.
“വല്ലാതെ ദാഹിച്ചു, വെള്ളം എടുക്കാൻ പോയതാ “.അത് കേൾക്കാത്ത ഭാവത്തിൽ അയാൾ ചോദിച്ചു “എന്റെ ടോർച് കണ്ടോ നീ “?.”ഇല്ല. ഉണ്ണിയേട്ടൻ എവിടെങ്കിലും വച്ചു മറന്നതാവും “.ഇല്ല എന്ന അർത്ഥത്തിൽ അയാൾ തലയാട്ടി. വീട്ടിലെ എല്ലാ മുറികളുലും അയാൾ തന്റെ സന്തതസഹചാരിയ തേടി ഒടുവിൽ രാധയുടെ മുറിക്കുളിൽ നിന്നും കിട്ടി. ഇത് ഇവിടെ എങ്ങനെ വന്നു ? താൻ മുകളിൽ പോകാറില്ല. അയാൾ ടോർച് തെളിയിച്ചു നോക്കി വെട്ടം കുറവായി തോന്നി അയാൾക്. നാളെ പുതിയ ബാറ്ററി മേടിച്ചിടണം അയാൾ മനസിൽ ഉറപ്പിച്ചു. പൂമുഖ വാതിൽ തുറന്ന് രാമനുണ്ണി നിഴൽ രൂപങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചു. മീനാക്ഷിയും അമ്മയും രാമനുണ്ണിക്കായി കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ശാരദാ തറവാട് മുറ്റത്തേക്കു കടന്നുവന്നത് “എന്താ രണ്ടാളും കുടി ഉണ്ണിയെ തിരയുകയാണോ “?.”ആള് വച്ചുപിടിപ്പിച്ചിട്ടുണ്ട് അമ്പലക്കടവിലേക് “.മറുപടി ഒന്നും പറയാതെ മീനാക്ഷി അകത്തേക്കു പോയി. “വീണ്ടും തുടങ്ങിയോ ഉണ്ണീടെ അമ്മേ “.കോലം എഴുത്തുകാർ വന്ന് തുടങ്ങി ഇന്ന് ആണ് പടയണി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാമനുണ്ണി അമ്പലക്കടവിൽ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയാണ് അമ്പലക്കടവിന്റെ നടുഭാഗം ഭയങ്കര ആഴം ആണ്.ഇതുവരെ ആരും അതിന്റെ അടിത്തട്ട് കണ്ടിട്ടില്ല വേനൽ കാലത്തുപോലും !.ഇന്നലെ കേട്ട സംസാരം അതായിരുന്നു രാമനുണ്ണിയുടെ മനസിൽ പിന്നെ ടോർച് എങ്ങനെ രാധയുടെ മുറിക്കുളിൽ ആയി എന്നുള്ളതും. രാമനുണ്ണി തിരികെ വീട്ടിൽ എത്തിയപ്പോൾ മുറ്റം നിറയെ ജനം കോലം എഴുത്തുകാർ, ഉത്സവക്കമ്മറ്റികാർ എല്ലാവരും ഉണ്ട്. “നീ എവിടെ പോയതാ ഉണ്ണി ? ഉറക്കം കിട്ടാതെ വന്നോ നിനക്ക് “?. അമ്മയുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല പകരം “വെട്ടം കുറവായിരുന്നു പുതിയ ബാറ്ററി വാങ്ങി “.അതും പറഞ് അയാൾ മുറിയിലേക്കു നടന്നു. ടോർച് യഥാസ്ഥാനത്തുവെച്ചു എന്നിട്ട് പുറത്തു വന്ന് പൂമുഖത്തെ അരമതിലിൽ ഇരുന്നു. “എന്തായി നാരായണേട്ട ദേവ പ്രശ്നം “.
കോലം എഴുത്തുകാരിൽ ആരോ ചോദിക്കുന്നു. “ഒരൽപ്പം ആശങ്കക് വകയുണ്ട്, ദുർമരണങ്ങൾ സംഭവിക്കാം, കൊടിഇറക്കത്തിന് മുൻപ് “!. പടയണി തുടങ്ങി, തപ്പിൽ താളം തുടങ്ങി, പടയണി കളത്തിൽ ഓരോരോ കോലങ്ങൾ തുള്ളി തിമിർക്കുന്നു. രാമനുണ്ണി ചുറ്റും നോക്കി അമ്മ പടയണി കോലങ്ങൾ നോക്കിയിരിക്കുന്നു മീനാക്ഷി.. അടുത്ത് മീനാക്ഷി ഇല്ല അയാൾ വീണ്ടും നോക്കി. ഇല്ല. അയാൾ ടോർച്ചിൽ പിടിമുറുക്കി വീടുകളിൽ എങ്ങും വെളിച്ചം ഇല്ല എല്ലാവരും അമ്പലത്തിൽ ആണ് അയാൾ ടോർച് തെളിച്ച ആഞ്ഞു നടന്നു. രാമനുണ്ണി പൂമുഖത്തേക് കാൽ എടുത്തുവെച്ചു അടക്കിപിടിച്ചുള്ള സംസാരം അയാൾ ചെവിയോർത്തു പക്ഷെ ഇത്തവണ പുറത്തുനിന്നാലാ വീട്ടിനുള്ളിൽ നിന്നും വാതിൽ തട്ടി വിളിക്കാൻ അയാൾ കൈ ഉയർത്തി പിനീട് ആ കൈ അയാൾ പിൻവലിച്ചു എന്നിട്ട് പൂമുഖത് അരമതിലിൽ ഒരു ഓരം ചേർന്ന് അയാൾ ഇരുന്നു. സംസാരം ഇപ്പോഴുമുണ്ട് ചിലപ്പോൾ അടക്കിപിടിച്ചുള്ള ചിരി രാമനുണ്ണി എല്ലാം കേട്ടിരുന്നു. പൂമുഖ വാതിൽ പതിയെ തുറന്നു, ഒരു വെളുത്ത രൂപം പുറത്തിറങ്ങി, പുറകിൽ മങ്ങിയ ചിമ്മിനിവിളക് പിടിച്ച രണ്ടു കൈകൾ ആ രൂപം മുറ്റത്തേക്കു എത്തി വേഗം നടന്നു തുടങ്ങി ആ കൈകൾ പൂമുഖ വാതിൽ അടക്കാൻ കൈകൾ നീട്ടി.
“മീനാക്ഷി “രാമനുണ്ണി വിളിച്ചു അയാൾ അരമതിലിൽ നിന്നും എഴുനേറ്റു അവളുടെ അടുത്ത് എത്തി ടോർച് അയാളുടെ മുഖത്തേക് കത്തിച്ചു ആ വെട്ടത്തിൽ അവൾ കണ്ടു രാമനുണ്ണിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് “രാമനുണ്ണിക് ഭ്രാന്താ മീനാക്ഷി.. “.അയാളുടെ മുഖത്തെ ഭാവം മാറി രാമനുണ്ണിയുടെ കൈകൾ അവളുടെ മുഖം പൊത്തിപിടിച്ചു, അവളുടെ കൈയിൽ ഇരുന്ന ചിമ്മിനി വിളക്ക് താഴെ വീണുടഞ്ഞു. രാമനുണ്ണി കണ്ടിരുന്ന നിഴൽ രൂപങ്ങൾക് മുഖങ്ങൾ ഉണ്ടായി, സംസാരങ്ങൾക്കു അർഥങ്ങൾ ഉണ്ടായി അയാൾ അവളുടെ മുഖത്തുനിന്നും കൈകൾ എടുത്തു അവൾ ഊർന്നു അയാളില്നിനും താഴേക്കു വീണു. അയാൾ ചിരിച്ചു രാമനുണ്ണിക് ഭ്രാന്താണ്. അയാൾ തിരിച്ചു നടന്നു കൈയിൽ ഇരുന്ന ടോർച്ചിലേക്കു നോക്കി അയാൾ അത് വലിച്ചെറിഞ്ഞു തനിക്കു ഇപ്പോൾ നിഴൽ രൂപങ്ങളെ ഭയം ഇല്ല, ഇരുട്ടിനെയും ഇപ്പോൾ മുഴുവൻ വെളിച്ചമാണ്. രാമനുണ്ണി അമ്പലക്കടവിൽ എത്തി ആഴങ്ങളിക്ക് നടന്നു അതിന്റെ അടിത്തട്ട് കണ്ടെത്താൻ അപ്പോൾ പടയണി കളത്തിൽ കാലൻ കോലം ഉറഞ്ഞു തുളുകയായിരുന്നു. ….
നരൻ കോയിപ്പുറം.
(പ്രസാദ് മണ്ണിൽ )

Share This:

Comments

comments