Friday, March 29, 2024
HomeLiteratureതൈവാനില്‍ എന്റെ ഹൃദയം. (കഥ)

തൈവാനില്‍ എന്റെ ഹൃദയം. (കഥ)

തൈവാനില്‍ എന്റെ ഹൃദയം. (കഥ)

ഷെരീഫ് ഇബ്രാഹിം.
പത്ത് മണിക്കൂർ നേരത്തെ നോൺ സ്റ്റോപ്പ് യാത്രക്ക് ശേഷം ചൈന എയർലൈൻസിൽ തൈവാന്റെ തലസ്ഥാനമായ തായ്‌പേയിലെ ചിയാങ്ങ് കൈഷേക് ഇന്റർനാഷണൽ എയർപോർട്ടിൽ കൂറ്റൻ ജമ്പോയിൽ ഞാൻ ചെന്നിറങ്ങി. എനിക്ക് ഇനി അഞ്ചു ദിവസം താമസിക്കാനുള്ള ഏഷ്യ വേൾഡ് പ്ലാസ ഹോട്ടലിൽ നിന്നയച്ച വാഹനത്തിൽ ഞാൻ ഹോട്ടലിലെത്തി. ആദ്യമായാണ് ഒരു ഫാർ ഈസ്റ്റേൺ രാജ്യം സന്ദർശിക്കുന്നത്. അതിന്റെ അങ്കലാപ്പ് ഒന്നുമില്ലെങ്കിലും മറ്റെന്തോ എന്നിൽ ആവേശിച്ചു. പുറത്ത് കാർമേഘങ്ങൾ സൂര്യനെ മൂടിയിരിക്കുന്നു.
ലഗേജെല്ലാം ഹോട്ടലിലെ റൂമിൽ വെച്ച് നല്ലൊരു സ്റ്റീം ബാത്ത് നടത്തി. ഇനി നന്നായൊന്നുറങ്ങണം. ഉറക്കത്തെക്കാൾ കൂടുതൽ ആവശ്യം നീണ്ടു നിവർന്ന് കിടക്കലാണ്. പത്ത് മണിക്കൂർ ഡെന്മാർക് ഫ്രോസൻ ചിക്കൻ പോലെയല്ലേ ഫ്‌ളൈറ്റിൽ ഇരുന്നത്.
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. നന്നേ വെളുപ്പിന് ഉണർന്ന് യാത്രക്ക് തയ്യാറായി. ഉറങ്ങാനല്ലല്ലോ ഇത്രയും ദൂരം വന്നത്. നേരെ ഹോട്ടൽ ലോബിയിലെത്തി. റൂമിന്റെ കീ റീസെപ്‌ഷനിൽ ഏൽപ്പിക്കാൻ ചെന്നപ്പോഴാണ് പിന്നിൽ നിന്നൊരു ശബ്ദം.
“Good morning Sir. I am Yuvan Shikkai, manager of this hotel. And please meet Ms. Tsaing Ven, your guide”
ഞാൻ രണ്ടു പേർക്കും കൈ കൊടുത്തു.
മേനേജർ അടുത്ത ഗസ്റ്റിനെ കാണാൻ പോയപ്പോൾ എന്റെ ഗൈഡ് എന്നോട് ചോദിച്ചു.
“From where are you sir?”
ഞാൻ പഠിച്ചു വെച്ച മണ്ടാരിൻ ഭാഷയിൽ ഞാൻ ഇന്ത്യക്കാരനാണ് എന്ന് പറഞ്ഞു.
വരുന്നത് അബൂദാബിയിൽ നിന്നാണെങ്കിലും എന്റെ ജീവിതത്തിൽ ഭൂരിഭാഗം നാളും അബൂദാബിയിലാണെങ്കിലും, എന്തൊക്കെ എനിക്ക് പോറ്റമ്മയായ അബുദാബി തന്നാലും എന്റെ പെറ്റമ്മയായ നാനാത്വത്തിൽ ഏകത്വമുള്ള ഭാരതത്തെ മറക്കാൻ കഴിയില്ലല്ലോ.
അവർ വീണ്ടും ഇന്ത്യൻ കൾച്ചർ പ്രകാരം കൈ കൂപ്പി. ഞാനും അപ്രകാരം ചെയ്തു.
എന്താണ് ഇനി എന്റെ പരിപാടി എന്ന സായിങ് വെന്റെ ചോദ്യത്തിന് ഏതെങ്കിലും അബോർഗിനി വില്ലേജ് കാണാലാവട്ടെ ആരംഭം എന്ന് ഞാൻ മറുപടി കൊടുത്തു. അതവർക്ക് വളരെ ഇഷ്ടമായെന്ന് അവരുടെ മുഖം ഞാൻ വായിച്ചെടുത്തു. അതിന്റെ കാരണം പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് അവർ ആദിമഗോത്രക്കാരായ അബോർഗിനി ഗോത്രത്തിലെ വിരലിലെണ്ണാവുന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ ഒരാളാണ്.
അവിടെ ചെന്നപ്പോൾ ഒരു ചെറിയ വെള്ളച്ചാട്ടത്തിന്നടുത്ത് വെച്ച് സായിങ് വെൻ എന്റെയൊരു ഫോട്ടോയെടുത്ത് ഒരു സോസർ പോലെയുള്ളതിൽ ലാമിനേറ്റ് ചെയ്ത് തന്നു. അതിനു അവർ ന്യൂ തായ്‌വാൻ ഡോളർ എത്രയോ ആ ലാമിനേറ്റ് ചെയ്യുന്ന ആൾക്ക് കൊടുക്കുന്നത് ഞാൻ കണ്ടു. അതിന്റെ പൈസ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അവരുടെ മറുപടി ഹൃദയസ്പർശമായിരുന്നു.
“ഇത് എന്റെ ഒരു ഓർമയ്ക്ക് സാർ വെച്ചോ…”
പിന്നെ ഞങ്ങൾ പോയത് അബോർഗിനികളുടെ ശവം സംസ്കരിക്കുന്ന ബുദ്ധമതക്കാരുടെ പഗോഡക്കടുത്തുള്ള മലയിടുക്കിലേക്കാണ്. അവിടെ ശവം കൊണ്ട് വെക്കുന്നു. ഉടനെ ഒട്ടനവധി കഴുകകൂട്ടം വന്ന് ശവം കൊത്തിവലിച്ചു തിന്നുന്നു. ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് എല്ലൊഴികെ എല്ലാം തിന്നു തീർക്കുന്നു. അത് കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അപ്പോഴും സായിങ് അത് നോക്കി ഇരിക്കുകയാണ്. അവരുടെ മുഖത്തോരു ദു:ഖഭാവം ഞാൻ കണ്ടു. അത് കണ്ടപ്പോൾ ഞാൻ ചോദിച്ചു..
“ഇവർ നിങ്ങളുടെ ആരെങ്കിലുമാണോ?”
“അവർ ഒരു മനുഷ്യരല്ലേ സർ?”
ഇതായിരുന്നു സായിങിന്റെ മറുപടി. ഉത്തരം കിട്ടാത്ത ഒരു സമസ്യയായി ഞാനവളെ കണ്ടു.
“ഞാനവരോട് തുറന്ന് പറഞ്ഞു.
“സായിങ് ഞാൻ നിങ്ങളുടെ നാട്ടിൽ വന്നത് ഈ നാടിനെ നേരിട്ട് കണ്ടറിയാനും അത് ഒരു യാത്രാവിവരണമാക്കാനുമാണ്. പക്ഷെ അതിനി നടക്കുമെന്ന് തോന്നുന്നില്ല. അതിനു മുമ്പ് നമ്മുടെ യാത്രയ്ക്കിടയിൽ സായിങിന്റെ കഥ എന്നോട് പറയുക. അബുദാബിയിൽ ചെന്ന് എനിക്ക് ആ കഥ ഡാനി ഡാർവിൻ ആവശ്യപ്പെട്ട പ്രകാരം സൗഹൃദവേദി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം”
അവർക്ക് ഫേസ് ബുക്ക് എന്താണെണെന്ന് മനസ്സിലായില്ല. എന്നാലും ഒരു കാര്യം അവർ പറഞ്ഞു.
“എന്റെ സ്നേഹാന്വേഷണങ്ങൾ സാനിയോട് പറയുക”
അവർ ആ പേര് അങ്ങിനെയാണ് ഉച്ചരിച്ചത്.
പിന്നെ തൈപ്പെയിലെ ബുദ്ധമതക്കാരുടെ പഗോഡയിലെ പ്രാർത്ഥന കാണാൻ ഞങ്ങൾ പോയി. ചെരിപ്പെല്ലാം ഊരിയിട്ട് ആ പഗോഡയിൽ സായിങ് കടക്കുമ്പോൾ അകത്തേക്ക് കയറാതെ ഞാൻ പറഞ്ഞു..
“ഞാനൊരു മുസ്ലിം മതവിശ്വാസിയാണ്”.
“So? What is the problem sir? നമ്മളൊക്കെ മനുഷ്യരല്ലേ? ദൈവത്തിന്റെ പഗോഡയിൽ ആർക്കും കേറാം സാർ..”
ഞാൻ അകത്ത് കടന്നു.
മന്ത്രോച്ചാരണങ്ങൾ നടക്കുന്നതിനിടയിൽ ഞാൻ ആമീൻ ആമീൻ എന്ന് പറഞ്ഞു കൊണ്ടിരുന്നു.
ഇരുപത്തിനാല് വയസ്സ് മാത്രം പ്രായമുള്ള സായിങിനോട് ഞാൻ പറഞ്ഞു.
“Don’t misunderstand me. ഞാനൊരു കാര്യം ആവശ്യപ്പെടട്ടെ..”
“സാർ പറഞ്ഞോളൂ..”
ആദ്യം മടിച്ചാണെങ്കിലും ഞാൻ പറഞ്ഞു.
“എനിക്ക് അഞ്ചു സഹോദരന്മാരാണ്. സഹോദരിമാരില്ല. സായിങിനെ ഞാൻ സഹോദരിയാക്കിക്കോട്ടെ…”
ബുദ്ധമതക്കാരിയായ അവർ മുസ്ലിമായ എന്നെ ആ ചോദ്യം കൊണ്ട് വെറുക്കുമെന്നാണ് കരുതിയത്. സംഭവിച്ചത് നേരെ മറിച്ചാണ്. അവരെന്റെ വലംകൈ പിടിച്ചു വെള്ളയിൽ മുഖം അമർത്തി പറഞ്ഞു.
“I am happy sir”
അവർ മുഖമെടുത്തപ്പോൾ എന്റെ കൈവെള്ളയിൽ അവരുടെ കണ്ണീർ.
“എന്തിനാണ് സാർ ബർമയിൽ ഈ ബുദ്ധമതക്കാർ എന്ന് പറയുന്നവർ മതം പറഞ്ഞ് മനുഷ്യരെ കൊല്ലുന്നത്? ഒരു ഉറുമ്പിനെ പോലും കൊല്ലരുതെന്ന് പറയുന്നതാണ് സാർ ഞങ്ങളുടെ മതം”.
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി
എന്ന ശരണം വിളി ഞാനോർത്തു.
“സായിങ്. എന്താണ് നിങ്ങളുടെ ജീവിത കഥ?” ഞാൻ അവരോടു അന്വേഷിച്ചു.
“നമുക്ക് സാർ നാളെ ഹുവാലീനിൽ പോകേണ്ട? അവിടെയാണ് എന്റെ വീട്. നേരിട്ട് അവിടെ പോയിട്ട് പറഞ്ഞാൽ പോരെ?’
അവർ പറഞ്ഞത് ഞാൻ സമ്മതിച്ചു. എന്റെ സഹോദരിയുടെ വീട്ടിൽ ഞാൻ പോകാതെ ഈ തായ്‌വാനിൽ നിന്ന് തിരിച്ചു പോകുന്നത് വലിയ തെറ്റാണെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
പിറ്റേന്ന് ഞങ്ങൾ തായ്‌പെ എയർപോർട്ടിൽ നിന്ന് ഡൊമസ്റ്റിക് എയർ പോർട്ട് ആയ ഹുവാലിൻ എയർപോർട്ടിലേക്ക് പോയി. അവിടെ നിന്ന് ലിഷാൻ എന്ന സ്ഥലത്തുള്ള അവരുടെ വീട്ടിലേക്കാണ് പോയത്. ശെരിക്കും എന്റെ ആദ്യ യാത്രയുടെ ഉദ്യേശ്യം ഹുവാലിന്നടുത്തുള്ള സൺമൂൺലേയ്ക്ക് സിറ്റി കാണലായിരുന്നു. അത് പിന്നീടാവാം എന്ന് തീരുമാനിച്ചു.
ഒരു കൂര എന്ന് പറയാവുന്ന രീതിയിലുള്ള വീട്. പുറത്ത് നാഴിക മണിയിൽ അവർ ബെല്ലടിച്ചു. ചെരുപ്പ് ഊരി മൺകൂജയിൽ നിന്ന് വെള്ളമെടുത്ത് കാൽ കഴുകിയിട്ട് അവർ എന്നേയും അകത്തേക്ക് വിളിച്ചു. ഞാൻ ഷൂസും സോക്‌സും ഊരി കാൽ കഴുകി അകത്ത് കടന്നു.
ഒരു പ്ലാസ്റ്റിക് കട്ടിലിൽ ഒരാൾ കിടക്കുന്നു. അടുത്ത് തന്നെ ഒരു സ്ത്രീയും. അടുക്കളയിൽ നിന്ന് ഒരു പതിനഞ്ചു വയസ്സായ കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു.
“സിം കിൽ വതോ മാമിങ്ങോ”
ആ സ്ത്രീ എന്തോ അവരുടെ ഭാഷയിൽ പറഞ്ഞു.
“ഇൻ ശാരീഫ് മാം ഗമിൻ”
എന്റെ പേര് പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസ്സിലായി, എന്നെപ്പറ്റി ചോദിച്ചതാണെന്ന്.
അവരെ സിയാങ്ങ് പരിചയപ്പെടുത്തി. അത് അവരുടെ അച്ഛനും അമ്മയും അനുജത്തിയുമാണ്. അച്ഛൻ പാറപൊട്ടിക്കൽ തൊഴിലാളിയായിരുന്നു. അപകടം പറ്റിയിട്ട് നാല് വർഷമായി. അമ്മ രോഗിയാണ്. അനുജത്തിയാണ് ഇവരെ ഇപ്പോൾ നോക്കുന്നത്. എനിക്കാണെങ്കിൽ ആഴ്ച്ചയിൽ ഒരു ദിവസം മാത്രമേ ലീവ് ഉള്ളൂ.”
ചുരുക്കം ചില വാക്കുകളിൽ അവരുടെ ചിത്രം എന്നിൽ ലഭിച്ചു.
എന്തായാലും യാത്രാവിവരണം പിന്നെ എഴുതാം. ഇവരുടെ കഥ ഒരു കേൻവാസിലാക്കി, എന്നെ സൗഹൃദവേദിയായി അടുപ്പിച്ച സന്തോഷിന് അയച്ചു കൊടുക്കണം എന്ന് തീരുമാനിച്ചു.
എന്റെ കണ്ണീർ ആരും കാണാതെ കർച്ചീഫ് എടുത്ത് തുടച്ചു. പേന്റിന്റെ പോക്കറ്റിലുള്ള പേഴ്സ് എടുത്ത് ആദ്യം കിട്ടിയ ആയിരം ന്യൂ തൈവാൻ ഡോളർ എടുത്ത് ആ അച്ഛന്റെ കയ്യിൽ കൊടുത്തു.
“ന്ഗഗീ ന്ഗഗീ ന്ഗഗീ” എന്ന് ആ മനുഷ്യനും ഒപ്പം സിയാങും പറഞ്ഞു. കുറച്ചു ദേഷ്യം അവരുടെ മുഖത്തു ഞാൻ കണ്ടു.
“സാർ ഇതൊന്നും വേണ്ട. സാർ ഞങ്ങളുടെ വീട്ടിൽ വന്നല്ലോ അത് മതി.”
അപ്പോഴേക്കും സിയാൻജിയുടെ അനുജത്തി ഒരു മരപ്പാത്രത്തിൽ എന്തോ കൊണ്ട് വന്നു. എങ്ങിനെ കുടിക്കും വേണ്ടെന്ന് എങ്ങിനെ പറയും. ഞാനാകെ ത്രിശങ്കു സ്വർഗത്തിലാണ്. തായ്‌വാനിൽ എന്തൊക്കെ ചേർത്തതായിരിക്കും ഇതുണ്ടാക്കുക എന്നൊക്കെ ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ സിയാങ് പറഞ്ഞു.
‘Sir – This is pure vegetarian soup”
ഞാനത് കുറച്ചു ആദ്യം കുടിച്ചു നോക്കി. നല്ല രസം. പിന്നെ മുഴുവൻ ഒറ്റവലിക്ക് കുടിച്ചു.
ഞാനവരോട് യാത്ര പറഞ്ഞു, സൺമൂൺ ലൈക്ക് ലക്ഷ്യമാക്കി യാത്ര തുടർന്നു.
പക്ഷെ, കഷ്ടകാലം. മല ഇടിഞ്ഞത് കൊണ്ട് വാഹനഗതാഗതം താറുമാറായി.
സിയാങ് ഇനി നാളെ കാലത്ത് വന്നാൽ മതി എന്ന് പറഞ്ഞു ഞാനവളെ അവളുടെ വീട്ടിലേക്കയച്ചു. പാവം….
പിറ്റേന്ന് ട്രെയിനിൽ ഞങ്ങൾ തായ്‌പേയിലേക്ക് തിരിച്ചു.
ലിഷാനിലെ റസ്റ്റ് ഹൌസിൽ രാത്രി തങ്ങി.
പിറ്റേന്ന് ഞങ്ങൾ ട്രെയിനിൽ ലിഷനിൽ നിന്ന് തായ്‌പെയിലേക്ക് പോയി. ട്രെയിനിൽ യാത്രക്കാർ എന്തെങ്കിലും ജോലികൾ ചെയ്യുന്നു. വീട്ടിലേക്ക് കൊണ്ട് പോകുന്ന പച്ചക്കറികൾ അരിയുന്നവർ, ചെറിയ സാധനങ്ങൾ അസംബിൾ ചെയ്യുന്നവർ.
നാല് ദിവസത്തെ യാത്രക്ക് ശേഷം ഞാനിന്ന് ദുബായിലേക്ക് പോവുകയാണ്. സിയാങിനെ, എന്റെ സഹോദരിയെ പിരിയാനൊരു വിഷമം. ആദ്യം തോന്നി, അവളോട് യാത്ര പറയാതെ പോകാം എന്ന്. കാരണം ആ രംഗം ആലോചിക്കാൻ വയ്യ. വേണ്ട അത് മോശമെന്ന് എന്റെ ഉപബോധമനസ്സ് മന്ത്രിച്ചു.
ലഗേജുകളെല്ലാം വാഹനത്തിൽ കയറ്റി. എന്റെ കയ്യിലുണ്ടായിരുന്ന ഏകദേശം ഏഴായിരത്തിൽ കൂടുതൽ ന്യൂ തായ്‌വാൻ ഡോളർ പേഴ്സ് അടക്കം അവൾക്ക് കൊടുത്തു. അവളത് വാങ്ങി എന്റെ കയ്യിൽ തിരിച്ചു തന്നിട്ട് പറഞ്ഞു..
“സർ.. ഞാനത് സ്വീകരിച്ചു. ഇപ്പോൾ എനിക്കത് വേണ്ട… അതിനേക്കാൾ വലിയ ഒരു സമ്മാനം എനിക്ക് തന്നില്ലേ.. സാറിന്റെ സഹോദരി എന്ന സ്ഥാനം.. അതാണ് എനിക്ക് വലുത്.. ഈ കടലാസിനേക്കാളും…”
ഞാൻ സാറിനെ സാർ എന്നല്ലാതെ ഒന്ന് വിളിക്കട്ടെ…”
സിയാങ് എന്നോട് അനുവാദം ചോദിച്ചു..
ഞാൻ സമ്മതിച്ചു.
‘ഈഗാ ….”
എനിക്കൊന്നും മനസ്സിലായില്ല.
അത് മനസ്സിലാക്കി അവൾ പറഞ്ഞു.
ലിഷാനിൽ നിന്ന് തൈപേയിലേക്ക് വരുമ്പോൾ അനുജത്തി ജ്യേഷ്ഠനെ എന്റെ ഭാഷയിൽ എന്താ വിളിക്കുക എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാനവളോട് “ഇക്ക” എന്ന് പറഞ്ഞത് ഞാൻ മറന്നു. അവൾ അത് ഓർത്ത് വെച്ചിരിക്കുന്നു.
ഞാനവളെ, എന്റെ സഹോദരിയെ മുത്തം കൊടുത്ത് കാറിൽ കയറി.. ദുബായിലേക്കുള്ള കൂറ്റൻ ജംബോ ജെറ്റിൽ ഇരിക്കുമ്പോൾ ഞാനോർത്തു. എന്റെ ജീവിതത്തിൽ ഇനി എന്റെ അനുജത്തിയെ കാണുമോ എന്തോ?
**** ***** ***** *****
ഒരു മാസം കഴിഞ്ഞു കാണും. എനിക്ക് വേൾഡ് പ്ലാസ ഹോട്ടലിൽ നിന്നൊരു കോൾ വന്നു.
“Can I get Sereep sir…”
ഞാൻ തന്നെയാണ് ഷെരീഫ് എന്നവരോട് പറഞ്ഞു.
“Sereep.. Pray to God… There is a bad news. Your sister Siyang is no more”.
എന്റെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. എനിക്കൊന്നും കേൾക്കാൻ വയ്യ. എന്റെ സഹോദരി സിയാങ് മരിച്ചിരിക്കുന്നു.. എനിക്ക് വിശ്വസിക്കാൻ വയ്യ..
“ഏശ് ഫീക്ക് യാ ശരീഫ്?”
എന്ത് പറ്റി എന്ന് ഷെയ്ഖിന്റെ ചോദ്യം.
“ത്വഫ ഉഹ്ത്തീ യാ അബൂശാബ്”
എന്റെ അനുജത്തി മരിച്ചു..
ഷെയ്ഖിന്റെ ബോഡി ഗാര്‍ഡ് അബൂഗനീമയോട് എനിക്ക് കേരളത്തിലേക്ക് പോകാൻ വേണ്ട ടിക്കറ്റും മറ്റും ഏർപ്പാടാക്കാൻ ഷെയ്ഖ് പറഞ്ഞു.
“യാ തവീൽ ഉമ്രുക്ക്… ഉഹ്ത്തീ ഫിൽ തൈവാൻ.”
എന്റെ സഹോദരി തായ്‌വാനിലാണെന്നു ഷെയ്‌ഖിനോട് പറഞ്ഞു. ഭാഗ്യത്തിന് എന്റെ അവസ്ഥ കണ്ടിട്ടോ എന്തോ ചോദിച്ചില്ല. അല്ലെങ്കിലും പെട്ടെന്ന് ചൂടാവുന്ന ആളാണ് ഷെയ്ഖ് എങ്കിലും ഉള്ളിൽ വളരെ ദയ ഉള്ള ആളാണ്.
ദുബായിൽ നിന്ന് തായ്‌പെയിലെത്തി. നേരെ ഹുവാലീനിലേക്കും അവിടെ നിന്ന് ലിഷാനിലേക്കും.
ഞാൻ സിയാങിന്റെ അനുജത്തിയേയും കൊണ്ട് പഗോഡയിലേക്ക് പോയി.
അവിടെ ഒന്നേ നോക്കാൻ എനിക്ക് കഴിഞ്ഞുള്ളു..
കഴുകന്മാർ കൊത്തി വലിച്ച എന്റെ അനുജത്തിയുടെ ശരീരം. വീഴാതിരിക്കാൻ അടുത്തുണ്ടായിരുന്ന വിളക്ക് കാലിൽ ഞാൻ പിടിച്ചു.
എന്റെ ബേഗിലുണ്ടായിരുന്ന സിയാങ് തന്ന ലാമിനേറ്റ് ചെയ്ത എന്റെ ഫോട്ടോ ഞാനെന്റെ അനുജത്തിയുടെ ദേഹത്തിന്റെ അടുത്ത് വെച്ചു.
ഞാൻ അവിടെ നിന്ന് മനസ്സില്ലാ മനസ്സോടെ എഴുനേറ്റു.. രണ്ടടി നടന്നപ്പോൾ എന്റെ പിന്നിൽ നിന്നൊരു വിളി…
“ഈഗാ… … ഈഗാ… ഈഗാ….”
എന്റെ അനുജത്തി എന്നെ ഇക്കാ എന്ന് വിളിക്കയാണ്…
ഞാൻ തിരിഞ്ഞു നോക്കി.
അവൾ അടുത്തേക്ക് വന്നു ആ ലാമിനേറ്റ് ചെയ്ത ഫോട്ടോ എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.
“Please take this photo to India”
ഞാൻ അവളെ നോക്കി. അപ്പോഴും കഴുകന്മാർ എന്റെ അനിയത്തിയെ……………
ഞാനാ ഫോട്ടോ ഇന്നും എന്റെ വീട്ടിലെ ഷോകേസിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments