Friday, April 26, 2024
HomeAmericaകലയും ജീവിതവും രണ്ടല്ല എന്ന് തെളിയിച്ച "പൂമരം' ഷോ.

കലയും ജീവിതവും രണ്ടല്ല എന്ന് തെളിയിച്ച “പൂമരം’ ഷോ.

കലയും ജീവിതവും രണ്ടല്ല എന്ന് തെളിയിച്ച "പൂമരം' ഷോ.

ജോയിച്ചന്‍ പുതുക്കുളം.
നിശ്വാസ വായുവില്‍ പോലും കലയെ മാത്രം ഉപാസിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ കലാപ്രകടനങ്ങളുടെ ഹാങ് ഓവറിലാണ് ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍. താര ജാഡകള്‍ ഒന്നുമില്ലാതെ ഒരു ഷോ നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും അതിലുപരി സ്‌നേഹത്തിന്റെയും, കാരുണ്യത്തിന്റെയും ലോകത്തേക്ക് കൂട്ടി കൊണ്ട് പോയ പൂമരം ഷോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഹ്യൂസ്റ്റനില്‍ തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ഷോയുടെ ലാഭമെല്ലാം ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ പ്രധാനമായും ചാരിറ്റികള്‍ക്കുള്ള സംഭാവനായി മാറുന്ന കാഴ്ചയും കണ്ടു. ഈ ഷോയില്‍ പങ്കെടുത്ത കലാകാരന്മാര്‍ ആകട്ടെ, ജീവിതത്തിന്റെ വിവിധ പ്രതിസന്ധികളില്‍ കൂടി കടന്നുവന്നവരും. പൂമരത്തില്‍ നിരവധി ഇതളുകള്‍ ഉണ്ടായിരുന്നു എങ്കിലും അമേരിക്കന്‍ മലയാളികള്‍ ആവേശത്തോടെ നെഞ്ചിലേറ്റിയ പൂമരം പ്രതിഭ വൈക്കം വിജയലക്ഷ്മി തന്നെയാണ്. ന്യൂയോര്‍ക്കില്‍ രണ്ടു സ്ഥലങ്ങളില്‍ പൂമരം ഷോ അരങ്ങേറുകയും ക്യുന്‍സില്‍ വച്ച് വൈക്കം വിജയലക്ഷ്മിയെ അമേരിക്കന്‍ പൗരാവലിക്കൊപ്പം കേരളടൈംസ് ആദരിക്കുകയും ചെയ്തു.
വ്യക്തിപരമായി ഈ നിമിഷം വൈക്കം വിജയലക്ഷ്മിയെ പോലെ തന്നെ അതില്‍ പങ്കുകൊണ്ട കലാ കാരന്മാര്‍ക്കും, കാണികള്‍ക്കുമെല്ലാം ആനന്ദ ദായകമായിരുന്ന നിമിഷങ്ങള്‍ ആയിരുന്നു അത്. തന്റെ ഉള്‍ക്കണ്ണിന്റെ കാഴ്ചയാല്‍ സംഗീതത്തിലൂടെ ഈ ലോകത്തിന്റെ സൗന്ദര്യത്തിനെ അനുഭവിച്ചറിയുന്നു. കാലം തീര്‍ത്ത വേലിക്കെട്ടിനെ തന്റെ പ്രതിഭയാല്‍ അതിജീവിച്ചു ലോകത്തിനു മുന്നില്‍ പ്രകാശം പരത്തി നില്‍ക്കുകയാണ് വിജയലക്ഷ്മി. അവിടെ മറ്റാര്‍ക്കും പരിചിതമാകാത്ത ഗായത്രി വീണയും ഒപ്പം സംഗീതം പൊഴിക്കുന്നു. ഒരു ഗായത്രി മന്ത്രത്തിന്റെ പരിശുദ്ധി പോലെ വീണയില്‍ നിന്നുയരുന്ന സംഗീതവും വിജയലക്ഷ്മിയുടെ സ്വരനാഥവും ഓരോ മലയാളിയുടെയും മനസില്‍ ഗൃഹാതുരത്വ സ്മരണകളുയര്‍ത്തുന്നു. സംഗീതത്തിന്റെ പുത്തന്‍ പടവുകളിലേക്കുള്ള യാത്രയിലാണ് വിജയലക്ഷ്മി ഇപ്പോഴും എന്ന്‌നമുക്ക് മനസിലാക്കിത്തരുവാന്‍ ഈ കലാകാരിയുടെ ഓരോ പ്രകടനവും കൊണ്ട് സാധിച്ചു.
2005 മുതല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പ്രോഗ്രാമിലൂടെയാണ് വിജയലക്ഷ്മി സംഗീത സംവിധായകന്‍ എം. ജയചന്ദ്രനുമായി പരിചയപ്പെടുന്നത്.അതിനിടയില്‍ ആത്മീയയാത്ര ചാനലില്‍ അമൃതവര്‍ഷിണി എന്ന പരിപാടിയില്‍ പാടുന്നത് ജയചന്ദ്രന്‍ കേള്‍ക്കുകയുണ്ടായി. വിജയലക്ഷ്മിയുടെ ശബ്ദം എം.എസ് സുബ്ബലക്ഷ്മിയമ്മയുടെ ശബ്ദവുമായി സാമ്യം തോന്നി. ആ സമയത്താണ് സെല്ലുലോയ്ഡ് സിനിമയിലേക്ക് ഒരു പഴയകാല ശബ്ദം വേണമെന്ന് സംവിധായകന്‍ കമല്‍ അദ്ദേഹത്തോട് പറയുന്നത്. അങ്ങനെയാണ് വിജയലക്ഷ്മിക്ക് സിനിമയില്‍ പാടുവാന്‍ അവസരം ലഭിക്കുന്നത് .അതിനു ശേഷമാണ് നടന്‍ സിനിമയില്‍ ഔസേപ്പച്ചന്‍ ഒരുക്കിയ പാട്ട് . അത് വിജയലക്ഷ്മിക്കു സംസ്ഥാന അവാര്‍ഡും നിരവധി പുരസ്കാരങ്ങളും നേടി കൊടുത്തു .
അങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള കലാകാരിയുടെ നേതൃത്വത്തില്‍ അബിയും, രാജേഷ് ചേര്‍ത്തലയും, അനൂപ് ചന്ദ്രനും, അരിസ്‌റ്റോ സുരേഷും തുടങ്ങി നിരവധി കലാകാരന്മാര്‍ അണിനിരന്ന പൂമരം നമുക്ക് സമ്മാനിച്ചത് ഒരു പറ്റം കലാകാരന്‍മാരെ മാത്രമല്ല. ഏറെക്കാലം നമ്മുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുവാന്‍ ഉപകരിക്കുന്ന അനുഭവങ്ങള്‍ കൂടി ആയിരുന്നു എന്ന് സംശയത്തിനിടനല്‍കാതെ പറയാം.
ലീല മാരേട്ട് എംസിയായിരുന്ന പ്രോഗ്രാമില്‍ കേരള ടൈംസ് മാനേജിങ് ഡയറക്ടര്‍ പോള്‍ കറുകപ്പള്ളി കടന്നു വന്നവര്‍ക്കും എല്ലാ സ്‌പോണ്‌സര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തിയതോടാപ്പം തുടര്‍ന്നും എല്ലാ സഹകരണവും നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. ക്യുഎന്‍സ് പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍സായി പ്രവര്‍ത്തിച്ച ലീല മാരേട്ടും അപ്പുക്കുട്ടന്‍ പിള്ളയും ഇതൊരു വന്‍ വിജയമാക്കുന്നതിന്റെ ചുക്കാന്‍ പിടിച്ചത്. ഫോട്ടോ: ലിജോ ജോണ്‍.23467
RELATED ARTICLES

Most Popular

Recent Comments