Friday, April 26, 2024
HomeAmericaമാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം എസ്. ശ്രീകുമാര്‍.

മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം എസ്. ശ്രീകുമാര്‍.

മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം എസ്. ശ്രീകുമാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: മനുഷ്യ ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും ശാരീരിക പ്രയാസങ്ങളും അസ്വസ്ഥകളുമൊക്കെയുണ്ടാകുമ്പോള്‍ വിദഗ്ധരായ ഡോക്ടര്‍മാരെ കണ്ട് ചികില്‍സ തേടുന്നതുപോലെ തന്നെ മനസിന് അസ്വസ്ഥകളുണ്ടാകുമ്പോഴും ചികില്‍സ തേടണമെന്ന ബോധം സമൂഹത്തിലുണ്ടാകണമെന്ന് പ്രമുഖ ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗിലെ സൈക്കോളജി വിഭാഗം തലവനുമായ എസ്. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
മാനസിക പ്രയാസങ്ങളെക്കുറിച്ചും അവയെ കൈകാര്യം ചെയ്യുന്നതുസംബന്ധിച്ചും ശക്തമായ ബോധവല്‍കരണം സമൂഹത്തിലുണ്ടാവണം. മാനസിക രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും നിലപാടിലും മാറ്റം വരുത്തുവാന്‍ ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് കഴിയും.
അനാവശ്യമായ ആശങ്കകളും അമിതമായ ഉത്കണ്ഠയുമാണ് മനുഷ്യജീവിതത്തെ പലപ്പോഴും സമ്മര്‍ദ്ധത്തിലാഴ്ത്തുന്നത്. വിഷാദവും ഉല്‍കണ്ഠയുമൊക്കെ പരിഹരിക്കാവുന്ന മാനസിക പ്രയാസങ്ങളാണ്. മാനസിക പ്രയാസങ്ങളെ ദൂരീകരിക്കുവാനും സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തുവാനും സഹായകമായ അന്വേഷണങ്ങളും ചിന്തകളുമാണ് ലോകമാനസിക ദിനത്തില്‍ ഏറെ പ്രസക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആത്മീയ ചിന്തകളും മൂല്യ വിചാരവും മനുഷ്യ മനസിന് ശക്തി നല്‍കുന്ന ചാലക ശക്തികളാണെന്നും ദൈവ ചിന്തയാല്‍ മനസുകള്‍ സമാധാനമടയുമെന്ന ഖുര്‍ആനിക വചനം എന്നും പ്രസക്തമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. മനസിനെ ദുശ്ചിന്തകളാല്‍ മരുപ്പറമ്പാക്കാതെ സ്‌നേഹവും പരിമളവും പരിലസിക്കുന്ന മലര്‍വാടിയാക്കുവാനുള്ള സോദ്ദേശ്യപരമായ പരിശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യ മനസ്സിന് ഏറെ ശക്തിയുള്ള ഒരു പ്രതിഭാസമാണെന്നും നല്ല ചിന്തകളും വികാരങ്ങളും കൊണ്ട് അതിന്റെ മാറ്റു കൂട്ടാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദുസ്വഭാവങ്ങളേയും മാറ്റി നിര്‍ത്തി മനസ്സില്‍ നന്മ മാത്രം കൊണ്ടു നടക്കുന്നവര്‍ ഏത് ഘട്ടത്തിലും ശക്തരായിരിക്കും. ജീവിത യാത്രയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായ വെല്ലുവിളികളായി സ്വീകരിച്ച് മുന്നോട്ടുപോകുവാന്‍ അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു. ശുഭാപ്തി വിശ്വാസവും വിജയ പ്രതീക്ഷയും ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യുവാന്‍ നമുക്ക് കരുത്ത് പകരണം.
മനസ്സിന്റെ ശുദ്ധീകരണവും ശാക്തീകരണവും മാനവ സമൂഹത്തിന് പുരോഗമനപരമായ ഊര്‍ജ്ജം പകരും. ജീവിത വിശുദ്ധിയും കര്‍മ സാഫല്യവുമാണ് മനസിന് ശാന്തിയും സമാധാനവും നല്‍കുന്നത്. മനുഷ്യരോടും പ്രകൃതിയോടും സമരസപ്പെട്ട് ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബജീവിതത്തിലും തൊഴില്‍ രംഗത്തും സുതാര്യവും സത്യസന്ധവുമായ സമീപനങ്ങളാണ് സമാധാനവും ശാന്തിയും നല്‍കുകയെന്നാണ് സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ. എം. മുസ്തഫ സാഹിബ് പറഞ്ഞു.
ഡോ. യാസര്‍, മൈന്‍ഡ് ട്യൂണ്‍ പരിശീലകനും സക്‌സസ് കോച്ചുമായ മശ്ഹൂദ് തിരുത്തിയാട് എന്നിവര്‍ വിഷയത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശി.
മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
ഫോട്ടോ. ലോകമാനസിക ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ എസ്. ശ്രീകുമാര്‍ സാരിക്കുന്നു.
സദസ്സ്8
RELATED ARTICLES

Most Popular

Recent Comments