Friday, April 26, 2024
HomeLiteratureപരസ്പരം. (കഥ)

പരസ്പരം. (കഥ)

പരസ്പരം. (കഥ)

അജിന സന്തോഷ്.
”എന്താ നവ്യ നീയിങ്ങനെ?.. എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവുന്നില്ലല്ലോ..”
”ഓ.. തുടങ്ങിയോ കുറ്റ വിചാരണ.. ഇന്നെന്താ തുടങ്ങാത്തത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ ”..
മേഘയുടെ ദേഷ്യത്തിലുള്ള സംസാരത്തോട് ചിരിച്ചു കൊണ്ടായിരുന്നു നവ്യയുടെ പ്രതികരണം..
”നീ ചിരിച്ചോ.. നിനക്കെല്ലാം നേരംപോക്കല്ലേ..ആരോട് എന്ത് പറയണം എങ്ങനെ പെരുമാറണം എന്നൊന്നും ഇതുവരെ പഠിച്ചില്ലല്ലോ നീ..”
”ഒന്നു നിർത്തെടീ.. നീ ഇങ്ങനെ ചൂടാവാൻ മാത്രം ഇവിടെയിപ്പോൾ എന്തു ഭൂകമ്പമാ ഉണ്ടായേ..”
നവ്യ മേഘയുടെ കെെയ്യിൽ പിടിച്ചു ..
”ഒന്നുമുണ്ടായില്ലേ.. നീയെന്തിനാ ആ വികാസിനോട് നാപ്കിൻ വാങ്ങിത്തരുമോ എന്നു ചോദിച്ചത്..”
”അതായിരുന്നോ കാര്യം … എടീ.. എനിക്ക് അത്യാവശ്യമായി നാപ്കിൻ വേണ്ടി വന്നു .. പെട്ടെന്ന് മുൻപിൽ അവനെയാ കണ്ടത്… അവനോട് വാങ്ങിത്തരുമോ എന്ന് ചോദിച്ചു…അതിനിപ്പോ എന്താ ..”
”ആ പൊട്ടനാണെങ്കിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കി നിൽക്കുകയല്ലാതെ വാങ്ങിത്തന്നതുമില്ല”..
നവ്യ പറഞ്ഞു ..
”അതിനൊന്നുമില്ലേ.. എടീ മറച്ചു വെയ്ക്കേണ്ടത് മറച്ചു തന്നെ വെക്കണം.. എത്ര സ്ത്രീകളുണ്ട് നമ്മുടെ ഓഫീസിൽ അവരോട് ആരോടെങ്കിലും ചോദിച്ചാൽ പോരെ നിനക്ക് .. സുജ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്.. എൻ്റെ തൊലിയുരിഞ്ഞു പോയി..”
മേഘ നവ്യയെ ദേഷ്യത്തിൽ നോക്കി..
”മറച്ചു വെക്കണം പോലും.. ഒന്നു പോടി.. അപ്പോൾ ടിവിയിലും പത്രത്തിലുമൊക്കെ വെണ്ടക്കാ വലുപ്പത്തിൽ പരസ്യം കൊടുക്കുന്നതോ.. കൊച്ചു കുട്ടികൾക്ക് വരെ കാര്യമറിയാം.. നീയൊക്കെ പതിനഞ്ചാം നൂറ്റാണ്ടിൽ ജനിക്കേണ്ടവളാ..”
നവ്യ തമാശമട്ടിൽ പറഞ്ഞു ..
”നവ്യാ… നീയൊരു പെൺകുട്ടിയാണ് അതു മറക്കരുത്.. ആണിനെ അനുകരിച്ച് എന്തു ചെയ്താലും നമുക്ക് ചില പരിമിതികളൊക്കെയുണ്ട്… അതു മനസ്സിലാക്കി വേണം ജീവിക്കാൻ..”
”നിൻ്റെ ഈ കാഴ്ച്ചപ്പാടാണ് എനിക്ക് ഇഷ്ടപ്പെടാത്തത്.. പെണ്ണായാലെന്താ കുഴപ്പം.. ഒരു പരിമിതിയുമില്ല.. അതൊക്കെ എല്ലാവരും സ്വയം സൃഷ്ടിക്കുന്നതാണ്..”
”നിന്നോട് തർക്കിച്ചു ജയിക്കാൻ എനിക്കാവില്ല.. നിൻ്റെ നല്ലതിനുവേണ്ടിയാ ഞാൻ പറയുന്നത് എന്ന് നിനക്കറിയാലോ.. നിന്നെപ്പോലെ തൻ്റേടിയായ പെണ്ണിനെ പുരുഷൻ ചിലപ്പോൾ കെെയ്യടിച്ച് പ്രോത്സാഹിപ്പിച്ചേക്കാം.. പക്ഷേ ഒരിക്കലും അവളെ ജീവിതത്തിലേക്ക് ക്ഷണിക്കില്ല.. നിനക്ക് നല്ലൊരു ജീവിതം കിട്ടണം എന്നാണ് എൻ്റെ ആഗ്രഹം.. അതുകൊണ്ടാണ് നിൻ്റെ പിന്നാലെ നടന്ന് തിരുത്തുന്നത്.. നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഇതുതന്നെ ചെയ്യും..”
മേഘ വികാരാധീനയായി..
”നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്… എന്നെ നിനക്കറിയില്ലേ.. കുട്ടിക്കാലത്തേ ആൺകുട്ടികളുടെ ഡ്രസ്സുകളായിരുന്നു ഇഷ്ടം.. അതു ഇപ്പോഴും തുടരുന്നു.. പിന്നെ സ്വന്തം സുഖങ്ങൾക്ക് വേണ്ടി അച്ഛനുമമ്മയും രണ്ടു വഴിക്ക് പോയപ്പോൾ തൻ്റേടം തനിയെ വന്നതാണ്.. എന്നെ സ്നേഹിക്കാനും ശാസിക്കാനും നീ മാത്രമല്ലേയുള്ളൂ.. നിനക്കെന്നോട് എന്തും പറയാം..”
”മറ്റുള്ളവരോട് നീ കുറച്ച് ശ്രദ്ധിച്ച് പെരുമാറണം.. നവ്യാ.. എല്ലാവർക്കും നിൻ്റെ പെരുമാറ്റ രീതി ഇഷ്ടമാവണമെന്നില്ല.. എത്രയും പെട്ടെന്ന് നിനക്കൊരു വിവാഹം നോക്കണം.. നമുക്ക് മാട്രിമോണിയൽ സെെറ്റുകളിൽ രജിസ്ററർ ചെയ്യാം .. നിനക്ക് പറ്റിയ ഒരാളെ കിട്ടാതിരിക്കില്ല..”
മേഘ നവ്യയെ ചേർത്തു പിടിച്ചു..
” വിവാഹം.. ആ സമ്പ്രദായത്തോട് എനിക്ക് ഒരു താല്പര്യവുമില്ല.. ജീവിതം മുഴുവൻ നീ എൻ്റെ കൂടെയുണ്ടായാൽ മതി.. നമുക്ക് ഒരുമിച്ച് ജീവിച്ചൂടെ…”
നവ്യ മേഘയുടെ തോളിലേക്ക് തല ചായ്ച്ചു..”
”നീ എന്താണ് ഉദ്ദേശിക്കുന്നത്…”
മേഘ പെട്ടെന്ന് അകന്നു മാറി..
”നീ പേടിക്കണ്ട.. സമൂഹം അവഞ്ജയോടെ നോക്കുന്ന തരത്തിലുള്ള ബന്ധമല്ല ഞാൻ ഞാനുദ്ദേശിച്ചത്.. നമുക്ക് നല്ല സുഹൃത്തുക്കളായി ഈ ജൻമം മുഴുവൻ ഒരുമിച്ച് ജീവിക്കാം.. അതോടൊപ്പം ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് തണലുമേകാം.. അങ്ങനെ ജീവിക്കാനാണ് എനിക്കിഷ്ടം.. നീ കൂടെയുണ്ടാകുമെങ്കിൽ സന്തോഷം.. പക്ഷേ ഞാനൊരിക്കലും നിന്നെ നിർബന്ധിക്കില്ല.. നിനക്ക് തീരുമാനിക്കാം..”
നവ്യയുടെ വാക്കുകൾ കേട്ട് മേഘ അൽപ്പനേരം ഒന്നും മിണ്ടാതിരുന്നു..
പിന്നെ സാവധാനം നവ്യയുടെ അടുത്തെത്തി..
”ഞാനുണ്ടാവും നിൻ്റെ കൂടെ .. നമുക്കിനി അനാഥർക്കും അശരണർക്കും വേണ്ടി ജീവിക്കാം..”
അവളുടെ വാക്കുകൾ കേട്ടപ്പോൾ നവ്യയ്ക്ക് ഒരുപാട് സന്തോഷം തോന്നി..
അവർ രണ്ടു പേരും നിറഞ്ഞ മനസ്സോടെ ഉറങ്ങാൻ കിടന്നു.. ഒരു നല്ല പുലരിയും സ്വപ്നം കണ്ടു കൊണ്ട്..
RELATED ARTICLES

Most Popular

Recent Comments