Sunday, April 28, 2024
HomeLiteratureജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ. (നോവല്‍-ഭാഗം രണ്ട് )

ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ. (നോവല്‍-ഭാഗം രണ്ട് )

ബെന്നി.ടി.ജെ.  
രാത്രിയിൽ ഏകനായി നടക്കുമ്പോൾ ഏലിയാസിന് ഭയമൊന്നും തോന്നിയില്ല.ആദ്യമായിട്ട് ചാച്ചൻ തല്ലിയതു കൊണ്ടോ, കുഞ്ഞമ്മയോടുള്ള ദേഷ്യം കൊണ്ടോ ഒരു ധൈര്യം ഉള്ളിൽ നിറഞ്ഞിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം നടന്നു കാണും അപ്പോൾ അവന്റെ ചിന്തകൾ കുഞ്ഞമ്മയും, അവരുടെ അമ്മയും തന്നോടിങ്ങനെ പെരുമാറുന്നെതെന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.തന്റെ പെറ്റമ്മയാണെങ്കിൽ തന്നോടിങ്ങനെ പെരുമാറാൻ കഴിയുമോ എന്നവൻ ചിന്തിച്ചു. ഫോട്ടോയിൽ കാണുന്ന അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു.ഒപ്പം തന്റെ അമ്മ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയും. അപ്പോൾ അവിടെ പോകണമെന്നവന്റെ മനസ്സു പറഞ്ഞു അവൻ പള്ളി സെമിത്തേരി ലക്ഷ്യമാക്കി നടന്നു.ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു സെമിത്തേരിയിലേക്ക്.
അല്പം കഴിഞ്ഞപ്പോൾ ജാനമ്മ പൂമുഖത്ത് വന്നു നോക്കിയപ്പോൾ അവനെക്കണ്ടില്ല. മുറിയിലും നോക്കി കണ്ടില്ല. അവൾ തന്റെയമ്മയോട് പറഞ്ഞു
” അമ്മച്ചീ… ആ ചെറക്കനെ കാണുന്നില്ല… എല്ലായിടത്തും നോക്കി… ഒളിച്ചോടീന്നാ തോന്നണത്…അച്ചായനോട് പറയണോ…?”
പെട്ടന്ന്.. ത്രേസ്യ ചാടിപ്പറഞ്ഞു…
” അതേതായാലും നന്നായി… ശല്യമൊഴിവായല്ലോ…. “
അവർ നേരെ തരകന്റെ അടുത്തു ചെല്ലുമ്പോൾ അയാൾ മദ്യപിക്കുന്നതാണ് കണ്ടത് .അല്പം മുന്നത്തെ കാര്യങ്ങൾ അയാളെ അസ്വസ്ഥനാക്കിയിരുന്നു.അവർ വേഗം തരകൻ തന്റെ വസ്ത്രം മാറുന്ന റൂമിൽവന്നു… കൊച്ചുത്രേസ്യ ഒരു മടിയും കൂടാതെ തരകന്റെ ജൂബായുടെ കീശയിൽ നിന്നും പണമെടുത്തു മാറ്റി…. എന്നിട്ടവളോടു പറഞ്ഞു
” ഡീ… നാളെ തരകനെങ്ങാനും ചോയിച്ചാ… പ്പറഞ്ഞാ മതി.. ആ ചെറക്കനെടുത്തോണ്ടു പോയീന്ന്….. ”
അവർ സമാധനത്തോടെ കിടക്കാൻ പോയി. ഈ സമയം ഏലിയാസ് അമ്മയുടെ കല്ലറയിലേക്ക് നടക്കുവായിരുന്നു.
പള്ളിമേടയ്ക്കു മുന്നിലെ ഗ്രോട്ടയിലെ ചില്ല് കൂട്ടിലെ മാതാവിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. അവിടെ നിന്നും പഴയ മെഴുകുതിരിയും തീപ്പെട്ടിയും എടുത്തു കൊണ്ട് അവൻ നേരെ സെമിത്തേരിയുടെ അടുത്തേക്കുപോയി. പൂട്ടിക്കിടന്ന സെമിത്തേരിയുടെ ഗേറ്റിൽ പിടിച്ചു കയറി അകത്തുകടന്നു അമ്മയുടെ കല്ലറയ്ക്കു മുന്നിൽ മുട്ടുകുത്തി കൈയ്യിലിരുന്ന മെഴുകുതിരി കത്തിച്ചു. താൻ കാണാത്ത ഫോട്ടോയിലൂടെ മാത്രം കാണുന്ന അമ്മയോടവന്റ സങ്കടം പറഞ്ഞു കണ്ണീരൊഴുക്കി…. എത്ര സമയം അവിടെ നിന്നെന്നറിയില്ല… മനസ്സു ശാന്തമായപ്പോൾ അവിടുന്നെണീറ്റു നടന്നു പെട്ടന്നവനു തോന്നി മറിയത്തള്ളയെ കാണണമെന്നു. സ്നേഹമെന്താണെന്നറിഞ്ഞത്‌ അവരിൽ നിന്നായിരുന്നല്ലോ.
വാതിലിൽ മുട്ടുകേട്ടപ്പോഴാണ് മറിയത്തള്ളയുടെ കെട്ട്യോൻ വഞ്ചിക്കാരൻ ഔസേപ്പ് ചാടിയെണീറ്റത്. ‘തകരവിളക്ക് ‘കത്തിച്ചു കൈയ്യിൽ പിടിച്ചുകൊണ്ടയാൾ വീടിന്റെ മുളവാതിൽ തുറന്നു. വിളക്ക് മുഖത്തിന്റെ നേരെ പിടിച്ചു കൊണ്ട് ഉറക്കെ ചോദിച്ചു
”ആരായീനട്ടപ്പാതിരയ്ക്ക്… എന്താ…. എന്നാ വേണം..?”
“ഞാനാ…. ഏലിയാസാപ്പച്ചി…”
അവൻ അയാളെ വിളിച്ചിരുന്നത് ‘അപ്പച്ചി’ എന്നായിരുന്നു.
ഒച്ച തിരിച്ചറിഞ്ഞയാൾ…. തെല്ലത്ഭുതവും ഞെട്ടലും കലർന്ന ഒരു ശബ്ദം പുറപ്പെടുവിച്ചു. വിളക്കൊരു വശത്തേക്കു മാറ്റിപ്പിടിച്ചു കൊണ്ട് കൂടെ ആരെങ്കിലുമുണ്ടോയെന്നറിയാനവന്റെ പുറകിലേക്കു നോക്കിക്കൊണ്ട് ചോദിച്ചു
” തരകൻ കൊച്ചെന്നായീസമയത്തൊറ്റെക്ക്…. എന്നേലും പ്രശ്നാേണ്ടോ….?ആരെങ്കിലും കൂടെയൊണ്ടോ…? എന്നാ കുഞ്ഞേ…. എന്നാ പറ്റി…? പൊറത്തു നിക്കാതകത്തുവാ….!”
ചോദ്യങ്ങളുടെ കെട്ടഴിച്ചു കൊണ്ടയാളവനെ അകത്തേക്കു വിളിച്ചു. അവന്റെ ശബ്ദത്തിലെ സങ്കടവും, ദു:ഖവുമയാൾ തിരിച്ചറിഞ്ഞു. എന്തെങ്കിലും ഗൗരവമുള്ള കാര്യമായിരിക്കുമെന്നയാൾ കണക്കുകൂട്ടി. ഏലിയാസ് മെല്ലെ തിണ്ണയിലേക്ക് കയറിക്കൊണ്ട് ചോദിച്ചു.
” മറിയമ്മച്ചിയൊറങ്ങിയോ…?”
അപ്പോഴാണയാൾ അവന്റെ വീങ്ങിയിരിക്കുന്ന മുഖം കാണുന്നത്.
” എന്നാ കുഞ്ഞേ… മോത്തെന്നാ പറ്റീതാ….? എവിടെങ്കിലും വീണോ…? ആരേലും കുഞ്ഞിനെ തല്ല്യോ..? തരകൻ മൊതലാളിയാണോയിത് ചെയ്തത്…?….”
പിന്നേം ചോദ്യങ്ങൾ … ഉത്തരം പറയുന്നതിനു മുന്നേ അയാൾ ഭാര്യയെ വിളിച്ചു
” മറിയേ… എടി….മറിയേ…!”
നല്ല ക്ഷീണം കാരണം ഗാഢനിദ്രയിലായിരുന്ന മറിയതളളയെ കുലുക്കി വിളിച്ചു. കണ്ണു തിരുമി എണീറ്റ മറിയതള്ള തന്റെ നീരസം പ്രകടിപ്പിച്ചു.
“എന്തോന്നാ മനുഷ്യ…. ഒറങ്ങാനും സമതിക്കൂലേ… നിങ്ങക്കെന്നാ… പ്രാന്താ….? നിങ്ങടെ മുതുകുടി ഞാമ്മാറ്റുന്നൊണ്ട്…. നേരം വെളുക്കട്ടേ….!!”
എന്നു പറഞ്ഞു കെണ്ടെഴുന്നേറ്റ് അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി…. അപ്പോഴാണവർ ഭർത്താവിന്റെ കൂടയുള്ള യാളിനെ… കാണുന്നത്.പെട്ടന്നവർ അവനെ തിരിച്ചറിഞ്ഞു. അവരുടെ സ്നേഹത്തിന്റെ ആഴമായിരിക്കാമത്…!
” എന്നാ…. മോനേ… എന്നാ പറ്റിയത്…?”
അവർ ചോദിച്ചു കൊണ്ടവന്റെ കവിളിൽ തലോടി…. പെയ്യാൻ കാത്തുനിന്ന മേഘത്തെപ്പോലെയവന്റ കണ്ണുനീർ പെയ്തിറങ്ങി… കരച്ചിലിനിടയിൽക്കൂടിയവൻ കാര്യങ്ങൾ പറഞ്ഞു കൊണ്ടവരെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു…. അവരൊന്നു മിണ്ടു വനാവാതെ.. അവനെ കെട്ടിപ്പിടിച്ചു പുറത്തു തലോടിക്കൊണ്ടിരുന്നു. ശാന്തനായപ്പോൾ അവനെ അവരുടെ നടുവിൽ കിടത്തി. മക്കളില്ലാത്ത ആ ദമ്പതികൾ അപ്പോൾ അവനു മാതാപിതാക്കളായിമാറി….
രാത്രിയിലെ സംഭവങ്ങളറിയാതെ രാവിലെ തരകൻ ചന്തയിലേക്കു പോകാൻ തയ്യാറായി…പ്രഭാതഭക്ഷണം കഴിക്കുവാൻ വേണ്ടി അയാൾ തീൻ മുറിയിൽ വന്നു ഭക്ഷണങ്ങൾ ഉണ്ടാക്കി മൂടിവച്ചിരിക്കുന്നു. അയാൾ കഴിക്കാതെ അവിടെ ആരും കഴിക്കാറില്ല. എട്ടുമണിയാകുമ്പോൾ അയാൾക്കു നിർബന്ധമായും പ്രഭാത ഭക്ഷണം കിട്ടിയിരിക്കണം ഭാര്യയുടേയും മക്കളുടെയും ഒപ്പമിരുന്നു കഴിക്കുമ്പോഴാണ് മക്കളോട് സംസാരിക്കുന്നത്. അവരുടെ പഠന കാര്യങ്ങളും മറ്റും അറിയുന്നതും അപ്പോഴാണ്
എല്ലാവരും വന്നു കഴിഞ്ഞിട്ടും ഏലിയാസിനെ കാണാത്തതു കൊണ്ടയാൾ ഭാര്യയോടു ചോദിച്ചു
” കുഞ്ഞെറുക്കനെന്തിയേ….?”
അവനെ അയാൾ വിളിക്കുന്ന തങ്ങനെയാണ് .
“ഓ…. ഞാങ്കണ്ടില്ല… കൊച്ചമ്പ്രാനേ… പുണ്യാളച്ചനാവാൻ പൊയ്ക്കാണും…. “
ചില ദിവസങ്ങൾ രാവിലെ ഏലിയാസ് പള്ളിയിൽ പോകാറുണ്ട്.അതുകൊണ്ടാണവൾ അങ്ങനെ പറഞ്ഞത്.. അതിലെ മുന അയാൾക്കു മനസ്സിലായെങ്കിലും രാവിലെ തന്നെ വഴക്കുകൂടാൻ താൽപ്പര്യപ്പെട്ടില്ല. അയാൾക്കിന്നലെ അവനെ തല്ലിയതിൽ മനസ്താപം ഉണ്ടായിരുന്നു.അമ്മയില്ലാത്ത കുഞ്ഞല്ലേ….വേണ്ടായിരുന്നു എന്ന ചിന്ത അലട്ടിയിരുന്നു. അയാൾ എല്ലാരും കേൾക്കാൻ വേണ്ടിപ്പറഞ്ഞു.
“ഹും..,… അവനോടു പറഞ്ഞേരെ … കേശുനായരാേട് ആവിശ്യമുള്ള കാശുമേടിച്ചോളാൻ.. ഞാൻ പറഞ്ഞോളാം.. “
അയാൾ വസ്ത്രം ധരിക്കാൻ റൂമിലേക്കു പോയി. ജാനമ്മയും അമ്മയും ബാക്കിയുള്ളവരും മുഖത്തോടു മുഖം നോക്കി.
“ഇപ്പോങ്ങെനെയൊണ്ടെടീ…ഞാമ്പറഞ്ഞത്..?”
കൊച്ചുത്രേസ്യ മകളോടു ചോദിച്ചു. അവളെന്നും പറയാതെ തലകുനിച്ചു
“ഡീ….ജാനമ്മേ…. ഇവിടെ വാടീ.. എന്റെ ജൂബേടെകീശേന്നു.. കാശെടുത്തതാരാടീ…?”
അകത്തേ മുറിയിൽ നിന്നും തരകന്റെ ശബ്ദമുയർന്നു. മുങ്ങി താഴുന്നവന് കച്ചിത്തുരുമ്പും ഇരുമ്പിന്റെ ബലം എന്നു പറയുന്നതുപോലെ.. ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തിൽ ജാനമ്മ ഒന്നുമറിയാത്ത പോലെ അകത്തേക്കു ചെന്നു ചോദിച്ചു.
“എന്നതായിച്ചായ… പൈസകാണുന്നില്ലേ…?അവിടെവിടെയെങ്കിലും കാണും..! മൂക്കുമുട്ടെക്കുടിയല്ലായിരുന്നോ രാത്രീല്..? ഇവിടിപ്പോളാരെടുക്കാനാ…? ഇന്നലെയൊരുത്തൻ ചോദിച്ചാരുന്നല്ലോ… കള്ളൻ അവനായിരിക്കും..”
അവൾ എരിതീയിൽ എണ്ണയൊഴിച്ചു.
” ഇങ്ങുവരട്ടേയിങ്ങോട്ട്… ഞാൻ വച്ചിട്ടൊണ്ടവനിന്നു… കൊത്തിക്കൊത്തി മൊറത്തിക്കേറിക്കൊത്തുന്നോ…?”
തരകൻ വീണ്ടും ദേഷ്യം കൊണ്ടു വിറച്ചു. വീണ്ടും എല്ലാ വസ്ത്രങ്ങളുടെ കീശയിലും പരതി.ഇത് കണ്ട് ജാനമ്മ ഉള്ളിൽ ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. അവിടെ അവളെക്കാത്ത് നാലു മുഖങ്ങൾ നിൽപ്പുണ്ടായിരുന്നു.
“എന്താേന്നാടി…. ജാനമ്മേ… രാവിലെ തന്നെ നെന്റെ കെട്ട്യോൻ.. കെടന്നലറുന്നത്… ന്നലത്തേപിച്ചെറങ്ങീല്യോ….?”
ഒന്നുമറിയാത്ത മാതിരി കൊച്ചുത്രേസ്യ ചോദിച്ചു കൊണ്ട് കഴുത്തിൽ കിടന്ന വെന്തിങ്ങനേരെ പിടിച്ചിട്ടു..
” എന്നാമ്മച്ചി… ചാച്ചനൊച്ചവെക്കണത്…? എന്നാ കൊഴപ്പം..?”
റോസിലി അമ്മയോടു ചോദിച്ചു കൊണ്ട് കൈയ്യിലിരുന്ന പൂവൻപഴം തൊലികളഞ്ഞ് തിന്നാൻ തുടങ്ങി.
“അപ്പന്റെ കീശേക്കെടന്ന കാശ് കണ്ടില്ല..!”
ജാനമ്മ പറഞ്ഞു തീർന്നപ്പോൾ ചെറിയവൻ പീറ്റർ ഉറക്കെപ്പറഞ്ഞു…
“എന്നാലത് തോബിച്ചേട്ടായിയായിരിക്കും .. എന്നു മമ്മച്ചീടേ.. കൈയ്യീന്നു കിട്ടണതല്ലേ…?”
അൽപ്പസ്വൽപ്പം ചില്ലറക്കളവുകൾ ചെയ്യുന്ന തോബിയാസ് പീറ്ററിന്റെ ചെവിക്കു പിടിച്ചു തിരുമ്മി അവൻ വേദന കൊണ്ടു പുളഞ്ഞു. പലപ്പോഴും തോബിയാസ് അപ്പന്റെ പോക്കറ്റിൽ കൈയ്യിട്ട് പണമെടുക്കാറുണ്ട് അത് പ്രായത്തിന്റെ ചാപല്യമായവൾ കണ്ടിരുന്നുവെങ്കിലും നല്ലതല്ലും കൊടുക്കുമായിരുന്നു.
“എടാ…. തോബീ… നീ… ചാച്ചന്റെ കീശേന്നു കാശെടുത്തോ…? നിങ്ങളാരേലുമെടുത്തോടീ…. കുഞ്ഞുമോളേ…?”
ജാനമ്മ മക്കളോടു ചോദിച്ചു അവർ മകളെ കുഞ്ഞുമോളെന്നാണ് വിളിച്ചിരുന്നത്.
”ഞങ്ങളാരുമെടുത്തില്ലമ്മച്ചീ…. ചാച്ചന്റെ മുറിയിലേക്കു… ഞാമ്പോയിട്ടേയില്ല…. എങ്കി കുഞ്ഞാഞ്ഞയെങ്ങാനാരിക്കും….? പള്ളീന്നു വരുമ്പോ ചോയിച്ചു നോക്ക്യേ….”
തോബിത് തന്റെ നിരപരാധിത്വം വെളിപ്പെടുത്തി.
“ഓ…പിന്നേ… കുഞ്ഞാഞ്ഞയൊന്നും കക്കൂല….. കുഞ്ഞേട്ടായീനേപ്പോലേ….!”
റോസിലി അങ്ങനെ പറഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോയി.
തരകൻ തന്റെ അപ്പൻ ഏലിയാസ് ജേക്കബ് തരകന്റ വെളളി കെട്ടിയ നീളമുള്ള ചൂരൽ വടിയുമായി പൂമുഖത്ത് ഏലിയാസിന്റെ വരവും കാത്തു നിൽക്കുകയാണ്. മക്കളെന്ത് തെറ്റു ചെയ്താലുമയാൾ സഹിക്കും. പക്ഷേ.. മോഷണവും കള്ളം പറച്ചിലുമയാൾ സഹിക്കുകയില്ല. അയാൾക്കെരിവു കയറ്റിക്കൊണ്ട് ജാനമ്മയും അമ്മയും നിന്നിരുന്നു. ഏലിയാസ് ഒളിച്ചു പോയെന്നവർ വിശ്വസിച്ചിരുന്നു. അതിനാൽ തരകന്റെ ദേഷ്യമവർ കൂട്ടിക്കൊണ്ടിരുന്നു. അവരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ആ തറവാടിന്റെ ഗേറ്റ് മെല്ലെ തുറക്കപ്പെട്ടു.കൂട്ടിൽ കിടന്ന ആൽസേഷ്യൻ നായ മെല്ലെയൊന്നു മുരണ്ടു.മറിയത്തള്ളയും പുറകേ ഏലിയാസും മുറ്റത്തേക്കു കയറി .അവൻ നേരേ നടന്നപ്പോൾ മറിയത്തള്ള ഗേറ്റടച്ചു. തരകൻ അവനെ നോക്കി ഇന്നലത്തെ തല്ലിന്റെ ബാക്കിപത്രമെന്നോണം മുഖവും കണ്ണുകളും വീർത്തിരുന്നു.
“ഇവിടെ വാടാ….. ”
തരകൻ മകനോട് ദേഷ്യത്തിൽ ആഞ്ജാപിച്ചു. അവൻ അപ്പന്റടുത്തെത്തിയതും പുറകിൽ പിടിച്ചിരുന്ന ചൂരലുകൊണ്ടവനെ അടിച്ചതും ഒരുമിച്ചായിരുന്നു.
“അമ്മച്ചിയേ…. അയ്യോ…”
എന്നലറിപ്പോയവൻ
”നീ…കട്ടെടുക്കുമല്ലേടാ….?”
ചോദ്യവും അടിയും വീണ്ടുമൊരുമിച്ചു വന്നു. അമ്മയും മകളും കൂടി തനിക്കു കെണിയൊരിക്കിയെന്നവനു മനസ്സിലായി.
” ഇല്ല ചാച്ച…. ഞാനൊന്നുമെടുത്തട്ടില്ല…? എനിക്കറിയത്തില്ല…!”
അവൻ നിലവിളിച്ചു കൊണ്ടു പറഞ്ഞു.
“കയറെടുത്തോണ്ടുവാടി… ഇന്നിവനെ മര്യാദ പടിപ്പിക്കും ഞാൻ….!”
തരകൻ ഭാര്യയേ നോക്കിയലറി. കിട്ടിയ അവസരം പാഴാക്കാതെ അകത്തു നിന്നും ചകിരിക്കയറിന്റെ കെട്ടവൾ കൊണ്ടുവന്നയാൾക്കു കൊടുത്തു. അവനെ അയാൾ തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് മുറ്റത്തെ തെങ്ങിൽ ചേർത്തു കെട്ടി.
“നീ ….. കാശെടുത്തോടായെന്റെ കീശേന്നു..?”
അയാൾ ചോദ്യം ചെയ്യാൻ തുടങ്ങി അവനിപ്പോൾ കാര്യങ്ങളെല്ലാം മനസിലായി തനെന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ലെന്നവനു തോന്നിയതുകൊണ്ടവൻ മിണ്ടാതെ നിന്നു. അവന്റെ മൗനം അയാളെ വീണ്ടും ദേഷ്യം പിടിപ്പിച്ചു.
” കണ്ടില്ലേ… മിണ്ടാതെ നിൽക്കണത്… എന്തെലും കൂസലൊണ്ടോ.. നിങ്ങടെ മോ… ന്..! രണ്ട് കിട്ടിയാലെ… ഇവനെക്കെ നന്നാവു…”
ജാനമ്മ ‘എരിതീയിൽ എണ്ണയൊഴിച്ചു.
” എവിടെയാടാ…. പൈസ…? എന്നുമൊതലാടാ… ഇതു തൊടങ്ങീത്…? ആരാടാ നിന്നെ കക്കാൻ പടിപ്പിച്ചത്.. ആർക്കാ… ടാ എടുത്തു കൊടുത്തത്.?”
ചോദ്യങ്ങൾക്കൊപ്പം അടിയും.വേദനയാൽ ശരീരം മരവിച്ചവൻ മറുപടി പറയാതെ നിന്നു തല്ലു കൊണ്ടു
.
” ഇത്ര കിട്ടീട്ടും എന്തെങ്കിലും മിണ്ടുന്നൊണ്ടോ.. കള്ളൻ.!! ആ… മറിയത്തള്ളയാെറ്റയൊരുത്തിയായിവനെ… പെഴപ്പിക്കുന്നേ…:”
കിട്ടിയ അവസരത്തിൽ മറിയത്തള്ളയുടെ നേരെ വിരൽചൂണ്ടിക്കൊണ്ട് ജാനമ്മ ഒച്ചയെടുത്തു. അപ്പോൾ ഏലിയാസ് മുഖമുയർത്തി ദേഷ്യത്തിൽ പറഞ്ഞു

” എന്നെയെന്തുവേണേലും പറഞ്ഞോ…. മറിയമ്മച്ചിയെ…ചുമ്മായെന്തിനാ പറയുന്നത്….?”

അതുകേട്ടപ്പോൾ…. ജാനമ്മയ്ക്കു വാശി കൂടി അവൾ തരകന് ദേഷ്യം കൂടാനായി പിന്നേം അമ്പുകളെയ്തു.
.
“കട്ടതിന്റെ വീതം തള്ളച്ചിക്കു കൊണ്ടു കൊടുത്തതും പോരാ …. – പിന്നേം ചെറുക്കന്റെ ചെലപ്പു കണ്ടില്ലെ കരികലാം പെട ചെലക്കുന്നപ്പോലെ….യെവനെക്കെ വളന്നു പൊന്തിയാലെ… തന്തേടെ കാലേ പിടിച്ചു വലിച്ചോളും… അല്ലേലെ നാട്ടുകാരപ്പന്റെ മടിക്കുത്തിനു പിടിച്ചു നിർത്തും… നോക്കിക്കോ…”
അതു കേട്ടപ്പോൾ തരകന്റെ ദേഷ്യംകൂടി അയാൾ വളരെ ക്രൂരമായവനെ തല്ലിച്ചതച്ചു ഇതു കണ്ട മറിയത്തള്ളക്കു സഹിച്ചില്ല അവർ അവരുടെ ഇടയിൽക്കയറി തടുക്കാൻ ശ്രമിച്ചു.
“മതി മൊതലാളീ… കൊച്ചു ചത്തുപോകും…. അവൻ കുഞ്ഞല്ലേ…. ഇനീം തല്ലല്ലേ…!”
അയാളവരെ തള്ളി മാറ്റിയിട്ട് പറഞ്ഞു
“ഛീ… എരണങ്കെട്ട… തള്ളേ… എന്നെപ്പിടിക്കുന്നോ… നന്ദികെട്ട…. നീയെന്റെ കൈക്കു പിടിക്കുന്നോ…? ഇപ്പോ എറങ്ങിക്കോണമിവിടുന്നു….!”
അയാളവരുടെ പിടലിക്കുപിടിച്ചു തള്ളി… അവർ തെറിച്ചു ദൂരെ വീണു.ഇത് കണ്ടു ഏലിയാസ് സങ്കടം സഹിക്കാതെയുച്ചത്തിൽ നിലവിളിച്ചു. ഇതെല്ലൊം ദൂരെ മാറിനിന്നാസ്വദിച്ചു കൊണ്ട് കൊച്ചുത്രേസ്യയും മകളും നിന്നു. ഉള്ളിൽ ക്രൂരമായി ആനന്ദിച്ചുകൊണ്ട്… താഴേ വീണ മറിയത്തള്ള പിടഞ്ഞെണീറ്റു.. ജാനമ്മയുടെ നേരെ കൈയ്ച്ചൂണ്ടിയലറി…
” മൊതലാളി… ഈ… ചീമപ്പോർക്കിന്റേം… തള്ളേടേം വാക്കു കേട്ടോണ്ട് കൊച്ചിനെ തല്ലിക്കൊല്ലിക്കോ… ഒടേതമ്പുരാൻ പൊറുക്കൂല… അത്രക്കു ദെണ്ണമൊണ്ട്… തീട്ടോം… മൂത്രേം ഞാനും കൊറെക്കോരീതാ.. കൊച്ചിന്റെ… ഇവിടെത്തെ ഉപ്പും ചോറും കൊറെതിന്നതാ… അതൊശാരത്തിനല്ല… നിങ്ങടമ്മായീയമ്മേനെപ്പോലെ… നല്ലോണം കട്ടപ്പെട്ടുതന്നാ.. ഇനി… മതിയായി… ആട്ടും തുപ്പും സഹിക്കുന്നേനാേരതിരൊണ്ടല്ലോ..നിങ്ങടെ വേലേം…. വേണ്ടാ… കൂലിം… വേണ്ട..!”
അവർ ചട്ടയിലും മുണ്ടിലും പുരണ്ട മണ്ണു തട്ടിക്കളഞ്ഞു കൊണ്ട് അവിടുന്നു തിരിച്ചിറങ്ങി നടന്നു തിരിഞ്ഞു നോക്കാതെ അപ്പോൾ പുറകിൽ നിന്നും കൊച്ചുത്രേസ്യയുടെ പിറുപിറുക്കൽ ഉയർന്നവിടെ.
“അരീം തിന്നാശാരിനേം തിന്നു പിന്നേം.. പട്ടിക്കു മുറുമുറുപ്പ്…”
മറിയത്തള്ള പോയതിന്റെ ദേഷ്യവും ചൂരലിന്റെ പാടുകളായി ഏലിയാസിന്റെ ദേഹത്തവശേഷിപ്പിച്ചു കൊണ്ട്… തരകൻ അകത്തേക്കുകയറിപ്പോയി കൂടെ ജാനമ്മയും. ഏലിയാസിനെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചു കൊണ്ട് കൊച്ചുത്രേസ്യയും, അവരുടെ പിറകേ അവന്റെ സഹോദരങ്ങളും. തെങ്ങുതടിയിൽ കെട്ടിയിടപ്പെട്ട ഏലിയാസ് മാത്രമവിടെ നിലവിളിച്ചുകൊണ്ട് ബാക്കിയായി…. (തുടർച്ച)
RELATED ARTICLES

Most Popular

Recent Comments