Friday, April 26, 2024
HomePoemsജീവബലിതര്‍പ്പണം. (ഗദ്യ കവിത)

ജീവബലിതര്‍പ്പണം. (ഗദ്യ കവിത)

ജീവബലിതര്‍പ്പണം. (ഗദ്യ കവിത)

 അനഘ രാജ്. (Street Light fb group)
നിന്‍റെ പലകോടി കോശങ്ങളില്‍
ഒന്നായ്ഒട്ടിയോരെന്നെ
ഊട്ടിവളര്‍ത്തിയ ശ്വാസനിശ്വാസങ്ങള്‍
ഇന്നെന്‍റെ നാസികത്തുമ്പില്‍
ജീവന്‍റെ ബാക്കിയായ് വിറച്ചു നില്ക്കുന്നു.
നിന്‍റെ മജ്ജയുരുകിയ ഉയിരിന്‍റെ തുള്ളികള്‍
എന്‍റെ നീലഞരമ്പിന്‍ ചുരുളുകളിലൊരു
പ്രാര്‍ഥനാതീര്‍ത്ഥപുണ്യമായ്
പൊക്കിള്‍ക്കൊടിപ്പഴുതിലൂടെ
അന്നമായ് ,അമൃതായ് ഊറിയെത്തിയ
ജന്മസുകൃതത്തിന്‍
ചേതമില്ലാത്ത തുടര്‍ച്ചകള്‍
ചാപിള്ളയാകാതെ
പെറ്റുവെച്ച ഞാനെന്ന ദുര്‍വിധി
മോക്ഷഭാഗ്യമില്ലാതെ മിഴിച്ചുനില്ക്കുന്നു
നിന്‍റെ സ്ഥൂലകുചത്തില്‍നിന്നും
ഉറവയെടുത്തിറ്റിയ കീലാലം ;
പാപം നുണഞ്ഞു നീറി
പുഴുത്തു മരവിച്ച നാവുകളില്‍,
ശാപം ചുംബിച്ചു പൊള്ളിക്കരിഞ്ഞ
വിണ്ടു പൊട്ടിയ ചുണ്ടുകളില്‍
കാലം കയ്പ്പുനീരിറ്റിച്ചു കുതിര്‍ത്തിട്ടും
ഇന്നും മധുരമൊട്ടും കുറയാതെ നിറയുന്നു
നെഞ്ചോടു ചേര്‍ത്തുപിടിച്ച
വാത്സല്യകരവലയം
തട്ടിത്തെറിപ്പിച്ചു കുതറിയോടിയിട്ടും
തനിച്ചായിപ്പോയ രാത്രികളില്‍
എന്നുമെന്‍റെ പേടിക്കുളിരുമാറ്റുന്ന
സ്നേഹത്തിന്‍ കരുതല്‍പ്പുതപ്പായിരുന്നു നീ.
വാക്കും വാശിയും തീപിടിപ്പിച്ച
വഴിതേടിയോടിത്തളര്‍ന്നു വീണ
തമസ്സുചുറ്റിയ ഗ്രഹണയാത്രകളില്‍
പുണ്യമുരുകിത്തെളിഞ്ഞ
നിന്‍റെ വിരല്‍ത്തുമ്പിന്‍ വെളിച്ചം
വഴികാട്ടിയായിരുന്നെനിക്കു പലവട്ടം
ദുരിതബാല്യത്തിന്‍റെ
പതിത ഭാരച്ചുമടുകള്‍
ചൊല്ലുവിളിയില്ലാത്ത കൗമാരശാപങ്ങള്‍
വഴിതെറ്റിയേറ്റിയ യൗവനക്കുരിശുകള്‍
നോവിന്‍റെ നാറുന്ന മുള്‍ക്കിരീടങ്ങള്‍
പരിഭവച്ചിന്തിന്‍റെ ഈറയില്ലാതെ
ഇന്നലെ വരെ നീ നിന്‍റെ
ഇരുചുമലുകളില്‍ ചുമന്നു നടന്നത്,
ഇന്നെന്‍റെ തോളില്‍വിറയ്ക്കുന്ന
തീപിടിച്ചു കറുക്കാത്ത
തുളവീണ പച്ചമണ്‍കുടത്തിലെ
ഉള്ളുതിളച്ചുരുകിയ നീരുപോല്‍
ശിഷ്ടജീവിതത്തിന്‍
നടും പുറത്തുവീണു
പൊള്ളിപ്പടരുന്നു
ചുവന്ന പട്ടു പൊതിഞ്ഞ നിന്നെ
വിറകാലുകൊണ്ടുവലത്തു വെക്കുമ്പോള്‍
ചെയ്ത പാപത്തിന്‍ കൂര്‍ത്ത മുള്ളുകള്‍
അഹങ്കാരം ചവിട്ടിത്തഴമ്പിച്ച പാദങ്ങളില്‍
തീക്കൊള്ളിപോല്‍ തറഞ്ഞു കയറീട്ട്
പെരുവിരല്‍തൊട്ടു മുടിനാരു വരെ നീറി
നരകവാതിലിന്‍ ചൂളപ്പടിചവിട്ടുന്നു ഞാന്‍
പവിത്രവിരലില്‍ ദര്‍ഭ മുറുകിമുറിയുന്നു
പിണ്ഡയുരുളയില്‍ ചോരചിതറുന്നു
കാതില്‍കരളു കുറുകിയ വിങ്ങല്‍ നിറയുന്നു
സ്മരണയുടെ കനലില്‍ പഴുത്തുരുകിയ
ലോഹശരമുന കണ്ണില്‍ത്തറയ്ക്കുന്നു
അമ്മേ വിളിക്കുവാന്‍ നാവുതരിക്കുന്നു
വരണ്ടതൊണ്ടയില്‍ ജീവന്‍ പിടയുന്നു
ഉമിനീരിറങ്ങാതെ കണ്ഠം മുറുകുന്നു
കാലപാശഗന്ധം മൂക്കില്‍ നിറയുന്നു
മൃതിയുടെ മറുപക്ഷം മുന്നില്‍ തെളിയുന്നു
ആളുന്ന ചിതയിലാ ദേവിലയിക്കുമ്പോള്‍
അറിയുന്നു ഞാനെന്‍റെ ജീവനുരുകുന്നത്
RELATED ARTICLES

Most Popular

Recent Comments