Thursday, April 25, 2024
HomeLiteratureഐസ് ബീരാന്‍... (കഥ)

ഐസ് ബീരാന്‍… (കഥ)

അജ്മല്‍ സി കെ. (Street Light fb group)
‘ ബീരാനിക്കേടെ കടേലെ ഐസ് ആണ് ഐസ്. എന്താ ടേയ്‌സ്റ്റ്’
‘ ശരിയാടാ, ഇന്ന് എന്തായാലും പോകുന്ന വഴിയില്‍ നമുക്ക് 2 എണ്ണം വാങ്ങണം’
സഹപാഠികളുടെ ഐസ് തീറ്റ വിവരണം കേട്ട് അന്തം വിട്ട് വാ പൊളിച്ചിരിക്കുകയായിരുന്നു ഞാന്‍. ഞാനന്ന് 8ല്‍ പഠിക്കുന്നു. സ്‌കൂള്‍ വിട്ട് പോകുന്ന വഴിയിലായിരുന്നു ഐസ് ബീരാനിക്കേടെ ഐസ് പീടിക. സാദാ ഐസ് അല്ലാട്ടോ… 5 ഉറുപ്പികേടെ ഐസ് പാക്കറ്റ്. പല ടൈപ്പ് ഉണ്ട് മഞ്ഞ ഐസ്, ചോപ്പ് ഐസ്, ക്രീം ഐസ്, പാല്‍ ഐസ് അങ്ങനെ ഒരുരുപാടൈറ്റം. പക്ഷെ എന്തു ചെയ്യാനാ ഇതൊക്കെ പോകുന്ന വഴിയില്‍ നോക്കി വെള്ളമിറക്കാനല്ലാതെ വാങ്ങാനുള്ള പൈസ പോക്കറ്റിലുണ്ടാവില്ല. ആകെ വീട്ടീന്ന് കിട്ട 1 രൂപയാണ്. 50 പൈസ ബസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും കണ്ടക്ടര്‍ടെ ബാഗില്‍ ഇട്ടു കൊടുത്താല്‍ മിച്ചം വെക്കാന്‍ ബാക്കി ഒന്നും കാണില്ല.
ഏതായാലും വൈകുന്നേരം ഐസ് ബീരാനിക്കേടെ പീടികേടെ മുമ്പില്‍ പതിവ് പോലെ ഇത്തരി നേരം നിന്നു പോയി. ഞാന്‍ നോക്കുമ്പോള്‍ രാവിലെ ഐസ്‌ക്രീം വര്‍ണ്ണന നടത്തിയ കൂട്ടുകാര്‍ കടയില്‍ കയറി പാല്‍ ഐസും നുണഞ്ഞോണ്ട് ഇറങ്ങിവരുന്നു. അസൂയ നിറഞ്ഞ കണ്ണുകളോടെയും അതിലും അധികം കൊതിയോടെയും ഞാന്‍ അവരെ നോക്കി നിന്നു.
‘വലുതാകുമ്പോള്‍ ഒരു വലിയ ഐസ് പീടിക തുടങ്ങണം എന്നിട്ട് ദിവസവും ഒരു പാട് ഐസ് തിന്നണം’
ഞാന്‍ മനസ്സില്‍ സ്വപ്‌നം കണ്ടു. ഇതേ സമയം ബീരാനിക്ക പീടികയിലിരുന്ന് ഞാനറിയാതെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
‘ ടാ ചെക്കാ ഇങ്ങോട്ടൊന്ന് വന്നേ.. ഒരു കര്യം ചോദിക്കട്ടെ’
സ്വപ്‌നത്തില്‍ നിന്ന് എന്നെ ഉണര്‍ത്തിയത് ബീരാനിക്കയുടെ ഈ വിളി ആയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ പീടിക കോനായിലിരുന്ന് ബീരാനിക്ക എന്നെ കൈകൊട്ടി വിളിക്കുന്നു.
‘ പടച്ചോനെ ഇനിയിപ്പോള്‍ പീടികേടെ മുമ്പിലിങ്ങനെ അന്തം വിട്ട് നിന്നതിന് വഴക്ക് പറയാനാകുമോ ഈ വിളി’
ഞാന്‍ മനസ്സിലോര്‍ത്തു
മടിച്ച് മടിച്ചൊടുവില്‍ ഞാന്‍ ഐസ് ബീരാനിക്കയുടെ കടയിലേക്ക് ആദ്യമായ് കയറി. മൊത്തത്തില്‍ തണുത്ത അന്തരീക്ഷം നിരത്തി വെച്ചിരിക്കുന്ന ചെറിയ ചെറിയ ഐസ് പെട്ടികള്‍ എല്ലാം ഞാന്‍ കൗതുകത്തോടെ നോക്കി.
‘ മോനേ ഈ രണ്ട് പെട്ടി ദേ ആവണ്ടിയിലേക്ക് കയറ്റണം മോന്‍ ഒന്ന് കൈവെക്കോ’
‘ അതിനെന്താ ബീരാനിക്കാ… ഞാന്‍ എടുത്ത് വെച്ച് തരാം’
ഇതും പറഞ്ഞ് ഞാനും ബീരാനിക്കേം കൂടെ പെട്ടി രണ്ടും വണ്ടിയില്‍ കയറ്റി. പീടികയില്‍ നിന്ന് ഇറങ്ങി നടക്കാന്‍ പോയ എന്നെ ബീരാനിക്ക ഒന്നു കൂടെ വിളിച്ചു.
‘ മോനൊന്ന് അവിടെ നിന്നെ, പണിയെടുത്താല്‍ കൂലി വാങ്ങാതെ പോകരുത്. ഇതിരിക്കട്ടെ ‘
ഞാന്‍ നോക്കുമ്പോള്‍ ഒരു 5 രൂപേടെ പാല്‍ ഐസ് .. എനിക്ക് ഭയങ്കര സന്തോഷം. ബീരാനിക്കയോട് നന്ദി പറഞ്ഞ് ഐസ്‌ക്രീം നുണഞ്ഞ് ഞാന്‍ വീട്ടിലേക്ക് നടന്നു. പിന്നീട് ഇടയ്ക്കിടെ ബീരാനിക്കേടെ കടയില്‍ പോകും. കുറേ ബഡായി കേള്‍ക്കും. പെട്ടി കയറ്റി കൊടുക്കും ഐസ്‌ക്രീം കിട്ടും അങ്ങനെ ഞാനും ബീരാനിക്കേം ഭയങ്കര കൂ്ട്ടായി.
അങ്ങനെ ഒരു ദിവസം രാവിലെ സ്‌കൂളില്‍ പോകാതെ ഞാന്‍ പുള്ളിയുടെ കടയിലേക്ക് കേറി ചെന്നു.
‘എന്താടാ നീയിന്ന് സ്‌കൂളിലേക്ക് പോയില്ലേ? എന്താ മുഖത്തോരു വിശമം?’
‘ അത് ബീരാനിക്ക, എനിക്കു വയ്യ ഇനിയും കുട്ടികളഉുടെ മുമ്പില്‍ വെച്ച് ടീച്ചറിന്റെ വഴക്ക് കേള്‍ക്കാന്‍’
‘ അതെന്തിനാ ചെക്കാ ടീച്ചര്‍ അന്നെ വഴക്ക് പറയുന്നേ, നീ വല്ല കുരുത്തക്കേടും ഒപ്പിച്ചോ?’
‘അതൊന്നുമല്ല ഇക്ക, സ്‌കൂള്‍ ഫീസടക്കേണ്ട ഡൈറ്റ് കഴിഞ്ഞിട്ട് മാസം ഒന്നാവാറായി. ഉമ്മാടെ കൈയ്യില്‍ 150 ഉറുപ്പിക ഒന്നും ഇപ്പോള്‍ എടുക്കാനില്ല…. 2 ആഴ്്ച്ച ആയി ഉപ്പ പനി പിടിട്ട് കിടപ്പിലായിട്ട.’
‘ഹൊ ഹൊ ഹൊ….. ഇതാണോ കാര്യം ഇതിനാണോ ഇത്ര സങ്കടം എന്റെ ചെക്കന്‍ സ്‌കൂളില്‍ പോയി ഫീസടക്ക്’
ഇതും പറഞ്ഞ് 50 ന്റെ മൂന്ന് നോട്ട് എന്റെ പോക്കറ്റിലിട്ടു തന്നു.
‘ബീരാനിക്ക ഇതെന്തറിഞ്ഞിട്ട, എനിക്കീ പൈസ തിരിച്ച് തരാന്‍ പറ്റീന്ന് വരില്ല.. പിന്നെ എന്തു വിശ്വസിച്ചിട്ട എനിക്ക് പൈസ തരുന്നെ’
‘ ആരു പറഞ്ഞു നിനക്കിത് തിരിച്ച് തരാന്‍ പറ്റില്ലെന്ന്. നീയിപ്പോള്‍ സ്‌കൂളില്‍ പോ.. ക്ലാസ് കഴിഞ്ഞ് നേരെ ഇങ്ങോട്ട് വാ ഇതെങ്ങനെ തിരിച്ച് തരാമെന്ന് ഞാന്‍ നിനക്ക് പഠിപ്പിച്ച്് തരാം’
സ്‌കൂളിലെത്തി ഫീസടച്ച് ക്ലാസില്‍ കയറിയിരുന്നിട്ടും മനസ്സ് മുഴുവന്‍ ബീരാനിക്കയുടെ ഡയലോഗായിരുന്നു.
‘ എങ്ങനെയാവും ബീരാനിക്ക എന്റെ കൈയ്യീന് 150 ഉറുപ്പിക തിരികെ വാങ്ങുക.’
ചിന്തകള്‍ കാടുകയറി. ഒടുവില്‍ സ്‌കൂള്‍ വിട്ട് വേഗം ബീരാനിക്കയുടെ പീടികയിലേക്ക് വെച്ചു പിടിച്ചു. ബീരാനിക്ക വരാന്തയില്‍ തന്നെ ഇരിപ്പുണ്ടാിയരുന്നു.
‘ ആഹാ ചെക്കന്‍ വന്നോ .. ഇന്ന് നേരത്തെയാണല്ലോ… അകത്തോട്ട് വാ’
എന്റെ കൈക്ക് പിടിച്ച് പുള്ളി പീടികയുടെ അകത്തേക്ക പോയി.
‘ഇന്നു മുതല്‍ നിനക്കിവിടെ ദിവസവും1 മണിക്കൂര്‍ പണിയുണ്ട്. ഐസ്, പെട്ടിയില്‍ പൊട്ടാതെ ഭദ്രമായി അടുക്കി വെക്കണം. അതാണ് ചെക്കന്റെ പണി’
‘ദൈവമേ 150 ഉറുപ്പികക്ക് ബീരാനിക്ക എന്നെ അടിമയാക്കിയോ… ‘ ഞാന്‍ ആത്മഗദം നടത്തി.
കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നോട് വീട്ടിലേക്ക പോയ്‌ക്കോളാന്‍ പറഞ്ഞു. പോകുമ്പോള്‍ കൈയ്യില്‍ ഒരു 50 ഉറുപ്പിക വെച്ചു തന്നു.
‘ഇത് ഇന്നത്തെ ചെക്കന്റെ കൂലി’
എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. ഞാന്‍ അത്രയും പൈസ കൂലി വാങ്ങിക്കുന്നത്. അറിയാതെ എന്റെ കണ്ണു നിറഞ്ഞ് പോയി. പിന്നീടങ്ങോട്ട് പൈസക്ക് വലിയ മുട്ടുണ്ടായിരുന്നില്ല.. പക്ഷെ വളരെ വൈകിയാണ് ഞാനറിഞ്ഞത് അന്നത്തെ കാലത്ത് ദിവസം മുഴുവന്‍ പണിയെടുത്താലും 100,150 രൂപ മുതലാളിമാര്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്നിടത്താണ് ബീരാനിക്ക 1 മണിക്കൂറിന് 50 രൂപ വെച്ച് എനിക്ക് തന്നോണ്ടിരുന്നത് . എന്റെ കഷ്ടപ്പാടറിഞ്ഞ് സഹായിക്കുകയായരുന്നു ഇക്ക. അതറിഞ്ഞത് മുതല്‍ രാത്രിയാവോളം ബീരാനിക്ക പറയാതെ തന്നെ ഞാന്‍ പണിയെടുത്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം കുടുംബ പ്രാരാബ്ദം മുഴുവനായ് തലയിലായപ്പോള്‍ നാട്ടുകാരേ വീട്ടുകാരേ ബീരാനിക്കേനേം ഒക്കെ വിട്ട് കരകേറാന്‍ ഗള്‍ഫിലേക്ക് ചേക്കേറി. അറബിയുടെ കാരുണ്യം കൊണ്ട് നാല് കാശ് സംമ്പാദിച്ച് പഴയ കുടിലിന് പകരം വലിയ വീട്ടിലേക്ക തിരിച്ച് വന്നപ്പോള്‍ ഞാന്‍ ആദ്യം തിരക്കിയത് ബീരാനിക്കയെയായിരുന്നു. ഐസ് പീടികയില്‍ ചെന്ന് നോക്കുമ്പോള്‍ അത് പൂട്ടികിടക്കുന്നു. ചുറ്റിലും അന്വേഷിച്ചപ്പോഴാണ് ഞാനാ സത്യം മനസ്സിലാക്കിയത്. ബീരാനിക്ക മരിച്ചിട്ട് 1 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പുതിയ ഐസ് ഫാക്ടറികളും വന്നപ്പോള്‍ മത്സരിച്ച് നില്‍ക്കാനാകാതെ കടം കയറി കട ബാങ്ക് ജപ്തി ചെയ്തുവത്രെ.. അതില്‍ മനം നൊന്ത് ഹൃദയം പൊട്ടിയാണത്രെ ബീരാനിക്ക മരിച്ചത്.
തകര്‍ന്ന മനസ്സോടെയാണ്. വീട്ടിലേക്ക് മടങ്ങിയത്. സ്വീകരണ മുറിയില്‍ തന്നെയും കാത്ത് ഉമ്മയും കല്ല്യാണ ബ്രോക്കറും ഇരിക്കുന്നു. ഒരു പാട് പെണ്‍കുട്ടികളുടെ ഫോട്ടോസ് കണ്ണാടി മേശയില്‍ വിതറിയിട്ടിരിക്കുന്നു.
‘മോനെ കുറേ കാശുണ്ടായിട്ടൊന്നും കാര്യമില്ല. ഈമാന്‍ പൂര്‍ത്തിയാവണേല്‍ പെണ്ണ് കെട്ടണം’
‘എന്റുമ്മ ഞാനിപ്പോള്‍ നല്ല മൂഡിലല്ല ബ്രോക്കറോട് പോയിട്ട് പിന്നെയെപ്പോഴെങ്കിലും വരാന്‍ പറ ഞാന്‍ കുറച്ച് കിടക്കട്ടെ’ ഞാന്‍ റൂമിലേക്ക് നടന്നു.
‘ ഈ കുട്ടി കൊള്ളാലോ ഇതേതാ കുട്ടി നല്ല ഓമനത്തമുള്ള മുഖം’ ഉമ്മ ബ്രോക്കറോട് ചോദിച്ചു.
‘ഇത് നമ്മുടെ സ്റ്റാറ്റസിന് പറ്റൂല ഖദീശുമ്മ, പണ്ട് ഐസ് കട നടത്തിയിരുന്ന ബീരാനിക്കാടെ മോളാ. കച്ചോടം പൊളിഞ്ഞ് പാളീസായി പുള്ളി മയ്യിത്തായി. ഇപ്പോള്‍ ഭയങ്കര ദാരിദ്രമാണ് അവര്‍ക്ക്’
റൂമിലേക്ക് പോയിരുന്ന ഞാന്‍ വേഗം മടങ്ങിയെത്തി. ഉമ്മയുടെ കൈയ്യിലുണ്ടായിരുന്ന ഫോട്ടോ വാങ്ങി ഉറ്റു നോക്കിക്കോണ്ടിരുന്നു.
‘ അതേ ഇതവള്‍ തന്നെ ഐസ് പീടികയില്‍ ഇടയ്ക്ക ഉപ്പാക്ക് ചോറുമായ് വന്നിരുന്ന ആ പഴയ വായാടി ബീരാനിക്കയുടെ മകള്‍, എന്തേ താനവളെ മറന്ന് പോയി’ ഞാന്‍ സ്വയം ശപിച്ചു.
‘ ടാ നീയെന്താടാ കിടക്കാന്‍ പോണില്ലെ.. നീ പോയി കിടന്നോ.. ഞങ്ങളേതെങ്കിലു 5,6 എണ്ണം സെലക്ട് ചെയത് വെച്ചേക്കാം.’
‘വേണ്ടുമ്മ, ഇനി നിങ്ങളാരും പെണ്ണ് തപ്പി അലയണ്ട.. എന്റെ മൊഞ്ചത്തിയെ ഞാന്‍ കണ്ടെത്തി’
‘ നീയെന്ത് മണ്ടത്തരാ മോനേ ഈ പറയുന്നത്. ഇത് നമ്മുടെ സ്റ്റാറ്റസിന് പറ്റിയ ബന്ധമല്ല… നമുക്കിത് വേണ്ട മോനെ’
‘ ഉമ്മ , ഇവളെ കെട്ടിയാല്‍ എന്റെ ഈമാന്‍ പൂര്‍ത്തിയാവോ സ്റ്റാറ്റസ് നഷ്ടാവോന്നൊന്നും എനിക്കറിയില്ല… പക്ഷെ ഈ കാണുന്നതൊന്നുമില്ലാതിരുന്ന കാലത്ത് എനിക്ക് ഉണ്ടായിരുന്ന ചില കടപ്പാടുകള്‍ തീര്‍ക്കാന്‍ ഇതിലും നല്ല അവസരം വേറെ കിട്ടിയെന്നു വരില്ല.’
നിധി കിട്ടിയ പോലെ സന്തോഷത്തില്‍ ഞാനാ ഫോട്ടോയും കൈയ്യിലെടുത്ത് റൂമിലേക്ക് നടന്നു.
……….ശുഭം………….
RELATED ARTICLES

Most Popular

Recent Comments