ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്. സുനില്‍രാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായി.
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന്, തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. മുന്‍പും ചോദ്യം ചെയ്യലിനു പോലീസ് നോട്ടീസ് നല്‍കിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല. ദിലീപിന്റെ അറസ്റ്റിന് പിന്നാലെയാണ് മാനേജരായ അപ്പുണ്ണി ഒളിവില്‍ പോയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ച വളരെ നാടകീയമായി ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകുകയായിരുന്നു.
അതേസമയം അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ പുതിയ അറസ്റ്റിന് വഴിവെക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അപ്പുണ്ണിയില്‍ നിന്നു ലഭിക്കുമെന്നും അന്വേഷണ സംഘം കരുതുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്ത് പറയുമെന്നതാകും, ഇനിയുള്ള അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുക.
എത്രയും വേഗം ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു നിര്‍ദേശിച്ചാണ് അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഭീഷണിയും മൂന്നാംമുറയുമുണ്ടാകുമെന്ന് ഇയാള്‍ ഹര്‍ജിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു കോടതി പോലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിയില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത തേടേണ്ടതുണ്ടെന്നാണു പോലീസ് പ്രോസിക്യൂഷന്‍ മുഖേന കോടതിയെ അറിയിച്ചത്.
അപ്പുണ്ണിയെ ഗൂഢാലോചനാക്കേസില്‍ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിനുശേഷം നിയമാനുസൃത നടപടിയുണ്ടായേക്കാം. മുഖ്യ പ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചുവെന്നതിനു പോലീസിന്റെ പക്കല്‍ തെളിവുകളുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പോലീസ് പറയുന്നു. സുനില്‍കുമാര്‍ അപ്പുണ്ണിയെ വിളിച്ചതു ദിലീപുമായി സംസാരിക്കാനായിരുന്നോ എന്ന സംശയത്തില്‍ അപ്പുണ്ണിയില്‍നിന്നു പോലീസിനു വ്യക്തത വരുത്തേണ്ടതുണ്ട്.
അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചു ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നു ചില സിനിമാ പ്രവര്‍ത്തകരുടെ മൊഴി പോലീസിന്റെ സംശയത്തിനു ബലം നല്‍കുന്നുണ്ട്. സുനില്‍കുമാര്‍ ജയിലില്‍ വച്ചെഴുതിയ കത്ത് ദിലീപിനു കൈമാറാന്‍ സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നുവെന്നാണു പോലീസിനു ലഭിച്ച തെളിവുകള്‍.