ജോണ്‍സണ്‍ ചെറിയാന്‍.
ഗോമാതാവിനും ഗോസംരക്ഷണത്തിനും വേണ്ടി മുറവിളി കൂട്ടുന്ന ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനം പട്ടാപ്പകല്‍ നടുറോഡില്‍ പശുവിനെ ഇടിച്ചു വീഴ്ത്തി. അപകടത്തിനു ശേഷം ബിജെപി നേതാവിന്റെ വാഹനം നിര്‍ത്താതെ പോയി. ഒഡീയിലെ ജാജ്പൂരില്‍ വെച്ചായിരുന്നു സംഭവം.
ബിജെപി നേതാക്കള്‍ സഞ്ചരിച്ച ടവേര പശുവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയി. വാഹനം നിര്‍ത്താന്‍ പോലും കൂട്ടാക്കിയില്ല. പശു റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമിത് ഷായുടെ വാഹനമിടിച്ച് പരിക്കേറ്റത്. ഇടതുവശം ചേര്‍ന്നായിരുന്നു പശു നടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പശുവിനെ ഇടിച്ചിട്ട വാഹനത്തില്‍ താമരയുടെ ചിത്രമുണ്ടായിരുന്നവെന്നും ഗ്ലാസില്‍ വിഎച്ച്‌പി എന്ന് എഴുതിയിട്ടുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.
അതേസമയം പിറകേ വന്ന മുന്‍ ബിജെപി എംഎല്‍എ പ്രതാപ് സാംരംഗിയുടെ വാഹനം പശുവിന് പരിക്കു പറ്റിയതറിഞ്ഞ് നിര്‍ത്തുകയും പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച് പശുവിനെ ശുശ്രൂഷിക്കാന്‍ വെറ്റിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കുകയും ചെയ്തു.
വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി പശുവിന് ആവശ്യമായ ചികിത്സ നല്‍കി. പശുവിന്റെ ഇരുകാലുകള്‍ക്കും പരിക്കു പറ്റിയിരുന്നുവെന്നും എല്ല് പുറത്തേക്ക് വന്നുവെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. പശുവിനെ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുറിവുണങ്ങിയ ശേഷം പശുവിന്റെ കാലിന് പ്ലാസ്റ്റര്‍ ഇടുമെന്നും പ്രതാപ് സാംരംഗി പറഞ്ഞു.