സനു. മാവടി. (Street Light fb group)
പക്ഷം തളർന്നോരാ
മാലാഖ വൃന്ദം
കേഴുന്നിതാ വീഥിയിൽ…
പക്ഷം, നിൽക്കുവാൻ
ആളേതുമില്ലാതെ..
ഒരൊറ്റ നാടകമുലകിൽ
ഇടവേളകളില്ലാതെ..
അരങ്ങിലവളെന്നും
സാക്ഷിയും, കാവൽക്കാരിയും…
തിളയ്ക്കുന്ന ചിന്തകൾ
നുരയുന്ന നേരുകൾ
തികട്ടുന്ന ചോദ്യങ്ങൾ
ആതുരാലയമോ,
അറവുശാലയോ ?
അതോ,
വെള്ളയടിച്ച കുഴിമാടങ്ങൾതൻ
ആധിപത്യഭൂമിയോ അത് ?..
പിറന്ന മണ്ണിൽ നിന്നും
പറന്നുപോകുന്ന മാലാഖമാർ.. (2)
ചിറകിന്റെ കരുത്തിലല്ലത്
പാലായനം..
കടമെന്ന കാലന്റെ
ബലിഷ്ഠകരങ്ങളിൽ
കണ്ഠം, മുറുകുമെന്ന
ആകുലതയാലത്രേ..
കാലം മറന്ന നീതിയത്
കോലം കെട്ടിയാടുമ്പോൾ
കൂട്ടിന്
അധികാരവർഗ്ഗത്തിന്റെ
കുതന്ത്രങ്ങളും..
അവകാശ നിഷേധത്തിന്റെ
മൂർത്തീഭാവങ്ങൾ..
ആധിയിൽ നീതി പുലമ്പുന്ന
കരുണക്കൂട്ടമേ
നട്ടവന് ചെടിയും ഫലവും മുഖ്യം
ഇലയൊരു പാഴ്വസ്തു മാത്രം.. (2)
ഉണരുക ഒന്നാകുക
പൊരുതുക പോരാടുക
വിജയം നിന്റെ അവകാശം..