Thursday, May 2, 2024
HomeLiteratureപ്രയാണം........ (ചെറുകഥ)

പ്രയാണം…….. (ചെറുകഥ)

പ്രയാണം........ (ചെറുകഥ)

അരുൺകുമാർ. (Street Light fb group)
അരണ്ട നിയോൺ ബൾബുകളുടെ വെളിച്ചം മാത്രം… വിജനമായ വഴിത്താരകൾ പിന്നിട്ട് ഞാൻ മുന്നോട്ടു തന്നെ നടന്നു… കുഴിത്തുരുമ്പെടുത്ത് ദ്രവിച്ച് .. കൊമ്പു കുത്തിയ കൊമ്പനെപ്പോലെ കുറെ ഭാഗം മണ്ണിലാണ്ടുപോയ റെയിൽവേ ഗേറ്റിൻറെ ഇടയിലൂടെ ഞൂഴ്ന്ന് കയറി ഞാൻ റെയിൽവേ കോമ്പൗണ്ടിനുളളിലേയ്ക്ക് കടന്നു… നരിച്ചീറിൻറെ ചിറകടിയും പേരറിയാത്ത ഏതോ ഉരഗവർഗ്ഗങ്ങളുടെ സീർക്കാരങ്ങളും മാത്രമാണ് കർണ്ണപുടങ്ങളിൽ പ്രതിധ്വനികൾ തീർക്കുന്നത്… ഞാൻ ഇടവും വലവും പിന്നിലേയ്ക്കു തിരിഞ്ഞും നോക്കി മനുഷ്യഗണത്തിൽപ്പെട്ട ഒന്നുമില്ല…
നെറ്റിയിലെ വിയർപ്പുകണങ്ങൾ പുരികങ്ങൾക്കു മുകളിൽ ഏകീകരിക്കപ്പെട്ട് എൻറെ ദൃഷ്ടി മണ്ഡലത്തിലൂടെ ഊർന്നു പോകുന്നത് കാണാമായിരുന്നു….. വലതു കൈയ്യിൽ തൂക്കിപ്പിടിച്ചിരുന്ന ബാഗ് തോളിലേക്കിട്ടു കൊണ്ട് വാച്ചിലേയ്ക്ക് ഒന്നുകൂടി നോക്കി… 2.49 AM… ഇന്നീ സമയത്ത് ഇനി പോണോ എന്ന ചോദ്യം വീണ്ടും മനസിലെവിടെയോ ഉയർന്നു.. പോയേ പറ്റൂ ഞാൻ ചെല്ലുന്നതും കാത്താണ് അവർ അവിടെ…
ഈ ട്രെയിൻ വിട്ടാൽ ഇനി അടുത്ത ബുധനാഴ്ചയാണ് അടുത്ത വണ്ടി. ഫ്ലൈറ്റിന്പോകാനുളള സാമ്പത്തീക സ്ഥിതിയിലുമല്ല… സ്റ്റേഷനിലെ വെളിച്ചം കാണാറായി… ആരൊക്കെയൊ ഒന്നു രണ്ടു പേരുണ്ടവിടെ. പ്ലാറ്റ്ഫോമിലേയ്ക്ക് കയറാൻ ഭാവിക്കുന്ന സമയത്താണ് പൊന്തക്കാടിനുളളിൽ നിന്നും ആ സ്ത്രീ വെളിയിലേയ്ക്ക് വരുന്നത് കണ്ടത്. മുട്ടിന് മുകളിലേയ്ക്ക് തെറുത്തു വച്ചിരുന്ന സാരി അവര് കുടഞ്ഞ് താഴേയ്ക്കാക്കി… എന്നെ കണ്ടിട്ടാവണം കൂടെയുണ്ടായിരുന്ന കറുത്തതടിയൻ നിലത്തെന്തോ കളഞ്ഞപോയ പോലെ പരതുന്നുണ്ടായിരുന്നു… എനിയ്ക്കറിയാം ആ സ്ത്രീയെ … സദാസമയവും പാൻ ചവയ്ക്കുന്ന അവരെ ഞാൻ മുമ്പ് ബസ് സ്റ്റാൻറ്റിൻറെ പരിസരത്ത് വച്ച് കണ്ടിട്ടുണ്ട്… അതു കണ്ടില്ലാന്നു വച്ച് ഞാൻ മുന്നോട്ട് നടക്കുമ്പോൾ അവൾ കൂടെയുണ്ടായിരുന്ന ആളിനോട് എന്തൊക്കെയൊ ഉറക്കെ കയർക്കുന്നുണ്ടായിരുന്നു… ഇത്രയും നാളായിട്ടും ഇവിടുത്തെ സാധാരണ ജനങ്ങളുടെ സംസാരഭാഷ മനസിലാക്കാൻ പറ്റാത്തതിൽ തെല്ലൊര മർഷം എനിക്കെന്നോട് തന്നെ തോന്നി…
കടും നീല നിറത്തിലുളള മങ്കി ക്യാപ്പണിഞ്ഞ, പച്ചയും ചുവപ്പും നിറത്തിലുളള കൊടികൾ കക്ഷത്തിലിറുക്കിപ്പിടിച്ച് പ്ലാറ്റ്ഫോമിൽ നിന്നിരുന്ന റെയിൽവേഗാർഡിനോട് ചോദിച്ചപ്പോൾ ട്രയിൻ എത്താനുളള ആദ്യ മണി മുഴക്കിയിരുന്നു എന്ന് മനസിലായി…
ഞാൻ ബാഗുമെടുത്ത് അല്പം നടന്ന് കോൺക്രീറ്റ് പാളികൾ ഇളകി ഉളളിലെ കമ്പികൾ എഴുന്നു നിൽക്കുന്ന ഒരു ബെഞ്ചിൽ ഇരുപ്പുറപ്പിച്ചു…. താടിയും മുടിയും നീണ്ട ഒരു വൃദ്ധൻ പിഞ്ചിക്കീറിയ ഒരു കരിമ്പടവും പുതച്ച് അതിൻറെ ചുവട്ടിലിരുന്ന് നാടൻ ചുരുട്ട് ആഞ്ഞു വലിയ്ക്കുന്നുണ്ടായിരുന്നു… എന്നെ കണ്ടപാടെ അയാളൊന്നു മന്ദഹസിച്ചു.അയാളുടെ വായ്ക്കുളളിൽ സംഭരിച്ചിരുന്ന പുക ഒരു ധൂപക്കുറ്റിയിലെന്നവണ്ണം പുറത്തേക്കു പടർന്നു…. ആ ഇരിപ്പ് അല്പനേരം അങ്ങനെയിരുന്നു….
ട്രെയിൻ വരുന്നുണ്ട്… ആകെ മൂന്നോ നാലോ പേരെ അവിടുന്ന് കയറാനുണ്ടായിരുന്നുളളൂ… ഞാനും കയറി സീറ്റ് കണ്ടു പിടിച്ചു… പൊതുവെ തിരക്ക് കുറവാണ്. രാത്രി സമയമായതുകൊണ്ട് നല്ല സ്പീഡിലാണ് വണ്ടി പായുന്നത്…. പെട്ടെന്ന് ട്രയിനിൻറെ ശബ്ദത്തിലൊരു മാറ്റം ഞാൻ വിൻഡോ ഷട്ടർ മെല്ലെയുയർത്തി നോക്കി… വണ്ടി തുരങ്കത്തിനുളളിലേയ്ക്ക് പ്രവേശിച്ചതിൻറെയാണ്.. ജനാലയ്ക്കുളളിലൂടെ അസ്ഥികോച്ചുന്ന തണുത്ത കാറ്റ് അകത്തേയ്ക്ക് ഇരച്ചുകയറുന്നുണ്ടായിരുന്നു. എൻറെ പ്രവൃത്തിയിൽ നീരസം പൂണ്ടാവണം എതിർ സീറ്റിലിരുന്ന തലേക്കെട്ടുകാരൻറെ നെറ്റി അല്പംചുളിഞ്ഞു.. ഞാൻ ഷട്ടർ പതിയെ താഴ്ത്തി…
വണ്ടിയുടെ ശബ്ദം പൂർവ്വസ്ഥിതിയിലായി….
അല്പനേരം കഴിഞ്ഞു കാണും ട്രെയിൻ വലിയൊരു ശബ്ദത്തോടെ സഡൻ ബ്രേക്കിട്ടു നിന്നു…എല്ലാവരും മുഖത്തോടു മുഖം നോക്കി… ആരോ അപായച്ചങ്ങല വലിച്ചതാണ്. എന്താണ് സംഭവിച്ചതെന്നറിയാൻ ഞാൻ വാതിൽ തുറന്ന് എൻജിൻറെ ഭാഗത്തേയ്ക്ക് നോക്കി…. ഞാനുറക്കെക്കരഞ്ഞു നിലവിളിച്ചു പറഞ്ഞു. കൊളളക്കാരാണ്… രക്ഷപ്പെട്ടോളൂ… നൂറോളം വരുന്ന മുഖം മൂടികൾ ഓരോ കപ്പാർട്ടുമെൻറായി ആക്രമിക്കുകയാണ്…. കണ്ണടച്ച് തുറക്കുന്ന സമയം മതി അവര് അടുത്തെത്താൻ…. ഞാൻ പാളത്തിലേയ്ക്ക് ചാടിയിറങ്ങി…
കൊയ്ത്ത്കഴിഞ്ഞ വിണ്ടുണങ്ങിയ ഗോതമ്പ് പാടത്തിലൂടെ ഞാൻ പ്രാണരക്ഷാർത്ഥം ഓടി…. ജീവൻ കൈയ്യിൽ പിടിച്ച് ഓടുന്ന വഴി ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… കൈയിൽ കിട്ടുന്നതൊക്കെ അപഹരിച്ച് ഒരോരോ ബോഗികളായി അവര് അഗ്നിക്കിരയാക്കുകയാണ്… ഭംഗിയുളള സ്ത്രീകളെ അവർ ബന്ദികളാക്കുന്നുണ്ട്..
ടെയിനിന് മുകളിൽ ആജ്ഞകൾ കൊടുത്തു നിന്നിരുന്ന ഒരു കൊള്ളക്കാരൻ എന്നെ കണ്ടു.. അയാളുടെ നാടൻ തുപ്പാക്കിയിൽ നിന്ന് തീയുണ്ടകൾ എന്നെത്തേടി പാഞ്ഞു…. എങ്ങനെയോ അവയ്ക്ക് ലക്ഷ്യം തെറ്റി… തിരകൾ മാറ്റി മാറ്റി അയാൾ വെടിയുതിർത്തു… പക്ഷേ സമർത്ഥമായ് ഞാനവയെ കബളിപ്പിച്ചു… കലിപൂണ്ട അയാൾ ഓടി എൻജിനിൽ ചെന്ന് എൻജിനെ മറ്റ് ബോഗികളുമായുളള ബന്ധത്തിൽ നിന്നും വിച്ഛേദിപ്പിച്ച് അതുമായി എൻറെ പിന്നാലെ പാഞ്ഞു വന്നു…
ഞാൻ വയലുകൾ താണ്ടി പൈൻ മരക്കാട്ടിലൂടെ ഓടി….. കാട്ടുപുഴ നീന്തിക്കയറി മലമുകളിലേയ്ക്ക് ഓടിക്കൊണ്ടിരുന്നു… പക്ഷേ അയാൾ എന്നെ വിടുന്നില്ല… ഞാനിടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…… കീഴ്ക്കാം തൂക്കായ ആ ഗിരിശൃംഗത്തിൻറെ ഉച്ചിയിലെത്തിയപ്പോൾ എൻറെ കാല് വലിയൊരു വേരിലുടക്കി… നിരങ്കുശമായ പാതാളക്കയത്തിലേയ്ക്ക് തട്ടിയും തെറിച്ചും ഞാൻ എടുത്തെറിയപ്പെട്ടു…ഇടയ്ക്കെവിടെയോ വച്ച് ആ യാത്ര പൊടുന്നനെ നിശ്ചലമായ്…. ഞാൻ ചുറ്റും നോക്കി… ഏതോ ഒരു കാട്ടുമരത്തിൻറെ കൊമ്പിൽ എൻറെ ഷർട്ടിൻറെ കോളർ കുരുങ്ങിയിരിക്കുന്നു….. ആവുന്ന ശക്തിയെടുത്ത് ഞാൻ ആ കമ്പിൽപ്പിടിയ്ക്കാനാഞ്ഞു.. എന്നെക്കൊണ്ട് കഴിയുന്നില്ല..
എൻറെ ദൃഷ്ടികൾ മലമുകളിലേയ്ക്ക് നീണ്ടു.. അവൻ എല്ലാം കണ്ടുകൊണ്ട് എൻജിനുമായ് അവിടെത്തന്നെനില്പുണ്ട്… ഞാൻ ഒരിറ്റുദയയ്ക്കായ് അവൻറെ കണ്ണിലേയ്ക്ക് നോക്കി.. ഇല്ല അലി വിൻറെ നേർത്തൊരു കണം പോലും അതിലില്ല… നിസ്സഹായതയോടെ ഞാൻ ചുറ്റും തിരഞ്ഞു. പഞ്ഞിക്കെട്ടുപോലെ വെൺമേഘങ്ങൾ എനിക്കു താഴെയായി തെന്നിനീങ്ങിക്കൊണ്ടിരുന്നു…
പൊടുന്നനെ ഒരു ശബ്ദം.. അതിൻറെ തരംഗദൈർഘ്യത്തിൽ സാരമായ വ്യത്യാസം… എൻറെ ദൃഷ്ടി ആ ശബ്ദത്തിൻറെ ഉത്ഭവസ്ഥാനത്തേയ്ക്ക് നീണ്ടു …. ഞാൻ തൂങ്ങിക്കിടക്കുന്ന ആ മരക്കൊമ്പ് പതിയെ ഇരിയുകയാണ്…. ഓരോ പാളികളായ് അത് മാതൃ ശരീരത്തിൽ നിന്നടർന്നു മാറിക്കൊണ്ടിരിക്കുന്നു….. ക്ർ.. ക്ർ….ർ
ഞാൻ തിരിച്ചുവരവില്ലാത്ത നിലയില്ലാ കയത്തിലേയ്ക്ക് വീണുകൊണ്ടിരിക്കയാണ്… മരണത്തെ ഞാൻ മുഖാമുഖം കണ്ടു… ആയുസ്സിലെ നന്മതിന്മകളുടെ ശേഷിപ്പുകൾ ഒരു ദൃശ്യാവിഷ്കാരം പോലെ കൺമുന്നിൽ മിന്നിമറയുന്നു…. സ്ഥായിയായ അന്ധതയിലേയ്ക്ക് വീണുടയുന്നു….
“കാലമാടാ….. നീയിന്നും പണിയ്ക്കു പോവുന്നില്ലേടാ…!?”
ഞെട്ടിയുണർന്ന ഞാൻ കണ്ണു തിരുമ്മി നോക്കി….
യ്യോ… ആതംഗ വാദി…!!..
നിൻറെ അമ്മേടെ നായര്…
ആഹാ…. അച്ഛനാരുന്നോ… അച്ഛനെന്താ തലയൊക്കെ തുണിയിട്ട് മൂടിയിരിക്കുന്നേ…
ഞാൻ രാവിലെ റബ്ബറ് വെട്ടാൻ പോവ്വാ…
നീയെന്തിനാടാ അലാറം ഓഫാക്കി വീണ്ടും കിടന്നത്…
ങേ… അലാറോ… അപ്പോ അത് കമ്പൊടിഞ്ഞ സൗണ്ടല്ലാരുന്നോ…..
ദേ… ഞാനൊരു കാര്യം പറഞ്ഞേയ്ക്കാം… ആരുടെയൊക്കെ കൈയും കാലും പിടിച്ചിട്ടാ നിനക്കൊരു ജോലി കിട്ടിയതെന്ന് അറിയാല്ലോ…. അതില്ലാണ്ടാക്കരുത്.
അതെങ്ങനാ ഈ തോണ്ടുന്ന ഫോൺ കൈയ്യിക്കിട്ടിയേപ്പിന്നെ ഇവനൊക്കെ എപ്പഴാ കിടന്നുറങ്ങണേന്ന് പോലുമറിയില്ല… മര്യാദയ്ക്ക് ജീവിച്ചാ നിനക്ക് കൊളളാം… നിൻറെ താഴെയും എനിയ്ക്ക് രണ്ട് മക്കളുണ്ട്…
ശ്ശെടാ…. ഒരു നൂറ്റമ്പത് സാഹിത്യ ഗ്രൂപ്പുണ്ട്.. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഒരോരുത്തന്മാര് ഒരോന്ന് പടച്ച് വിടും.. അവസാനം തെറി മുഴുവൻ നമുക്കും…
RELATED ARTICLES

Most Popular

Recent Comments