ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ് : വൈദ്യൂതി പോസ്റ്റിനു മുകളില്‍ വൈദ്യൂതി കമ്പിയില്‍ തൂങ്ങിയ നിലയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. നിസാമാബാദിലെ കൃഷിയിടത്തിന് സമീപമുള്ള വൈദ്യുതി കമ്പിയിലാണ് നാലുവയസ്സുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്.
വൈദ്യൂതാഘാതമേറ്റാണ് പുലി ചത്തത് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും പുലി എന്തിന് വൈദ്യൂതി പോസ്റ്റില്‍ കയറി എന്നത് അധികൃതരെ കുഴക്കുന്നു. വൈദ്യൂതി കമ്പിയില്‍ പുലിയുടെ ജഡം കണ്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും പുലിയുടെ ജഡം വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
വയലിന് സമീപമായിരുന്നു ഈ വൈദ്യുതി പോസ്റ്റ്. സമീപത്തെങ്ങും മരങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പരിസര പ്രദേശങ്ങള്‍ വ്യക്തമായി കാണുന്നതിനാകാം പുലി പോസ്റ്റില്‍ കയറിയതെന്നാണ് നിഗമനം. മറ്റേതെങ്കിലും ജീവികള്‍ പിന്തുടരുമ്പോഴോ അപകട സന്ദര്‍ഭങ്ങളിലോ പുലികള്‍ മരങ്ങളിലോ മറ്റ് ഉയര്‍ന്ന സ്ഥലങ്ങളിലോ കയറാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.