Friday, April 19, 2024
HomePoemsകർക്കടകം.... (കവിത)

കർക്കടകം…. (കവിത)

കർക്കടകം.... (കവിത)

ശോഭാ വൽസൻ. (Street Light fb group)
മിഥുനത്തിരക്കിന്റെ പാതിമയക്കത്തിൽ
നുഴഞ്ഞൊന്നു കേറിയോ കർക്കടകം!
തോരാമഴപ്പെയ്ത്തിൻ കാലൊച്ച കാതിലാ-
യിപ്പൊഴും തങ്ങിതാ നിന്നിടുന്നു!
കർക്കടകത്തിന്നാദ്യദിനത്തിലായ്‌
“ശീവോതി” വെയ്ക്കൽ തിരക്കുകളായ്‌!
കുളികഴിഞ്ഞമ്മമാർ നേരീതുടുത്തിട്ടു
മുക്കൂറ്റിച്ചാന്തിനാൽ പൊട്ടുതൊട്ടും
തുളസീദളം, ദശപുഷ്പങ്ങളുമായ് ‌ശ്രീ-
ഭഗവതിപ്പൂജയ്ക്കൊരുങ്ങീടുന്നു!
ഒഴിഞ്ഞ കളപ്പുരയോതിയീ മാസത്തെ
കള്ളനിവൻ കള്ളക്കർക്കടകം!
പഞ്ഞം പഴിച്ചു പശിതീർത്ത മാസത്തെ
പൊല്ലാപ്പു തീർപ്പവൻ കർക്കടകം!
പ്രകാശം കൊതിച്ചു ശപിച്ചിതു സൂര്യനും
കാർക്കോടകനിവൻ കർക്കടകം!
മൂടിക്കെട്ടിയ മാനം മുരണ്ടു പോയ്‌
മാസത്തിൽ മുപ്പതും കൂരിരുട്ട്‌!
ആധി ,വ്യാധികൾ ,ദീനങ്ങളും സദാ-
മോദം തകർത്തതാം കർക്കടകം!
കമ്പിളിക്കുള്ളിൽ തണുപ്പകറ്റീടുമാ
വൃദ്ധർക്കു ഭീതിയാം കർക്കടകം!
ആശ്വാസമാക്കുന്നാബാലവൃദ്ധരും
കർക്കടത്തിന്നൗഷദക്കഞ്ഞിയിൽ!
മോക്ഷപ്രാപ്തിക്കു മുതിർന്നവരൊക്കെയും
പാരായണം ചെയ്തു രാമായണം!
പേരിൽ ദോഷത്തിനധിപനെന്നാകിലും
പിതൃത്വമോർക്കുന്നീ പുണ്യമാസം!
ഈറനുടുത്തു പിതൃസ്മരണയ്ക്കായ്‌
ബലിതർപ്പണം ചെയ്തു ഈ വാവുനാളിൽ!
പൊൻ ചിങ്ങപ്പുലരിക്കു കാത്തിരിപ്പോടെയീ
പഞ്ഞമാസമൊഴിഞ്ഞകലുന്നിതാ!

 

RELATED ARTICLES

Most Popular

Recent Comments