ഒരു അനുഭവ കഥ.

0
1391
>
ജുനോ ട്രെസ.
പത്തുവര്‍ഷം മുമ്പു നടന്നൊരു സംഭവമാണ്.കൃത്യമായിപറഞ്ഞാല്‍ 2007മാര്‍ച്ച് മാസം ആദ്യ വെള്ളിയാഴ്ച. സമയം രാത്രി എട്ടര കഴിഞ്ഞുകാണും.മക്കള്‍ അന്ന് ചെറിയ കുട്ടികളാണ്.ഞാനും മക്കളും കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് വടക്കേതിലെ ധന്യ ഒരു സിനിമ സിഡി ചോദിച്ചുവന്നത്.പ്രാര്‍ത്ഥനകഴിഞ്ഞ് ധന്യക്ക് സിഡിയും കൊടുത്ത് ഞാനും മോനും കൂടെ ധന്യയുടെ ഒപ്പം ഗേറ്റ് വരെ ചെന്നു ഓരോ വിശേഷങ്ങള്‍ പറഞ്ഞുനില്‍ക്കുന്നതിനിടയില്‍ എന്‍െറ ഭര്‍ത്താവ് ജോലികഴിഞ്ഞെത്തി.വണ്ടി പോര്‍ച്ചില്‍ വച്ച് അദ്ദേഹം വീടിനകത്തേക്ക് കയറി പോയി…
ഞങ്ങള്‍ വീണ്ടും സംസാരം തുടരുന്നതിനിടയില്‍ എന്തോ ഒന്ന് എന്‍െറ വലതുകണങ്കാലില്‍ തടയുന്നതായി എനിക്കു തോന്നി…ഞാന്‍ ഇടതുകാലുകൊണ്ട് പെട്ടന്നു തട്ടി.ഞാന്‍ ചെരുപ്പ് ധരിച്ചിരുന്നില്ല.ആനിമിഷം എന്‍െറ വലതുകണങ്കാലില്‍ എന്തോ ഒന്നു കടിക്കുന്നതായി തോന്നിയ ഞാന്‍ പെട്ടെന്ന് കാലുയര്‍ത്തി അതില്‍ ചവിട്ടി….ചവിട്ടിയതും ഞാന്‍ ഞെട്ടി…ഐസ് പോലെ തണുത്തഎന്തോ ഒന്ന്…ഞാന്‍ അറപ്പോടെ അയ്യേ….എന്നലറികൊണ്ട് ആ വസ്തുവിനെ ഒരു ഫുട്ബോളുപോലെ തട്ടിത്തെറിപ്പിച്ചു….ഫുട്ബോള്‍ കളിയില്‍ മുന്‍ പരിചയമൊന്നും ഇല്ലേലും ആ സമയം ഞാന്‍ ഗോളടിച്ച സന്തോഷത്തില്‍ നോക്കുമ്പോള്‍ ഞാന്‍ ഗോളടിച്ച വസ്തു ഒരു ബോളായിരുന്നില്ല,ഒരു പാമ്പായിരുന്നു എന്ന വസ്തുത ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു.ഗേറ്റ്ലെെറ്റിന്‍െറ വെളിച്ചത്തില്‍ കരിപോലെ കറുത്തുപുളയുന്ന ആ പാമ്പിനെ കണ്ട് ധന്യയും മോനും അയ്യോ……പാമ്പ്…. എന്ന് നിലവിളിച്ചു…
ഞാനപ്പോള്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെ ചിരിച്ചോണ്ട് അവരോട് വളരെ കൂളായി പറഞ്ഞു….“അതെന്നെ കടിച്ചു…’’ഞാന്‍ തമാശ പറയുവാന്ന് കരുതി ധന്യപറഞ്ഞു..ഒന്ന് പോ..ചേച്ചീ…തമാശ പറയാതെ….ഞാന്‍ എന്‍െറ കാലിലെപാടു കാണിച്ചു കൊടുത്തു.അവിടെ നിന്നും ചെറുതായി രക്തം പൊടിയുന്നുണ്ടായാരുന്നു…അതുകണ്ട് സ്തംഭിച്ചു നില്‍ക്കുവാണ് എന്‍െറ മോനും,ധന്യയും.ഞാന്‍ വീടിനകത്തേക്ക് കയറി എന്‍െറ ഭര്‍ത്താവിനെ വിളിച്ചു. ചേട്ടാ….ചേട്ടാ….. ഒന്നിങ്ങു വന്നേ…എന്നെ ഒരു പാമ്പ് കടിച്ചു..മുകളിലെ മുറിയിലായിരുന്ന ചേട്ടനും ഞാന്‍ ചുമ്മാ പറയുവാന്ന് കരുതി രണ്ടുമൂന്നുവട്ടം വിളിച്ചപ്പോള്‍ കുറച്ചു ദേഷ്യത്തോടെയാണ് താഴെ വന്നത്.അപ്പോള്‍ മോളും ഓടിയെത്തി…അങ്ങനെ എല്ലാവരും പാമ്പ് കടിച്ചപാടുകണ്ട് വിശ്വസിച്ചു.പിന്നെ ഒരു വെപ്രാളമായിരുന്നു എല്ലാവര്‍ക്കും.ധന്യ ഓടിപ്പോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവന്നു.എല്ലാവരും കൂടിയെന്നെ സിറ്റൗട്ടില്‍ പിടിച്ചിരുത്തി…
കാലില്‍ പാദത്തിനുമുകളിലായി എന്തൊക്കെയോ വച്ച് മുറുക്കിക്കെട്ടി…അതേൊടെ എനിക്ക് കാലനക്കാന്‍ വയ്യാതായി..അപ്പോള്‍ നോക്കുമ്പോളുണ്ട്…റോഡിലേക്ക് ഞാന്‍ ഗോളടിച്ചു തെറുപ്പിച്ച നമ്മുടെ വീരനായകന്‍ പാമ്പ് തിരികെ എന്‍റടുത്തേക്ക് ഇഴഞ്ഞു വരുന്നു.പാമ്പിനെ കുറിച്ചുള്ള കഥകള്‍ പലതുകേട്ടിട്ടുണ്ടെങ്കിലും ഇത്രക്കും ഞാന്‍ പ്രതീക്ഷിച്ചില്ല.എങ്കിലും…എനിക്കൊരു ആകാംക്ഷ തോന്നി.അത്എന്തിനാവും തിരിച്ചു വന്നതെന്നറിയാന്‍…….പക്ഷേ എന്‍െറ വാക്കിനു യാതൊരു പരിഗണനയും തരാതെ ധന്യയുടെ ഭര്‍ത്താവ് അതിനെ തല്ലിക്കൊന്നു.
പിന്നെ ഉടന്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ചേട്ടന്‍ വണ്ടിയിറക്കി..ടെന്‍ഷന്‍ കാരണം ചേട്ടന്‍ വണ്ടി എടുത്തിട്ട് ശരിയാവുന്നുമില്ല.അപ്പോഴെല്ലാം ഞാന്‍ വളരെ കൂളായി പറയുന്നുണ്ട്…സാരമില്ലെന്ന്…പോകുംവഴി ഞാന്‍ ചേട്ടനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.ചേട്ടനെ കുറ്റം പറയാന്‍ പറ്റില്ല. പാമ്പ് കടിയേറ്റാല്‍ മരണം ഉറപ്പെന്നല്ലേ കേട്ടിട്ടുള്ളത്.ഞാനും മനസ്സില്‍ എന്‍െറ മരണം കണ്ടു.ഞാന്‍ ചിന്തിച്ചു..നാളെ ഈ സമയം എന്‍െറ ശവസംസ്കാരം കഴിഞ്ഞിട്ടുണ്ടാവും…മരിച്ചു കഴിഞ്ഞാല്‍ പിന്നെ ശവമായി…അതുവരെ മനോഹരമായ പേരുകളില്‍ നാമെല്ലാം അറിയപ്പെടുമെങ്കിലും മരണ ശേഷം എല്ലാവര്‍ക്കും ഈ ഒരുപേരെയുള്ളൂ……നാളെ ഈ സമയം ഞാന്‍ മണ്ണിനടിയില്‍ ആയിരിക്കും…ദെെവമേ…..ശ്വാസം കിട്ടുമോ എന്തോ?അപ്പോഴാണ് ഓര്‍ത്തത് മരിച്ചുകഴിഞ്ഞാല്‍ പിന്നെ ശ്വാസമെന്തിനാ?അതു പോയില്ലേ…..
പെട്ടെന്നാണ് എന്‍െറ മക്കളുടെ ഓര്‍മ്മ മനസ്സിലേക്ക് വന്നത്..ആനിമിഷം എന്‍െറ മനസ്സൊന്നു പിടഞ്ഞു…ദെെവമേ…. ഞാന്‍ പോയാല്‍ പിന്നെയവര്‍ക്കാരാണുള്ളത്…അടുത്ത നിമിഷംമനസ്സ് ധെെര്യപ്പെട്ടു.ദെെവംതന്നെയല്ലേ എനിക്ക് മക്കളെ തന്നത്..ആ ദെെവം തന്നെ അവരെ നോക്കിക്കോളും.എന്‍െറ ചിന്തകള്‍ ഇങ്ങനെ കാടുകയറുമ്പോള്‍ വണ്ടി ആശുപത്രിയില്‍ എത്തിയിരുന്നു.പാമ്പ്കടിച്ചതാണെന്നറിഞ്ഞപ്പോള്‍ തന്നെ ആ ആശുപത്രിക്കാരു പറഞ്ഞു ഇവിടെ പറ്റില്ല..വേറെ എവിടെക്കെങ്കിലും കൊണ്ടുപോയ്ക്കോളാന്‍…ചേട്ടന്‍ ടെന്‍ഷനോടെ അടുത്ത ആശുപത്രി ലകഷ്യമാക്കി വണ്ടി പായിച്ചു..
അടുത്ത ആശുപത്രിയില്‍ എത്തിയ ഉടന്‍ അവരെന്ന ഒരു വീല്‍ചെയറിലിരുത്തി അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുപോയി.അതും പോരാഞ്ഞ് യാതൊരു ടെന്‍ഷനും ഇല്ലാതിരിക്കുന്ന എന്നോട് ടെന്‍ഷനുണ്ടോ?? ടെന്‍ഷനുണ്ടോ???എന്നുള്ള ഇടക്കിടക്കുള്ള ചോദ്യവും.ഡോക്ടര്‍ വന്നു നോക്കീട്ട് ഉടന്‍ ഐസിയു വിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കി.ഞാന്‍ അപ്പോഴും ചിരിക്കുന്ന കണ്ട് എനിക്ക് പാമ്പുകടിയേറ്റ് വട്ടായീന്ന് ആശുപത്രീലുള്ളവര്‍ കരുതിയോ എന്തോ?ഐസിയു വില്‍ കിടത്തി അവരെന്നെ അനങ്ങാന്‍ പറ്റാത്തവിധം ഒരു ബെഡ്ഡില്‍ കിടത്തി.തലമാത്രം അനക്കാം.പിന്നെ ടെസ്റ്റുകളുടെ ബഹളമായിരുന്നു…ഓരോ അരമണിക്കൂറിലും അവരെന്‍െറ ബ്ളഡ് എടുത്തുകൊണ്ടിരുന്നു.
ഇതിനിടയില്‍ ചേട്ടന്‍ എന്‍െറ വീട്ടിലും ചേട്ടന്‍െറ വീട്ടിലും വിളിച്ച് പറഞ്ഞിരുന്നു.കുറച്ചു സമയംകൊണ്ട്തന്നെ ആശുപത്രി ബന്ധുക്കളെ കൊണ്ട് നിറഞ്ഞു.ഐസിയു വിന്‍െറ ചില്ലുവാതിലിലൂടെ എല്ലാവരും ഒരു കാഴ്ചവസ്തുവിനെ പോലെ എന്നെ നോക്കുന്നതു ഞാന്‍ കണ്ടു.നോക്കിയവര്‍ക്കെല്ലാം അവിടെ കിടന്നുകൊണ്ട് ഞാനോരോ പുഞ്ചിരി സമ്മാനിച്ചു.മരണവും കാത്തു കിടക്കുവല്ലേ?നാളെ എന്നെ കുറിച്ച് എന്തേലും നല്ല വാക്കു പറഞ്ഞോട്ടെ…അങ്ങനെ മരണത്തെ വെയ്റ്റ്ചെയ്ത് കിടക്കുമ്പോള്‍ ഡോക്ടര്‍ ചേട്ടനെ വിളിച്ചു പറഞ്ഞു..ഉടനെ കടിച്ച പാമ്പിന്‍െറ ഡെഡ്ബോഡി കൊണ്ടുവരിക.അങ്ങനെ പാമ്പിന്‍െറ ഡെഡ്ബോഡി എത്തി….അതിനെ കണ്ട് എല്ലാവരും വിധിയെഴുതി….ഇത് വിഷപാമ്പല്ല…എങ്കിലും ഉറപ്പുപറയാന്‍ പറ്റില്ല.
നേരം പുലരുംവരെ എന്നെ നിരീക്ഷണ വിധേയമാക്കണം.അങ്ങനെ കൂടി നിന്നവര്‍ ചിലര്‍ സന്തോഷത്തോടെയും,മറ്റുചിലര്‍ തെല്ലുനിരാശയോടെയും പിരിഞ്ഞു പോയി…
അന്നുരാത്രി ഒരുപോളകണ്ണടക്കാന്‍ എന്നെ നഴ്സുമാര്‍ അനുവദിച്ചില്ല.നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അന്നത് സത്യമായി ഭവിച്ചു.അന്നെനിക്ക് അത്താഴവും ഉറക്കവും നഷ്ടമായി… നേരം പുലര്‍ന്നിട്ടും ഞാന്‍ മരിച്ചൂല്ല. പക്ഷേ….. ഇന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നെ കടിച്ചത് നീര്‍ക്കോലി അല്ലെന്ന്..അതിനു കാരണങ്ങള്‍ ധാരാളം…ഒന്ന്…വിഷപാമ്പുകള്‍ കടിക്കുമ്പോഴാണ് രണ്ടു പല്ലിന്‍െറ പാടുണ്ടാവുക..അല്ലാത്തവ കടിച്ചാല്‍ രണ്ടിലധികം പാടുകള്‍ കാണും.രണ്ട്…..കൊടും വേനലില്‍ എല്ലായിടത്തും വെള്ളംവറ്റിവരണ്ട് കിടക്കുമ്പോള്‍ എവിടെന്നാ നീര്‍ക്കോലി വരുന്നേ?മൂന്ന്……ഇനി അഥവാ നീര്‍ക്കോലിയാണെങ്കില്‍ അതങ്ങനെ കടിയേറ്റ ആളെത്തേടി തിരിച്ചു വരുമോ? അപ്പോള്‍ പിന്നെ ഞാന്‍ എന്തു കൊണ്ട് മരിച്ചില്ല…….
പാമ്പുകള്‍ ഏതേലും ഒരു ജീവിയെ കടിച്ചാല്‍ പിന്നെ കുറെ കഴിഞ്ഞെ വിഷഗ്രന്ധിയില്‍ വിഷം ഉല്പാദിപ്പിക്കപ്പെടൂ അത്രെ….അപ്പോള്‍ എനിക്ക് മുമ്പേആ പാമ്പ് ഏതേലും ജീവിയെ കടിച്ചു കാണും. എനിക്ക് കിട്ടിയ അറിവാണൂട്ടോ……..അതാവും ഞാന്‍ മരിക്കാതിരുന്നത്….
അടുത്തൊരു ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് സത്യത്തില്‍ ഞാന്‍ ഞെട്ടി….പാമ്പ് കടിച്ചെന്നു കരുതി കാലില്‍ കമ്പ് കൊണ്ടൊരു സ്ത്രീ പേടിച്ച് അറ്റാക്ക് വന്നുമരിച്ചൂന്ന്….ഞാന്‍ അപ്പോള്‍ എന്‍െറ കാര്യമോര്‍ത്ത് ചിരിച്ചുപോയി…..എന്നെ കടിച്ച ആ പാവം പാമ്പ് ഇഹലോകവാസം വെടിഞ്ഞു… ഞാനിപ്പോഴും സസുഖം ജീവിക്കുന്നു….

Share This:

Comments

comments