Thursday, April 25, 2024
രശ്മി സജയൻ.
നിറവയറിൽ കൈതാങ്ങി ശ്വാസമടക്കി കരയാൻ പാടുപെടുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ജിനിയുടെ മനസ്സിൽ സഹതാപവും സന്തോഷവും അതോടൊപ്പം തന്നെ ദു:ഖവുമുണ്ടായി, വർഷങ്ങളായി എത്രയെത്ര കുട്ടികൾ പ്രസവത്തിനായിവിടെ, എത്രയെത്ര കണ്മണികൾ എന്റെ ഈ കൈയിലൂടെ, എന്നിട്ടുമെന്തേ തമ്പുരാനേ നീ എനിക്കു താലോലിക്കാനായി ഒരു ഉണ്ണിയെ തരാത്തത്? പിറവിയെടുക്കുന്ന ഓരോ കുഞ്ഞും ഈ കൈത്തണ്ടയിലെത്തുമ്പോൾ പാലൂട്ടാനായി എന്റെ മാറിടം ത്രസിക്കുന്നത് നീയറിയാഞ്ഞിട്ടാണോ കർത്താവേ? താരാട്ടുപാട്ടുകൾ പലപ്പോഴും നിന്റെ പ്രാർത്ഥനാ ഗീതങ്ങളായി മാറുന്നതും നീയറിയുന്നില്ലേ? അൾത്താരക്കുമുന്നിൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്നതുമെന്റെ സങ്കടങ്ങൾ മനസ്സിലാക്കാനുമെന്തേ കർത്താവേ നീ വൈകുന്നത്,  തമ്പുരാനേ ഒരിക്കൽ നീ എന്റെ കൈയിലേക്കൊരുണ്ണിയെത്തരുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോഴും.
   ഇന്നും ദേ ഇപ്പോഴീപെൺകുട്ടി എന്റെ കൈയിലേക്ക് ഒരോമന പുത്രനെ പ്രസവിച്ചു തന്നിരിക്കുകയാണ്, അല്പനേരത്തേക്കു മാത്രം ഇവനെന്റെ സ്വന്തം. കാലത്തിന്റെ കുത്തൊഴുക്കിൽ മനസ്സിനും ശരീരത്തിനും ജരാനരകളേൽക്കുന്നതിനും മുന്നേ എനിക്കൊരുണ്ണിയെ പ്രസവിച്ചു വളർത്താൻ ദയവുണ്ടാകണേ തമ്പുരാനേയെന്നു പ്രാർത്ഥിച്ചു നിറഞ്ഞ കണ്ണുനീർ മറയ്ക്കാൻ ശ്രമിച്ചു ജിനി കുട്ടിയെ അവന്റെ രക്ഷിതാക്കൾക്കു കൈമാറി.
    പതിമൂന്നു വർഷം, അന്നുതൊട്ടിന്നുവരെയും എന്റേയും ജോസിച്ചായന്റേയും ആഗ്രഹം ഇതു മാത്രമായിരുന്നില്ലേ? തങ്ങളുടെ ദാമ്പത്യവല്ലരിയിലെ പൊന്നോമന, അതിനെ വരവേല്ക്കാനായി ഓരോ മാസത്തേയും കാത്തിരിപ്പും അതിലെ വ്യർത്ഥതയും, ഇച്ചായനൊന്നും പറഞ്ഞിട്ടില്ലായെങ്കിലും കുഞ്ഞുങ്ങളെക്കാണുമ്പോഴുള്ള സന്തോഷവും നിരാശയും പലപ്പോഴും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. ആർക്കും ഒരു കുഴപ്പവുമില്ലെന്ന ഡോക്ടർ പക്ഷത്തെ ദൈവ പ്രാർത്ഥനയാൽ മാത്രം നേടാമെന്ന പ്രതീക്ഷയിലാണിപ്പോഴും.  ഇന്നു ആ കുട്ടി പ്രസവിച്ച മകനെ കണ്ടപ്പോൾ വീണ്ടുമൊരു പ്രതീക്ഷ, കിട്ടും എനിക്കും ഇതുപോലൊരുണ്ണിയെ.
  എന്റെ സങ്കടം ദൈവം അറിഞ്ഞിരിക്കുന്നു. കർത്താവു തമ്പുരാൻ എന്റെയുള്ളിലും ഒരു ജീവനെ സൃഷ്ടിച്ചിരിക്കുന്നു. ഞങ്ങളുടെ പൊന്നോമനയെ, ഇച്ചായനു സ്വർഗ്ഗം കിട്ടിയ സന്തോഷം, പപ്പയാകാനുള്ള തയാറെടുപ്പുകൾ, വീടും മനസ്സും ഒരുങ്ങിക്കഴിഞ്ഞിരുന്നു, മകനായാലും മകളായാലും ഞങ്ങളുടെ പൊന്നോ മന, എങ്ങോട്ടു തിരിഞ്ഞാലും ജിനീ എന്ന ഇച്ചായന്റ നീട്ടി വിളിയെന്നിട്ട് സൂക്ഷിച്ച് എന്ന ഒരു മുന്നറിയിപ്പും.
   ഒൻപതു മാസം പൂർത്തിയായി, ഹോസ്പിറ്റലിൽ അഡ്മിറ്റുമായി, ഇനി ദിവസങ്ങൾ മാത്രം, എല്ലാ കരുതലോടെയും ഇച്ചായനും അമ്മച്ചിയും കൂടെയുണ്ട്.  വല്ലാത്തൊരു വേദന നടുവിലൂടെ അരിച്ചു കയറുന്നതറിഞ്ഞ ജിനി സന്തോഷിച്ചു.അതേ അവൻ പുറത്തു വരാൻ തയാറായിരിക്കുന്നു. അപ്പോഴേക്കും സകല അസ്ഥികളും നുറുങ്ങുന്ന വേദന ജിനിയെ ഇച്ചായാന്നു നീട്ടിക്കരയിച്ചു, ലേബർ റൂമൊരുങ്ങി, എന്തിനും സജ്ജരായി അവളുടെ കൂട്ടുകാർ മാലാഖമാരും, വേദനയുടെ ഓരോ സൂക്ഷ്മതലങ്ങളും അവളെ കൂടുതൽ അവശയാക്കി, പിറവിയിലൂടെ വേദന സമ്മാനിച്ചവൻ ഭൂജാതനായി, ജിനിയുടെ മാതൃത്വത്തിനവകാശിയായി തൊണ്ട പൊട്ടുമാറുച്ചത്തിൽ കരഞ്ഞു, ചോരക്കുഞ്ഞിനെ മാറോടടുക്കി ജിനി കരഞ്ഞുകൊണ്ടെല്ലാവർക്കം നന്ദി പറഞ്ഞു. അവന്റെ ചെവിയിലായ് മറ്റാരും കേൾക്കാതെ ‘ഇമ്മാനുവൽ’ എന്നു വിളിക്കുകയും ചെയ്തു. ദൈവത്തിനു പ്രീയപ്പെട്ടവനാണിവൻ അതു കൊണ്ടിവനെന്നും ഇമ്മാനുവലായിരിക്കും.
  പുറത്തു നില്ക്കുന്ന ഇച്ചായനേയും അമ്മച്ചിയേമൊക്കെ കണ്മണിയെ കാട്ടി അൽപ്പനേരം അവരുടെ കൈയിലവനെക്കൊടുത്തിട്ട് സുരേഖ സിസ്റ്റർ  വീണ്ടുമവനെ ജിനിയുടെ അടുത്ത് കിടത്തി അവളുടെ ജീവരക്തം അമ്മിഞ്ഞപ്പാലായവൾ അവന്റെ ചുണ്ടിലേക്കിറ്റിച്ചു. ഈ ലോകത്തിലെ ഏറ്റവും കൃതാർത്ഥയായ അമ്മ താനെന്നു ലോകത്തോടു വിളിച്ചുകൂവണമെന്നു തോന്നിയവൾക്ക്, ഇനി താനും ഇച്ചായനും മാത്രമായ ലോകത്തേക്ക് ഞങ്ങളുടെ ഇമ്മാനുവൽ കൂടി…
RELATED ARTICLES

Most Popular

Recent Comments