പുരുഷു കണ്ടമ്പത്ത് പയ്യന്നൂർ. (Street Light fb group)
അസ്തമയ സൂര്യനിന്നാഴങ്ങൾ പൂകവെ
അരുണാഭ വിണ്ണിൽ മറഞ്ഞീടവേ
അന്ധകാരം വന്നു പാരിൽനിറഞ്ഞൊരാ
അതിലോല സുന്ദരമാവേളയിൽ
ഇരുളിൻ മനോഹര കാഴ്ചകളെനുള്ളിൽ
ഇതുവരെയില്ലാത്തൊരനുഭൂതിയായ്
നിശതൻ നിലാവിലൊരു നക്ഷത്രപ്പൂക്കളം
നൽകിയെന്നോർമ്മയിൽ തിരുവോണവും
നിശതൻറെയിരുളിന്നു മെമ്പൊടിയുമായി
നിശാഗന്ധി പൂത്തു സുഗന്ധമേകി
ഇരുളിൻറെ കരിനീല നയങ്ങളെന്നുമേ
ഇമവെട്ടാതെന്നെയും കാത്തിരിക്കെ
പകൽ വേളയെന്നുമേയറിയാത്ത സൗരഭം
പാലപ്പൂഗന്ധമായ് തഴുകിയെന്നിൽ
പലവുരു കേട്ടുമറന്ന യക്ഷിക്കഥ
പലകുറിയെന്നിൽ തികട്ടിവന്നു
രാവിലായ് വിടരുമാ ശുഭ്രശലഭങ്ങളും
രാക്കിളിപ്പാട്ടിലലിഞ്ഞിരിക്കെ
നീലനിലാവിൻ സൗരഭമൊഴുകവേ
നയനമനോഹരം പാരിലെങ്ങും
സന്ധ്യമയങ്ങിയാ മാനത്തെ സിന്ദൂരം
സ്ഥായിയാമിരുളിലേക്കലിയുമ്പൊഴും
പ്രണയത്തിൻ മന്ദമാരുതനുമായെത്തിയെൻ
പതിനാലാം രാവിലെ തേൻനിലാവ്.