Sunday, November 17, 2024
HomeLiteratureടൈം ബോംബ്. (കഥ)

ടൈം ബോംബ്. (കഥ)

ടൈം ബോംബ്. (കഥ)

എഡ്വിൻ പീറ്റർ. (Street Light fb group)
“കണ്ണകിയുടെ കൂടെ ആരും വന്നിട്ടില്ലേ? “
സ്കാൻ റിപ്പോര്‍ട്ടിൽ ഒരിക്കല്‍ക്കൂടി കണ്ണോടിച്ച് ഡോക്ടര്‍ ചോദിച്ചു
” ഇല്ല .ചേട്ടന് ഓഫീസിൽ നിന്നും ലീവ് കിട്ടാൻ ബുദ്ധിമുട്ടാണ്. “
ജീവിതം പോലെ ഉറപ്പില്ലാത്ത മറുപടി
” എന്തായാലും ഈ തലവേദനയും വച്ച് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യണ്ട. കാറിവിടെ കിടന്നോട്ടെ.പിന്നെ വന്ന് എടുത്താൽ മതി.വീട്ടിൽ ആർക്കെങ്കിലും മുൻപ് തലച്ചോറുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖം വന്നിട്ടുണ്ടോ?”
“അമ്മയ്ക്ക് സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പാണ്. “മനസ്സ് അമ്മത്തൊട്ടിലോളം ഓടി തിരിച്ചുവന്നു.
” ഇടയ്ക്കിടയ്ക്ക് ചെന്നിക്കുത്ത് ആവർത്തിക്കുന്നതുകൊണ്ടാണ് ഞാൻ അടുത്ത തവണ വരുമ്പോൾ സ്കാൻ ചെയ്തു വരാൻ പറഞ്ഞത്. സ്കാൻ റിപ്പോര്‍ട്ടിൽ അതുമായി ബന്ധമില്ലാത്ത മറ്റൊരു കാര്യം കൂടി ഉണ്ട്.ഒരു ആക്സിഡന്റൽ ഫൈന്റിങ്.തലച്ചോറിലെ ഒരു രക്തക്കുഴലിന്റെ ഒരു ഭാഗം വല്ലാതെ വലുതായിട്ടുണ്ട്. Brain aneurysm എന്ന് ഞങ്ങള്‍ പറയും.കണ്ണകിക്ക് BP കൂടുതലാണെന്നതാണ് ഇവിടെ പ്രധാനപ്രശ്നം.മൈഗ്രൈന്റയും BPയുടേയും മരുന്ന് തുടരൂ. ഒരു മാസം കൂടി കഴിഞ്ഞ് ഒരിക്കൽ കൂടി സ്കാൻ ചെയ്ത് എന്നെ കാണണം. രക്തസമ്മര്‍ദ്ദം കൂട്ടുന്ന ഒന്നും ചെയ്യരുത്. അടുത്ത തവണ ഭർത്താവുമായി വരണം.”
“BP കൂടിയാൽ?… “
“ഹലോ… “
” ഹലോ, കണ്ണകി. നിങ്ങളിതെവിടെയാണ്? ഇന്ന് തരാമെന്ന് പറഞ്ഞ ഫീച്ചർ എവിടെ? “
” സാർ ഞാനിപ്പോ ഡോക്ടറെ കണ്ട് ഇറങ്ങിയിട്ടേ ഉള്ളൂ. വർക്ക് കഴിഞ്ഞിട്ടുണ്ട്. നാളെ… “
” നാളെയോ? ഇന്ന് ഉച്ചയ്ക്ക് സാധനം എന്റെ ടേബിളിന്റെ പുറത്തുണ്ടാവണം”
രക്തക്കുഴലിലൂടെ ചോര പ്രകാശവേഗത്തിൽ പായുന്നു. ചെന്നിയിലെ കുഴലുകളിൽ അതിന്റെ തമ്പോറടി അവൾക്ക് കേൾക്കാം. ‘അത് ഇപ്പോ പൊട്ടുമോ?
പൊട്ടും!
പൊട്ടരുത്! എന്റെ കരിയർ, എന്റെ കുടുംബം.’
“ശരി സർ ഇന്നെത്തിക്കാം”
“തന്റെ വളിച്ച ഫെമിനിസ്റ്റ് എഴുത്ത് വായിക്കാനല്ല നാട്ടുകാർ കാശുകൊടുത്ത് മാഗസിൻ വാങ്ങിക്കുന്നത്. ഇങ്ങനെയാണോ ഞാൻ എഴുതാൻ പറഞ്ഞത്?എന്നെക്കാൾ സീനിയർ ആണെന്നതിന്റെ അഹങ്കാരമാണോ? എടീ ഇത്,ഇത് നിനക്ക് നല്ലതിനല്ല.” അവളുടെ കോപം ഞെരിച്ചമർത്തിയ അണപ്പല്ലുകളിൽ തട്ടി, വാക്കുകൾ ചിതറി. വീണ് ചിതറിയ വെള്ളച്ചാട്ടം പോലെ അത് ശാന്തമായി ഒഴുകി.
“സർ എന്റെ എഴുത്ത് മോശമാണ് എന്ന് പറഞ്ഞോളൂ പക്ഷേ;അത് ഇങ്ങനെ എല്ലാവരുടേയും മുൻപിൽവച്ച് എന്നെ അപമാനിക്കാൻ വേണ്ടിയാവരുത്”
ഹൃദയം ഒരു മോട്ടോർ പമ്പുപോലെ തലയിൽ ചോര നിറയ്ക്കുന്നതായി അവൾക്ക് തോന്നി. ‘അത് എന്ന് നിറയുന്നോ അന്ന് ഞാൻ മരിക്കും. ഇതൊരു ടൈം ബോംബ് തന്നെ.’ അവളുടെ ഹൃദയമിടിപ്പ് അവൾ കേട്ടു.
‘ടിക്…ടിക്…ടിക്….’
ഫ്ലാറ്റ് വാതിൽക്കൽ കിളി ആഞ്ഞ് ചിലച്ചു. അത് നഗരത്തിന്റെ നിശാ നിശബ്ദതയെ മുറിച്ചിട്ടു. “എന്താ വരാൻ ഇത്ര വൈകിയത്?”
“കമ്പനിയിൽ ലോഡ് വന്നിരുന്നു. വൈകിയാണ് ഇറക്കിത്തീർന്നത്.ലോഡ് ഇറക്കിക്കഴിയാതെ എനിക്കെങ്ങനെ വരാൻ പറ്റും.കണക്കിലും പ്രശ്നം ഉണ്ടായിരുന്നു. നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.മോളെവിടെ?” “അവളൊക്കെ എപ്പോഴേ ഉറങ്ങി. ഇന്ന് കോളേജിൽ പരീക്ഷയായതുകൊണ്ട് ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.പാവം”അയാൾ അധികം സംസാരിക്കാതെ ഒരു ച്യൂയിഗവും ചവച്ച് നടന്നു പോയി.
മദ്യത്തിന്റെ മണം അവളുടെ നാസികകളിലൂടെ തലച്ചോറിലേക്ക് പടർന്നു. സിരയിലൂടെ ഒഴുകുന്ന കോപത്തിൽ പുച്ഛം കലർന്നു. ‘അരുത് ടൈം ബോംബ് ഓടുന്നു. എന്റെ കുടുംബം എന്റെ മകൾ.’കട്ടിലിൽ തളർന്നുറങ്ങുന്ന അയാൾക്കരികിൽ അവളിരുന്നു.
‘ജീവിതത്തിന്റെ മലവെള്ളപ്പാച്ചിലിൽ എന്റെ ജീവനും ഒലിച്ചുപോകും. ഞാൻ അണകെട്ടാൻ പഠിക്കേണ്ടിയിരിക്കുന്നു.’
“എല്ലാവരും ഇനി പൂർണ്ണപത്മാസനത്തിലിരിക്കൂ…കണ്ണുകൾ പതിയെ അടയ്ക്കൂ… നിങ്ങളുടെ ഇഷ്ടദൈവത്തെ മനസ്സിൽ കാണൂ… മനസ്സ് അവനിൽ മാത്രം ഏകാഗ്രമാക്കൂ…”
യോഗാചാര്യന്റെ ശബ്ദം മലമുകളിലെ കാറ്റുപോലെ ചെവിയിലേക്ക് കുളിരായി വീശി. ‘കണ്ണൻ…. കണ്ണകിക്ക് എന്നും കണ്ണനെയാണിഷ്ടം. വെണ്ണകട്ട കണ്ണൻ,വാ പിളർന്ന് ഈരേഴുപതിനാലു ലോകവും കാട്ടി അത്ഭുതപ്പെടുത്തിയ കണ്ണൻ, രാധയോടാണിഷ്ടമെങ്കിലും മഥുര തേടിപ്പോയകണ്ണൻ, ജീവിതത്തിൽ രാധയെ ഒറ്റയ്ക്കാക്കി പതിനാറായിത്തെട്ടുപേരോടൊപ്പം വാഴുന്ന മായ കാണിച്ച കള്ളക്കണ്ണൻ!’ കൺപീലികളുടെ ഇലത്തുമ്പത്ത് തുഷാരത്തണുപ്പ്. “പത്മാസനത്തിലിരിക്കുമ്പോൾ നട്ടെല്ല് വളയരുത്. നെഞ്ച് വിരിഞ്ഞിരിക്കണം. പരമാവധി ശ്വാസം അകത്തേക്കെടുക്കണം” ഗോപികമാരുടെ വസ്ത്രവുമായോടി കുളിക്കടവിലെ മരത്തിൽ കയറിയ മറ്റൊരു കണ്ണന്റെ ശബ്ദം! ആചാര്യന്റെ വിരലുകൾ അവളുടെ നട്ടെല്ലിന്റെ പൽചക്രങ്ങളിലൂടെ ഓടി. വളവുകൾ നേരെയാക്കി,നട്ടെല്ലിന്റെ, കഴുത്തിന്റെ, മാറിന്റെ…തുടയിൽ വസ്ത്രത്തിനുവെളിയിൽ കൈ ചൂട് അവളെ പൊള്ളിച്ചു. “പത്മാസനത്തിൽ കാൽ പരമാവധി കയറിയിരിക്കണം.”പത്മത്തിനുചുറ്റും ദാഹിച്ച വണ്ടിന്റെ മുരൾച്ച. അവൾ അപ്പോഴേക്കും പരമാവധി ശ്വാസം എടുത്ത് തുടങ്ങിയിരുന്നു. നെഞ്ചു നിറയും വരെ ശ്വാസം, വെറുപ്പ്,കോപം…ധമനികൾ കവിയും വരെ ശ്വാസം, ദുഖം, ദേഷ്യം… ഓരോ ശ്വാസത്തിനും തലയിൽ ഒരു ബലൂൺ വീർത്ത് വന്നു. ‘ടിക്…ടിക്…ടിക്….’ടൈം ബോംബോടുന്നു…
അരുത്…എന്റെ കുടുംബം… പത്മം തണ്ട് ചേറിൽ പൂഴ്ത്തി.
ബസ്സിൽ പതിവിലേറെ തിരക്കുണ്ടായിരുന്നു.’ആദ്യം കയറിയത് നന്നായി ഇരിക്കാൻ സീറ്റുകിട്ടി. ഓരോ സ്റ്റോപ്പ് കഴിഞ്ഞപ്പോളും ബസ്സിൽ ആളുകൾ അടിഞ്ഞു കൂടി. ബസ് ഒരു പൂർണഗർഭിണിയെപ്പോലെ ചുവടുവച്ചു. അവൾ ചുറ്റും നോക്കി. തൂങ്ങിയാടി ചുമയ്ക്കുന്ന കിളവൻ, ചെവിടടച്ച് പാട്ടുകേട്ട് ഇരിപ്പിടത്തിൽ മയങ്ങുന്ന ഫ്രീക്കൻ, ബസ്സിൽ തിരക്കായതറിയാതെ നിന്ന് ചാറ്റ് ചെയ്യുന്ന ചേച്ചി, മുൻപിൽ നിൽക്കുന്ന സ്ത്രീയോട് ഒരു ഇരട്ടപോലെ ഒട്ടിപ്പോയ ചേട്ടൻ. ചേട്ടൻ ഒരു നായയെ പോലെ സ്ത്രീയുടെ മുടി മണക്കുന്നതും, അയാളുടെ കൈകൾ ഒരു പുഴുവിനേപ്പോലെ അവളുടെ നിറമടിച്ച നഖത്തിൽ ഇഴയുന്നതും കണ്ണകി കണ്ടു. സ്ത്രീയുടെ മുഖം ദേഷ്യത്താൽ ചുകന്നു.അവൾ കയറി നിൽക്കാൻ നോക്കുന്നു;മാറി നിൽക്കാൻ നോക്കുന്നു;ക്രൂരമായി പലതവണ അയാളെ നോക്കുന്നു.പക്ഷേ ഒന്നും പറയുന്നില്ല. “സ്ത്രീകളിലാണ് Brain aneurysm സാധാരണയായി കാണാറ്” ഡോക്ടറുടെ വാക്കുകൾ. ‘ചിലപ്പോ ഇവൾക്കും!?അതോ എല്ലാവര്‍ക്കും! എല്ലാവരും തലയിൽ ഓരോ ടൈം ബോംബുമായി നടക്കുന്നു.
ഹൃദയമിടിപ്പിന്റെ വേഗതയ്ക്കൊപ്പം ആയുസ്സിന്റെ മണൽഘടികാരം കാലിയാവുന്നു. കോപവും, ഉത്കണ്ഠയും, ദുഖവും ഹൃദയമിടിപ്പ് കൂട്ടുന്നു.’
‘വയ്യ ഈ തല വേദന… കാർ ഏതെങ്കിലും ഹോട്ടലിൽ കയറ്റി ഒന്ന് ചായ കുടിക്കാം.’
ചൂടുചായ അവൾ ചുണ്ടോട് ചേർത്തു. ‘അധികം നേരം ഇരിക്കണ്ട. പണിയുണ്ട്. രാത്രിയ്ക്ക് ഇന്ന് എന്താ ഉണ്ടാക്കുക?’ ശാന്തമായ ഹോട്ടൽ. ആരുടെയോ അടക്കിപ്പിടിച്ച ചിരിമാത്രമാണ് ഇടയ്ക്ക് കേൾക്കാവുന്നത്. ‘ഈ ചിരിക്കുന്നത് സ്നേഹയല്ലേ? ചേട്ടന്റെ ഓഫീസിലുള്ളത്. മനോഹരമായ ചിരി. കസേരയിൽ മറുവശത്തേയ്ക്ക് മുഖം തിരിച്ചിരിക്കുന്നത്…. അത് ചേട്ടനല്ലേ? അതെ.’ മേശയ്ക്കു മുകളിലെ അവളുടെ വെളുത്ത് മെലിഞ്ഞ വിരലുകൾക്കുമുകളിൽ ഒരു പൂവൻകോഴിയെപ്പോലെ പുരുഷന്റെ വിരലുകൾ. ‘എന്നായിരുന്നു എന്നെ അവസാനം ഇതുപോലെ തൊട്ടത്?’ ഹോട്ടൽ വാതിൽ തുറക്കുമ്പോൾ മനസ്സ് മന്ത്രിച്ചു ‘ഒന്ന് തിരിഞ്ഞു നോക്കൂ. മുഖം അയാളുടേതാണോ എന്നറിയണ്ടേ? വേണ്ട.അത് ചേട്ടനല്ല അതുപോലെ പുറകിൽ നിന്നും തോന്നുന്ന ഒരാൾ! ചേട്ടൻ ഇന്നും വൈകി വന്നാൽ. ഇന്നും പറയുമായിരിക്കും ലോഡ് ഇറക്കാനുണ്ടായിരുന്നെന്ന്!’ അവൾ കാറിലിരുന്ന് കരയുകയായിരുന്നോ? അറിയില്ല ഒരു ടൈം ബോംബിന്റെ ഒച്ച മാത്രം വെളിയിൽ കേട്ടു.
‘ടിക്… ടിക്… ടിക്… ‘
ഇന്ന് വാതിലിലെ കിളി തൊണ്ടപൊട്ടുവോളം കരഞ്ഞിട്ടാണ് അവൾ വാതിൽ തുറന്നത്. “എന്താ തുറക്കാനിത്ര താമസം?” ഷൂസ് സോഫയ്ക്കടിയിലോട്ടിടുമ്പോൾ അയാൾ ചോദിച്ചു. വസ്ത്രം മാറുമ്പോൾ പിന്നെയും ചോദ്യം “നീ ഇന്ന് യോഗയ്ക്ക് എന്താ പോകാതിരുന്നത്?” “ഇനി അങ്ങോട്ട് പോണില്ല.” നേരത്തേ തീരുമാനിച്ച മറുപടി.
“വെറുതേ ഒരു മാസത്തെ ഫീസടച്ചു” മറുപടിയൊന്നും പ്രതീക്ഷിക്കാതെ അയാൾ ബാത്ത് റൂമിൽ കയറി.
അവൾ കിടപ്പുമുറിയിലേക്ക് നടന്നു. അവൻ അവളെയും കാത്ത് കട്ടിലിൽ കിടപ്പുണ്ടായിരുന്നു. അവനിലേയ്ക്കവൾ ഒടിഞ്ഞ മഷിത്തണ്ട് പോലെ വീണു. അവനെ വാരിപ്പുണർന്നു. തല ചായ്ച്ചു കരഞ്ഞു. എന്നുമുതലെന്നറിയില്ല തലയിണയെ അവൾ അത്രമാത്രം സ്നേഹിക്കാൻ ആരംഭിച്ചിരുന്നു.മനുഷ്യസ്രവങ്ങളുടെ അർത്ഥമറിയുന്ന തലയിണ കണ്ണീരിൽ കുതിർന്നു. മനുഷ്യനെ അവനേക്കാൾ നന്നായി ആർക്കറിയാം? സന്തോഷം, സന്താപം, ഭയം, കാമം, രോഗം…
“ഞാനും ഞാനുമെന്റാളും
ആ നാൽപ്പതുപേരും
പൂമരം കൊണ്ട്
കപ്പലുണ്ടാക്കി”
മകളുടെ മൊബൈൽ സാഹചര്യം നോക്കാതെ പിന്നെയും പാടി. കണ്ണീർ തുടച്ച് അവൾ കട്ടിലിൽ നിന്നെണീറ്റു. മകളുടെ റൂമിൽ കയറി. കുളിമുറിയിൽ നിന്നും മകളുടെ ഉച്ചത്തിലുള്ള പാട്ട് കേൾക്കാം. വെള്ളത്തിനോടൊപ്പമുള്ള നൃത്തത്തിനിടയിൽ ഫോൺ നിലവിളിച്ചത് അറിഞ്ഞ് കാണില്ല.
‘Vishnu vm 8 miss calls’
അവൾ ഗാലറി തുറന്നു. ‘പാറ്റേൺ ലോക്ക്.’ പാമ്പുകൾ പിണഞ്ഞതു പോലെയുള്ള ആ ലോക്ക് അവൾക്ക് അറിയില്ലായിരുന്നു. വാട്ട്സപ്പ് ‘പാറ്റേൺ ലോക്ക് ‘
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സർവം ലോക്ക് മയം. Xender അതിനു ലോക്കിടാൻ അവൾ മറന്നിരുന്നു. ചിത്രങ്ങൾ… , വീഡിയോകൾ…
ഒരു പൂവ് പ്രതീക്ഷിച്ചു, പൂമരം കണ്ടു;അവളും അവളുടെ നാൽപ്പതു പേരും.
ജീവിക്കാനുള്ള കാരണങ്ങൾ കൺമണികൾ തിരഞ്ഞു.തിരച്ചിലിനിടയിൽ ഒരു കണ്ണീർത്തുള്ളിയെ തള്ളി താഴെയിട്ടു. അത് ഫോണിൽ വീണ് ചിതറി. തലയിലെ പ്രഷർകുക്കർ ചൂളം വിളിച്ചു.
‘ടിക്… ടിക്… ടിക്… ഠോ…’
RELATED ARTICLES

Most Popular

Recent Comments