Sunday, September 29, 2024
HomeLiteratureമദേഴ്‌സ് ഡേ... (കഥ)

മദേഴ്‌സ് ഡേ… (കഥ)

മദേഴ്‌സ് ഡേ... (കഥ)

വേണു ‘നൈമിഷിക’. (Street Light fb group)
ഇന്ന് മദറിന്റെ ഡേ ആണെന്നൊരു പോസ്റ്റുകണ്ടപ്പഴാ സ്വന്തം മദറിനെ വിളിച്ചിട്ട് കാലം കുറേയായല്ലോ എന്നോർത്തത് .
മദറോക്കെ പഴഞ്ചൻ മദറാ. ഈ ഡേ ഒന്നും അവർക്കൊരു പുതുമയല്ല. ഫാദർ മരിച്ചശേഷം മദർ കുടുബത്ത് ഒറ്റയ്ക്കാ താമസം.
ഒറ്റമോനായതുകൊണ്ട് മദറിന്റെ കാലശേഷം കുടുംബവും കൂടെയുള്ള 96 സെന്റ് റോഡരുകിലെ സ്ഥലവും ഈ സണ്ണിനു തന്നെ വന്നുചേരും എന്നുള്ളതുകൊണ്ട് ഭൈമിക്ക് മദറിനോട് ഒരു പ്രത്യേക മമതയാ. മദറിന്റെ ആയുരാരോഗ്യസൗഖ്യത്തിനായി അവൾ മിക്കവാറും ദിവസങ്ങളിൽ ശത്രുസംഹാരപൂജ കഴിക്കാറുണ്ട്.
കുടുംബം വിറ്റുകഴിയുമ്പോൾ മേടിക്കാനായി അവൾ ഇവിടെ അടുത്തുള്ള പോഷ് കോളനിയിൽ ഒരു വില്ലതന്നെ നോക്കിവെച്ചിട്ടുണ്ട്. ഒരു മൂന്നേമുക്കാൽ കോടിയെങ്കിലും കിട്ടുമെന്നും അതുകൊണ്ട് വില്ലയുടെ കൂടെ അവളുടെ അച്ഛനും അമ്മയ്ക്കുംവേണ്ടി ഒരു ത്രീ ബെഡ്‌റൂം ഫ്ലാറ്റ് വേറെയും കണ്ടുവെച്ചിട്ടുണ്ട്.അവളാരാ മോള് ?
ഫോൺ വിളിക്കാൻ തുനിഞ്ഞപ്പോഴാ ഓർത്തത് അമ്മയ്ക്ക് മൊബൈൽ ഫോണൊന്നുമില്ല . കഴിഞ്ഞതവണ പോയപ്പോൾ ഒരു ഫോൺ കരുതിയിരുന്നതാ. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് നോക്കിയ.
അപ്പോൾ ഭൈമി പറഞ്ഞു ആ ഫോൺ അവൾ ഫ്ലാറ്റിൽ തൂപ്പുതുടയ്ക്ക് വരുന്ന ബായിക്ക് കൊടുക്കാന്നു പറഞ്ഞത്രേ. അമ്മയെ പലതവണ ഫ്ലാറ്റിലോട്ട് വിളിച്ചിട്ടും വരാഞ്ഞപ്പോഴാ ഒരു ബായിയെ ജോലിക്കെടുത്തത്. അമ്മവന്നിരുന്നേൽ ആ ഫോൺ അമ്മയ്ക്ക് കിട്ടിയേനേ.
ലാൻഡ് ലൈനിൽ വിളിക്കാം.
‘നിങ്ങൾ വിളിച്ച നമ്പർ ഇപ്പോൾ നിലവിലില്ല’ ബി എസ് എൻ എൽ കാരും കൈയൊഴിഞ്ഞു.
ഇനീപ്പോ വിഷ് ചെയ്യാനെന്താ മാർഗ്ഗം. അയല്പക്കക്കാരുടെ ഫോൺ നമ്പർ സേവ് ചെയ്തിട്ടില്ല.
കഴിഞ്ഞതവണ ഒരു കോംപ്ലക്സ് കാരേയും കൊണ്ടുവന്ന ബ്രോക്കർ കുട്ടപ്പനെ വിളിക്കാം. അവർ കിട്ടുന്നവിലയ്ക്ക് അന്നതെടുക്കാൻ തയ്യാറായതാ. പറഞ്ഞിട്ട് കാര്യമില്ല. ‘അമ്മ അമ്പിനും വില്ലിനും അടുത്തില്ല. അച്ഛന്റെ കുഴിമാടത്തിനടുത്തുതന്നെ കിടക്കണംപോലും .ഓരോ സെന്റിമെന്റ്സ് !
കുട്ടപ്പന്റെ മൊബൈൽ നമ്പർ സേവ് ചെയ്തിട്ടിട്ടുണ്ട്. കുറേക്കാലം മുൻപ് അയാൾ കുറേതവണ വിളിച്ചിരുന്നു. അപ്പോൾ എന്തോ തിരക്കായിരുന്നു. അതുതന്നല്ല അമ്മയുടെ കാലം കഴിയാതെ കുട്ടപ്പനെക്കൊണ്ട് ഗുണമൊന്നുമില്ലല്ലോ. അതുകൊണ്ട് തിരിച്ചുവിളിക്കാനും പോയില്ല. ബന്ധുക്കളോടൊന്നും വലിയ അടുപ്പമില്ലാത്തതിനാൽ അവരുടെ നമ്പറുകൾ കൈയിൽ ഇല്ലതാനും.
കുട്ടപ്പന്റെ മൊബൈൽ ബെല്ലടിച്ചു.
“കുട്ടപ്പാ, ഇത് ഞാനാ ..ഷങ്കർ കുറ്റി … അരിയില്ലേ..
തെക്കുമ്പാട്ടെ… “
“മനസ്സിലായി ശങ്കരൻകുട്ടി മൊതലാളി … എന്താണ് മൊതലാളി ഇപ്പൊ “
“സോറി കുട്ടപ്പാ നീ കുറേക്കാലം മുൻപ് എന്നെ വിളിച്ചിരുന്നു, തിരക്കായിരുന്നു .. വിളിക്കാൻ പറ്റിയില്ല “
“അത് ഒന്നൊന്നര വർഷം മുമ്പല്ലേ … സാരമില്ല മൊതലാളി “
“എനിക്കൊരു ഹെല്പ് വേണം കുട്ടപ്പാ. അമ്മേ വിളിച്ചിട്ട് കിട്ടുന്നില്ല .. നീയൊരു കാര്യം ചെയ്യ്… സമയംകിട്ടുമ്പോ വീട്ടിലോട്ടു ചെന്നിട്ട് എനിക്കൊരു മിസ്സ്ഡ് കോൾ താ … ഞാൻ തിരിച്ചുവിളിക്കാം..ഇന്ന് മദേഴ്‌സ് ഡേ അല്ലേ ? ഒന്ന് വിഷ് ചെയ്തുകളയാം ഹ ഹഹ “
“ശരി മൊതലാളി”
“ഇന്നുതന്നെ വേണം … ഇല്ലേ ഡേ കഴിഞ്ഞുപോകും … ന്ഹാ പിന്നെ നിന്റെ ഫോണിൽ വാട്ട്സ് ആപ്പുണ്ടോ ?”
“ഉണ്ട് “
“ഗുഡ്. എങ്കിൽ നീ ഏതെങ്കിലും ബേക്കറീന്ന് ഒരു വലിയ കേക്ക് മേടിച്ചോ… എന്നിട്ട് അമ്മേ അതിന്റെ മുന്നിലിരുത്തി രണ്ടൂന്നു ഫോട്ടോയും എടുത്തോ …
കത്തികൊണ്ട് മുറിക്കുന്ന രീതിയിൽ വേണം കേട്ടോ …എന്നിട്ട് എനിക്ക് അയച്ചുതാ ..ഫേസ്ബുക്കിൽ പോസ്റ്റാനാ “
ഹോ സമാധാനമായി.. ഇതാണ് വികസനം .നെറ്റും വാട്സാപ്പും ഒക്കെ വന്നൊണ്ട് എന്തൊരു സൗകര്യമാ.
അമ്മയുടെ ഫോട്ടോയ്ക്ക് പത്തഞ്ഞൂറു ലൈകും പത്തിരുനൂറ്‌ കമെന്റും കിട്ടുന്നതോർത്ത് കുളിരുകോരുന്നു.
വേണമെങ്കിൽ ഫോട്ടോ ഡിസൈനറുടെ അടുത്തുകൊടുത്ത് അമ്മയുടെകൂടെ ഞങ്ങളും നില്ക്കുന്ന പോലാക്കാം.
വളരെപ്പെട്ടെന്നാണ് കുട്ടപ്പന്റെ വാട്സാപ്പ് മെസ്സേജ് വന്നത്.മൂന്ന് ഫോട്ടോകൾ
അല്പം വളർന്നുപൊങ്ങിയ തെങ്ങിന്റെയും, കരിഞ്ഞുണങ്ങിയ മാറാമ്പിന്റെയും, മണ്ടചീഞ്ഞ വാഴയുടെയും കരിമ്പിന്റെയും നടുക്കൊരു വലിയ കേക്ക്.
കൂടെ ഇങ്ങിനെയെഴുതിയിരുന്നു
”അമ്മ മരിച്ചുപോയിട്ട് വർഷം ഒന്നര കഴിഞ്ഞു. അന്ന് ഞാൻ പലതവണ വിളിച്ചത് ഇത് പറയാനായിരുന്നു. കേക്കിന്റെ പൈസാ മൊതലാളി തരണ്ടാ. അവരുടെ ഉപ്പുംചോറും ഞാൻ കുറേ ഉണ്ടതാണ്’
RELATED ARTICLES

Most Popular

Recent Comments