Tuesday, April 30, 2024
HomeLiteratureഓർമ്മപ്പൂക്കൾ.. (കഥ)

ഓർമ്മപ്പൂക്കൾ.. (കഥ)

ഓർമ്മപ്പൂക്കൾ.. (കഥ)

ഷജി. (Street Light fb group)
ഭാര്യയുടെ ഡിഗ്രി ഫൈനൽ എക്സാം മഞ്ചേരി എൻ എസ് എസ് കോളേജിലാണെന്നറിഞ്ഞപ്പോൾ തന്നെ മനസ്സിലൊരു മോഹപ്പക്ഷി ചിറകടിച്ചു പറന്നുപോയപോലെ …!! പ്രെഗ്നൻസിയയുടെ തളർച്ചയിലും ഞാൻ പഠിച്ച കോളേജ് കാണാനുള്ള മൂഡിൽ അവളും ഉത്സാഹത്തിലായിരുന്നു ..പണ്ട് ബസ്സിറങ്ങി ഓടിച്ചാടി നടന്നിരുന്ന കോവിലകം കുന്നിലേക്കു സെക്കൻറ് ഗിയറിൽ ഇരമ്പിമൂളുന്ന ബൈക്കിൽ പ്രിയതമയുടെ ഇറുകിപ്പുണരലിൽ ഒരു യാത്ര ..പണ്ടത്തെ യുവത്വത്തിന്റെ സ്വപ്ന സാക്ഷാത്കാരം …!!
വഴിയോരങ്ങളിൽ പുൽപ്പരപ്പുകളിൽ അന്നും ഇന്നും മാറ്റമില്ലാതെ കടുംമഞ്ഞയിൽ വിടർന്നു നിൽക്കുന്ന കോളാമ്പിപ്പൂക്കൾ ..അവസാനം കുത്തനെയുള്ള സ്റ്റെപ്പുകൾ ..അതുകഴിഞ്ഞു ക്ലാസ് കട്ടുചെയ്തു കാന്റീനിലെ ചായയും പരിപ്പുവടയുമായി സൊറപറഞ്ഞിരിക്കുന്ന റോഡിയോസ്റ്റേഷൻ നിലയത്തിന് അതിരുകൾ തീർത്ത പരന്ന കരിമ്പാറകൾ ചുറ്റി ബൈക്ക് നേരെ മെയ്ൻ കവാടത്തിനരുകിൽ ഒതുക്കി അവളുമായി നീളൻ വരാന്തയിലൂടെ ഒന്നുകറങ്ങി….കാലം കൊഴിച്ചിട്ട ഓർമ്മപ്പൂക്കൾ പോലെ ആ ക്യാമ്പ്‌സിൽ അരുണിമ ചാർത്തി ഗുൽമോഹർ പൂക്കൾ ചിതറിക്കിടക്കുന്നു,ഒരിക്കൽ കുസൃതികളുടെയും പൊട്ടിച്ചിരികളുടെയും ഇറ്റു വീണ കണ്ണീർ തുള്ളികളുടെയും ബാക്കിവെച്ച ഇത്തിരി ഓർമ്മശകലങ്ങൾ പോലെ തോന്നിച്ചു….പണ്ട്
നാലുകെട്ടുപോലുള്ള ക്യാമ്പസ് മുറ്റത്തു മഴവെള്ളം തീർത്ത തടാകവും നോക്കി എത്രനേരം അങ്ങനെ നടന്നിട്ടുണ്ട് …അവളെ പരീക്ഷ ഹാളിലേക്ക് വിട്ടു വെറുതെ ആ ചതുരം വരാന്തയിലൂടെ ഒന്ന് നടന്നു …കരിങ്കൽ ചുവരുകൾ തണൽ പടർത്തിയ ലാബ് റൂമിന്റെ മൂന്നാമത്തെ ക്‌ളാസ്സിനുമുന്നിൽ വെറുതെ ഒന്ന് കണ്ണടച്ച് നിന്ന് നീണ്ട വര്ഷങ്ങള്ക്കപ്പുറത്തു നിന്നും കൂക്കിവിളികളുടെയും പൊട്ടിച്ചിരികളുടെയും അലയൊലികൾ കാതിലേക്കു അവിടെനിന്നും ഓർമ്മയുടെ വിശാലമായ ഇടവഴിയിലൂടെ പൊടിമീശയുമായി വെള്ള ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടുമിട്ടു കൈകളിൽ രണ്ടുമൂന്നു നോട്ടുബുക്കുകളും പിടിച്ചു സ്റ്റെപ്പുകൾ കയറിവരുന്ന മെലിഞ്ഞ ഞാൻ….ഓർമ്മകൾ എത്രവേഗമാണ് പിന്നിലേക്കോടുന്നത് …നീണ്ട രണ്ടു വര്ഷം രണ്ടു മണിക്കൂറിലേക്കു മനസ്സിന്റെ കാൻവാസിലേക്ക് കാലം എത്രവേഗമാണ് പകർത്തിയത് …നീണ്ട ലക്ച്ചർ ക്ലാസ്സിലൂടെ ചരിത്രത്തിന്റെ ബാക്കിപത്രങ്ങൾ മനസ്സിലേക്ക് പകർന്നു തന്ന സ്നേഹസ്വരൂപരായ അധ്യാപകൻമാർ ….കവിതയുടെ വൃത്തവും അര്ഥവുമൊന്നുമറിയാതെ മനസ്സിലേക്ക് വാക്കുകളെ കുത്തിനിറച്ച ഇഗ്ളീഷ് മിസ് …രാഷ്ട്രീയ കലാലയത്തിന്റെ ചേരിതിരിവിൽ നടന്ന കൂട്ടത്തല്ലിൽ അകപ്പെട്ട ഞങ്ങളുടെ ക്‌ളാസിൽ ഒരു കവചം പോലെ..വാതിൽ തടഞ്ഞു നിന്ന സോഷ്യൽ സ്റ്റഡീസ് ടീച്ചർ ശുഷമാ മിസ്സ്…രണ്ടുക്ലസ്സെയുള്ളുവെങ്കിലും ക്യാമ്പ്‌സ്‌ രാജാക്കന്മാരായ സ്നേഹം ഉള്ളിലൊളിപ്പിച്ച ഡിഗ്രി ചേട്ടന്മാരും ചേച്ചികളും ….ഇന്നത്തെ പ്രണയമല്ലായിരുന്നു അന്ന്
..വിവാഹം എന്ന ഉടമ്പടിയിൽ ഊന്നിയ പ്രണയം …വിവാഹപ്രായം ആവാത്തതിനാൽ ഞങ്ങളുടെ ബാച്ചിൽ അത്തരം പ്രണയമൊന്നും പൂവിട്ടിരുന്നില്ല ..പക്ഷെ ഉള്ളിൽ പല ഇഷ്ടങ്ങളും നിറച്ചു നിശബ്ദമായി പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെ വായ്നോട്ടം എന്ന കലാമേളത്തോടെ അനുഗമിച്ചിരുന്നു ഞാനടക്കം ..!!
അവസാന എക്സാം വാരിവലിച്ചെഴുതി പേപ്പർ കൊടുത്തു ഇറങ്ങിയത് എന്റെ ക്‌ളാസ്സിലെ സ്മിതയും ഞാനും ഒരുമിച്…അവൾ ഡാ നില്ക്കു ഞാനും വരുന്നു ..നമുക്ക് കാന്റീനിൽ നിന്നൊരു ചായകുടിച്ചു പതുക്കെ നടന്നു പോവാം …ബസ്സിന്‌ സി ടി ക്കുള്ള രണ്ടുരൂപയും പോക്കറ്റിൽ ഉള്ള ഞാൻ ഒരുനിമിഷമൊന്നു തരിച്ചുനിന്നു …എന്നെ അവൾക്കറിയാവുന്നതു കൊണ്ടാവാം ആദ്യമേ അവൾ പറഞ്ഞു ക്യാഷ് ഞാൻ കൊടുത്തോളാമെന്ന്… ഒരു ചമ്മിയ ചിരിയുമായി ഞാൻ അവളോടൊന്നിച്ചു ആ നീളൻ വരാന്തയിലൂടെ..ഇനിയൊരിക്കലും ചിലപ്പോൾ കാണുമെന്നുപോലുമറിയാത്തൊരു പെൺകുട്ടിയോടൊപ്പം…മനസ്സിൽ ഇഷ്ടങ്ങളുടെ തിരത്തള്ളലിൽ അവളുടെ മധുരമായ സംസാരത്തിൽ മതിമറന്നു കാന്റീനിലെ മരബെഞ്ചിൽ ഞാനും അവളും മാത്രം ..പക്ഷെ ഒന്നും പറയാതെ ചായകുടിച്ചുകൊണ്ടിരിക്കുന്ന എന്നോടവൾ പതുക്കെ ചോദിച്ചു ഡാ എന്നെ നിനക്കിഷ്ടമാണോ എന്ന് …ഞാൻ ഒരു ചമ്മലോടെ അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു …എന്റെ കണ്ണുകളിലേക്കു നോക്കി അവൾ പറയാൻ തുടങ്ങി …അവൾ ഞാൻ പോവുന്ന ബസ്സിൽ തന്നെയാണ് വരാറുള്ളത് …എന്റെ സ്റ്റോപ്പിന്റെ നാല് സ്റ്റോപ്പ് മുന്നെയിറങ്ങുന്നവൾ ..
ക്ലാസ് മേറ്റ് എന്നതിലപ്പുറം അവളുടെ വലെഴുതിയ ഉണ്ടക്കണ്ണുകളായിരുന്നു അവളെന്റെ ഓർമ്മയിൽ ..ഡാ എന്നെങ്കിലും നീ എന്നെ ഇഷ്ടമാണോ എന്നൊന്ന് ചോദിക്കുന്നതും കൊതിച്ചിരുന്നിട്ടുണ്ട് ..അവളുടെ കൈകളിൽ തോണ്ടിയുള്ള ചോദ്യം എന്നെ ഓർമ്മകളിൽ നിന്നുണർത്തി …ചായയുടെ ക്യാഷ് കൊടുത്തു അവൾ എന്റെ കൈപിടിച്ച് പുറത്തേക്കു നടന്നു.. പുറത്തെ സ്റ്റെപ്പിറങ്ങാതെ മെയിൻ റോഡിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി…രണ്ടു വർഷത്തെ ചിരികളും തമാശകളും …എല്ലാം ഞങ്ങൾ പറഞ്ഞു ചിരിച്ചു ..ആ വാകച്ചുവട്ടിലെ സിമന്റു ബെഞ്ചിൽ കുറച്ചിരിക്കാമല്ലേ…ഇനി ഇങ്ങനെ ഒരു ഇരുത്തം കിട്ടില്ലല്ലോ…അതും ഇയാളുടെ കൂടെ ..എന്റെ കൈകൾ പിടിച്ചവൾ അതിന്മേൽ പതുക്കെ ചുംബിച്ചു ..ഞെട്ടി തരിച്ച ഞാൻ ചുറ്റും നോക്കി ആരും കണ്ടില്ല ..എല്ലാവരും സ്റ്റെപ്പിറങ്ങി പോവുകയാണ്…ഭയത്തോടെയാണെങ്കിലും ഞാനവളോട് ആ ഉണ്ടക്കണ്ണുകളിൽ ഒരുമ്മ വെക്കട്ടെ എന്ന് ചോദിച്ചു നാണത്താൽ കൂമ്പിയടഞ്ഞ അവളുടെ കണ്ണുകളിൽ ഞാൻ അമർത്തിച്ചുംബിച്ചു …
നിറഞ്ഞ കണ്ണുകളോടെ എന്നെ ചേർന്നിരുന്നു കുറച്ചു കരഞ്ഞു ..പിന്നെ കണ്ണും മുഖവും തുടച്ചു പുഞ്ചിരിയോടെ പറഞ്ഞ വാക്കുകൾ..
മതി ഈ ഓർമ്മകൾ മറക്കില്ലൊരിക്കലും എന്നെങ്കിലും കണ്ടുമുട്ടുംവരെയെങ്കിലും ഈ ഗുൽമോഹർപൂക്കൾ ഇവിടെ നമുക്കായി വിരിഞ്ഞു വീണുകൊണ്ടേയിരിക്കും …സത്യം വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വാകപൂക്കൾ ഇപ്പോഴും വിടർന്നു കൊഴിയുന്നു ..ഒരിക്കലും കാണാത്ത എന്റെ നല്ലകൂട്ടുകാരിക്കുവേണ്ടി ..എനിക്കുവേണ്ടി ….കൊഴിഞ്ഞുവീണ പൂവിതൾ ഒന്നെടുത്തു തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്കായിരുന്നു ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ എന്റെ മുഖത്തേക്ക് നോക്കിച്ചിരിക്കുന്ന എന്റെ ജീവന്റെ പാതിയുടെ മുഖത്തേക്ക്..
കണ്ണിൽ നിറഞ്ഞ നീര്മിഴികൾ അവളിൽ നിന്നൊളിക്കവേ…അവൾ ചോദിച്ച ചോദ്യം എന്നെ ഇന്നും കുളിരണിയിക്കുന്നു ..ഇക്കയുടെ പഴയകൂട്ടുകാരി സ്മിത ഞാൻ തന്നെയല്ലേ എന്ന്…! അവൾക്കറിയാം എന്റെ വാക്കുകളിലൂടെ എന്റെ കൂട്ടുകാരിയെ …ഇനിയെന്നെങ്കിലും വീണ്ടും ഈ ഗുൽമോഹർ ചുവട്ടിൽ ഓർമ്മകൾ കൂട്ടിനെത്തുന്ന ഒരു ദിവസം കിട്ടുമോ അറിയില്ല ..ഞാനും അവളും തിരിച്ചിറങ്ങുമ്പോൾ ഗുല്മോഹറിന്റെ നേരിയ സുഖന്ധവുമായി ചെറിയൊരു കാറ്റ് ഞങ്ങളെ തഴുകി അപ്പോഴും വീശുന്നുണ്ടായിരുന്നു …പ്രിയകൂട്ടുകാരി ഒരുപക്ഷെ എവിടെയോ നീയും എന്നെകുറിച്ചോർക്കുന്നുണ്ടാവാം …
അല്ലെ ….?
RELATED ARTICLES

Most Popular

Recent Comments