Sunday, May 5, 2024
HomeLiteratureതൊഴിലാളി വർഗ്ഗത്തിന്റെ ഭാവി. (ലേഖനം)

തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി. (ലേഖനം)

തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി. (ലേഖനം)

ടി വി എം അലി. (Street Light fb group)
ലോകമെങ്ങുമുള്ള തൊഴിലാളികൾ സംഘ ശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് മെയ്‌ ദിനം ആഘോഷിച്ചു. എന്നാൽ അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ്‌ ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു എന്ന വസ്തുത കാണാതിരുന്നുകൂടാ . ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വസന്ത കാലം ഏതാണ്ട് അസ്തമിച്ചു കൊണ്ടിരിക്കുകയാണ് . വില പേശൽ ശക്തി ക്ഷയിച്ച മട്ടാണ്. ആഗോളവല്ക്കരണത്തിന്റെ
നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. നവ ലിബറൽ നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. കേരളത്തിലെ ഇന്നത്തെ തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്? വിദ്യാസമ്പന്നരായ ലക്ഷോപലക്ഷം യുവാക്കളുടെ അവസ്ഥ പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എഞ്ചിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു
കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് പതിനായിരം  രൂപ പോലും പ്രതിമാസം ലഭിക്കുന്നില്ല.  രാപകൽ സേവനം നടത്തുന്ന നഴ്സുമാർക്ക് അയ്യായിരം രൂപ പോലും  സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നല്കുന്നില്ല. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക ഏന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളം കിട്ടുന്നില്ല.
അതുപോലെ തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം  ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക് ,  തുല്യ ജോലിക്ക് തുല്യവേതനമോ റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. മുപ്പതും നാൽപ്പതും വർഷം സേവനം നടത്തി വിരമിച്ചു കഴിഞ്ഞാൽ ശിഷ്ട കാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ  ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. മുപ്പത് വർഷം മുമ്പ് 150 രൂപ പ്രതി മാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർക്ക് ഇന്നും നാലക്ക വേതനം കിട്ടുന്നില്ല. ഏഴാം ശമ്പളകമീഷന്റെ പരിധിയിൽ പോലും അവരെ ഉൾപ്പെടുത്തിയില്ല.
ചുരുക്കി പറഞ്ഞാൽ കേന്ദ്ര – സംസ്ഥാന  സർക്കാരുകൾ പോലും ചൂഷക വ്യവസ്ഥിതി നിലനിർത്താൻ മത്സരിക്കുകയാണ്.  ഈ സാഹചര്യത്തിൽ സ്വകാര്യ മേഖല കൊടിയ ചൂഷകരായി മാറാതിരിക്കുമോ?  താൽക്കാലിക ജീവനക്കാർ, പുറംകരാർ ജീവനക്കാർ, ദിവസ വേതനക്കാർ എന്നിങ്ങനെയുള്ള നിയമനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പബ്ലിക് സർവീസ് കമ്മീഷനും ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.
മറ്റൊരു കാര്യം സുരക്ഷിതരെന്ന് കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ്.ബി.ഐ.യെ പോലെയുള്ള വലിയ പൊതു മേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. ബാങ്കുകളുടെ ലയനത്തെ തുടർന്ന് നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറക്കുകയാണ്. നിർബന്ധിത വിരമിക്കൽ ഭീഷണി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. പൊതുമേഖലയെ വിഴുങ്ങാൻ റിലയൻസ് മണി എന്ന കുത്തക കമ്പനി വല വിരിച്ചു കഴിഞ്ഞു.  മറ്റു ബാങ്കുകളിലും കുത്തക കമ്പനികളുടെ നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം. അതുപോലെ ഏതെങ്കിലും കുത്തക കൊറിയർ കമ്പനി തപാലിനെ വിഴുങ്ങുന്നതിനും തക്കം പാർത്തിരിക്കുകയാണ്. പോസ്റ്റൽ പേമെന്റ് ബാങ്കിലൂടെ കയറിക്കൂടാനാണ് അവരുടെ ശ്രമം. ഇന്ത്യൻ റെയിൽവേയും ബഹു രാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലേക്ക് നീങ്ങി തുടങ്ങി.
ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്.
ഈ സ്ഥിതി മറ്റു പൊതു മേഖലാ സ്ഥാപനങ്ങളെയും കാത്തിരിക്കുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതി വിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയായിരുന്നു.ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്കോ തൊഴിലാളി വർഗ്ഗ രാഷ്ടീയം കൈകാര്യം ചെയ്യുന്നവർക്കോ സാധിച്ചില്ല .
ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവർ മുന്നോട്ടു വരണം. പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ്‌ ഇനി അഭികാമ്യം. ജനങ്ങളുടെ സ്വൈര ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതിയോട് മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ.
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം  അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി ഇരുളടഞ്ഞതാവും.
RELATED ARTICLES

Most Popular

Recent Comments