Monday, May 6, 2024
HomeLiteratureഎന്തൊരു കാലം. (കഥ)

എന്തൊരു കാലം. (കഥ)

എന്തൊരു കാലം. (കഥ)

വേണു ‘നൈമിഷിക’. (Street Light fb group)
കാലം നെയ്തെടുത്ത ചുളിവുകളിൽക്കൂടെ വിയർപ്പുകണങ്ങൾ ചാലുകീറി ഒഴുകുന്നു .. പഴകിയ ബാഗ് അടക്കിപ്പിടിച്ച് അകലേക്ക് നോക്കിനില്ക്കുന്ന വൃദ്ധരൂപം . വാർദ്ധക്യത്തിന്റെ ആശങ്കകളും ആകുലതകളും ആ ബാഗിൽ ഞെങ്ങിഞെരുങ്ങിയിരുന്നു .. പുറത്തോട്ടു തള്ളിനിൽക്കുന്ന പഴകിയ ഷിർട്ടിന്റെ തുമ്പ് .. സിബ്ബ് ഇല്ലാത്തതിനാൽ സേഫ്റ്റി പിൻ കൊണ്ട് ഇരുവശവും ബന്ധിച്ചിരിക്കുന്നു .. പ്രായമേറെച്ചെന്ന ഒരു വടി ഒന്നിപ്പിടിച്ചിരിക്കുന്നു.. വടിക്കും ശരീരത്തിനും ഒരേ ഭാരമായതിനാൽ വടി ഒടിയുമെന്ന പേടിവേണ്ടാ .. എങ്കിലും ഇടയ്ക്കിടെ വടി മുകളിലേക്കെടുത്തു തഴുകി നോക്കുന്നുണ്ട്.. കുഴിഞ്ഞകണ്ണുകളിൽ പ്രകാശം എന്നേ നഷ്ടപ്പെട്ടിരുന്നു ..
ഏറെനേരം നിന്നതുകൊണ്ടാവാം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു .. ഇരിക്കാൻ ഇരിപ്പിടങ്ങൾ കാലിയില്ല .. ദയനീയമായ നോട്ടം കണ്ടപ്പോൾ ഞാൻ ഇരിപ്പിടം കാലിയാക്കിക്കൊടുത്തു .. നന്നേ മുഷിഞ്ഞ വേഷമായതുകൊണ്ടാവാം .. എന്റെകൂടെയിരുന്നവർ ഓരോരുത്തരായി എന്തൊക്കെയോ അത്യാവശ്യങ്ങൾ ഭാവിച്ച് എഴുന്നേറ്റുപോയി .. ഞെങ്ങിഞെരുങ്ങിയിരുന്ന ഞങ്ങൾ ഒഴിവാക്കിയ നാലാൾക്കിരിക്കാവുന്ന സീറ്റ് വിശാലമായി നീണ്ടുനിവർന്നു കിടന്നു.. അനുഭവങ്ങളുള്ള ആളല്ലേ .. അയാൾ അവിടെ ഇരുന്നില്ല .. കുറച്ചുദൂരം നടന്നുചെന്ന് പത്രക്കാരന്റെയടുത്ത് ഭിത്തിയിൽ ചാരിയിരുന്നു.. പത്രക്കാരൻ വില്പനയുടെ ഇടയിലും അയാളെ ശ്രദ്ധിച്ചു.
“ശുക്കൂറേ .. ഒരു ചായേന്റെ ബെള്ളം ഇബടെ കൊടീ .”
വൃദ്ധൻ വേണ്ടായെന്നർത്ഥത്തിൽ തലയാട്ടുന്നുണ്ടായിരുന്നു.
“ങ്ങള് കുടിക്കി . “
ഷുക്കൂർ കൊണ്ടുവെച്ച ചായ ഊതിയൂതി കുടിക്കുന്ന വൃദ്ധനെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല .
ഞാൻ അങ്ങോട്ടു നടന്നു . മനസ്സിൽ ദയയുണ്ടായിട്ടല്ല ..
കരുണ ലവലേശം ഇല്ല.. എങ്കിലും …
എത്ര പെട്ടെന്നാണയാൾ ചായ കുടിച്ചത് .. ? പരവേശം ഉണ്ടായിരുന്നിരിക്കാം .. ആരാണയാൾ ?
വൃദ്ധൻ ഒരുവശത്തേയ്ക്ക് ചാഞ്ഞിരുന്നു.. എന്റെ ബസിന് ഇനിയും സമയമുണ്ട് .. അയാളെക്കുറിച്ച് അറിയാനൊരു വെമ്പൽ ..
ഞാൻ പത്രക്കാരന്റെയടുത്തു ചെന്ന് വിശേഷങ്ങൾ തിരക്കി.. കൂട്ടത്തിൽ ആംഗ്യഭാഷയിൽ അയാൾ ആരാണെന്നു പത്രക്കാരനോട് തിരക്കി..
“ഞമ്മക്കറിയില്ല ന്റെ റബ്ബേ .. “
കൊണ്ടോട്ടി .. കൊണ്ടോട്ടി .. കിളി ചിലയ്ക്കുന്നു..
ബസ് വന്നു.. ഈ ബസിനു പോയെങ്കിലേ നേരത്തും കാലത്തും ഓഫീസിൽ എത്തൂ …ഞാനോടി ബസിൽ കയറി ..
കാലത്തു സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സത്യത്തിൽ അയാളെക്കുറിച്ചു വീണ്ടും ഓർത്തത് .. അയാളിരുന്ന മൂല ഒഴിഞ്ഞുകിടന്നിരുന്നു.. പത്രക്കാരന്റെ അടുത്തേയ്ക്ക് നടന്നു..
“നോക്കീ .. ന്നലെ ഇബടെ കണ്ട മനുഷേനാ .. ഇന്നിപ്പോ പത്രത്തി പടായി ..” പത്രക്കാരൻ ശൂന്യമായ മുഖത്തോടെ പറഞ്ഞു..
‘വൃദ്ധസദനത്തിലേക്കു വീട്ടുകാർ വണ്ടികയറ്റിവിട്ട വൃദ്ധൻ ബസ് സ്റ്റാൻഡിൽ കിടന്നു മരിച്ചു.. ‘
എന്റെ കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണുനീർ പൊഴിഞ്ഞോ ? ഏയ് .. ഇല്ല .. എന്നും പത്രങ്ങളിൽ ഇതൊക്കെത്തന്നെ .
RELATED ARTICLES

Most Popular

Recent Comments