Thursday, April 25, 2024
HomeLiteratureഗർഭ കന്യക. (കഥ)

ഗർഭ കന്യക. (കഥ)

ഗർഭ കന്യക. (കഥ)

സുജാത ശിവൻ. (Street Light fb group)
കൂട്ടിക്കിഴിച്ച കണക്കുകൾക്കപ്പുറം വട്ടപ്പൂജ്യം ബാക്കിയായതുപോലെ ഓർമ്മത്താരുകൾക്കപ്പുറം വലിയൊരു ശൂന്യത മിച്ചമാക്കി എങ്ങോട്ടെന്നില്ലാതെ !
പക്ഷേ ഇപ്പോളെന്തോ ശുഭപ്രതീക്ഷ !
ഓർമ്മകൾ പിറകിലേയ്ക്ക്,
എതിരേ ചീതത്തള്ള ചെറുതല്ലാത്ത ഒരുകെട്ട് ഓലയും മടലും തലയില് വച്ച് ഏന്തിവലിഞ്ഞ് വരുന്നത്കണ്ട് വേലിയരികിലേയ്ക്ക് നന്നായൊതുങ്ങിനിന്നുകൊടുത്തു. വേലിയ്ക്കഭിമുഖമായി.
നീയെങ്ങോട്ടാ കൊച്ചെ ?
ആ കട വരേ പോണു.
തിരിഞ്ഞ് മറുപടിപറയുന്നേരം,കൈകൾ വെറുതെയെന്നോണം വയറിനുമുന്നിൽ പിണച്ചുപിടിച്ചിരുന്നു…
ഈ ചുമ്മാട് ഒന്ന് നേരേ വച്ചുതന്നേ, തല വേദനിയ്ക്കുന്നു.
ഒരു കൈകൊണ്ട് വിറക് പൊക്കാൻ സഹായിച്ച്,അത് നേരെ വച്ചുകൊടുത്തു.
ആ സമയമത്രയും എന്തോ മറയ്‌ക്കാനെന്നോണം ശ്വാസംഉള്ളിലേയ്ക്ക് വലിച്ചുപിടിച്ചിരുന്നു..
വാഴക്കച്ചി ചുരുട്ടിയുണ്ടാക്കിയ ചുമ്മാട് തലയുടെ മറുവശത്തേയ്ക്ക് ഊർന്നാണ് ഇരിയ്ക്കുന്നത്…തനിയേ വിറക് കെട്ട് തലയിലേറ്റിയപ്പോൾ ഊർന്നുപോയതാവും.
എടി പെണ്ണേ,ആ കോരേടെ വല്യപറമ്പില് പുല്ലും കാട്ടുപച്ചയും ചെത്താനൊണ്ട്,നാലഞ്ചുപേര് വേണോന്ന്‌പറഞ്ഞു.ഒരാഴ്ചയ്ക്കൊള്ള പണിയൊണ്ട്.നീയാ ഭാസ്കരന്റെ കെട്ട്യോളേം അവന്റെ തള്ളേനേംവിളിച്ചോണ്ട് വന്നേര്,
ആ,,ഞാമ്പറഞ്ഞേക്കാം, താല്പര്യമില്ലാതെതന്നെ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.
എനിയ്ക്ക് മേലാ,ഞാൻ വരൂല,
നിനക്കെന്തുപറ്റി ?
ഒന്നൂല,ഒര് ദേഹനൊമ്പരം,ഇനിയും ചോദ്യങ്ങൾ നേരിടാൻ നിൽക്കാതെ വേഗം നടന്നു.
എന്നിട്ടും പുറകില് നിന്ന് ചോദ്യമെത്തി.
നിന്നെക്കണ്ടിട്ട് എന്തോ പന്തികേടുണ്ടല്ലോ ?
നിന്റെയാ ഇഷ്ടക്കാരനെ ഇപ്പൊ പണിയ്‌ക്കൊന്നും കാണണില്ലല്ലോ ?
ഓഹ്,നാശം,പോണൂല,തലേല് ഭാരം വച്ചും ആ സമയവും കാര്യമന്വേഷിയ്ക്കുന്ന അവരെ മനസ്സിൽ പ്രാകി ഇടവഴിയിലൂടെ വേഗം നടന്നു…
മനസ്സ് വല്ലാതെ നീറുന്നുണ്ട്…മനംപിരട്ടി വരുന്നപോലെ..ഒരു തളർച്ചയും.വീണുപോകുമോ ?
കിളിഞ്ഞിപ്പത്തലിൽ മുറുകെപ്പിടിച്ചുനിന്നു.
എവിടുന്നൊക്കെയോ ചീവീടുകളുടെ ചെവിട് തുളയ്ക്കുന്ന കരച്ചിൽ കേട്ടിട്ടാണ് രണ്ടു കൊച്ചുകുട്ടികൾ രണ്ട് ചെറിയ കമ്പുകളുടെയറ്റത്ത് ചക്കയരക്ക് ഒട്ടിച്ചുവച്ച് അവയെ ഒട്ടിച്ചുപിടിയ്ക്കാൻ വളരെ ശ്രദ്ധയോടെ ചീവീടുകളുടെ കരച്ചിൽ കേൾക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നു.
അവരുടെ ആ പമ്മിപ്പതുങ്ങിയുള്ള നടപ്പ് കണ്ടപ്പോൾ അറിയാതെ അവളുടെ കൈകൾ പുറത്തറിയാതെ,മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ മറച്ചുപിടിച്ചിരിയ്ക്കുന്ന അടിവയർ ലക്ഷ്യമായി നീങ്ങി..
വിരലുകളിൽ വാത്സല്യംനിറഞ്ഞതുപോലെ പതിയെത്തലോടി…
ഒപ്പം,പെട്ടെന്നൊരു ഞെട്ടലിൽ കൈ പിൻവലിച്ചു..വല്ലാതെ കിതയ്ക്കുന്നു..ഭയത്തിൽ നെഞ്ചിന്റെ മിടിപ്പ്,ആസന്നമായ മരണം പോലെ !
ചീതത്തള്ളയുടെ ആ ചോദ്യത്തിൽ ഒരു വലിയ ശരിയുണ്ട്,കണ്ണുകളിലും!
പ്രണയത്തിന്റെ,ചോരത്തിളപ്പിന്റെ ശരികളിൽ,ഇഷ്ടക്കാരന്റെ കാലടികളിൽ കാണിയ്ക്കയായത് മാനവും,
കൊച്ചുകുടിലിൽ,നന്നേ ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ട രണ്ടുമക്കളെ നോവാതെ വളർത്തിയ അപ്പന്റെ അഭിമാനവും.
ആരോ, എപ്പളോ,ഏതാനുംവർഷംമുമ്പ് നെല്ലുകൊയ്തുനിന്നപ്പോൾ പറഞ്ഞുകേട്ടതാണ്,,,പടിഞ്ഞാറുനിന്നും പണിയ്ക്ക് വന്ന പാറുത്തള്ള ഈണത്തിൽ നീട്ടിപ്പാടിയ നാടൻപാട്ട് കേട്ട്,അന്ന് താനും ഒരുപാട് ചിരിച്ചു..
അന്നിതുപോലെ ഒരു ദുരവസ്ഥ തനിയ്ക്കുണ്ടാകുമെന്ന്‌ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല…
പാതിവെന്ത പച്ചക്കപ്പളങ്ങ നല്ലതാത്രേ,ഇരുചെവി അറിയില്ലാ പോലും ! മനസ്സുതേങ്ങുന്നുണ്ട്,എങ്കിലും നടന്നു…
കടവിലെ സൗദാമിനിപ്പാപ്പയുടെ വീട്ടിൽ നിറയെ കപ്പളങ്ങ കണ്ടിരുന്നു..ചോദിച്ചിട്ട് അത് രണ്ടെണ്ണം കുത്തിയെടുക്കണം..കൂടെ പുഴവക്കിലെ കൈതക്കൂട്ടത്തിൽ കൈതച്ചക്കയുണ്ടൊന്നും നോക്കണം…
കപ്പളങ്ങ ചോദിച്ചപ്പളേ പാപ്പ കളിയാക്കി,
എന്തുപറ്റീ ?
നിന്നോട് നേരത്തേ ഒരുപാട് ഉള്ളപ്പോ കൊണ്ടുപോയി,തോരനോ,കറിയോ,വയ്ക്കാൻ പറഞ്ഞപ്പോ വേണ്ടായിരുന്നല്ലോ ?
പിന്നെന്താ ഇപ്പൊ ഒരു കൊതീ ?
ഗ്രാമീണശൈലിയിലെ പാപ്പയുടെ സംസാരംകേൾക്കാൻ നല്ല രസമാണ്,എങ്കിലും കൂടുതൽ സംസാരിയ്ക്കാൻ ശ്രമിച്ചില്ല.
കറിയ്ക്കൊന്നും കിട്ടീലന്ന് മാത്രംപറഞ്ഞൊപ്പിച്ചു..
അപ്പോളും ശ്വാസം ഉള്ളിലേയ്ക്ക് ശക്തിയായി വലിച്ചുപിടിച്ച്,വയർ ഇറക്കമുള്ള ബ്ലൗസിൽ ആലിലവയറാക്കി,ചെറിയ മുഴപ്പ് പുറത്തുകാട്ടാതെ !
രണ്ട്‌ വട്ടയില കൂട്ടി കപ്പളങ്ങയെടുത്തപ്പോൾ,മനംപിരട്ടിച്ചാടി,കൊറേ മഞ്ഞക്കയ്പുവെള്ളം.
കപ്പളങ്ങ കൊണ്ടുപോകാൻ കീറച്ചാക്കിൻറെ കഷ്ണവുമായിവന്ന പാപ്പയുടെ ചോദ്യമുണ്ടാകുന്നതിനുമുമ്പ്,പെട്ടെന്ന് പറഞ്ഞു,,
ചെന്നിക്കൊടിഞ്ഞിയാരുന്നു,(സൂര്യക്കൊടിഞ്ഞി),തലവേദനകൊണ്ട് ചത്തു,
ശർദ്ദിച്ചോണ്ട് ഇനിക്കുറയും.
പറഞ്ഞുതിരിഞ്ഞുനടക്കുമ്പോൾ പിന്നിലേയ്ക്ക് നോക്കിയതേയില്ല…
പുഴക്കരയിലെ കൈതക്കൂട്ടത്തിൽക്കണ്ട പിഞ്ചുകൈതച്ചക്ക ഒടിയ്ക്കാൻ,കൈതകൈകൾ തല്ലിയൊടിച്ച്,വകഞ്ഞകത്തേയ്ക്ക് കയറി ഒടിയ്ക്കാൻ ശ്രമിച്ചപ്പോൾ,അതിനിടയിലെവിടുന്നോ ശക്തിയിൽ ചീറ്റൽകേട്ട് പേടിച്ചുപോയി.
തന്റെ വാസസ്ഥലം കൈയേറാൻ ശ്രമം നടത്തുന്ന ശത്രുവിനെ തുരത്താനുള്ള താമസക്കാരൻ ഉടമസ്ഥന്റെ ശക്തമായ പ്രതിഷേധമാണ്,,,ഫണം വിരിച്ചുനിൽക്കുന്ന ശക്തനായ പ്രതിരോധി !
എങ്കിലും,അതിലും വലിയ അപകടത്തിലല്ലേ താൻ ?
ആ ചിന്ത ധൈര്യം പകർന്നു…അവന്റെ ദേഷ്യമടങ്ങിയിട്ടുണ്ടാവും എന്ന പ്രാർത്ഥനയോടെ,സർപ്പത്താൻമാരോട് പ്രാർത്ഥിച്ച്,കയ്യിലെ കിളിഞ്ഞിപ്പത്തൽകൊണ്ട് ശക്തിയിൽ കൈതക്കാട്ടിൽത്തട്ടി ശബ്ദമുണ്ടാക്കി.
പ്രാർത്ഥനയുടെ ഫലമെന്നോണം ഉടമസ്ഥൻ വേഗത്തിൽ പുറത്തേയ്‌ക്ക് ഇഴഞ്ഞിറങ്ങുന്നത് കണ്ട്,,എളുപ്പത്തിൽ കൈതച്ചക്കയൊടിയ്ക്കുമ്പോളും,അതിന്റെ ഇണയെങ്ങാൻ അവിടുണ്ടാകുമോയെന്ന് ഭയന്നിരുന്നു.
രാത്രി,
പാതിവെന്ത് വാട്ടിയ‌ പിഞ്ചുകപ്പളങ്ങ,മൂടച്ചട്ടികൊണ്ട് മൂടിയ,മൺചട്ടിയിൽ മാറ്റി,സുരക്ഷിതമായി അരകല്ലിന്റെ തറയിൽ വയ്ക്കുമ്പോൾ കാട്ടുന്ന കള്ളത്തരത്തിന്റെ ഭയാനകതയും,കുറ്റബോധവും മനസ്സ് തകർത്തുകൊണ്ടിരുന്നു…
മാറ്റിവച്ചില്ലെങ്കിൽ,അപ്പന് ചോറ്കലത്തിന്റെയും കറിച്ചട്ടിയുടെയും മൂടിതുറന്ന് നോക്കൽ ഒരു ദിനചര്യപോലെയാണ്,
എന്താണെന്നാണോ നിങ്ങള് ചിന്തിയ്ക്കണേ ?
അത് പണ്ടെന്നോ അമ്മയുടെ മരണശേഷം,അത്താഴം വിളമ്പി അപ്പനും അനിയനും കൊടുത്തുകഴിഞ്ഞപ്പോ,എനിയ്ക്ക് കഴിയ്ക്കാൻമാത്രം ഉണ്ടായിരുന്നില്ല.അപ്പൻ അതറിയാതെ കഴിച്ചുകഴിയുവേം ചെയ്തു.
കൈകഴുകിവന്ന അപ്പൻ കണ്ടത് ഇത്തിരിവറ്റുമാത്രം കഞ്ഞിവെള്ളത്തിൽ കലക്കി മോന്തുന്ന കൊച്ചുകുട്ടിയായ എന്നെ !
അന്ന് കണ്ണീര് തുടച്ച് ചേർത്തുപിടിച്ചപ്പോ അപ്പൻ വിങ്ങിപ്പൊട്ടി…
അന്ന് പക്ഷേ,എനിയ്ക്ക് ഒട്ടും വിശപ്പുണ്ടായിരുന്നില്ല…പക്ഷേ അപ്പനത് വല്ലാത്ത സങ്കടമായി.അതിൽപ്പിന്നെ ഒരിയ്ക്കലും വെറുതേയെന്നപോലെ കഴിയ്ക്കുന്നതിനുമുമ്പേ കലമൊന്ന് തുറന്നുനോക്കാതിരുന്നിട്ടില്ല..
അതാണ് ഞാനിപ്പോ ആ ചട്ടി മാറ്റിവച്ചത്.
അപ്പന് ചോറ് വിളമ്പി,മുളകുചാറ് വച്ച ചാളക്കറി കറിപ്പിഞ്ഞാണത്തില് പകർത്തുമ്പോ,അടിവയറ്റിൽനിന്ന് മനംപിരണ്ട്‍ ഓക്കാനിച്ച്‌,വാഴച്ചോട്ടിൽ തളർന്നിരിയ്ക്കുമ്പോ അകത്ത്‌ അപ്പന്റെ ശബ്ദം കേട്ടു…
എന്തേലും മനസ്സ്പിടിയ്ക്കാണ്ട് കഴിച്ചോ നീ ?
കളങ്കമില്ലാത്ത ആ ചോദ്യംകേട്ട് തകർന്നുപോയിരുന്നു..
അതോടെ മനസ്സിൽ ഒന്നുകൂടി ഉറച്ചു.എങ്ങിനെയും ഇതൊഴിവാക്കണം..
പിന്നെ അതിനുള്ള ശ്രമങ്ങൾ !
ആരോ പറഞ്ഞുകേട്ട പൂർണ്ണമല്ലാത്ത അറിവുകളാണ്..ശരീരം നന്നായിളകി ജോലി ചെയ്താൽ ഒരുപക്ഷേ ഛിദ്രം നടന്നേക്കും.അപ്പോളറിഞ്ഞു,ചായക്കടയമ്മയ്ക്ക് ചായക്കടയിലേയ്ക്ക് അരിയിടിച്ചുകൊടുക്കാൻ ആള് വേണത്രെ !
രാവിലെതന്നെ ഒരു ചുട്ടിത്തോർത്തിട്ട് നെഞ്ചും വയറും മറച്ച് അങ്ങോട്ട് പോയി.രാവിലെമുതൽ വൈകുന്നേരംവരേ മറ്റ് രണ്ടുപേർക്കൊപ്പം അരിയിടിച്ചുതളർന്നു…
എന്നിട്ടും പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവാത്തത് നന്നേ വിഷമിപ്പിച്ചു.
പാതിവെന്ത ചുനക്കപ്പളങ്ങയും കൈതച്ചക്കയും തോറ്റുതുടങ്ങി…
പിന്നെ ചെറിയ തോടുകളും പാടവരമ്പുകളും പാലംകടക്കാതെ,എടുത്തുചാടി,ഫലമില്ലാതെ വീണ്ടും നെടുവീർപ്പിട്ടു..
ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാതെ
തോൽവി സമ്മതിച്ച് ,കണ്ണീരോടെ അപ്പനുമുന്നിൽ മുട്ടുകുത്തുമ്പോൾ,ജിവിതത്തിലേറ്റ വലിയ തോൽവിയ്ക്കുമുന്നിൽ,ദിവസങ്ങളോളം വീട്ടിൽനിന്ന് പുറത്തിറങ്ങാതെ,കണ്ണീരിൽകുതിർന്ന് നിശ്ശബ്ദനായി,അപ്പൻ നിരാഹാരമിരുന്നു…
ചൊവ്വാദോഷം തോറ്റ,
മകളുടെ വീർത്തുവരുന്ന വയറ് കണ്ടിട്ടും തള്ളിപ്പറയാനാവാതെ അവളെ ചേർത്തുപിടിച്ച അപ്പൻ,അവളുടെ ഇഷ്ടക്കാരന്റെ നാട് തേടിയിറങ്ങിയതും.
അപകടംപറ്റി,പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവനെ കണ്ടുപിടിച്ചതും,
ഗർഭിണിയാക്കി കടന്നുകളയാൻ ആയിരുന്നില്ല,
അപകടത്തിൽപ്പെട്ടതുകൊണ്ടുമാത്രം,കാര്യങ്ങളറിയാൻ കഴിയാത്തതും ഏറ്റുപറഞ്ഞ അവന്റെ നിഷ്കപടമായ പെരുമാറ്റത്തിലുംസംസാരത്തിലും മനസ്സ് തണുത്ത് വീട്ടിലെത്തി മകൾക്ക് മുന്നിൽ കാര്യങ്ങളവതരിപ്പിയ്ക്കുമ്പോൾ,
ഛിദ്രകാരിണി എന്ന തന്റെ പേര് ഒരു വട്ടമെങ്കിലും തിരുത്തിയതിൽ അഭിമാനപുളകിതയായി
പാതിവെന്ത ചുനച്ചിക്കപ്പളങ്ങ മൺചട്ടിയിൽക്കിടന്ന് വീണ്ടും ചിരിച്ചു…
കൈതക്കാട്ടിലെ ഉടമസ്ഥൻ മൂർഖൻ സമാധാനത്തോടെ അവന്റെ സാമ്രാജ്യത്തിൽ താമസം തുടർന്നു.
എന്തിനും ഏതിനും കഥകൾ മെനയുന്ന നാട്ടുകാർക്ക് വലിയൊരു കഥയുടെ ശുഭപര്യവസാനം കണ്ട്,കഥ തുടരാനാവാതെ പാതി നിർത്തേണ്ടിയും വന്നു…
RELATED ARTICLES

Most Popular

Recent Comments