Sunday, April 28, 2024
HomeSTORIESപ്രോത്സാഹനം. (കഥ)

പ്രോത്സാഹനം. (കഥ)

പ്രോത്സാഹനം. (കഥ)

സിബി നെടുംചിറ. (Street Light fb group)
ഈ പ്രാവശ്യമെങ്കിലും ടീച്ചറെയൊന്നു പോയികാണണം ഓരോ പ്രാവശ്യം അവധിക്കു വരുമ്പോഴും വിചാരിക്കുന്നതാ, ടീച്ചറെയൊന്നു കാണണമെന്നു അതെങ്ങനയാ അവധിക്കു വരുമ്പോള്‍ കല്യാണമായി വിരുന്നായി അങ്ങനെപോകും ദിവസങ്ങളൊരോയി പോകാതെയിരുന്നാലോ അവളു വല്യ ആളായിപ്പോയതിന്‍റെ പത്രാസാണന്നു പറയും ഇതൊക്കെ കഴിയുമ്പോഴേക്കും തിരിച്ചു പോകാന്‍ സമയമാകും അതുകൊണ്ടെന്താ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങളും വെളിച്ചം കാണാതെ അങ്ങനെ കിടക്കും…
പിറ്റേ ദിവസം ഏട്ടന്‍റെ മോന്‍ കിച്ചുവിനെയും കൂട്ടി ടീച്ചറെക്കാണാന്‍ തിരിച്ചു അവിടെ ഉണ്ടാകുമോ ആവോ! വര്‍ഷം കുറേയായി കണ്ടിട്ട് അന്നു സ്കൂള്‍ വിട്ടതില്‍പ്പിന്നെ കണ്ടിട്ടില്ല പ്രായം കുറച്ചായിക്കാണും ടീച്ചര്‍ക്ക് തന്നെ ഓര്‍ക്കുന്നുണ്ടാവുമോ ആവോ! ഓര്‍ക്കാന്‍ വഴിയില്ല എത്രേ കുട്ടികള്‍ ആ കണ്‍മുന്നിലൂടെ പോയ്‌മറഞ്ഞതാ പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും എന്നാലും സാരമില്ല ടീച്ചര്‍ക്കു ഓര്‍മയില്ലെങ്കിലും തന്‍റെ മനസ്സിന്‍റെ ക്യാന്‍വാസില്‍ പതിഞ്ഞ മുഖമാണതു കാറിന്‍റെ പിന്‍സീറ്റിലേക്ക്‌ തലചായ്ച്ച് കിടക്കവേ കടിഞ്ഞാണില്ലാത്ത മനസ്സ് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്കു പാഞ്ഞു തന്‍റെ ബാല്യകാലത്തിലേക്ക്‌.
ഓരോ ക്ലാസിലും എല്ലാ വിഷയത്തിനും തോറ്റിരുന്ന കുട്ടി മിക്ക വിഷയത്തിനും പൂജ്യമായിരിക്കും മാര്‍ക്ക്‌ ഇവള്‍ ക്ലാസില്‍ വന്നിട്ട് വലിയ കാര്യമൊന്നുമില്ലെന്നു വിധിയെഴുതിയ ടീച്ചര്‍മാര്‍ പഠിക്കാത്ത കുട്ടിയായാതുകൊണ്ട് ക്ലാസ്സില്‍ പുറകിലത്തെ ബഞ്ചിലായിരുന്നു സ്ഥാനം പദ്യം പടിപ്പിക്കുമ്പോള്‍ ഡസ്കില്‍ തലചായ്ച്ചുറങ്ങിയതിനു രാഘവന്‍ മാഷിന്‍റെ കൈയില്‍നിന്നും അടിയെത്രയാ വാങ്ങിക്കൂട്ടിയത് എല്ലാവരും മണ്ടിയെന്നു വിളിച്ചപ്പോള്‍ എനിക്കും തോന്നി ഞാനൊരു മണ്ടിയായിരിക്കുമെന്ന്….പിന്നെ തലച്ചോറെല്ലാം ഐസില്‍ മരവിച്ചുപോയ അവസ്ഥ.
ഓരോ പ്രാവശ്യവും എല്ലാ വിഷയത്തിനും ചുവന്ന മഷികൊണ്ട് അടിവരയിട്ട പ്രോഗ്രസ്സ്കാര്‍ഡ് കണ്ട് തലയ്ക്കു കൈകൊടുത്ത് ഉമ്മറപ്പടിയിലിരിക്കുന്ന അമ്മ ഓളെയിനി സ്കൂളില്‍ വിടണ്ട വല്ല വീട്ടുപണിയും പഠിപ്പിച്ചു പ്രായമാകുമ്പോള്‍ കെട്ടിച്ചു വിട്ടേക്ക് അതാ നല്ലത് അമ്മയോടുള്ള ശാന്തേടത്തിയുടെ ഉപദേശം അതുകേള്‍ക്കമ്പോള്‍ അമ്മ പറയും ഇപ്പോഴത്തെ കാലത്ത് പഠിക്കാത്ത പെണ്‍കുട്ടികളെ അര് കെട്ടിക്കൊണ്ടുപോകാനാ ചെക്കന്‍വീട്ടുകാര്‍ പെണ്ണിന്‍റെ പഠിത്തം ചോദിക്കുമ്പോള്‍ എന്താ പറയുക, ഒരു പത്താംക്ലാസ്സുവരെയെങ്കിലും പഠിച്ചില്ലെങ്കില്‍…?
അല്ലെങ്കിപിന്നെ…ഒത്തിരി… പൊന്നുംപ്പണവും അത് ആരുടെ കൈയിലാ ഇരിക്കുന്നത് വല്ല ഉഴവുകാരെയും കൊണ്ടു കെട്ടിക്കാം അല്ലാതെപ്പിന്നെ എന്തുചെയ്യാനാ, മകളുടെ ഭര്‍ത്താവായി ഉഴവുകാരനെ മനസ്സില്‍ കണ്ടുകൊണ്ട് ദീര്‍ഘശ്വാസം വിടുന്ന അമ്മ,
പഠിക്കാന്‍ മാത്രമായിരുന്നു താന്‍ പുറകോട്ടു വേണ്ടാത്ത കാര്യങ്ങള്‍ക്കൊക്കെ ബുദ്ധിയല്‍പ്പം കൂടുതലായിരുന്നു അതുകൊണ്ടായിരുന്നല്ലോ അവരുടെ സംസാരം മുഴുവന്‍ ഒളിച്ചിരുന്നു കേട്ടിട്ടു ഞാന്‍ പറഞ്ഞതു എനിക്കു ഉഴവുകാരനെ വേണ്ട ..പാന്‍റും…കൊട്ടുമിട്ട ആളെമതിയന്നു..
അതുകേള്‍ക്കുമ്പോള്‍ വലിയവരു സംസാരിക്കുന്നിടത്തു കുട്ടികള്‍ക്കെന്താ കാര്യം എന്നമട്ടില്‍ ചീത്തപറഞ്ഞോടിക്കുന്ന അമ്മ, മൊട്ടേന്നു വിരിഞ്ഞില്ല അതിനുമുന്നേ പെണ്ണിന്‍റെ മനസ്സിലെ പൂതി കണ്ടില്ലേ എന്നമട്ടില്‍ ശാന്തേടത്തി പിന്നെ തന്നേപ്പറ്റിഎരിവും പുളിയും ചേര്‍ത്തു അമ്മയോടുള്ള ശാന്തേടത്തിയുടെ ഉപദേശങ്ങള്‍ വേരെയും…..അല്ലേലും എരിതീയ്യില്‍ എണ്ണയൊഴിക്കുന്ന കാര്യത്തില്‍ ശാന്തേടത്തി പണ്ടേ മിടുക്കിയായിരുന്നു.
താന്‍ ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ക്ലാസ്സ് ടീച്ചറായ വിജയന്‍ മാഷ്‌ പെന്‍ഷെന്‍ പറ്റിപ്പിരിഞ്ഞത് ആ സ്ഥാനത്തു പുതിയ ക്ലാസ്സ് ടീച്ചറായി വന്നതായിരുന്നു ലിസ്സിടീച്ചര്‍ നീണ്ട ഇടതൂര്‍ന്ന മുടിയുള്ള വെളുത്തു തുടുത്തു കാണാന്‍ നല്ല ചന്തമുള്ളോരു ടീച്ചര്‍ അന്നു പെണ്‍കുട്ടികളുടെ ഇടയില്‍ അവരുടെ മുടിയെപ്പറ്റിയായിരുന്നു സംസാരം
കൂടെ പഠിക്കുന്ന റംലത്താണു പറഞ്ഞത് മുഖത്തു മഞ്ഞള്‍ തേക്കുന്നതുകൊണ്ടാണു ടീച്ചറിനു ഇത്രെയും നിറമെന്ന് അതെനിക്ക് പുതിയൊരറിവായിരുന്നു അന്നുതോട്ട്‌ ടീച്ചറെപ്പോലെ വെളുക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഞാനും മുഖത്തു മഞ്ഞള്‍ തേക്കാന്‍ തുടങ്ങി വെളുത്തില്ലെന്നു മാത്രമല്ല വസ്ത്രങ്ങളില്‍ മുഴുവന്‍ മഞ്ഞക്കളര്‍ പറ്റിയതിനു അമ്മയുടെയും ഏട്ടന്‍മാരുടെയും ചീത്ത വേറെയും,
കരിംപൂച്ചയെപ്പോലെയിരിക്കുന്ന നീയെവിടെ വെളുക്കാനാണന്നുള്ള ഏട്ടന്‍മാരുടെ കളിയാക്കലുംക്കൂടിയായപ്പോള്‍ മഞ്ഞള്‍ പരീക്ഷണം ഞാന്‍ നിറുത്തി.
ലിസ്സിടീച്ചറുടെ ചന്തംപോലെ തന്നെയായിരുന്നു കുട്ടികളോടുള്ള സമീപനവും എല്ലാ വിഷയത്തിനും പത്തില്‍ താഴെ മാര്‍ക്ക് മേടിച്ചിരുന്ന എന്നെ അവര്‍ എപ്പോഴൊ ശ്രദ്ധിക്കാന്‍തുടങ്ങിയിരുന്നു അതിന്‍റെ ആദ്യപടിയായിരുന്നു പുറകില്‍നിന്നും മുന്‍നിരയിലെ ബെഞ്ചിലേക്കുള്ള എന്‍റെ പ്രമോഷന്‍ ഒരു മകളോടെന്നപോലെയുള്ള സമീപനം, കുട്ടിക്ക് പഠിക്കാന്‍ കഴിയും ഒന്ന് മനസ്സിരുത്തിയാല്‍ മാത്രം മതിയെന്നുള്ള അവരുടെ സ്നേഹപൂര്‍വ്വമുള്ള ഉപദേശം, മറ്റുടീച്ചര്‍മാരെപ്പോലെ ഇവളെ പഠിപ്പിച്ചിട്ട് കാര്യമില്ലെന്നുള്ള മനോഭാവത്തില്‍ നിന്നും വിത്യസ്തമായി കുട്ടിക്ക് കഴിയും ഒന്നുമനസ്സിരുത്തിയാല്‍ മാത്രം മതിയെന്നുള്ള അവരുടെ പ്രോസാഹനം നല്കുന്ന വാക്കുകള്‍ എന്നിലും എന്തൊക്കെയോ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി
ഐസില്‍ മരിച്ചുപോയെന്നു കരുതിയ എന്‍റെ തലച്ചോറിന് വസന്തത്തിന്‍റെ ചാരുത ടീച്ചറുടെ ചോദ്യത്തിനു ഒരു ശരിയുത്തരമെങ്കിലും എനിക്കു ക്ലാസ്സില്‍ പറയണം പിന്നീടുള്ള എന്‍റെ ചിന്ത അതുമാത്രമായി ആദ്യമായി ഒരു ചോദ്യത്തിനു ശരിയുത്തരം പറഞ്ഞപ്പോള്‍ അവരുടെ മുഖത്തു കളിയാടിയ സന്തോഷം കൂടുതല്‍ ശരിയുത്തരങ്ങള്‍ പറയുവാന്‍ എനിക്ക് പ്രചോദനമായി, എന്നില്‍ മുളപ്പൊട്ടിയ ആത്മവിശ്വാസത്തെ വളമിട്ടു നനച്ചുവളര്‍ത്തിയത്‌ ലിസ്സി ടീച്ചര്‍ ആയിരുന്നു പിന്നിട്എന്നില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതാവഹമായിരുന്ന്‍ എല്ലാവിഷയത്തിനും തോറ്റിരുന്ന ഞാന്‍ പകുതി വിഷയങ്ങള്‍ക്ക്‌ ജയിക്കാന്‍ തുടങ്ങി, പിന്നെ…..പിന്നെ മുഴുവന്‍ വിഷയങ്ങള്‍ക്കും
സ്കൂളിലെ അഞ്ചാം സ്ഥാനക്കാരിയായി ഞാന്‍ എഴാം ക്ലാസ്സ് പാസായപ്പോള്‍ എന്നെ ചേര്‍ത്തുപ്പിടിച്ചുകൊണ്ടു പറഞ്ഞു കുട്ടിക്ക് ഉയരങ്ങളില്‍ എത്താം കഴിയും മനസ്സാണ് പ്രധാനം ആത്മാവിശ്വാസമുണ്ടെങ്കില്‍ എന്തും സാധിക്കും സ്നേഹത്തില്‍ ചാലിച്ച ആ വാക്കുകള്‍ ഒരു നിധിപോലെ മനസ്സില്‍ സൂക്ഷിച്ചു പിന്നിട് വിജയത്തിന്‍റെ കാര്യത്തില്‍ വെറും വട്ടപൂജ്യം മാത്രമായിരുന്ന സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ നിന്നും ഒന്നാംക്ലാസ്സോടെ പത്താംക്ലാസ് പാസ്സായപ്പോള്‍ മകള്‍ക്ക് വേണ്ടി ഉഴവുകാരനെ ഭര്‍ത്താവായി കണ്ട അമ്മ അത്ഭുതപ്പെട്ട….നിമിഷങ്ങള്‍…. ഈ മന്ദബുദ്ധിക്കു എന്തുപറ്റിയെന്ന മട്ടില്‍ ഏട്ടന്‍മാരും!
പിന്നിടുള്ള കലാലയ യാത്രകളിലെല്ലാം മോശമല്ലാത്ത വിജയം വരിക്കാന്‍ കാരണമായ ആ വ്യക്തിത്വം…
ടീച്ചറിന്‍റെ വീടെത്തി….കിച്ചു തട്ടിവിളിച്ചപ്പോഴാണു ചിന്തയില്‍ നിന്നുണര്‍ന്നത് ഗയിറ്റില്‍ തട്ടിയപ്പോള്‍ മുറ്റത്ത്‌ പന്തുകളിച്ചുകൊണ്ടിരുന്ന കൊച്ചുപയ്യന്‍ വന്നു ഗയിറ്റ് തുറന്നു കണ്ടിട്ട് നല്ല ഐശ്വര്യമുള്ള ചെക്കന്‍ ടീച്ചറുടെ കൊച്ചുമകനാണന്നു തോന്നുന്നു അപരിചിതരായ തങ്ങളെ കണ്ടതുകൊണ്ടായിരിക്കാം പ്ലെയിന്‍ പറക്കുന്ന വേഗതയില്‍ അകത്തേക്കൊടിയത്….ഏതാനും മിനിട്ട് കഴിഞ്ഞില്ല അവന്‍റെ കൈയ്യും പിടിച്ചു പുറത്തേക്കു വന്ന സ്ത്രീ….കാലം കുറേ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു…കറുത്ത് ഇടതൂര്‍ന്ന മുടിയിഴകളില്‍….കാലം തലോടിയ വെള്ളിയിഴകള്‍…..എങ്കിലും മുഖത്ത് ആ പഴേ ഐശ്വര്യം
അതുകൊണ്ടു അളേ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് തോന്നിയില്ല ടീച്ചറെന്നെ ഓര്‍ക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ മനസ്സിലാകാതെ കുറേന്നേരം എന്‍റെ മുഖത്തേക്കു നോക്കി….പിന്നെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അകത്തേക്കാനയിച്ചു കുറച്ചുസമയം വേണ്ടിവന്നു പരിചയപ്പെടുത്താന്‍ പിന്നെ നീണ്ട കുശലാന്വേഷണം….ഓര്‍മയുടെ ചെപ്പില്‍നിന്നും ആ പഴയ കുട്ടിയുടെ രൂപം ചികഞ്ഞെടുത്തതുകൊണ്ടാകാം യാത്രപറഞ്ഞിറങ്ങുമ്പോള്‍ അവര്‍ പറഞ്ഞത് അന്നത്തെ ആ കറുത്ത് മെല്ലിച്ച കുട്ടിയൊന്നുമല്ലട്ടോ!…..’കാണാന്‍ അല്പം ചന്തമൊക്കെയുണ്ട്‌’’ എന്നിട്ട് എന്നെനോക്കി ചിരിച്ചു തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ…..കൂടെ ഞാനും…
RELATED ARTICLES

Most Popular

Recent Comments