Sunday, May 19, 2024
HomeSTORIESജീവാ ...നീയറിഞ്ഞ ... (കഥ).

ജീവാ …നീയറിഞ്ഞ … (കഥ).

ഇന്ദു വിനീഷ് (Street Light fb group).
ഡോർ തുറന്നകത്തു കയറാൻ നിന്ന ജീവൻ സുധിയുടെ ചോദ്യം കേട്ടു തിരിഞ്ഞു നോക്കി …
ന്താടാ മച്ചു …എന്തറിഞ്ഞോന്ന ….
മ്മ്‌ടെ ഭാവനെനെ തട്ടിക്കൊണ്ടോയെന്നു …ഹെയ് …മ്മ്‌ടെ ഫിൽംസ്റ്റാറെ ….
ങേ …എന്നിട്ട് …ഞാൻ അറിഞ്ഞില്ലെടാ ..
ആ തൃശ്ശൂർന്നു ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പഴേ കാറിൽ വച്ചാരുന്നു സംഭവം ..കൊർച്ചേരം കാറിൽ കറങ്ങി വിട്ടെന്ന് …
ങേ …അതെന്തു തട്ടിക്കൊണ്ടോലാടാ ..
ആ അവർക്കവളുടെ പിക്‌സ് ആയിരുന്നത്രേ വേണ്ടത് …ബ്ലാക്ക് മൈലിങ്ങിന് …എതിർത്തപ്പോ തല്ലി ഒരു പരിവാക്കീന്ന പറേണെ …
ശ്ശൊ …പാവം കുട്ടി …ഏതു തന്തയില്ലാത്തോൻമാരാ ഇത് ചെയ്തത് ..ഇവനൊന്നും അമ്മേം പെങ്ങമ്മാരും ഇല്ലേ …
ന്നാ ശരി ടാ …നീ വന്നല്ലേ ഉള്ളു .. ഫ്രഷ് ആയിക്കോ …ഞാൻ ന്യൂസ് നോക്കട്ടെ …കൂടുതൽ തെളിവുകൾ വല്ലതും കിട്ട്യോന്നു അറിയാലോ..
മ്മ് …ശരി …
കുളികഴിഞ്ഞു ചായക്കപ്പും മൊബൈലുമായി ജീവൻ സോഫയിലേക്ക് ചാഞ്ഞു ….
പിറ്റെന്നാൾ രാവിലെ
=================
വാതിൽ ചവുട്ടി തുറന്നകത്തു കയറിയവരെല്ലാം രക്തത്തിൽ കുളിച്ചു കിടക്കുന്ന ജീവനെ കണ്ടു ഞെട്ടി …..
താറുമാറായിക്കിടക്കുന്ന മൊബൈൽ കഷ്ണങ്ങൾക്കിടയിൽ ഒരു തുണ്ട് കടലാസ്സ് രക്തത്തിൽ മുങ്ങിക്കിടന്നു …അതിൽ ഒരു വരി മാത്രം …
“കുഞ്ഞാറ്റെ …അച്ഛനു മാപ്പു തരൂ” …
തലേന്നാൾ
==============
സോഫയിലിരുന്ന് ജീവൻ മൊബൈൽ കയ്യിലെടുത്തു ..പതിവുപോലെ വീട്ടിലേക്ക് വിളിക്കാൻ നിൽക്കുമ്പോഴാണ് ഭാവന മനസ്സിൽ നിറഞ്ഞത് ..
പ്രതികളെയൊക്കെ പിടിച്ച സ്ഥിതിക്ക് ആ പിക്‌സും നെറ്റിൽ വന്നിട്ടുണ്ടാവുമല്ലോ …
വീട്ടിൽ വിളിച്ചാൽ ഭാവനയെ തപ്പാനുള്ള നെറ്റ് ഇല്ല …ഭാവന വേണോ ..വീട് വേണോ …അവസാനം ഭാവനയിൽ ഉറപ്പിച്ചു …വീട്ടിലേക്ക് നാളേം വിളിക്ക …
ഫേസ്ബുക്കിലേക്ക് ഊളിയിട്ടു പരതുന്നതിനിടയിൽ വീട്ടിൽ നിന്നും മിസ്സ്കാള് കണ്ടിട്ടും കാണാത്ത ഭാവത്തിൽ അവൻ ഭാവനയെ തിരഞ്ഞു കൊണ്ടിരുന്നു …വീണ്ടും വീണ്ടും മിസ് കാളുകൾ ..
മണിക്കൂറുകൾ പിന്നിട്ടു ..ഭാവനയെ തേടിയുള്ള അലച്ചിലിനിടയിൽ കണ്ണുകൾ കണ്ണഞ്ചിറയിൽ 10വയസുകാരിയെ പീഡിപ്പിച്ചു കൊന്നു എന്ന പോസ്റ്റിലുടക്കി ..
കണ്ണഞ്ചിറ എന്റെ നാട് …
ജീവൻ വേഗം പോസ്റ്റ് ഓപ്പൺ ചെയ്തു …
കണ്ണഞ്ചിറയിൽ ബലാത്സംഗത്തിനിരയായി കുഞ്ഞു മരിച്ചു ..10വയസുകാരി കുഞ്ഞാറ്റ എന്ന് വിളിക്കുന്ന അനഘയാണ് മരിച്ചത് ..അച്ഛന്റെ പതിവു വിളിയില്ലാതായപ്പോൾ ഗൾഫിലേക്ക് വിളിക്കണമെന്ന് പറഞ്ഞു വാശിപിടിച്ചു net കാർഡ് വാങ്ങാൻ കടയിൽ പോയതായിരുന്നു കുഞ്ഞാറ്റ …വീടിനടുത്തായതിനാലും ‘അമ്മ കുളിമുറിയിൽ വീണു കാലിൽ പ്ലാസ്റ്ററിട്ടു ഇരിപ്പായതിനാലും കുഞ്ഞാറ്റ ഒറ്റക്കാണ് കടയിൽ പോയത് ..പോയി വരുന്നവഴിയിൽ കാറിൽ തട്ടികൊണ്ടുപോയ കുട്ടിയെ ഒരു മണിക്കൂറിനു ശേഷം കായൽ കരയിലുള്ള പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു …
എഴുത്തിനു താഴെ പിച്ചിച്ചീന്തിയ നിലയിൽ പൊന്നുമോളുടെ ചിത്രങ്ങൾ ….
സങ്കടവും ദേഷ്യവും ഇരച്ചു കയറിയ കൺകളിൽ അഗ്നിയെരിഞ്ഞു ..
കൊല്ലണം …നായിന്റെ മക്കളെ …
ന്റെ …ന്റെ പൊന്നുമോൾ …
ന്താ ജീവ …കൊല്ലാൻ പോവാണോ നീ അവരെ ….
ആരാ …ആരാത് …
ഞാൻ തന്നെ നിന്റെ അകംപൊരുൾ …ആത്മാവ് …
അതെ …കൊല്ലാൻ പോവാ …കൊല്ലണ്ടേ അവരെ …ന്റെ കുഞ്ഞിനെ കടിച്ചു കീറിയവരെ ശിക്ഷിക്കണ്ടേ ….
ഹ ഹ ഹാ …കൊള്ളാം ..ശിക്ഷിക്കാൻ നിനക്കെന്തവകാശം ..
ഇതിനു മുൻപും കുഞ്ഞുങ്ങൾ പിച്ചിയെറിയപ്പെട്ടിട്ടുണ്ട് …അന്നെല്ലാം നീ പ്രതികരിച്ചോ ?…ഇല്ല ..പകരം …പകരം നീയും തിരഞ്ഞിരുന്നില്ലേ വീഡിയോ …പിച്ചിച്ചീന്തപ്പെട്ട ആ കുഞ്ഞുങ്ങളുടെയോ അവരുടെ അച്ഛനമ്മമാരുടെയോ വേദന നീ കണ്ടിരുന്നോ നീ …ഇല്ല …ഇരുളായിരുന്നു നിന്റെ മനസ്സിൽ ..അതിൽ വെളിച്ചം വീണത് ഇപ്പോഴല്ലേ ….ഇപ്പോഴും നീയല്ലേ നിന്റെ മകളെ പിച്ചിപ്പറിയാൻ ഇട്ടു കൊടുത്തത് ..മകളോട് സംസാരിക്കുന്നത് പോലും മാറ്റിവച്ചു നീ തേടിയതും പറിച്ചെടുത്ത തുണികൾക്കടിയിലെ പെണ്ണിന്റെ നഗ്നതയല്ലേ …നിനക്കെന്തവകാശം അവരെ ശിക്ഷിക്കാൻ …
ഒരലർച്ചയോടെ അവൻ ഫോൺ നിലത്തെറിഞ്ഞുടച്ചു ..
തറയിൽ മുട്ടുകുത്തിയിരുന്നു അലറിക്കരഞ്ഞു …
പൂട്ടിയിട്ട മുറിക്കുള്ളിലെ നാലുചുവരുകളിൽ അവന്റെ കരച്ചിൽ തലതല്ലി നിലത്തു വീണു …
കത്തി ഞരമ്പിലൂടെ ആഴ്ന്നിറങ്ങുമ്പോൾ അവൻ ചിരിച്ചു ..ആർത്തലച്ചു ചിരിച്ചു …
അന്നേരം ഒരു പറ്റം അച്ചന്മാർ 7വയസുകാരിയുടെ വീഡിയോ സെർച് ചെയ്യുകയായിരുന്നു …
(കണ്ണടച്ചിരുട്ടാക്കി ജീവിക്കുന്നവരെ അടഞ്ഞ കണ്ണിൽ ദൈവം വെളിച്ചം പകരുന്നത് ചിലപ്പോൾ ഇങ്ങനെ ആയിരിക്കും …അതിന് മുൻപേ കൺതുറന്ന് വെളിച്ചം സ്വീകരിക്കുക)
RELATED ARTICLES

Most Popular

Recent Comments