Thursday, May 2, 2024
HomePoemsഅഗ്‌നിമുഖികൾ. (കവിത)

അഗ്‌നിമുഖികൾ. (കവിത)

അഗ്‌നിമുഖികൾ. (കവിത)

സ്മിത ശൈലേഷ്. (Street Light fb group)
ഇനി ഞങ്ങൾക്ക് നടക്കാൻ
പെൺപ്പാതകൾ വേണം
പെൺപകലുകൾ,
പെൺരാത്രികൾ,
നനയാൻ പെൺമഴകൾ,
പെൺനിലാവുകൾ
പെണ്ണുലകം
ഇനി അക്ഷരങ്ങളെ നമുക്ക്
ആണക്ഷരമെന്നും
പെണ്ണക്ഷരമെന്നും
പകുക്കാം
അറിവിനെ, ആണറിവെന്നും
പെണ്ണറിവെന്നും വിഭജിക്കാം
ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ
പ്രകൃതിയിലെ പെൺ പേരിലുമുണ്ട്
ഒരു തലകുനിക്കൽ
ഭൂമി, നദി, ഗൗരി
ഒരു വള്ളികുനിപ്പിൽ
തല കുനിച്ചങ്ങനെ
ആൺപേരുകളെ നോക്കൂ
സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ, വരുണൻ
ചില്ലക്ഷരങ്ങളിൽ, ഒരു ചന്ദ്രക്കലയിൽ
തല നിവർത്തിയങ്ങനെ…
ഞങ്ങളെ ഇലയെന്നും
അവനെ മുള്ളെന്നും
വിളിച്ചു ചൊല്ലിയിടത്താണ്
നോവിക്കൽ അവന്റെ
ജന്മാവകാശമായി
പതിച്ചു കിട്ടിയത്
വേശ്യാലയത്തിലേക്കു ആണഹങ്കാരത്തെ
ചുമക്കുന്ന പെണ്ണടിമത്തത്തിന്റെ കഥ
എന്റെ വിശുദ്ധ ഗ്രന്ഥത്തിലേതാണ്
അടുക്കളയിലും, തീന്മേശയിലും
വിവേചനം, വിവേചനം
അടങ്ങി, ഒതുങ്ങി
തലതാഴ്ത്തി
തെരുവിന്റെ
ആ അരികിലൂടെ
നിന്നെ ആരും കാണരുത്
കഴിയുമെങ്കിൽ
ഊർജസ്വലമായ
ഒരു ലോകത്തിൽ
നീ അത്രത്തോളം
അദൃശ്യയായി നടക്കുക
നീ ജീവിച്ചിരുന്നതിന്റെ
ഒരടയാളവുമുണ്ടാവരുത്
നീ നടന്ന വഴിയിലൊന്നും
നിങ്ങൾ ഞങ്ങളോട്
പറഞ്ഞതാണ്‌
ഇരുട്ടിൽ ഞങ്ങൾ
ഇരകളാണെങ്കിൽ
ഞങ്ങൾക്ക്
പകലുകൾ
മാത്രമുള്ള
ഭൂഖണ്ഡങ്ങൾ തരൂ…
ഞങ്ങൾ ഉറങ്ങാതെ
അടുക്കളയുടെ
പുകച്ചങ്ങലക്കുള്ളിൽ
പടച്ചട്ടകളും
ശിരോവസ്ത്രങ്ങളുമണിഞ്ഞു
ചാരിത്ര്യത്തിനു
കാവലിരിക്കാം
സംവരണത്തിന്റെ
ആനുകൂല്യങ്ങൾ നുണഞ്ഞു
ഞങ്ങൾ നട്ടെല്ല്
പുകക്കുഴലാക്കി
അടുപ്പൂതി കത്തിക്കാം
ഇത് മതിയോ
എന്റെ പെൺകിടാങ്ങളെ
ഇല്ലെങ്കിൽ വരൂ
പെണ്ണടിമത്തത്തിന്റെ
വിശുദ്ധവത്കരണം
നിറച്ച, മത ഗ്രന്ഥങ്ങളെ
നമുക്ക്, തെരുവിൽ
ചുട്ടെരിക്കാം
ഇതെന്റെയും തെരുവെന്നു
ഈ നിരത്തിലൂടെ
നമുക്ക് തല ഉയർത്തി
പിടിച്ചു നടക്കാം
എന്റെ സ്വാതന്ത്ര്യം
എന്റെ അവകാശമെന്ന്
ഉറക്കെ പറയാം
ഇതെന്റെ ലോകമെന്നു
ഉറക്കെ മുദ്രാവാക്യം വിളിക്കാം
മുലക്കണ്ണുകളിൽ
വിഷം പുരട്ടി
നമുക്ക്
തെരുവിലെ
രാത്രി കാണാനിറങ്ങാം
പെൺമിഴി
തീണ്ടാത്ത
പാതിരാവിന്റെ
നെറുകിൽ നിന്നു
വാടാ… വേട്ടക്കാരാ
എന്നു നമുക്കൊരു
തുറുകണ്ണൻ കാലത്തെ
വെല്ലു വിളിക്കാം
ആസക്തിയുടെ
ലിംഗമറുക്കുന്ന
ഒരായുധം മാത്രം
നമുക്കിനി
ആഭരണമാക്കാം
വിഷമുലകളുടെ
കരുത്തുമായി
നഗ്നരായി
നമുക്ക് സ്വാതന്ത്ര്യ-
നൃത്തം ചവിട്ടാം
ഒളിഞ്ഞു നോക്കുന്നവന്റെ
കണ്ണിലേക്കു
ഇതെന്റെയും
രാത്രി,
ഇതെന്റെയും
മണ്ണ്
ഇതെന്റെ സ്വന്തം മനസ്
എന്നു നമുക്ക്
തിരിച്ചറിവിന്റെ
അസ്ത്രം തൊടുക്കാം
ആയിരം നിരപരാധികൾ
ഒഴുകുന്ന പഴുതിലൂടെ
പതിനായിരം കുറ്റവാളികളെ
ഒഴുക്കിവിട്ടു
കടല് പോലങ്ങ്‌
വളർന്ന പുണ്യതീർത്ഥത്തിൽ
നീതിപീഠമേ
നീ വേട്ടകക്കാരെ
ജ്ഞാനസ്നാനം
ചെയ്യിച്ചു
അമ്മ കണ്ണീരിനെ
പരിഹസിച്ചു
അങ്ങനെയങ്ങ്
അഭിരമിക്കൂ
ഞങ്ങൾക്ക്
നീതി ഉറപ്പാക്കാത്ത
നീതിന്യായത്തിന്റെ
ആത്മീയ പുസ്തകം
കത്തിച്ചു
ഞങ്ങൾ
തീ കായാനിരിക്കട്ടെ
അങ്ങനെയെങ്കിലും
ഞങ്ങൾ നീതിയുടെ
വെളിച്ചം
തീണ്ടട്ടെ
എന്റെ സ്വാതന്ത്ര്യം
എന്റെ അവകാശമെന്ന്
വിളംബരം ചെയ്തു
എന്റെ ഭൂമികയുടെ
പകലിരവുകളിലേക്കു
ഉറച്ച കാലടികളോടെ
വരുന്നുണ്ട് ഒറ്റക്കും
കൂട്ടായും, ഞങ്ങൾ
പെണ്ണിലകൾ…
അഗ്നിമുഖികൾ..

 

RELATED ARTICLES

Most Popular

Recent Comments