Thursday, April 18, 2024
HomeSTORIESഘടികാരം. (കഥ)

ഘടികാരം. (കഥ)

ഘടികാരം. (കഥ)

സുജാതശിവൻ. (Street Light fb group)
ചുമരിലെ ഘടികാരസൂചികൾ എന്തിനോ, എന്നെ നോക്കി കളിയാക്കിച്ചിരിച്ചു.അതെന്നിൽ ദേഷ്യമുണർത്തിയതുകൊണ്ട് ഞാൻ കാരണം ചോദിച്ചു.
അവർ കാരണംപറഞ്ഞു.
“എനിയ്ക്കും ഒരു നല്ല സമയമുണ്ടത്രേ” !!
അതെന്നാണാവോ ?
ഞാൻ തിരിച്ചു ചോദിച്ചു.
“കാത്തിരിയ്ക്കണം”, മറുപടിയാണ്.
“എന്നു വരേ” ?.നിശ്ശബ്ദരാണവർ.
നിദ്രാദേവിയ്ക്ക് അടുത്തെത്താൻ മടി !
ഇരുട്ടിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് പട്ടികളുടെ ഓരിയിടൽ കേൾക്കുന്നുണ്ട്..കാലന്റെ വരവറിയിയ്ക്കുന്നതാണ്…അർദ്ധരാത്രിയെന്നറിയിച്ച് നീട്ടിക്കൂവുന്ന പൂവൻകോഴികളെ,കാലൻകോഴികൾ എന്ന് പിറുപിറുക്കനാണ്‌ തോന്നിയത്.
ചെറിയ കുടിലിന്റെ പിന്നാമ്പുറത്തെ,ഓലമറ ഭിത്തിയായ,ചെറുചായ്പ്പിന്റെ,മണ്കട്ടകൾ അടുക്കിവച്ച നാലു കാലുകളിൽ,മില്ലിലെ വേസ്റ്റ് വന്ന പലകകളടുക്കി,ഒരു മുതലാളി വീട്ടിലെ കൊച്ചമ്മ പോലെയാണ് മനസ്സുകൊണ്ട് എന്റെ കിടപ്പ്…
അതുകൊണ്ടുതന്നെ മനസ്സ് തെല്ലും വേദനിച്ചില്ല…പക്ഷേ എന്റെ എല്ലുന്തിയ ശരീരത്തിന് വേദനിയ്ക്കാതെ വയ്യല്ലോ ?
പലകകളുടെ ക്രമമല്ലാത്ത,കട്ടികൂടിയും കുറഞ്ഞും ഉള്ള താൻ പോരിമയെ ശണ്ഠകൂടി നന്നാക്കാൻനോക്കി.. പണ്ടൊക്കെ പലകകളെ അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും മാറ്റിയടുക്കി കുറവൊതുക്കാൻ നോക്കി.
പോരാത്തതിന് കീറിപ്പിഞ്ഞിയ എന്റെ പുതപ്പെന്നുപേരുള്ള രണ്ടുതുണിക്കഷണവും,എവിടന്നൊക്കെയോ,ആരുടെയൊക്കെയോ ഉപയോഗത്തിന് ശേഷം, എപ്പോഴൊക്കെയോ ദാനം കിട്ടിയ പഴവസ്ത്രങ്ങൾ എന്റെയും ഒരായുസ്സിന്റെ ഉപയോഗംകഴിഞ്ഞ്,ഒട്ടും ഉപയോഗശൂന്യമല്ലാതായപ്പോഴാണ്,എന്നിട്ടും അതിന്റെ വിലയറിഞ്ഞ്,എന്റെ പഴയ ചണച്ചാക്കിൽ അതൊരു പട്ടുതലയണയായത്…
ഓർക്കാപ്പുറത്ത് മുകളിലെ ഓട്ട ഓലക്കീറിലൂടെ മിന്നിമറഞ്ഞ ഒറ്റമിന്നൽ,ശുഷ്ക്കിച്ചുന്തിയ നെഞ്ചിൻക്കൂടിനകത്തുകൂടെ ഒരു മിന്നല്പോലെ പോറലുണ്ടാക്കി…കാലംതെറ്റി വെള്ളിടിയും ആഗോളതാപനവും!!!
ആലോചനയുടെ പരമതലത്തിൽ എങ്ങനെയോ മയങ്ങിപ്പോയി…ഓട്ടപ്പഴുതിലൂടെ,ചൂടുതിങ്ങിയ അന്തരീക്ഷത്തിൽനിന്നും,ചൂടുതുള്ളികൾ മുഖത്തുതല്ലിയപ്പോൾ ഞെട്ടിക്കണ്ണ് തുറന്നു.മുഖത്തുതല്ലുന്ന മഴത്തുള്ളികളോട് അലോസരംതോന്നിയാണ് മാറിക്കിടക്കാൻ നോക്കിയത്.പക്ഷേ അനങ്ങാൻ വയ്യ !
അതുകൊണ്ടുതന്നെ മുഖംമാത്രംതിരിച്ച് മുഖംരക്ഷിച്ചു.പക്ഷേ അത്‌ തലയുടെ മറുഭാഗത്തിന് ശിക്ഷയായി..അതോർത്ത് ഞാൻ ചിരിച്ചു.
അതേ ! എല്ലാവരും ശിക്ഷിച്ചുകൊണ്ടേയിരിയ്ക്കുന്നു.!
എന്തിന് ?
ആരും ഉത്തരം തരുന്നില്ല…
കക്ക കളിയ്ക്കാനും,അക്കുകളിയ്ക്കാനും കൊത്തങ്കല്ലുകൊത്താനും,ഓടിയാടിയ കൈകാലുകകളാണ്…അമ്മാനമാടിയ ഉരുളൻകല്ലുകൾക്കും,പരസ്പരം ഉരച്ചുകൈമുട്ടുകൾ പൊള്ളിച്ച് നിറംമങ്ങിപ്പോയ വെള്ളാരംകല്ലുകളുടെയും ശാപമാവും തളർവാതരൂപേണ എന്നെ, കിടത്തിക്കളഞ്ഞത്.അതും പതിമൂന്നാം
വയസ്സിൽ…
അമ്മയുടെ മരണത്തിനുമുമ്പുവരെ,അസുഖംവന്ന് കിടപ്പിലായിപ്പോയതുമാത്രമേ അലട്ടിയുള്ളു.സ്നേഹനിധിയായ അമ്മയാ സങ്കടം കുറച്ചു..അസുഖംമാറിനടക്കുംഎന്നാവർത്തിച്ചുരുവിട്ടു..മറ്റുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്തും,അലോപ്പതിയും ആയുർവ്വേദവും മാറിമാറി ചികിത്സിച്ചു..
മാറ്റത്തിന്റെ ലക്ഷണങ്ങൾ വർഷങ്ങൾക്കിപ്പുറം കണ്ടുതുടങ്ങിയപ്പോൾ അമ്മയുടെ മുഖത്ത് പഴയ ചിരി പ്രത്യക്ഷപ്പെട്ട് തുടങ്ങി…
അങ്ങനൊരു മഴസാദ്ധ്യതയുള്ള തുലാമാസ വൈകുന്നേരം,
അടുത്തൊരുവീട്ടിൽ നാലുകെട്ട് പുല്ലുപറിച്ചുകൊടുത്താൽ ഒരുരൂപ കിട്ടുമെന്ന് പറഞ്ഞ് കൈയ്യിലൊരു അരുവയും കൊണ്ട് ഇറങ്ങിപ്പോയതാണ്.
ആ പാവത്തിനായി “ഒരൊറ്റമിന്നൽ” കാത്തിരുന്നത് അറിയാതെ !
തനിയേ ഉറക്കെയൊന്നുകരയാൻപോലുമാവാതെ,ആ കരിഞ്ഞുപോയ ശരീരത്തെ വീണ്ടും ആരൊക്കെയോ കത്തിയ്ക്കുമ്പോ,ഭിത്തിയായ ഓലക്കീറുകളുടെ ചെറുദ്വാരങ്ങളിലൂടെ തുണിവിരിയും വകഞ്ഞ്,എന്റെ കണ്ണുകൾ കുടികിടപ്പിൽ അച്ഛന്റെ മരണത്തിനുമുൻപ് കിട്ടിയ മൂന്നു സെൻറ്റ് പുരയിടത്തിലെ തെക്കുപുറം ലക്ഷ്യമാക്കിപ്പാഞ്ഞുകരഞ്ഞു…
പിന്നിങ്ങോട്ട് എന്റെ രാജയോഗം…
മരണത്തിനുമുമ്പ് ആരുടെയൊക്കെയോ കാരുണ്യംകൊണ്ട് ഒന്നരപ്പവന്റെ പൊന്നുകൊടുത്തു കെട്ടിച്ചുവിട്ട ചേച്ചിയും കെട്ടിയവനുംവീട്ടിൽ സ്ഥിരതാമസം.ചികിത്സകൾ അമ്മയോടെ അവസാനിച്ചു..വീണ്ടും എന്നിലെ ചലനശേഷികൾ തിരിച്ചുപറന്നുതുടങ്ങി..
ഏച്ചി നിസ്സഹായയായിരുന്നു…ജനനംമുതൽ ദുർവ്വിധികൾമാത്രം കണ്ടതുകൊണ്ടാകും അവളൊരു മരവിച്ച പാവയായിപ്പോയത്…
കുടിച്ചു ലക്കുകെട്ട ഭർത്താവിനെ നിയന്ത്രിയ്ക്കാനാവാത്ത വെറുംസാധു.
അമ്മയേപ്പോലെ എന്റെകൂടി വിശപ്പകറ്റാൻ അന്യന്റെ അടുക്കളയിൽ പാത്രംമോറുകയും വിഴുപ്പുതുണിയലക്കുകയും ചെയ്ത ഭൂമിയുടെ മറ്റൊരവകാശി…
ഈ ഓലമറയ്ക്കപ്പുറം വലിയ കാടുംമേടും,കാട്ടാറും,കാട്ടരുവിയും,മാനത്തുമ്മ വയ്ക്കുന്ന മലകളും കാടിൻറെ കേട്ടറിവ് മാത്രമുള്ള ഭംഗിയുംഅമ്മയ്ക്കുപിറകേ ഓടിനടന്ന സമയം അമ്മ കഥകളായി പറഞ്ഞുതന്നിരുന്നു.വേട്ടമൃഗങ്ങളേയും,ഇരകളായ സാധുജീവികളേയുംകുറിച്ച് പറയുമ്പോൾ അമ്മയുടെ മുഖഭാവങ്ങൾ മാറിമറിഞ്ഞു…
പിന്നീടറിഞ്ഞു,വേട്ടമൃഗത്തെക്കാണാൻ കാട്ടിലേക്ക് പോകേണ്ടതില്ല.ഇര വീട്ടിലുണ്ടെങ്കിൽ വീട്ടിലുള്ള വേട്ടക്കാരനും വിശപ്പുകൂടും..ഇരയിൽ ചലനശേഷിയുണ്ടോ,ശരീരം ശോഷിച്ച് അസ്ഥികൾ മാത്രമേയുള്ളോ,എന്നതിനൊന്നും ഇവിടെ പ്രസക്തിയില്ല…അത് മനസ്സിലായത് ചേച്ചി വീട്ടുജോലിയ്ക്ക് പോയ ഒരു ദിവസം..
കുടിച്ചുകൂത്താടിയെത്തിയ അയാൾ…പുതപ്പിച്ചുകിടത്താനെന്നപോലെ അടുത്തേയ്ക്ക് വന്നു…
നാശം.മനുഷ്യരെ ബുദ്ധിമുട്ടിയ്ക്കാനെന്നുള്ള പ്രാക്കും തുപ്പിനുമപ്പുറം,ചലനശേഷിയില്ലാത്തവളും പെണ്ണുടൽ,എന്ന് കണ്ടപ്പോൾ ദേഷ്യം മറ്റേതോ ഭാവത്തിന് വഴിമാറി…
ഓരോന്നായി അഴിച്ചെറിയുന്ന പഴവസ്ത്രങ്ങളും,ചാരിയടയ്ക്കുന്ന വാതിലെന്ന ഓലമറയും.
ആർത്തിയിൽ കടിച്ചുകുടയുന്ന വേട്ടക്കാരനെത്തടയാൻ ദൈവം ചലനശേഷി ദാനമായി മിച്ചംതന്നിരുന്ന തലയിട്ടുരുട്ടി അരുതെന്ന് പറഞ്ഞു കരയാനേ കഴിഞ്ഞുള്ളു….
ഇരയെ വേട്ടയാടി വിജയിച്ച്,വേട്ടക്കാരൻ വിശ്രമിയ്ക്കുമ്പോൾ,കണ്ടുവന്ന ഇണയത് താങ്ങാനാവാതെ,നാശം പിടിച്ചവളേ,നിനക്ക് ചത്തൂടെ,എന്ന് അലറിക്കരഞ്ഞ് ആ പലകമഞ്ചത്തിലിട്ടുതന്നെ തലങ്ങും വിലങ്ങും തല്ലി,സങ്കടം താങ്ങാനാവാതെ ഒരു മുഴം പഴന്തുണിയിൽ കണ്മുന്നിൽ തൂങ്ങിയാടി…
തീർന്നില്ല,പോകാൻ വരട്ടേ,ബാക്കി കൂടി കേൾക്കൂ…
ചലനശേഷിയില്ലെങ്കിലും ശോഷിച്ചവളെങ്കിലും ഇരയുടെ ഗർഭപാത്രം നിറയ്ക്കുന്നതിൽ വേട്ടക്കാരൻ വിജയിച്ചിരുന്നു…ഇണയുടെ മരണമൊന്നും വേട്ടക്കാരനെ കുലുക്കിയില്ല.അവൻ വേട്ട തുടർന്നുകൊണ്ടുമിരുന്നു..ആരുമില്ലാത്തവർക്ക് ദൈവം തുണയെന്ന് കേട്ടു..അങ്ങനെയൊരു തുണ എനിയ്ക്കുമെത്തി..
തോളിലൊരു മാറാപ്പും,മറയ്ക്കാത്ത മാറും,എപ്പോഴും വെറ്റിലയുംകുരുമുളകും ചവച്ചുനടക്കുന്ന,വല്ലപ്പോഴും കാടിറങ്ങിവരുന്ന ആദിവാസിമൂപ്പത്തി..കുഞ്ഞിത്തേയി…
നടന്ന സംഭവങ്ങൾ പറഞ്ഞുതീരുമ്പോൾ,ഒന്നേങ്ങിക്കരഞ്ഞതേ ഓർക്കുന്നുള്ളു…വേട്ടക്കാരൻ വീട്ടിൽ വരുന്നത് ഇരയെ ആവശ്യമുള്ളപ്പോൾ മാത്രമായിരുന്നത് സമാധാനമായിരുന്നു.അതുകൊണ്ട് കുഞ്ഞിത്തേയി സഹായിയായി..പേടിച്ച ദിവസമെത്തി…
ഇടയ്ക്കെപ്പളോ കുഞ്ഞിത്തേയി കൂട്ടത്തിലൊരുവളെ തേടിക്കൊണ്ടുവന്നിരുന്നു..ചത്ത ശരീരമെങ്കിലും പേറ്റുനോവിന് കുറവുണ്ടായില്ല…ചൂടുവെള്ളമനത്തി ചൂടുവച്ചും വീർത്ത വയറിൽത്തടവിത്തന്നും,കാട്ടുദൈവങ്ങളോട് ഉച്ചത്തിൽ പ്രാർത്ഥിച്ചും നാട്ടുവാസികളേക്കാൾ കാട്ടുവാസികൾ എനിയ്ക്കു രക്ഷകരായി…ഒടുക്കം തളർവാതരോഗിയും,തണ്ണീർക്കുടംപൊട്ടിച്ച് ഒപ്പം പുറത്തേയ്ക്ക് ഒഴുക്കിവിട്ട കുഞ്ഞിന്റെ കരച്ചിൽകേട്ട് സന്തോഷത്തിലോ,സങ്കടത്തിലോ പാതിമയക്കത്തിലേയ്ക്ക് വീണു…
അൽപ്പംകഴിഞ്ഞ്,മാറുനിറഞ്ഞ മഞ്ഞപ്പാല് കുഞ്ഞിനെകുടിപ്പിയ്ക്കാൻ കുഞ്ഞിത്തേയി തട്ടിവിളിച്ചപ്പോളാണ്‌ ഞാൻ വീണ്ടും തളർന്നത്..
“കുട്ടി പെണ്ണാണത്രേ” !
നെഞ്ചിനുമുകളിൽ കുഞ്ഞിനെ ചെരിച്ചുപിടിച്ചുതന്ന് കുഞ്ഞിത്തേയി കുഞ്ഞിനെ പാലുകുടിപ്പിച്ചു..അപ്പോഴും ഞാൻ കരഞ്ഞു.
വേട്ടക്കാർക്കുമുന്നിൽ എങ്ങനെ രോഗിയായ ഞാൻ പെൺകുഞ്ഞിനെ വളർത്തും ?
പരിഹാരവും കുഞ്ഞിത്തേയിതന്നെ കണ്ടുപിടിച്ചു..കാട്ടുവാസി നാടുവിട്ട് നഗ്നമായ മാറും,തോളിലെ മാറാപ്പുമായി കാടു തിരിച്ചുകയറുമ്പോൾ,നെഞ്ചിൽചേർത്തുപിടിച്ച കൈയിലെ പഴന്തുണിയിൽ എന്റെ സമ്മാനവും ചുണ്ട് പിളർത്തിച്ചിരിച്ചു.
അവളോട് കുഞ്ഞിത്തേയി കൊഞ്ചിച്ചുപറഞ്ഞു…
നാട്ടിലുള്ളത്ര വേട്ടക്കാർ കാട്ടിലില്ല…അതുകൊണ്ട് നീ മറ്റാരെക്കാളും സുരക്ഷിതയായിരിയ്ക്കും.അത് മനസ്സിലായിട്ടാണോ അവൾ മോണ വിടർത്തി ചിരിയ്ക്കുന്നത്…
ഞാനും ഓലക്കീറിലെ വൃത്തങ്ങളിലൂടെ ആകാശത്തെ നക്ഷത്രങ്ങളെണ്ണി,അമ്പിളിയമ്മാവനിൽ,കളഞ്ഞുപോയ മോതിരംതിരയുന്ന സീതാദേവിയെ കാണാൻപറ്റുമോയെന്ന് വെറുതേ നോക്കിക്കൊണ്ടുകിടന്നു…
അന്നെന്റെ വേട്ടക്കാരനോട് പറഞ്ഞത് കുഞ്ഞു മരിച്ചുപോയെന്നാണ്…കുഞ്ഞിത്തേയിയെന്ന എന്റെ കാട്ടുദേവത എനിയ്ക്കായി മിച്ചംപിടിച്ച പുണ്യം..
.”എന്റെ കുഞ്ഞുദേവത” ‌
ഇന്നും എന്റെ കാനനദേവത വന്നിരുന്നു,കൺനിറയേക്കണ്ട്,സന്തോഷിച്ചു‌.അവൾ സുരക്ഷിതയാണ്.അവിടെ അവൾക്കുചുറ്റും വന്യമൃഗങ്ങളുണ്ട്..പക്ഷേ അവർ വേട്ടയാടില്ല..അവർ കാവൽക്കാരാണത്രേ !
വേട്ടക്കാർ നാട്ടിലാണത്രേ ! പ്രത്യേകിച്ചും പെണ്ണുടൽ വേട്ടയാടി വിശപ്പടക്കുന്നവർ !
പെണ്ണ്പോലും വേണമെന്നില്ല ശരീരഭാഗങ്ങളുടെ ചിത്രം മതിയത്രേ,വേട്ടക്കാരന്റെ ആസക്തി തീർക്കാൻ !
എന്റെ ഓലമറയുടെ ചുവരിൽ ഘടികാരം ചലിയ്ക്കുന്നുണ്ട്..വളരെപ്പതിയെ !
എന്റെ തളർന്ന മുഖം ചുവക്കുന്നു.
നിന്റേയും നല്ല കാലമെത്തി.
ഘടികാരം ഓർമ്മിപ്പിച്ചു.
ഞാൻ പുഞ്ചിയോടെ തലയാട്ടി…
പൊടുന്നനെ എന്റെ ഘടികാരം നിലച്ചു…
“എന്റെ ജീവനും”
 
RELATED ARTICLES

Most Popular

Recent Comments