Sunday, April 28, 2024
HomeSTORIESബുള്ളെറ്റ് മെറിൻ (ചെറുകഥ).

ബുള്ളെറ്റ് മെറിൻ (ചെറുകഥ).

ബുള്ളെറ്റ് മെറിൻ (ചെറുകഥ).

സായി (Street Light fb group).
ഒരു നട്ടുച്ചവെയിലത്തു വീടിനടുത്തുള്ള പറമ്പിൽ പിള്ളേരുടെ ക്രിക്കറ്റ്‌ കളി കണ്ടോണ്ടിരിക്കുമ്പോഴാണ് പൂഴിമണ്ണ് നിറഞ്ഞ ഇടവഴിയിലൂടെ പടപടാ ശബ്ദത്തിൽ ഒരു ബുള്ളെറ്റ് പാഞ്ഞുപോകുന്നത് കണ്ടത്…
ഇതാരെടാ ഈ വഴിക്ക് ഇങ്ങനൊരു പോക്ക് പുവാൻ എന്ന് മനസിൽപറഞ്ഞോണ്ടു നോക്കുമ്പോ ദാ പോണ് ആ ബുള്ളെറ്റ് എന്റെ വീട്ടിലേക്ക്..
ഒരു സംശയദൃഷ്ടിയോടെ പിറകെ ഞാനും വീട്ടിലേക്ക് വെച്ചടിച്ചു…
വണ്ടി സ്റ്റാൻഡിൽ വെച്ച് ഹെൽമെറ്റ്‌ ഊരിയിറങ്ങിയ ആ രൂപത്തെ കണ്ടപ്പോൾ അടിവയറ്റിലൊരു കാളൽ…
മെറിൻ…. !!
പഴയ കളിക്കൂട്ടുകാരി..
പണ്ട് ബംഗ്ലൂരിൽ ജോലി അന്വേഷിച്ചുപോയപ്പോൾ വീണ്ടും കണ്ടുമുട്ടിയെങ്കിലും മെറിന്റെ ഈയൊരു വരവ് പ്രതീക്ഷിച്ചിരുന്നില്ല…
ബംഗ്ലൂരിൽ നിന്നും ട്രെയിൻ കയറുമ്പോൾ അവളുടെ മുഖത്ത് കണ്ട ആ ചിരി പിന്നീട്‌ പലരാത്രികളിലും എന്റെ ഉറക്കം നഷ്ടപെടുത്തിയിരുന്നു…
പിന്നെപ്പിന്നെ എല്ലാം പഴയപടി ആയി…
ഇപ്പോഴിതാ വീണ്ടും മെറിൻ കൺമുന്നിൽ നിൽക്കുന്നു…
ഇത് നിന്നെത്തേടിയുള്ള വരവാണ് എന്ന് തലച്ചോറ് ഹൃദയത്തോട് മന്ത്രിക്കുന്നുണ്ട്..
മെറിനെ പരിചയപെടുത്തിക്കൊടുത്തപ്പോൾ അമ്മക്ക് അതിശയമായി…
കുട്ടിക്കാലത്തു അരപ്പാവാടയും ബ്ലൗസും ഇട്ട് നടന്നിരുന്ന പെങ്കൊച് ഇപ്പൊ മുടി ബോയ്കട്ട് വെട്ടി, ജീൻസും ടീഷർട്ടും ഇട്ട് ബംഗ്ലൂരിൽനിന്നും ഗമണ്ടൻ ബുള്ളറ്റും ഒടിച്ചു നാട്ടിലേക്ക് വന്നത് അമ്മക്ക് അവിശ്വസനീയം ആയി തോന്നിക്കാണും…
പക്ഷെ പെട്ടെന്ന്തന്നെ അമ്മ മെറിനുമായി അടുത്തു..
അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി അമ്മ അവളോട്‌ വാതോരാതെ വിശേഷങ്ങൾ ചോദിക്കുന്നതുകേട്ടപ്പോൾ ഞാൻ പതുക്കെ പുറത്തോട്ടിറങ്ങി..
ഹൃദയം ചുമ്മാ പട പടാ ഇടിക്കുന്നു…
വിലപെട്ട എന്തോ ഒന്ന് വീടിനകത്തു ഇരിപ്പുള്ളത് പോലെ..
പിന്നാമ്പുറത് ഒരു ബഹളം കേട്ട് ഓടിച്ചെന്നു നോക്കിയപ്പോൾ മെറിനും അമ്മയുംകൂടെ ഒരുതടിമാടൻ പൂവൻകോഴിയെ ഓടിച്ചിട്ട്‌ പിടിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്..
ആഹാ, ഉച്ചക്ക് ഊണിന് നാടൻ കോഴിക്കറി ആണല്ലോ അപ്പോൾ..
ഞാൻ മനസ്സിലോർത്തു..
ഗംഭീരമായ ഊണുംകഴിച്ചു പച്ചഈർക്കിലികൊണ്ട് പല്ലുംകുത്തി ഉമ്മറത്തെ ചാരുകസേരയിൽ വയറും തടവി അങ്ങനെ ഇരിക്കുമ്പോൾ മെറിൻ അടുത്തുവന്ന്നിന്നു…
സായി, നമുക്കൊന്ന് കറങ്ങിയാലോ… ?
മെറിന്റെ ചോദ്യംകേട്ട എന്റെ കണ്ണുകൾ മുറ്റത്തിരിക്കുന്ന ബുള്ളെറ്റിന് നേരെ നീണ്ടു..
എൻഫീൽഡിൽ മെറിന്റെ കൂടെ ഒരു കറക്കം..
അത് പൊളിക്കും..
അമ്മയോട് യാത്രപറഞ്ഞു മുറ്റത്തേക്കിറങ്ങിയ മെറിനോട് മടിച്ചിട്ടാണെങ്കിലും ഞാനെന്റെ ആഗ്രഹം പറഞ്ഞു..
ഇത് ഞാനൊന്ന് ഓടിച്ചോട്ടെ….. ??
മെറിനെയും പിറകിലിരുത്തി ഇടവഴിയിലൂടെ ബുള്ളെറ്റ് പറത്തുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമായിരുന്നു ഉള്ളിൽ..
പിൻസീറ്റിൽ മെറിൻ നിശബ്ദമായിരിക്കുന്നത് കണ്ടപ്പോൾ കണ്ണാടിയിലൂടെ ഞാനൊന്ന് പാളി നോക്കി..
ചുറ്റിനും കണ്ണോടിച് ഗ്രാമത്തിന്റെ വിശുദ്ധിയും മനോഹാരിതയും ആസ്വദിക്കുകയായിരുന്നു അവളപ്പോൾ..
കുറച്ചുസമയത്തിനുശേഷം മെറിൻ സംസാരിച്ചുതുടങ്ങി..
സായി, എനിക്ക് കാട് കാണണം, മലകാണണം… മലമുകളിൽ പൂത്തുനിൽക്കുന്ന വൈലറ്റ്പൂക്കൾ കാണണം..
ന്നാ പിന്നെ നമുക്ക് വണ്ടി മുന്നാറിലോട്ട് വിടാം, അവിടാവുമ്പോ ഇതൊക്കെ കാണാം..
ഓ ആയികൊട്ടെ, മുന്നാർ എങ്കിൽ മുന്നാർ, വണ്ടിവിടു മാഷെ…
യാത്രക്കിടയിൽ മെറിന്റെ മുഖം കാണാൻവേണ്ടി ഇടക്കിടെ ഞാൻ കണ്ണാടിയിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചിട്ടാവണം അവൾ ചെവിക്കരുകിലേക്ക് മുഖം ചേർത്തു ചോദിച്ചു..
എന്താ നോക്കുന്നെ ?
ഒരു മൂക്കുത്തികൂടെ ഉണ്ടാരുന്നെങ്കിൽ പൊരിച്ചാനെ..
എന്റെ വാക്കുകൾ കേട്ട് ചെറുതായി ഒന്ന് ചിരിച്ചതല്ലാതെ അവളൊന്നും മറുപടി പറഞ്ഞില്ല..
കുറച്ചൂടെ മുന്നോട്ട് പോയപ്പോൾ മെറിൻ പെട്ടെന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു…
പിറകിൽനിന്നിറങ്ങി തൊട്ടടുത്ത ഷോപ്പിലേക്ക്‌ കയറിപോയ മെറിൻ പെട്ടെന്നുതന്നെ തിരിച്ചെത്തി..
ഞങ്ങൾ പിന്നേം യാത്ര തുടർന്നു…
സായി, ഇങ്ങോട്ടൊന്നു നോക്ക്യേ..
മെറിന്റെ പറച്ചിൽകേട്ട് തിരിഞ്ഞു നോക്കുമ്പോ അതാ കാണുന്നു ഒരു മൂക്കുത്തികല്ല്‌..
അവളുടെ മൂക്കിൻ തുമ്പിൽ..
ഇപ്പൊ എങ്ങിനെ… പൊരിച്ചോ ?
മെറിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
കിടുക്കാച്ചി ആയിട്ടാ ഇപ്പൊ..
പെട്ടെന്ന് ഒരു നീറ്റൽ അനുഭവപെട്ടു ചുമലിൽ..
മെറിൻ മുതുകിൽ പല്ല് അമർത്തിയതിന്ടെ നോവായിരുന്നു അതെന്ന് അറിയാൻ നിമിഷങ്ങളെടുത്തു…
വേദനിച്ചോ… ?
ചെവിക്ക് തൊട്ടരികിൽ ആ ചോദ്യം കേട്ടപോൾ ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് തലയാട്ടി….
മറ്റേതൊ മായാലോകത്തായിരുന്നു ഞാനാ സമയത്ത്…
വഴിയരികിലെ കാഴ്ചകളും കണ്ട്‌ മൂന്നാർ എത്തിയപ്പോൾ തന്നെ സന്ധ്യയായി…
ഇന്നിവിടെ താമസിച്ചു രാവിലെ തിരിച്ചു പോയാൽ മതിയോ നമുക്കെന്ന് മെറിനാണ് എന്നോട് ചോദിച്ചത്..
അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ…
വെയിലും കൊണ്ട് കിലോമീറ്ററുകളോളം ബൈക്ക് ഓടിച്ചതിന്ടെ ക്ഷീണം എന്റെ ശരീരത്തെ ശരിക്കും തളർത്തിയിരുന്നു…
പക്ഷെ മുന്നാറിലെപ്പോൾ തണുപ്പായിരുന്നു…
ഒരു സുഖമുള്ള തണുപ്പ്…
പൈൻ മരങ്ങൾക്ക് നടുവിലെ മരത്തടി കൊണ്ട് നിർമ്മിച്ച റൂമിൽ എത്തിയപാടെ ഞാൻ ബെഡിലേക്ക് ചാഞ്ഞു…
എപ്പോഴോ കണ്ണുതുറന്നപ്പോൾ റൂമിൽ ഇരുട്ട് പടർന്നിരുന്നു…
തൊട്ടപ്പുറത്തെ ബെഡിൽ ഒരു മൂക്കുത്തി കല്ലിന്റെ പ്രകാശം ആ ഇരുട്ടിലും തിളങ്ങി നിന്നു..
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മലയിറങ്ങി…
യാത്രക്കിടയിലെപ്പോഴോ മെറിന്റെ കൈകൾ എന്നെ വട്ടം ചുറ്റി പിടിച്ചിരുന്നു…
നാട്ടിലെത്താറാകുന്തോറും ഒരുതരം അസ്വസ്ഥത എന്നെ പിടികൂടി തുടങ്ങി…
എന്തോ ഒന്ന് മെറിനോട് പറയാനായി ബാക്കിവെച്ചപോലെ…
ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ….
വീട്ടിലെത്തി അധികം വൈകാതെ തന്നെ മെറിൻ തിരിച്ചുപോകാനൊരുങ്ങി…..
പോകാൻ നേരത്ത് അവളൊരുകൂട്ടം അമ്മയിൽനിന്നും ചോദിച്ചു വാങ്ങി…
ഒരു പൂവന്കോഴിയെ….
വീട്ടിൽകൊണ്ടോയി വരട്ടിയെടുക്കണം ഇവനെ,
അതുംപറഞ്ഞു ബുള്ളറ്റിൽ കയറിയ മെറിന്റെ മുഖത്തേക്ക് ഞാനൊന്നു പാളിനോക്കി…
എന്നോടൊന്നും പറയാനില്ലേ ഇവൾക്ക്.. ??
പ്രതീക്ഷ തെറ്റിയില്ല, വീടിന്ടെ പടികടക്കാൻ നേരം ബുള്ളെറ്റൊന്നു നിന്നു…
സായിക്ക് ബുള്ളെറ്റ് വല്യ ഇഷ്ട്ടാണ് അല്ലേ ?
മറുപടിയൊന്നും പറയാതെ ഞാൻ വെറുതെ തലകുലുക്കി…
എന്റെ ഇഷ്ടമാണല്ലോ ഈ പടിയിറങ്ങുന്നത്…
ഇനിയൊരു പുതിയ ബുള്ളെറ്റ് മേടിക്കണ്ടാട്ടൊ സായി, നമുക്ക് രണ്ടുപേർക്ക് പോകാൻ ഇതൊരെണ്ണണം പോരെ… ?
മെറിൻ ആ പറഞ്ഞ വാക്കിന്റെ അർത്ഥം ഞാൻ മനസിലാക്കി വരുമ്പോഴേക്കും, കണ്ണിറുക്കിയുള്ള ഒരുചിരിയും എനിക്ക് സമ്മാനിച്ച്‌ മെറിനും അവളുടെ ബുള്ളറ്റും വീടിന്ടെ പടികടന്നു അകന്നുപോയിരുന്നു….

 

RELATED ARTICLES

Most Popular

Recent Comments