Wednesday, May 8, 2024
HomeSTORIESഋതുഭേദങ്ങൾ. (കഥ)

ഋതുഭേദങ്ങൾ. (കഥ)

ഋതുഭേദങ്ങൾ. (കഥ)

സന്ധ്യ ജലേഷ്. (Street Light fb group)
പഴയ ബജാജ് സ്കൂട്ടറിൽ ട്രഷറിക്കു മുൻപിലെത്തുമ്പോഴെ കണ്ടു വലിയ തിരക്ക്. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ പെൻഷൻ വാങ്ങുന്നതാണ്. ഇത്തവണ താമസിച്ചു പോയി. ഇന്ന് തീയതി 10 ആയി. തുരുമ്പുപിടിച്ച സ്കൂട്ടറിന്റെ സ്റ്റാൻഡ് ചവിട്ടി നിവർത്തി വണ്ടി അതിലേക്ക് വലിച്ചു കയറ്റുമ്പോൾ പ്രായാധിക്യം കാരണം വണ്ടിയിൽ നിന്ന് ചില ശബ്ദം കേൾക്കാം. ആദ്യമായി താൻ വാങ്ങിയ വണ്ടിയാണ്. വർഷം മുപ്പതായി ഇത് ഒരു നല്ല ചങ്ങാതിയെപ്പോലെ കൂടെ കൂടിയിട്ട്.. ഉപേക്ഷിക്കാൻ മനസ്സു വരുന്നില്ല. ഇതിൽ വലുത് പലതും ജീവിതത്തിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടങ്കിലും ഇതു മാത്രം…… എന്തോ.. മനസ്സു വരുന്നില്ല. ടോക്കൺ എടുത്തു. ടോക്കൺ നമ്പർ 2 1. തിരക്കുണ്ടങ്കിലും വെളിയിലിട്ടിരിക്കുന്ന ഒന്ന് രണ്ട് കസേരകൾ ഒഴിഞ്ഞുകിടക്കുന്നു… തന്റെ മനസ്സു പോലെ. കക്ഷത്തിലിരുന്ന ബാഗ് എടുത്ത് മടിയിൽ വെച്ച് സുധാകരൻ മാഷ് ഒരു കസേരയിലേക്കിരുന്നു. ക്യാഷ് കൗണ്ടറിൽ നല്ല ആൾക്കൂട്ടം.ആരേയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു നിറയൗവ്വനം സർക്കാരിനു വേണ്ടി ഹോമിച്ചതിന് മരണം വരെ അവർ തരുന്ന ഔദാര്യം. ഇത് കിട്ടിയിട്ടു വേണം പലർക്കും പലതും സാധിക്കാൻ. പെൻഷൻ കിട്ടി കുറേ ദിവസത്തേക്ക് പോക്കറ്റിന് ചെറിയ ഭാരമുണ്ടാകും. മാസത്തിന്റെ പകുതി യാവുമ്പോഴേക്ക് കീശ വീണ്ടും ശൂന്യമാകും. വെറും ചില്ലറകളുടെ കിലുക്കം മാത്രം അവശേഷിക്കും. വീണ്ടും കാത്തിരിപ്പാണ് അടുത്ത ഒന്നാം തീയതിയാവാൻ.
” ആങ്ങ്ഹാ ” മാഷെന്തേ ഇപ്രാവശ്യം താമസിച്ചു പോയത്..? അഞ്ചാം തീയതിക്കുള്ളിൽ വരുന്നയാളാണല്ലോ.. ” വസുമതി ടീച്ചറാണ്. ടീച്ചറും പെൻഷൻ വാങ്ങാൻ വന്നതാണ്. ടീച്ചർക്ക് രണ്ട് പെൺകുട്ടികൾ. രണ്ടു പേരുടേയും വിവാഹം കഴിഞ്ഞു. മക്കൾ വളരെ നിർബന്ധിക്കാറുണ്ട് അവരുടെ കൂടെച്ചെന്നു താമസിക്കാൻ.പക്ഷേ ടീച്ചർ പോവില്ല. ” എണീറ്റ് നടക്കാൻ കഴിയാവുന്ന കാലത്തോളം നിങ്ങടെ അച്ഛന്റെ അസ്ഥിത്തറയിൽ ഒരു അന്തിത്തിരി വെയ്ക്കണം.. കിടപ്പാകുന്നിടം വരെ ഞാൻ അതിന് മുടക്കം വരുത്തില്ല ” എന്ന് പറഞ്ഞ് ഒഴിയും. ടീച്ചർ ഒറ്റയ്ക്കാണ് താമസം. രണ്ടാമത്തെ കുട്ടിയെ വയറ്റിലുള്ളപ്പോഴാണ് ഭർത്താവിന്റെ മരണം. ആക്സിഡന്റായിരുന്നു. ഒരാഴ്ച വെന്റിലേറ്ററിലായിരുന്നു.. പക്ഷേ ഈശ്വരന്റെ ആയുസ്സിന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പേര് ചുവന്ന മഷിയിൽ വെട്ടിയിരുന്നു. “സുഖമില്ലായിരുന്നു ടീച്ചറേ.. ഒരാഴ്ച കിടപ്പിലായിരുന്നു പനിയായിട്ട് ” സുധാകരൻ മാഷ്, തന്റെ തൊട്ടരികിൽ കിടന്ന കസേരയിലിരുന്ന വസുമതി ടീച്ചറോട് പറഞ്ഞു. സുധാകരൻ മാഷ് ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ നോട്ടം നേരിടാനാവാതെ വസുമതി ടീച്ചർ ബാഗ് തുറന്ന് എന്തോ തിരയുന്ന ഭാവത്തിലിരുന്നു. പ്രായം വലിയ വേലത്തരങ്ങളൊന്നും കാണിച്ചിട്ടില്ല ഇപ്പോഴുമാ മുഖത്ത്. കാണാൻ തുടങ്ങിയ കാലം മുതലുള്ള ചെറിയ ചന്ദനക്കുറി ഇപ്പോഴുമാ പുരിക മധ്യത്തിലുണ്ട്. വെളുത്ത മുഖത്ത് അധികം ചുളിവുകളൊന്നും വീണിട്ടില്ല. നിറയെ പീലികളുള്ള വിടർന്ന കണ്ണുകൾ….. പക്ഷേ ആ കണ്ണുകളിൽ നഷ്ട മോഹങ്ങളുടെ ഒരു കടലാഴം ഒളിച്ചിരിപ്പുണ്ട്. അത് തനിക്കു കാണാം തനിക്കു മാത്രം……
ചിന്തകളുടെ കടൽവെള്ളത്തിൽ മുങ്ങിയും പൊങ്ങിയും നീർക്കുഴിയിട്ടും നീന്തിക്കഴിയുമ്പോൾ ഓർമ്മകളുടെ കണ്ണീരൊലിക്കുന്ന കുറേ ഉപ്പു പരലുകൾ മനസ്സിൽ ബാക്കിയാകും. ചെയ്യാമായിരുന്നിട്ടും ചെയ്യാതെ പോയ കൊടും പാതകത്തിന്റെ പാപഭാണ്ഡവും ചുമലിൽ തൂക്കി എത്രയോ രാത്രികളിൽ ഉറക്കമില്ലാതെ ശ്വാസം മുട്ടിപ്പിടഞ്ഞിട്ടുണ്ട്. തിരികെ വിളിച്ചാൽ വരുമായിരുന്നങ്കിൽ കൈകൊട്ടിച്ചിരിച്ചും കണ്ണീർ വാർത്തു കരഞ്ഞും ഓടി മറഞ്ഞ കാലത്തിനെ താൻ ദക്ഷിണവെച്ച് തിരികെ വിളിച്ചേനേം… സാധ്യമല്ല.. മടക്കയാത്രയില്ലാത്ത സംവൽസരങ്ങളുടെ പോക്ക് ഒരുപ്പോക്കാണ്. തിരിച്ചു വരവില്ല.
ടി.ടി.സി ‘കോഴ്സിൽ വെച്ചാണ് വസുമതിയെന്ന പെൺകുട്ടിയെ പരിചയപ്പെടുന്നത്. രണ്ടു പേരുടേയും വീടുകൾ തമ്മിൽ ഒരു പാട് ദൂരമില്ല. ഏറിയാൽ ഒരഞ്ച് കിലോമീറ്റർ ദൂരം മാത്രം… പരിചയപ്പെട്ട് സംസാരിച്ചപ്പോഴാണ് അറിഞ്ഞത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിഞ്ഞു അടുത്തു.വീട്ടുകാര്യങ്ങളെല്ലാം പരസ്പരം തുറന്നു പറഞ്ഞു. വസുമതി ഒറ്റമോൾ. സാമ്പത്തികവും മോശമല്ല.സുധാകരൻ: രണ്ട് പെങ്ങൻമാർ അമ്മ അച്ഛൻ.. അങ്ങനെ ഒന്നും മറയ്ക്കാത്ത ആ സൗഹൃദവും സ്നേഹത്തിലേക്ക് വഴുതി.. പ്രേമമെന്നോ പ്രണയമെന്നോ പറഞ്ഞാലും ശരിയാണ്. കോഴ്സ് കഴിഞ്ഞ് ബസ് കാത്ത് ഇരിക്കുമ്പോൾ അയാൾ പറഞ്ഞു. “ജോലി കിട്ടട്ടെ! ഞാൻ നിന്റെ വീട്ടിൽ വരാം. നിന്നെ എനിക്ക് തരുമോന്ന് നിന്റെ അച്ഛനോട് ചോദിക്കും” നാണം കൊണ്ട് തന്റെ മുഖത്ത് നോക്കാനാവാതെ തല കുനിച്ച അവൾ ഇടം കൈയ്യിലെ ക്യൂട്ടക്സിട്ട കൈയ്യുടെ പെരുവിരൽ കൊണ്ട് ഇരുന്നിരുന്ന കസേരക്കയ്യിൽ മെല്ലെ ചുരണ്ടിക്കൊണ്ടിരുന്നു
മിക്കവാറും എഴുത്തുകൾ അയക്കും അവൾ. അന്ന് തന്നെ താൻ മറുപടിയും കൊടുക്കും. എല്ലാ എഴുത്തിലും ഒന്നു തന്നെയാവും ഉള്ളടക്കം.. ഒരു കൊച്ചു ജീവിതത്തിന്റെ നിറങ്ങൾ ചാലിച്ച വാക്കുകൾ.. യഥാർത്ഥ സ്നേഹത്തിന്റെ നറുതേനിറ്റു നിൽക്കുന്ന വരികൾ. ഇന്നലെ ഒരു കത്ത് കിട്ടിയിരുന്നു. ഇന്ന് വീണ്ടും പോസ്റ്റ്മാൻ ഒരു കത്ത് നീട്ടിയപ്പോൾ അമ്പരപ്പ് തോന്നി.. പോസ്റ്റ്മാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു… “എന്താ സുധാകരാ… ഒരു കൊളുത്തു വീണ മട്ടുണ്ടല്ലോ” കിടക്കയിലിരുന്നു കൊണ്ട് കത്ത് പൊട്ടിച്ചു. “എനിക്ക് ജോലി കിട്ടി.. പാലക്കാടാണ് പോസ്റ്റിംങ്ങ്.. ചെന്നിട്ട് വിശദമായി എഴുതാം സ്നേഹത്തോടെ….. ….
സന്തോഷമായി.അവളുടെ ആഗ്രഹം പോലെ അവളൊരു സ്കൂൾ ടീച്ചറായി. അധികം താമസിയാതെ തനിക്കൂടെ ഒരു ജോലി കിട്ടിയിരുന്നങ്കിൽ…… എങ്കിൽ….
പക്ഷേ ഈശ്വരനും ഭാഗ്യവും തനിക്ക് തുണയായില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും ഒരു സ്ഥിരം ജോലി തരപ്പെട്ടില്ല. അവൾക്ക് ജോലി കിട്ടി ആറു മാസം കഴിഞ്ഞു വന്ന കത്തിൽ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നതായി പറഞ്ഞു. പക്ഷേ തുടർന്നുള്ള എല്ലാ എഴുത്തിലും ഇത് തന്നെ ആവർത്തിച്ചപ്പോൾ താൻ നിസ്സഹായനായി. എങ്കിലും അവളെ സമാധാനിപ്പിച്ചു.അൽപം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞു. കാത്തിരിക്കുന്നതൊന്ന്.. കാലം കൈയ്യിൽ വെച്ചു തരുന്നതൊന്ന്.. അവസാനം വന്ന കത്തിൽ രണ്ടേ രണ്ടുവരി മാത്രം ” എനിക്ക് കുറച്ചു സംസാരിക്കണം.. വീട്ടിൽ ഫോണില്ലന്നറിയാം. അടുത്ത വീട്ടിലെങ്ങാനും ഫോണുണ്ടങ്കിൽ നമ്പർ തരിക” ഇത്ര മാത്രം. തൊട്ടപ്പുറത്ത് ഒരു വലിയ പണക്കാരാണ് താമസം.. ലാൻഡ് ഫോണുണ്ട്. നമ്പർ കൊടുത്തു. ഒരു രാത്രിയിൽ അവിടുത്തെ കുട്ടി വന്നു പറഞ്ഞു .തനിക്കൊരു ഫോണുണ്ടന്ന്. പത്ത് മിനിട്ട് കഴിഞ്ഞ് വിളിക്കുമെന്നു പറഞ്ഞു.. ആ കുട്ടിയോടൊപ്പം വീട്ടിലെത്തി പറഞ്ഞ സമയത്തിനു മുൻപേ ഫോൺ ശബ്ദിച്ചു. “എന്താ തീരുമാനം.. ഇപ്പോൾ പറഞ്ഞേ പറ്റു. പല ആലോചനകളും പല കള്ളം പറഞ്ഞ് ഞാൻ മുടക്കി.. ഇപ്പോൾ വന്നിരിക്കുന്ന ആലോചനക്ക് സമ്മതിച്ചില്ലങ്കിൽ അച്ഛൻ ജീവിച്ചിരിക്കില്ലന്ന് പറഞ്ഞു. ഞാൻ കാരണം എന്റെ അച്ഛനില്ലാതായാൽ ഞാൻ പിന്നെ ജീവിക്കുന്നതിലർത്ഥമൊന്നുമില്ല.. എങ്കിലും നിങ്ങളുടെ തീരുമാനം എനിക്കറിയണം” എന്താണ് മറുപടി പറയേണ്ടതെന്നറിയാത്ത അനേകം ചോദ്യങ്ങളിലൊന്നായ് തോന്നി അവളുടെ ചോദ്യവും. പക്ഷേ ഇത് ഒരു പക്ഷേ അവസാനത്തെ അവസരമായിരിക്കും. “രണ്ട് മുറിയുള്ള ഒരു ഓടിട്ട വീട്.. ഒന്നിൽ കല്യാണപ്രായമുള്ള രണ്ട് പെങ്ങൻമാർ ഉറങ്ങും. മറ്റേ മുറിയിൽ അച്ഛനും അമ്മയും. ഒരു കയറ്റു കട്ടിലിട്ട് ഞാൻ ചെറിയ തിണ്ണയിൽ കിടക്കും.. ആരൊക്കയോ ഒപ്പിട്ട സർട്ടിഫിക്കറ്റ് എന്ന കുറേ പേപ്പറല്ലാതെ എന്റെ കയ്യിലൊന്നുമില്ല.. ട്യൂട്ടോറിയൽ കോളേജിൽ ക്ലാസ്സെടുക്കുന്നതു കൂടാതെ ഒന്നു രണ്ടു കടകളിൽ കണക്കെഴുതാനും പോകും. എങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലപ്പോഴും കഴിയാറില്ല.. എല്ലാം ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ ഒരു ജീവിതത്തിലേക്ക് നിന്നെ കൈ പിടിച്ചു കയറ്റാൻ എനിക്കാവില്ല എന്ന് മാത്രമല്ല ചിന്തിക്കാൻ പോലും കഴിയില്ല.. “
“ജോലിയില്ലന്ന കാരണത്താൽ എന്നെ ഒഴിവാക്കണ്ട.. നമുക്ക് ജീവിക്കാനുള്ളത് എനിക്കു കിട്ടുന്നുണ്ട്.. മരണം വരെ എന്റെ കൂടെ ഉണ്ടാവുമെന്ന ഒരേ ഒരു വാക്ക് തന്നാൽ മതി ഏത് ദുരിതത്തിലേക്കും ഞാൻ കൂടെ വരാം.. സന്തോഷമായി ജീവിച്ചോളാം” അവളുടെ ഏങ്ങിക്കരച്ചിൽ എട്ടുകാലിയെപ്പോലെ ഹൃദയത്തിലിഴയുന്നു.. തൊണ്ട വരളുന്നു… വീണ്ടും അവളുടെ സ്വരം…” മൂന്ന് വർഷം കൊണ്ട് ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ചോദ്യമുണ്ട്.. പക്ഷേ ഇത് വരെ നിങ്ങൾ അത് ചോദിച്ചില്ല…. ഇനി ചോദിക്കില്ലന്നും എനിക്കറിയാം. അത് ആ ചോദ്യം ഞാനങ്ങോട്ട് ചോദിക്കട്ടെ..” വരുന്നോ എന്റെ ജീവിതത്തിലേക്ക്… വരുന്നില്ലന്നു മാത്രം പറയരുത്.. ഒരു പക്ഷേ ഞാൻ സമനില തെറ്റി ഒരു മുഴുഭ്രാന്തിയായിപ്പോകും”
വേർപിരിയലിന്റെ അവസാന നിമിഷമാണിത്.ഇവിടെ തളർന്നാൽ അറച്ചു നിന്നാൽ ഒരു പക്ഷേ താൻ കാരണം ഒരു ജീവൻ ചങ്ങലയാൽ ബന്ധിക്കപ്പെട്ട് ഇരുട്ടറയിലാകും. ഒരു കാരണവശാലും അതിനിട വരരുത്.. നട്ടുനനച്ച് വളമിട്ടു വെള്ളം കോരിയ പൂച്ചെടി പുഷ്പിക്കുന്നതു കാണാൻ പാപ ജന്മമായ തനിക്കു വിധിയില്ല.. വിടരും മുൻപേ കടമുറിച്ചു തള്ളണം.. ഹൃദയം പറിക്കുന്ന വേദനയോടാണങ്കിലും.. അതിനുള്ള ഉത്തരം ഇതാ കൊടുക്കേണ്ട സമയമായി….
“വേണ്ടാ… എനിക്ക് പറ്റില്ല… എന്നോട് ക്ഷമിക്ക് എന്ന പഴകിത്തേഞ്ഞ് മൂർച്ച പോയ വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല. പക്ഷേ…. പറ്റുമെങ്കിൽ എന്നെ ശപിക്കരുത്.
ദിവസങ്ങൾ കൂടിച്ചേർന്ന് ആഴ്ചകൾക്ക് ജൻമംകൊടുത്തു. ആഴ്ചകളെ ചിറകിലൊതുക്കി മാസങ്ങൾ പറന്നെത്തി. വെറുതെ ഓരോന്നോർത്ത് കിടക്കുമ്പോൾ പടിക്കൽ സൈക്കിൾ ബല്ലിന്റെ കിണി കിണി നാദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ മുറ്റത്തേക്ക് കയറി വരുന്ന പോസ്റ്റ്മാൻ. ” ഒരു രജിസ്റ്ററുമുണ്ട് അല്ലാതെ പതിവു വരുന്ന കത്തുമുണ്ട്. ആദ്യം ഒരൊപ്പിട്ടേ.. ” അയാൾ ചൂണ്ടിക്കാണിച്ചിടത്ത് ഒപ്പിട്ട് രണ്ടു കത്തും വാങ്ങി മുറിയിൽ ചെന്ന് കട്ടിലിലേക്ക് ചാഞ്ഞു.. ആദ്യം അവളുടെ കത്ത് പൊട്ടിച്ചു.. ഡേറ്റ് നോക്കി ഒരാഴ്ച മുൻപ് പോസ്റ്റ് ചെയ്തതാണ്. ഭിത്തിയിലെ കലണ്ടറിലേക്ക് നോക്കി.. ഇന്ന് ഏപ്രിൽ പത്ത്. ” എന്റെ വിവാഹമുറപ്പിച്ചു.. ഏപ്രിൽ പത്തിനാണ് .. മുഹൂർത്തം പതിനൊന്ന് പത്തിനും പതിനൊന്ന് നാല്പതിനുമിടയിൽ.. കോന്നി തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ വെച്ച്.. ഒരു അപേക്ഷയുണ്ട്.. വിവാഹത്തിന് വരരുത്… ആ മുഖം എന്റെ വിവാഹ സമയത്ത് ഒരിക്കൽ കൂടി ഞാൻ കണ്ടു പോയാൽ ഒരു പക്ഷേ…..
വിവാഹ ദിവസം തന്നെ ഈ കത്ത് കിട്ടിയത് ഈശ്വരന്റെ ഒരു കളിയല്ലേ…. അതോ ഒരു പാവം പെണ്ണിന്റെ ഹൃദയം നുറുക്കിയതിന് തന്ന ശിക്ഷയോ?
ചരിഞ്ഞു കിടന്നപ്പോൾ ഒലിച്ചിറങ്ങിയ കണ്ണുനീർ വീണ് തലയിണയിൽ ഒരു നനവ്…. ഹൃദയത്തിന് വല്ലാത്തൊരു ഭാരം.. പൊട്ടിപ്പൊട്ടി ഒന്ന് കരഞ്ഞിരുന്നങ്കിൽ എല്ലാം ശരിയാകുമായിരുന്നു. കട്ടിലിലെഴുന്നേറ്റിരുന്ന് പുതപ്പിന്റെ തുമ്പു കൊണ്ട് മുഖം തുടച്ചു.. അപ്പോഴാണ് രജിസ്ട്രേഡ് കത്ത് വായിച്ചില്ലല്ലോ എന്നോർത്തത്.. കത്ത് എടുത്ത് ശ്രദ്ധയോടെ അതിന്റെ തല ഭാഗം നുള്ളിമാറ്റി. കവറിനുള്ളിൽ നിന്നും രണ്ടായി മടക്കിയപ്പേറെടുത്തു നിവർത്തി. അതിൽ ടൈപ്പ് ചെയ്തിരുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിച്ചു. വിറയ്ക്കുന്ന വിരലുകൾക്കിടയിൽ നിന്നും പിടി വിട്ടു പോയ ആ കടലാസ് മുകൾതട്ടിൽ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ കാറ്റിൽ മുറിയിലാകെ പറന്നു നടന്നു.. കുറേ നാള് മുൻപ് കിട്ടിയിരുന്നങ്കിൽ സ്നേഹവും ആഹ്ളാദവും പ്രണയവും പങ്കിടാവുന്ന ഒരു പുതു ജീവിതത്തിന്റെ കുറിപ്പെഴുതിയ കടലാസ്.. അപ്പോയ്മെന്റ് ഓർഡർ.. അതെ താനും ഒരു ഗവൺമെൻറ് സ്കൂളിലെ മാഷായിരിക്കുന്നു. വിശ്വാസം വരാതെ അയാൾ വീണ്ടും കലണ്ടറിലേക്കും മേശപ്പുറത്തിരുന്ന ടൈംപീസിലേക്കും മാറി മാറി നോക്കി.. കലണ്ടറിൽ ഏപ്രിൽ പത്ത് തിങ്കൾ..
ടൈംപീസിൽ പതിനൊന്ന് പത്ത് കഴിഞ്ഞ് പതിനൊ മുപ്പത്തഞ്ചിലെത്തി മിനിട്ട് സൂചി അനങ്ങാതെ നിൽക്കുന്നു.. ഒരു നവജീവിതത്തിന്റെ അടയാളം ഇപ്പോഴവളുടെ മാറിൽ പറ്റിച്ചേർന്നിട്ടുണ്ടാകും.. ആഗ്രഹിച്ചതിലൊന്നു കിട്ടി.. കൂടുതലാഗ്രഹിച്ചത് തന്നില്ല…
” മാഷേ… മാഷേ…… ഇതെന്താ പകൽക്കിനാവു കാണുവാണോ.. മാഷിന്റെ ടോക്കൺ നമ്പർ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചു.. ” ഓർമ്മകളുടെ നിലയില്ലാക്കയത്തിൽ മുങ്ങിശ്വാസം മുട്ടിപ്പിടയുകയായിരുന്നു ഇതുവരെ.. മുൻപിൽ വസുമതി എന്ന പെണ്ണിന്റെ സ്ഥാനത്ത് വസുമതി ടീച്ചർ. പൊടിച്ചു വന്ന ഒരു ചെറിയ നീർഗോളം കണ്ണിൽ നിന്നു തെന്നി മടിയിൽ വെച്ചിരുന്ന ബാഗിൽ വീണ് ചിതറി. തൂവാല കൊണ്ട് മുഖം തുടച്ച് മുഖമുയർത്തിയപ്പോൾ വസുമതി ടീച്ചറും മുഖം തുടയ്ക്കുകയായിരുന്നു.
സ്വപ്നങ്ങളുടെ അസ്ഥിമാടത്തിൽപ്പൂക്കുന്ന ശവം നാറിപ്പൂക്കളായിരുന്നു തന്റെ പ്രണയം… പ്രണയത്തിനെപ്പോഴും നനവാണ്.. കണ്ണീരിന്റെ നനവ് !

 

RELATED ARTICLES

Most Popular

Recent Comments