Saturday, April 20, 2024
HomeLiteratureക്ളാസ്മേറ്റ് പാര്‍ട്ട് 2. (നോവൽ)

ക്ളാസ്മേറ്റ് പാര്‍ട്ട് 2. (നോവൽ)

ക്ളാസ്മേറ്റ് പാര്‍ട്ട് 2. (നോവൽ)

അജിന സന്തോഷ്. (Street Light fb group)
സൂരജും വെെദേഹിയും കയറിയ കാര്‍ അവളുടെ വീടിനു മുന്നില്‍ എത്തി ..
വെെദേഹി പുറത്തേക്കിറങ്ങി സൂരജിനെ വീട്ടിലേക്ക് ക്ഷണിച്ചു..
അവന്‍ അവളുടെ വീടിന്‍റെ ഉമ്മറത്തേക്ക് കയറി..
വണ്ടിയുടെ ശബ്ദം കേട്ട് അമ്മയും കുഞ്ഞുങ്ങളും പുറത്തേക്ക് വന്നിരുന്നു.
”അമ്മയ്ക്ക് ഇതാരാണെന്ന് മനസ്സിലായോ”?
സൂരജിനെ ചൂണ്ടിക്കാട്ടി വെെദേഹി ചോദിച്ചു ..
അമ്മ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി..
”ഇത് സൂരജ്.. എന്‍റെ കൂടെ കോളേജില്‍ പഠിച്ചതാ.. പണ്ട് നമ്മുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട്..”
”ഓ,, ഇപ്പോള്‍ മനസ്സിലായി.. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നതല്ലേ.. അതാ തിരിച്ചറിയാതിരുന്നത്..”
പഠിക്കുന്ന സമയത്ത് മറ്റു കൂട്ടുകാരുടെ കൂടെ സൂരജും പല തവണ വീട്ടില്‍ വന്നിട്ടുണ്ട്.. അതുകൊണ്ട് അമ്മയ്ക്ക് സൂരജിനെ അറിയാം..
”മോന്‍ ഇരിക്കൂ.. എങ്ങനെ ഇവളെ കണ്ടെത്തി?”
അമ്മ കസേര നീക്കിയിട്ടു കൊണ്ട് പറഞ്ഞു..
”ഞാന്‍ ഇന്ന് ഇന്‍റര്‍വ്യൂന് പോയത് ഇവന്‍റെ സ്ഥാപനത്തിലാണ്..”
സൂരജ് വായ തുറക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ വെെദേഹി ഇടയില്‍ കയറി പറഞ്ഞു..
”അതേ അമ്മേ , കാര്യങ്ങളൊക്കെ വെെദേഹി പറഞ്ഞിട്ട് അറിഞ്ഞു.വിധിയെ തടുക്കാന്‍ നമുക്ക് ആവില്ലാലോ.. ”
”നാളെ മുതല്‍ ഇവള്‍ ജോലിക്ക് വന്നോട്ടെ.. എന്തു സഹായത്തിനും ഞാനുണ്ടാവും..”
സൂരജ് അമ്മയുടെ കെെ പിടിച്ചു കൊണ്ടു പറഞ്ഞു..
അവരോട് യാത്ര പറഞ്ഞ് അവന്‍ അവിടുന്നിറങ്ങി..
വെെദേഹിയുടെ അമ്മയുടെ മനസ്സില്‍ ഇത്തിരി സമാധാനം തോന്നി..ആരുമില്ലാതായിപ്പോയ തന്‍റെ മോളെ സഹായിക്കാന്‍ പഴയ സഹപാഠി വന്നല്ലോ.. ഒരു ജോലിയും കിട്ടിയല്ലോ..
അവര്‍ ദെെവത്തിനു നന്ദി പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ വെെദേഹി വീട്ടുജോലികളെല്ലാം തീര്‍ത്ത് ഓഫീസിലേക്ക് പോയി..
അവള്‍ പോയി അല്പനേരം കഴിഞ്ഞപ്പോള്‍ അയല്‍പക്കത്തുള്ള രണ്ടു സ്ത്രീകള്‍ അവളുടെ അമ്മയെ കാണാനെത്തി..
”അവളെവിടയാ പോയത്.. ഇന്നലെ ആരാണ് കാറില്‍ വന്നത്” എന്നൊക്കെ അറിയുകയായിരുന്നു അവരുടെ ഉദ്ദേശം..
വെെദേഹിയുടെ അമ്മ കാര്യങ്ങളൊക്കെ വിശദീകരിച്ചു..
”ഇത്ര വേഗം ജോലിക്കൊക്കെ പോകണമായിരുന്നോ” എന്ന് പിറുപിറുത്തുകൊണ്ട് അവര്‍ തിരിച്ചു പോയി..
വെെകുന്നേരം വെെദേഹി ഓഫീസില്‍ നിന്ന് വരുമ്പോള്‍ വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങിയിട്ടാണ് വന്നത്..
സൂരജ് അവള്‍ക്ക് ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ ആയി കൊടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു..
അങ്ങനെ അവള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട് മക്കള്‍ക്ക് വേണ്ടി ജീവിതം മുന്നോട്ട് നയിക്കാന്‍ തുടങ്ങി..
അതിനു സമൂഹവും ബന്ധുക്കളും അവള്‍ക്കൊരു പേര് ചാര്‍ത്തിക്കൊടുത്തു.. പിഴച്ചവള്‍..
”ഇത്ര പെട്ടെന്ന് ജോലിയും കിട്ടി ശമ്പളവും കിട്ടി.. എന്തു ജോലിയായിരിക്കും എന്ന് നമുക്കറിയില്ലേ”..
എന്നു പറഞ്ഞ് അര്‍ത്ഥം വെച്ച് ചിരിച്ചു നാട്ടുകാര്‍..
ഓഫീസില്‍ ജോലി കൂടുതലുള്ള ദിവസങ്ങളില്‍ സൂരജ് അവളെ കാറില്‍ വീട്ടില്‍ വിടാറുണ്ടായിരുന്നു.. അതിന്‍റെ പേരില്‍ അവളെ പറ്റി പല കഥകളും പ്രചരിപ്പിച്ചു..
അതെല്ലാം കേട്ട് മനീഷിന്‍റെ ബന്ധുക്കള്‍ പാഞ്ഞെത്തി ആക്രോശിച്ചു..
”അവന്‍റെ തല പോകാന്‍ കാത്തിരിക്കുകയായിരുന്നോടി നീ അഴിഞ്ഞാടി നടക്കാന്‍”..
അവളുടെ കൂടപ്പിറപ്പുകളും വന്ന് അവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ട് പോയി..
അവള്‍ ആരോടും ഒന്നും പ്രതികരിച്ചില്ല..
ഒരു അഭിനവ വെെദേഹിയായി അഗ്നിശുദ്ധി വരുത്തി ആരേയും ഒന്നും ബോധ്യപ്പെടുത്തണ്ടായിരുന്നു അവള്‍ക്ക്..
താന്‍ എന്താണ് എന്ന് തനിക്കറിയാം.. മനീഷേട്ടന്‍റെ ശരീരം മാത്രമേ വിട്ടു പോയിട്ടുള്ളു.. ആത്മാവ് തന്‍റെ കൂടെത്തന്നെയുണ്ട്.. താന്‍ ഒരിക്കലും പിഴച്ചു പോകില്ല എന്നു ആ ആത്മാവിന് അറിയാം..
പിന്നെ അമ്മയ്ക്കും തന്നെയും സൂരജിനെയും അറിയാം..
അതു മതി ഏതു പ്രതിസന്ധിയും
അതിജീവിക്കാന്‍..
എന്തായാലും പതറാതെ മുന്നോട്ട് പോവുക തന്നെ..
അവള്‍ തീരുമാനിച്ചു..
പിറ്റേന്ന് ഓഫീസില്‍ ഓഡിറ്റിംഗ് നടക്കുന്നതിനാല്‍ കുറേ അധികം ജോലിയുണ്ടായിരുന്നു.. അവള്‍ ഇറങ്ങാന്‍ വെെകിയതുകൊണ്ട് സൂരജ് അവളെ വീട്ടില്‍ വിടാനെത്തി..
സൂരജിന്‍റെ കാറ് അവളുടെ വീടിനു അടുത്തുള്ള റോഡിലേക്ക് എത്തിയപ്പോള്‍ കുറച്ച് പേര്‍ വഴി തടഞ്ഞു..
”രണ്ടു പേരും ഒന്നു പുറത്തേക്കിറങ്ങിയാട്ടെ.”
സൂരജ് വേഗം പുറത്തിറങ്ങി..
വെെദേഹി പേടിച്ചു വിറച്ചു കാറില്‍ത്തന്നെയിരുന്നു.
”എന്താ .. എന്താ കാര്യം? ”
സൂരജ് അവരോട് ചോദിച്ചു..
”കാര്യം എന്താണെന്ന് നിനക്കറിയില്ല അല്ലേടാ”..
”കുറച്ച് നാളായില്ലേ ഈ പരിപാടി തുടങ്ങിയിട്ട്… ഇനിയിത് ഇവിടെ നടക്കില്ല..”
കൂട്ടത്തിലെ ഒരുത്തന്‍ സൂരജിനെ തല്ലാന്‍ കെെയ്യോങ്ങിക്കൊണ്ട് പറഞ്ഞു..
”നിങ്ങള്‍ വെറുതേ പ്രശ്നമുണ്ടാക്കരുത്.. സമയം വെെകിയത് കൊണ്ടു ഞാന്‍ ഇവളെ വീട്ടിലാക്കാന്‍ വന്നതാണ്.. എന്‍റെ സ്ഥാപനത്തിലാണ് ഇവള്‍ ജോലി ചെയ്യുന്നത്‌.. ഞങ്ങള്‍ ക്ളാസ്മേറ്റ്സാണ്..”
സൂരജ് പറഞ്ഞു..
”അങ്ങനെ കുറേ ക്ളാസ്മേറ്റ്സിനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.. ഇന്നത്തോടെ എല്ലാം നിര്‍ത്തിക്കോ”..
”കെട്ട്യോന്‍ ചത്തിട്ട് അധികനാളായില്ലല്ലോടീ.. അതിനു മുന്‍പേ തുടങ്ങിയോ..”
അവര്‍ വെെദേഹിയുടെ നേര്‍ക്ക് തിരിഞ്ഞു..
അപ്പോഴേക്കും ബഹളം കേട്ട് ആളുകളൊക്കെ കൂടിയിരുന്നു..
വെെദേഹിക്ക് തൊലിയുരിയുന്നതു പോലെ തോന്നി..
”ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ശിക്ഷിക്കപ്പെടുന്നല്ലോ ഭഗവാനേ”..
അവള്‍ നെഞ്ച് പൊട്ടി കരഞ്ഞു..
ഒന്നും മിണ്ടാതെ കാറിന്‍റെ ഡോറു തുറന്നു പുറത്തിറങ്ങി… തലകുനിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു..
പുറകില്‍ നിന്ന് ആളുകള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..
സൂരജിന് അവളെ ഒന്നു ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു..
പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കൂടുതല്‍ ദോഷം ചെയ്യും എന്നറിയാവുന്നതുകൊണ്ട് അവന്‍ വണ്ടിയെടുത്തു തിരിച്ചു പോയി..
വെെദേഹി വീട്ടിലെത്തുന്നതിനു മുന്‍പേ അയല്‍ക്കാര്‍ പറഞ്ഞു അമ്മയും കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു..
അവള്‍ കയറി ചെന്നപ്പോള്‍ അമ്മ ഒന്നും ചോദിച്ചില്ല..
അവള്‍ നേരെ ചെന്നു കട്ടിലിലേക്ക് വീണു.. പൊട്ടി പൊട്ടിക്കരഞ്ഞു..
അമ്മയും കുഞ്ഞുങ്ങളും ഒന്നും അവളുടെ അടുത്തേക്ക് ചെന്നതേയില്ല..
കരഞ്ഞു കരഞ്ഞു എപ്പോഴോ അവളുറങ്ങി..
രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് അവള്‍ എഴുന്നേറ്റത്..
”നീ ചെന്നു വേഗം കുളിച്ചിട്ടു വരൂ.. നമുക്ക് ഒന്നു അമ്പലത്തില്‍ പോകണം”..
”എന്താ അമ്മേ”
”എല്ലാവരും നിന്നെ പറ്റി പലതും പറഞ്ഞിട്ടും ഞാനതൊന്നും വിശ്വസിച്ചിട്ടില്ല.. പക്ഷേ ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് നീ അമ്പല നടയില്‍ വെച്ചു എനിക്ക് സത്യം ചെയ്തു തരണം നീ പിഴച്ചു പോയിട്ടില്ല എന്ന്”..
അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ ഞെട്ടിത്തരിച്ചു ..
അമ്മ കൂടി അവിശ്വസിച്ച താന്‍ ഇനി ജീവിച്ചിരിക്കുന്നതില്‍ എന്താ അര്‍ത്ഥം..
സീതാദേവിയെ ഏറ്റു വാങ്ങിയ ഭൂമി ദേവി തന്നെയും ഏറ്റുവാങ്ങിയിരുന്നെങ്കില്‍ എന്നു ഒരു മാത്ര അവളും ആഗ്രഹിച്ചു പോയി..
അടുത്ത നിമിഷം അവള്‍ നിലത്തേക്ക് കുഴഞ്ഞു വീണു..

 

RELATED ARTICLES

Most Popular

Recent Comments