Friday, April 26, 2024
HomeLiteratureകൃഷ്ണൻ കാട്ടുപറമ്പിൽ (ലേഖനം).

കൃഷ്ണൻ കാട്ടുപറമ്പിൽ (ലേഖനം).

കൃഷ്ണൻ കാട്ടുപറമ്പിൽ (ലേഖനം).

എം.പി. അബ്ദുൾ സുബൈർ.
പത്രങ്ങളിലും ചാനലുകളിലും നിഷേധാത്മക വാർത്തകളുടെ (Negative News) പ്രളയം. അതുകേട്ട് ഉറങ്ങിയതുകൊണ്ടാകാം പുലർവേളയിൽ ഒരു സ്വപ്നവും കൂടെ ഒരശരീരിയും. “നിനക്കറിയാവുന്ന, നീയറിയുന്ന പത്തുപേരെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ നിനക്കറിയാവുന്ന, നീയറിയുന്ന പത്തുപേരോട് പറഞ്ഞുകൂടേയെന്ന്”.  കുളിമുറിയിൽ കയറി കുളിക്കാൻ തലയിൽ വെള്ളമൊഴിച്ചപ്പോൾ സ്വപ്നം ഒന്നുകൂടി ഓർമ്മ വന്നു.  കുളി കഴിയുന്നതിനുമുൻപേ, സ്വയം ഒരു സത്യമങ്ങു ചെയ്തു. എനിക്കറിയാവുന്ന, ഞാനറിഞ്ഞ പത്തുപേരെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ ഓരോ കുറിപ്പുകളായി എഴുതുമെന്ന്.  (എൻറെ ആ ഉദ്യമത്തിൽ ആദ്യനറുക്ക് വീണ പേരാണ് ഇവിടെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്  –  എം.പി. അബ്ദുൾ സുബൈർ).
വേണ്ട സമയത്ത്  രണ്ടു നല്ല വാക്ക് പറയുന്നതൊരു സകാരാത്മക തുടക്കമാണെന്നാണ് (Positive Initiative) എൻറെ വിശ്വാസം. പറയുന്നവരാരും കനത്തകനത്ത കാര്യം ചെയ്തവരൊന്നുമല്ല, എന്നാലോ “അണ്ണാറക്കണ്ണനും തന്നാലായത്” എന്ന വിഭാഗത്തിൽ അവരും ഉൾപ്പെടും.  ഇത് വായിച്ചു വേറെ ആർക്കെങ്കിലും അങ്ങനെ ചെയ്യാൻ തോന്നിയാലോ. (ലാൽജോസിൻറെ “ക്ലാസ്സ്മേറ്റ്സ്” എന്ന സിനിമയും, പിന്നീട് നടന്ന, നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമങ്ങളും  ഒരുദാഹരണമായെടുക്കാം!) ഇതെഴുതാൻ തോന്നിയ നിമിഷം തന്നെ – കുറച്ചുകാലം മാത്രം കഴിച്ചുകൂട്ടാൻ വിസ കിട്ടിയ ഈ ലോകം –  എത്ര  സുന്ദരമാണെന്ന് എനിക്ക് തന്നെ  തോന്നിത്തുടങ്ങിയിരിക്കുന്നു.
എം.പി. അബ്ദുൾ സുബൈർ  എൻറെ സതീർഥ്യനാണ്, കുറച്ചു കാലം ഞങ്ങൾ     തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ബി.കോം. ബിരുദത്തിന് ഒരുമിച്ചു പഠിച്ചിരുന്നു.  അന്നേ, ഒരു കുശാഗ്രബുദ്ധിക്കാരനായത് കൊണ്ടാകാം, സുബൈർ ഒരു സുപ്രഭാതത്തിൽ എന്നോട് പറഞ്ഞു – ഞാൻ ഓട്ടോമൊബൈൽ എൻജിനീയറിങ്ങ് പഠിക്കാൻ തിരൂർ എസ്.എസ്.എം. പോളിടെക്നിക്കിലേക്ക്  പോകുകയാണെന്ന്. ഞാൻ ചെറുതായൊന്നു ഞെട്ടി, പക്ഷേ പുറത്തു കാണിച്ചില്ല. മോട്ടോർ വാഹന വകുപ്പാണ് കക്ഷിയുടെ ലക്ഷ്യമെന്ന് അന്നെന്നോട് പറഞ്ഞില്ല, എനിക്കതൊട്ടു മനസ്സിലാക്കാനും കഴിഞ്ഞില്ല.  “ഡെബിറ്റ് വാട്ട് കംസ് ഇൻ – ക്രെഡിറ്റ് വാട്ട് ഗോസ് ഔട്ട്”  പഠിച്ചു  ഞാൻ കോളേജിൽ തുടരുകയും ചെയ്തു!
തൽക്കാലം പിരിഞ്ഞെങ്കിലും, തുടരുന്ന ബന്ധമായി ഞങ്ങളുടെ അടുപ്പം തുടർന്നുപോന്നു.  രണ്ടു പേരും പഠനങ്ങൾ പൂർത്തിയാക്കി.  പിന്നെ നമ്മുടെ നാട്ടിലൊക്കെ കല്ല്യാണം കഴിഞ്ഞാൽ, അടുത്ത ആഴ്ച തന്നെ  ചോദിക്കുന്ന ഒരു ചോദ്യമുണ്ടല്ലോ  – കുട്ടികളൊന്നുമായില്ലേയെന്ന്? – അതുപോലെ പഠിത്തം കഴിഞ്ഞുള്ള ചോദ്യം ഞങ്ങളെയും തേടിയെത്തി – ജോലിയൊന്നുമായില്ലേ? 
‘ഇന്ന മോനേ കഞ്ഞി, ഇതമ്മാ കിണ്ണം’ എന്ന കണക്കേ താമസിയാതെ  അതിനൊരുത്തരവും ഞങ്ങൾ ഒരുമിച്ചു നൽകി. ഞാനൊരു ഓഫീസിലും, സുബൈർ ഇൻഷുറൻസ് സർവ്വേയർ (അപകടം നടന്ന വാഹങ്ങളുടെ നഷ്ടക്കണക്ക് തയ്യാറാക്കുന്ന ജോലി) ആയും കർമ്മവീഥിയിൽ കാലെടുത്തു വച്ചു.  രണ്ടുപേരുടെയും  പ്രവർത്തനമേഖല കോഴിക്കോട്, യാത്ര തീവണ്ടിയിൽ – ലോഹ്യം അതിൻറെ പാരമ്യത്തിൽ  അങ്ങനെ   തുടർന്നു.
ഒരു സുഹൃത്തിനെപ്പറ്റി മറ്റൊരു അടുത്ത  സുഹൃത്ത് പറയുമ്പോൾ, കൂടുതൽ പേർക്ക് അറിയാത്ത ഒരു രഹസ്യമെങ്കിലും പങ്കുവച്ചാലല്ലേ – വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരു രോമാഞ്ചമൊക്കെ വരൂ. ഇവിടെ ഞാനും പറയാം അത്തരമൊരു രഹസ്യം – ഒരുപക്ഷേ,  സുബൈറിൻറെ ഭാര്യ – ശ്രീമതി ആഫ്ര – പോലും ഇത് വായിക്കുമ്പോഴേ ആ  കാര്യമറിയൂ. 
കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ, ആഴ്ചയിലെ അവസാന പ്രവൃത്തിദിനമായ ശനിയാഴ്ച ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു പോകും – ചുളുവിലയ്ക്ക് പച്ചക്കറി വാങ്ങാനാണ് ആ യാത്ര. സുബൈർ ഉപ്പേരിക്കുള്ള (തോരനുണ്ടാക്കാനുള്ള) പച്ചക്കറി രണ്ടും മൂന്നും കിലോ ഒരുമിച്ചു വാങ്ങും. ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടാൽ ആക്രാന്തം കാട്ടുന്നതുപോലെയാ കക്ഷിക്ക് ഉപ്പേരിയോടുള്ള ആക്രാന്തം. വീട്ടിൽ പാവം ഉമ്മയാണെങ്കിലോ മോൻ കൊണ്ടുവരുന്നതു മുഴുവൻ ഒറ്റയടിക്ക് തോരനുണ്ടാക്കി കൊടുക്കും. ശനി രാത്രിയും, ഞായർ പകലും കൊണ്ടു മൂന്നു കിലോ ഉപ്പേരി ചോറുണ്ണുമ്പോലെ  കക്ഷി  തനിച്ചകത്താക്കും!
ഈ കക്ഷി ഞെട്ടിക്കുന്നതിൽ ആശാനാണെന്നു ഞാൻ മുൻപേ സൂചിപ്പിച്ചല്ലോ.  അങ്ങനെയിരിക്കേ, വീണ്ടും ഒരു സുപ്രഭാതത്തിൽ എന്നോട് പറഞ്ഞു – ഞാൻ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ ആയി കെ.എസ്.ആർ.ടി.സി.യിൽ ജോലിക്കു പോകുകയാണെന്ന്. എവിടെയെങ്കിലും വച്ചു കൈ കാണിച്ചാൽ ആന ബസ്സ്  ഒന്ന്  നിറുത്തിയാൽ തന്നെ നമുക്കൊക്കെ ചെറിയ പെരുന്നാളായി തോന്നുന്ന കാലഘട്ടമാണതെന്ന്   ഓർക്കണം! ഞാൻ വീണ്ടും ഞെട്ടിയെങ്കിലും, മനസ്സിൽ എൻറെ സുഹൃത്തിനെ നന്നായി ഒന്ന് തൊഴുതു.  
 കാലം പറന്നുകൊണ്ടിരുന്നു, അതിനോടൊപ്പം  ഞങ്ങളും. ഞങ്ങൾക്ക് തുണയായി സഹധർമ്മിണികളുമെത്തി. ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള  ഒരു പ്രസംഗം മുഴുവനായും ഞാൻ ആദ്യമായി കേൾക്കുന്നത് താനൂരിലുള്ള  സുബൈറിൻറെ  വധുവിൻറെ വീട്ടിൽ വച്ചുനടന്ന  നിക്കാഹ് ചടങ്ങുകഴിഞ്ഞതിനു ശേഷമുള്ള  പ്രസംഗത്തിൽ നിന്നാണ്. 
എന്നെ ഞെട്ടിക്കുന്നതിൽ വിരുതനായ സുബൈർ  അവസാനമായി ഞെട്ടിച്ചത്   – ഞാൻ മോട്ടോർ വാഹന വകുപ്പിൽ വെഹിക്കിൾ ഇൻസ്പെക്ടറായി  ജോയിൻ ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ്.  അതുവരെ കെ.എസ്.ആർ.ടി.സിയെ വാനോളം പുകഴ്ത്തിയയാൾ, മോട്ടോർ വാഹന വകുപ്പിൻറെ ഗുണഗണങ്ങൾ വിവരിക്കുന്നത്  കേട്ട് അന്തം വിട്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. 
യൂണിഫോം കിട്ടുന്നതിനുമുൻപുള്ള ട്രെയിനിങ്ങ്  മുതൽ, ഭാവിയിൽ എവിടെ വരെയെത്തുമെന്ന കാര്യം വരെ കിറുകൃത്യമായി ഒരു ലഘുപ്രബന്ധം കണക്കേ എനിക്ക് വിവരിച്ചു തന്നു. പട്ടിണികൊണ്ടു വലഞ്ഞ പൂച്ച, പച്ചമീൻ കണ്ടു കൊതിച്ചു നിൽക്കുംപോലെയായി ഞാൻ. ആ നിമിഷം  ഞാനും പോളിയിൽ പഠിക്കാൻ കഴിയാതെ പോയതിൽ കുണ്ഠിതപ്പെട്ടുപോയി. ഈ വെച്ചടിവെച്ചടി കയറ്റം എന്ന് പണ്ടുള്ളവർ പറഞ്ഞത് – ഇതിനെപ്പറ്റിയൊക്കെയായിരിക്കുമല്ലേ!
ഔദ്യോഗിക ജീവിതത്തിലെ നല്ലൊരു ഭാഗം മലപ്പുറം ജില്ലയിൽ ചിലവഴിച്ച സുബൈർ റോഡ് സുരക്ഷാ സംബന്ധമായ പ്രചാരണ ക്ളാസ്സുകളിൽ നിറസാന്നിധ്യമാണ്.  വിദ്യാർത്ഥികൾക്കും, ഡ്രൈവർമാർക്കും, പൊതുജന ങ്ങൾക്കും നിരന്തര ബോധവൽക്കരണം ജോലിയിലുടനീളം നടത്തുന്നു.  “വേഗത ത്രസിപ്പിക്കുമ്പോൾ, ജീവൻ തുലാസ്സിലാകുന്നു”വെന്ന  ഉദ്ബോധനത്തിലൂടെ ഡ്രൈവർമാരെയും, റോഡ് ഉപഭോക്താക്കളെയും ഒരുപോലെ സചേതനമാക്കാൻ   വാക്കിലൂടെയും, പ്രവൃത്തിയിലൂടെയും, കർമ്മത്തിലൂടെയും ശ്രദ്ധ പതിപ്പിച്ചു മുന്നേറുന്നതിൽ ശുഷ്കാന്തി പുലർത്തുന്നു.  വകുപ്പിലെ ഏറ്റവും നല്ല ജീവനക്കാരനുള്ള ജില്ലയിലെ അവാർഡ് ഉൾപ്പെടെ നിരവധി തൂവലുകൾ അണിയാൻ തൻറെ പ്രവൃത്തിയിലൂടെ സുബൈറിന് കഴിഞ്ഞിട്ടുണ്ട്. നിയമം തെറ്റിച്ചുള്ള വാഹനയോട്ടത്തെ, കർശന പരിശോധനയിലൂടെ തടയിടാൻ ശ്രമിക്കുന്നതിൻറെ എത്രയോ വാർത്തകൾ, പത്രങ്ങളിലും ചാനലുകളിലും എനിക്ക്  കാണാൻ കഴിഞ്ഞിട്ടുമുണ്ട്. 
ചെറുപ്പത്തിൽ മനസ്സിൽ വിരിഞ്ഞ മോഹം, നിരന്തര പരിശ്രമത്തിലൂടെ നേടിയെടുത്ത ഒരു സാധാരണക്കാരൻ, വ്യാപരിക്കുന്ന മേഖലയിൽ തൻറെതായ സകാരാത്മകസംഭാവന അടയാളപ്പെടുത്തുന്നെങ്കിൽ, ആ കൂട്ടുകാരനെക്കുറി ച്ചഭിമാനിക്കാൻ എനിക്കും അർഹതയുണ്ട്.   മരണപ്പെട്ടു കഴിഞ്ഞാൽ മാത്രം നല്ലതു പറയുന്ന, അല്ലെങ്കിൽ അത്തരമൊരു സമീപനം സ്വീകരിക്കുന്നതിൽ നിന്നും മാറി, ജീവിച്ചിരിക്കുമ്പോൾ തന്നെ നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തികളുടെ, നല്ല കാര്യങ്ങൾ പറയുന്നതും ഒരു പുണ്യപ്രവൃത്തിയുടെ പരിധിയിൽ വരുമെന്നാണ് എൻറെ വിശ്വാസം.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു പ്രധാനകാര്യം കൂടി പറയാം. നല്ല നിലയിലിരിക്കുന്ന ഒരാളെക്കുറിച്ചു – അയാളും ഞാനും ഒരുമിച്ചു പഠിച്ചതാണ് അല്ലെങ്കിൽ  അയാൾ എൻറെ സുഹൃത്താണ് എന്ന് പറയുന്നതിൽ ഒരു അവകാശവും, ഒരു സന്തോഷവും ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെ തോന്നിപ്പിക്കുന്നതും പറയിപ്പിക്കുന്നതും നമ്മുടെ മനസ്സിൻറെ ഒരു കളിയാണ്. മറുവേള അതേ മനസ്സ് തന്നെ, അയാളെക്കൊണ്ട് – എന്തെങ്കിലും ആവശ്യമുണ്ടായാൽ – ആ ബന്ധം മൂലം –  അത്  നേടിയെടുക്കാമെന്നും പ്രേരിപ്പിച്ചേക്കാം. അങ്ങനെ ആർക്കെങ്കിലും തോന്നുന്നെങ്കിൽ, അത്തരം ചിന്തകൾ ആ നിമിഷം തന്നെ തല്ലിക്കെടുത്തണം. 
സുഹൃത്തിൻറെ ഉയർച്ചയിൽ ദൂരെയിരുന്നു സന്തോഷിക്കുന്ന ഒരു മനസ്സിനെ മാത്രം പരിപോഷിപ്പിക്കുക, സുഹൃത്ത്  ചെയ്യുന്ന നല്ല കാര്യങ്ങൾ നാലാളോട് പറയുക, അതിനെ മാത്രം സ്നേഹിക്കുക, അതായിരിക്കട്ടെ നമ്മുടെ പരിമിത ചിന്തയും ലക്ഷ്യവും… (സുപ്രസിദ്ധ സിനിമയായ കഥപറയുമ്പോളിലെ ശ്രീനിവാസൻ അവതരിപ്പിച്ച  കഥാപാത്രമായ  ബാലചന്ദ്രനേയും മമ്മുട്ടി അവതരിപ്പിച്ച അശോക് രാജിനെയും ഇവിടെ സ്മരിക്കട്ടെ)
(മലപ്പുറം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനായിരുന്ന അബൂബക്കർ സിദ്ധീഖ് സാറിനെ ഓർക്കാൻ കൂടി ഈയവസരം ഉപയോഗിക്കുന്നു. വളരെ സൗമ്യശീലനും, മിതഭാഷിയും, സദാ ചിരിച്ച മുഖവുമായി സിദ്ധീഖ്സർ, തൻറെ വകുപ്പിലെ ജീവനക്കാരുടെ പരിശീലനകാര്യങ്ങൾക്കായി പലപ്പോഴും എന്നെ ബന്ധപ്പെട്ടിരുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ, ഒരു ട്രെയിൻ യാത്രയിൽ അബദ്ധത്തിൽ ചലിച്ചുകൊണ്ടിരുന്ന ട്രെയിനിൽ നിന്നിറങ്ങവേ വീണു മരണപ്പെട്ടുപോയി. മോട്ടോർ വാഹന വകുപ്പിലെ ചിരിക്കുന്ന മുഖമായി ആ മുഖമിപ്പോഴും എൻറെയുള്ളിൽ നിറയുന്നു.  പരലോകത്ത്  അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ)… 
കൃഷ്ണൻ കാട്ടുപ്പറമ്പിൽ 
06   ഫെബ്രുവരി  2017
……
ഇപ്പോൾ ശ്രീ അബ്ദുൾ സുബൈർ എം.വി.ഐ. സ്പെഷ്യൽ സ്ക്വാഡ്, മലപ്പുറം  തസ്തികയിൽ ജോലി ചെയ്യുന്നു. അദ്ദേഹം ബഹുമാനപ്പെട്ട തദ്ദേശ്ശസ്വയംഭരണ വകുപ്പ് മന്ത്രി ഡോക്ടർ കെ.ടി. അബ്ദുൾ ജലീലിൽ നിന്നും തൻറെ വകുപ്പിനു വേണ്ടിയുള്ള ഉപഹാരം സ്വീകരിക്കുന്ന ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
1984–89 കാലഘട്ടത്തിൽ ഞാൻ  പി.എസ്.എം.ഒ.  കോളേജിൽ വിദ്യാർത്ഥി യായിരുന്നു. അതേ കാലയളവിൽ  ഡോക്ടർ കെ.ടി. അബ്ദുൾജലീൽ അവിടെ വിദ്യാർത്ഥിയായിരുന്നു, പക്ഷേ, എനിക്ക് മന്ത്രിയുമായി വ്യക്തിപരമായി യാതൊരു  പരിചയവുമില്ല.
RELATED ARTICLES

Most Popular

Recent Comments