Thursday, May 2, 2024
HomeSTORIESപ്രണയനൈരാശ്യം. (കഥ)

പ്രണയനൈരാശ്യം. (കഥ)

പ്രണയനൈരാശ്യം. (കഥ)

ഉമ രാജീവ്. (Street Light fb group)
ഹലോ, കൃഷ്ണേ എത്രനേരമായി ഫോൺ ബെല്ലടിക്കുന്നു? നീ എന്താ എടുക്കാൻ വൈകിയത്? അയാൾ ചോദിച്ചു. അത്..ഞാൻ അടുക്കളയിലായിരുന്നു, എന്താ വിളിച്ചേ? അവൾ ചോദിച്ചു. എനിക്ക് ഓഫീസ് സംബന്ധമായി അത്യാവശ്യമായി ഒരു യാത്ര പോകേണ്ടതുണ്ട്. നീ എല്ലാം ഒന്നൊരുക്കി വയ്ക്ക്, ഞാൻ വന്നയുടൻ ഇറങ്ങും രണ്ടുദിവസം കഴിയും വരാൻ, ശരി ഞാൻ എല്ലാം ഒരുക്കിവെക്കാം അവൾ മറുപടി പറഞ്ഞു. ഫോൺ വച്ചുകഴിഞ്ഞതും അവൾ ആലോചിച്ചു എല്ലാം ചേട്ടനോട് പറയണോ? പാവം, യാത്രയ്ക്ക് ഒരുങ്ങുന്നയാളോട് ഇതൊക്കെ പറഞ്ഞാൽ പാവത്തിന് എന്ത് സങ്കടമാകും.. അവൾ അന്ന് നടന്ന സംഭവം ഓർത്തുനോക്കി. എല്ലാദിവസത്തേയും പോലെ അന്നും ചേട്ടൻ ഓഫീസിലും അവൻ കോളേജിലും പോയതിനുശേഷം അവന്റെ മുറി വൃത്തിയാക്കാൻ ചെന്നതാണ് താൻ. മുറിയൊക്കെ തൂത്തുവാരിയതിനുശേഷം അവന്റെ തുണികൾ മടക്കിവായിക്കുമ്പോഴാണ് കണ്ടത്, അലമാരിയിൽ തുണികൾക്കിടയിൽ ഒരു ചെറിയ കുപ്പി. കാണാൻ വെള്ളംപോലുണ്ട്, താൻ അത് തുറന്നുനോക്കിയപ്പോൾ ഒരു പ്രത്യേക മണം, ഒരു സംശയം കാരണം കൈവിരൽ കൊണ്ട് ചെറുതായൊന്ന് തൊട്ടപ്പോൾ തന്റെ വിരൽ പൊള്ളിപ്പോയി..ആസിഡ്! എൻജിനിയറിങ്ങിന് പഠിക്കുന്നവന്റെ കയ്യിലെന്തിനാ ആസിഡ്? അതെന്തിനാ ഒളിപ്പിച്ചുവച്ചിരിക്കുന്നെ? ഇങ്ങനെയോരോന്ന് ചിന്തിച്ചിരുന്നപ്പോഴാണല്ലോ ചേട്ടൻ ഫോണിൽ വിളിച്ചത്. അവൾ വേഗം അയാൾക്ക് കൊണ്ടുപോവേണ്ടതെല്ലാം ഒരുക്കി പെട്ടിയിലാക്കിവച്ചു, അപ്പോഴേക്കും അയാൾ എത്തി. അവൾ ചെന്ന് വാതിൽ തുറന്നു.
എന്തുപറ്റി? നിന്റെ മുഖമാകെ വാടിയിരിക്കുന്നു, എന്തെങ്കിലും കുഴപ്പമുണ്ടോ? അയാൾ ചോദിച്ചു, ഏയ് ചേട്ടന് തോന്നുന്നതാ എന്നും പറഞ്ഞ് അവൾ അകത്തേക്ക്പോയി. മനു വരുമ്പോൾ പറഞ്ഞേക്കണേ എന്നും പറഞ്ഞ് അയാൾ പോകാനൊരുങ്ങി. അവൾ പിന്നാലെചെന്ന് അയാളെ യാത്രയാക്കി.. വൈകുന്നേരമായപ്പോൾ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ചെന്ന് നോക്കി മനുവാണ്, അവൾ ഒന്നും അറിയാത്തപോലെ ചെന്ന് വാതിൽ തുറന്നു. അവൻ അകത്തുകയറിയയുടൻ നേരെ മുറിയിൽചെന്ന് വാതിൽ ചാരുന്നത് കണ്ടു..അവൾ പിറകെചെന്നുനോക്കിയപ്പോൾ അകത്ത് അവൻ ആരോടോ സംസാരിക്കുന്നത് കേട്ടു. ‘ഇല്ലെടാ, അവൾ ഇന്ന് കോളേജിൽ വന്നിട്ടില്ല. ഞാൻ അന്വേഷിച്ചിരുന്നു. അതുകൊണ്ടു സാധനം എന്റെ വീട്ടിൽ എന്റെ അലമാരയിൽ വച്ചിട്ടുണ്ട്. നാളത്തോടെ തീരും അവളുടെ അഹങ്കാരം? എന്ത്, അമ്മ കാണുമെന്നോ? പേടിക്കേണ്ട, അമ്മ എന്റെ മുറിയിൽ വരാറില്ല, നാളെ നീയും വേണം എന്റെ കൂടെ..അപ്പൊ ശരി ഞാൻ പിന്നെ വിളിക്കാം എന്നും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്യുന്നത് കേട്ടു. അവൾ വേഗം ഹാളിലേക്ക് തിരിച്ചുവന്നു.അമ്മേ, ഇന്ന് വൈകുന്നേരത്തേക്ക് സ്‌നാക്‌സൊന്നും ഇല്ലേ? എനിക്ക് വിശക്കുന്നു അവൻ പറഞ്ഞു. അവൾ ഒരു പ്ളേറ്റിൽ ഏത്തക്കാ ഉപ്പേരിയും ഒരു ഗ്ലാസ് ചായയും കൊണ്ടുകൊടുത്തു. അവൻ ടിവി ഓൺ ചെയ്തതിനുശേഷം അതും കഴിച്ചു സാധാരണ രീതിയിൽ ഇരുന്നു. അവൾ അവനെത്തന്നെനോക്കിക്കൊണ്ടു ആലോചിച്ചു. താൻ എത്ര ലാളിച്ചുവളർത്തിയ തന്റെ പൊന്നുമകൻ, എല്ലാവരുടെ മുൻപിലും അഭിമാനത്തോടെ മാത്രമേ അവനെപ്പറ്റി പറഞ്ഞിട്ടുള്ളു ആ അവൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാവാൻ പോകുന്നു, അവളറിയാതെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ചാടാൻ തുടങ്ങി. എന്താമ്മേ? എന്തുപറ്റി? അവൾ കരയുന്നതു കണ്ടിട്ട് അവൻ ചോദിച്ചു? അച്ഛൻ യാത്ര പോയത്കൊണ്ടാണോ? എന്നെ വിളിച്ചിരുന്നു? വെറും രണ്ടുദിവസത്തെ കാര്യമല്ലേ? അതിനാണോ കരയുന്നെ? അവൻ ചോദിച്ചു. അവൾ ഒന്നും പറയാതെ ഹാളിൽ നിന്നും പുറത്തോട്ട് പോയി. രാത്രി ഭക്ഷണമൊക്കെ കഴിച്ചിട്ട് അമ്മയ്ക്ക് ഗുഡ്‌നൈറ്റും പറഞ്ഞ് അവൻ മുറിയിൽ ചെന്നു. ഒന്നുകൂടെ ഉറപ്പിക്കാനായി ആ കുപ്പി ഇരിക്കുന്ന ഭാഗത്ത് നോക്കി, അത് അവിടെ കാണുന്നില്ല! അവിടെ മുഴുവൻ പരതി നോക്കി? അവൻ കതക്‌തുറന്ന് പുറത്തിറങ്ങി, അമ്മേ, അമ്മ ഇന്ന് മുറിയിൽ കയറിയോ? അവൻ ചോദിച്ചു.
ആ അതെ, നിന്റെ കുറച്ച് ഡ്രസ്സ് ഉണങ്ങിയത് കൊണ്ടുവക്കാൻ വന്നു എന്താ?. അത്..ഒന്നുമില്ല എന്നും പറഞ്ഞ് അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ അവൾ ചോദിച്ചു, ഇത് ഞാനെടുത്തോന്നാണോ നിനക്കറിയേണ്ടത്? അവൻ തിരിഞ്ഞുനോക്കി. കുപ്പി അമ്മയുടെ കയ്യിൽ! എന്താ ഇതിന്റെയൊക്കെ അർത്ഥം? ഞാൻ കേട്ടു, നീ കൂട്ടുകാരനോട് സംസാരിക്കുന്നത്? ഏതു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കാനാണെടാ ഇത്? അവൾ പൊട്ടിത്തെറിച്ചു. ആദ്യം കുറച്ചുനേരം അവനൊന്നും മിണ്ടിയില്ല.. പിന്നീട് പറഞ്ഞു..ഞാൻ സ്നേഹിച്ചിരുന്ന പെണ്ണാ അവള്, അവള് പിജി ചെയ്യുകയാണ്. എത്രപ്രാവശ്യം ഞാനവളുടെ പുറകെ നടന്നതാണെന്നറിയാമോ? എന്നിട്ട് അവസാനം ഞാൻ നേരിട്ട് അവളോട് എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ എന്റെ കൂട്ടുകാരുടെ മുന്നിൽ വച്ച് എന്നെ അപമാനിച്ചു!
അവൾക്ക് ഇതിലൊന്നും വിശ്വാസമില്ലെന്ന്. അവള് വരുന്നത് പഠിക്കാനാണെന്ന്? ഞാൻ ഇനി അവളുടെ പുറകെ നടന്നാൽ അവൾ പോലീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞു. എനിക്ക്, എനിക്ക് സഹിച്ചില്ല, അവളുടെയൊരു പഠിത്തം! ഞാൻ നിർത്തിക്കൊടുക്കാം. അമ്മക്കറിയില്ലമ്മേ ഇഷ്ടപ്പെടുന്ന പെണ്ണ് നമ്മളെ ഇങ്ങനെ അപമാനിക്കുമ്പോൾ ഉണ്ടാകുന്ന വേദന, കാരണം നിങ്ങൾ പ്രേമിച്ചുവിവാഹം കഴിച്ചവരാണല്ലോ? നിങ്ങളുടെ ലവ് സക്സസായിരുന്നു, പക്ഷെ എന്റേത്? എന്നെ വേണ്ട എന്നും പറഞ്ഞിട്ട് അവളെങ്ങനെ അണിഞ്ഞൊരുങ്ങി നടക്കേണ്ട,.അവൻ പറഞ്ഞു തീർന്നതും അവളുടെ കൈ അവന്റെ കരണത്ത് പതിച്ചതും ഒരുമിച്ചായിരുന്നു.. അവൾ പറഞ്ഞു.. നീ പറഞ്ഞല്ലോ എന്റെയും നിന്റച്ഛന്റെയും പ്രണയത്തെപ്പറ്റി.നിനക്കെന്തറിയാം?
എടാ..നിന്റച്ഛൻ ആദ്യം ഇഷ്ടപ്പെട്ടത് എന്നെയല്ല! അദ്ദേഹത്തിന്റെ കൂടെപഠിച്ച ഒരു കുട്ടിയെത്തന്നെയായിരുന്നു..അത് നിന്നെപ്പോലെയും അല്ല, ആ കുട്ടിക്കും ഇഷ്ടമായിരുന്നു, അവർ കുറേക്കാലം പ്രേമിച്ചുനടന്നു. അവൾ ചോദിച്ചതൊക്കെയും അയാൾ വാങ്ങിക്കൊടുത്തു, അവസാനം ഗൾഫിൽ നിന്നും നല്ലൊരു ആലോചന വന്നപ്പോൾ അവൾ അദ്ദേഹത്തെ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഉപേക്ഷിച്ചു ആ വന്ന ആളെയും വിവാഹം ചെയ്തു ഗൾഫിലേക്ക് പോയി നിന്റച്ഛൻ വിചാരിച്ചിരുന്നെങ്കിൽ ആ പെൺകുട്ടിയോട് പ്രതികാരം ചെയ്യാമായിരുന്നു, അവളുടെ വിവാഹം കലക്കാമായിരുന്നു, പക്ഷെ അയാളത് ചെയ്തില്ല, പകരം അയാൾ പഠിച്ചു, നല്ലൊരു ജോലി സമ്പാദിച്ചു, അതുപോലെതന്നെ എനിക്കും ഉണ്ടായിരുന്നു ഒരാളോട് ഇഷ്ടം. അയാൾ ഞങ്ങളുടെ നാട്ടുകാരൻ തന്നെയായിരുന്നു, പക്ഷെ അയാളും പ്രേമത്തിനേക്കാൾ വില കൊടുത്തത് സ്ത്രീധനത്തിനാണ്.. ഞങ്ങൾക്ക് അയാൾ ചോദിക്കുന്ന തുക കൊടുക്കാനുള്ള കഴിവില്ല എന്ന് മനസ്സിലായപ്പോൾ തീർന്നു അയാളുടെ പ്രേമം, പിന്നീടാണ് ഞാനും നിന്റച്ഛനും കണ്ടുമുട്ടുന്നത്. കുറച്ചു നാൾ സംസാരിച്ചും കണ്ടും ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിത്തുടങ്ങി. അദ്ദേഹം വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു വീട്ടുകാർക്കും സമ്മതമായിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു..മോനേ, മനു ഒരു കാര്യം പറയാം. ഈ ലോകത്തിൽ പ്രേമിച്ചു വിവാഹം കഴിച്ച ഭൂരിപക്ഷം ആൾക്കാരും ആദ്യമായി ഇഷ്ടപ്പെട്ട ആളെയൊന്നുമല്ല വിവാഹം ചെയ്തിരിക്കുക? ആ പെൺകുട്ടി നിന്റെ ഇഷ്ടം നിരസിച്ചുവെങ്കിൽ അവൾക്ക് നിന്റെ കൂടെ കഴിയാനുള്ള ഭാഗ്യം ഇല്ലെന്നു നീ തിരിച്ചറിയണം. നീ പഠിത്തത്തിൽ ശ്രദ്ധ കാണിക്ക്, നല്ല പഠിത്തവും ജോലിയുമൊക്കെയാകുമ്പോൾ നിന്നെത്തേടി പെൺകുട്ടികൾ ഇങ്ങോട്ടു വരും.
നിന്റെ മനസ്സിലൊരിക്കലും ഇങ്ങനെയുള്ള ചിന്തകൾ കടന്നുവരരുത് ഇഷ്ടം എന്ന് പറയുന്നത് രണ്ടുപേർക്കും തോന്നണം, നീ അന്തസ്സായി പ്രൊപ്പോസ് ചെയ്‌തു, അവൾ നിരാകരിച്ചു, അതിനെന്താ? നിനക്കെന്തും ഞങ്ങളോട് പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ തന്നിട്ടുണ്ടല്ലോ എന്നിട്ടും നീ ഈ കാര്യം മാത്രം എന്തിനാ ഒളിച്ചുവച്ചത്? മോനെ, ദേഷ്യത്തിൽ എടുക്കുന്ന ഒരു തീരുമാനവും നന്മയിൽ ചെന്നെത്തില്ല ഒരു കാര്യം ഞാൻ പറയാം..നിനക്ക് എന്നും ഞാനും അച്ഛനും കാണും, ഏതു സാഹചര്യത്തിലും നിന്നെതള്ളിപ്പറയാൻ ഞങ്ങൾക്ക് കഴിയില്ല, പക്ഷെ അത് പല കുട്ടികളും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം, അവൾ നോക്കുമ്പോൾ അവൻ മുഖം പൊത്തി കരയുകയാണ്, ഇല്ലമ്മേ.ഞാൻ ഒരിക്കലും ഇനി ഇങ്ങനെ ചിന്തിക്കില്ല, അവൾ നിരാകരിച്ചപ്പോൾ എന്റെ ജീവിതം അവസാനിചു എന്നാ ഞാൻ കരുതിയെ? പക്ഷെ അച്ഛന്റെയും അമ്മയുടെയും കാര്യം കേട്ടപ്പോൾ എന്റേതൊന്നുമല്ല എന്ന് മനസ്സിലായി, എന്നോട് ക്ഷമിക്കൂ എന്നും പറഞ്ഞ് അവൻ തന്നെ ആ കുപ്പി വാങ്ങി വേസ്റ്റിൽ ഇട്ടു..അന്ന് രാത്രി മുഴുവൻ അവൻ അമ്മയുടെ മടിയിൽ തല വച്ച് കിടന്നുറങ്ങുകയായിരുന്നു.. രാവിലെയായപ്പോൾ അവന്റെ കൂട്ടുകാരൻ എത്തി, ഡാ,ദാ അവളാ ബസ്‌സ്റ്റോപ്പിലുണ്ട്, നീ വാ, അവൻ വിളിച്ചു. അവൾ ബസ്റ്റോപ്പിൽ നിൽക്കുന്നെങ്കിൽ ബസ് വരുമ്പോൾ കേറിപ്പോയ്ക്കോട്ടെ… അമ്മ നല്ല ചപ്പാത്തിയും കറിയും ഉണ്ടാക്കിയിട്ടുണ്ട് നമുക്ക് കഴിക്കാം, നീ വാ എന്നും പറഞ്ഞ് കൂട്ടുകാരനെയും വിളിച്ചുകൊണ്ടു അവൻ വീട്ടിനുള്ളിലേക്ക് ചെന്നു.. അവൾ ആലോചിച്ചു..കുട്ടികളോട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കുകയും അവർക്ക് നമ്മളുണ്ട് എന്ന വിചാരം അവരിൽ ഉണർത്താനും കഴിഞ്ഞാൽ കുറെയൊക്കെ ഇതുപോലുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാകും.
RELATED ARTICLES

Most Popular

Recent Comments