Wednesday, December 11, 2024
HomeSTORIESനിഴല്‍. (കഥ)

നിഴല്‍. (കഥ)

നിഴല്‍. (കഥ)

അജിന സന്തോഷ്. (street light fb group)
നഗരത്തിലെ ഒരു ഹോട്ടലില്‍
സുഹൃത്തുക്കള്‍ക്കൊക്കെ പാര്‍ട്ടി കൊടുക്കുകയായിരുന്നു അയാള്‍..
ഒരു പെണ്‍കുട്ടിയെ പീഢിപ്പിച്ചു കൊന്ന കേസിലെ പ്രതി.. തെളിവില്ലാത്തത് കൊണ്ട് കോടതി അയാളെ വെറുതേ വിട്ടു..അയാള്‍ കുറ്റം ചെയ്തു എന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലാ പോലും..
കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കണ്ണീരോടെ അയാളെ നോക്കി. അയാള്‍ ഒരു ജേതാവിനെപ്പോലെ തലയുയര്‍ത്തിപ്പിടിച്ച് അവരുടെ മുന്നിലൂടെ കടന്നുപോയി..
കോടതി തന്നെ വെറുതെ വിട്ടതിന്‍റെ സന്തോഷത്തില്‍ ഗംഭീര മദ്യ സല്‍ക്കാരം നടത്തുകയാണ്..പാട്ടും കൂത്തും ഒക്കെയുണ്ട്..
താന്‍ ചെയ്ത വീരകൃത്യം പൊടിപ്പും തൊങ്ങലും വെച്ച് എല്ലാവര്‍ക്കും വിവരിച്ചു കൊടുക്കുകയും ചെയ്തു..
എല്ലാം കേട്ട് സുഹൃത്തുക്കള്‍ കെെയ്യടിച്ചു.. അവരുടെ മുന്‍പില്‍ താനൊരു വീര പുരുഷനായതുപോലെ അയാള്‍ക്ക് തോന്നി..
കുറ്റബോധത്തിന്‍റെ ഒരു ചെറു കണിക പോലും അയാളില്‍ ഇല്ലായിരുന്നു..
എല്ലാം കഴിഞ്ഞപ്പോള്‍ നേരം ഒരുപാട് ഇരുട്ടി..സുഹൃത്തുക്കളൊക്കെ പിരിഞ്ഞു പോയി.. അയാള്‍ വീട്ടിലേക്ക് മടങ്ങുകയാണ്.. ഇനിയിപ്പോള്‍ വാഹനമൊന്നും കിട്ടില്ല. നടക്കുക തന്നെ.
അയാള്‍ നടക്കാന്‍ തുടങ്ങി..
കുറച്ചു ദൂരം ചെന്നപ്പോള്‍ പുറകില്‍ എന്തോ നിഴലനങ്ങുന്നതുപോലെ തോന്നി. അയാള്‍ തിരിഞ്ഞുനോക്കി.. ഒന്നുമില്ല..
തനിക്ക് തോന്നിയതാവും.. നടത്തം തുടര്‍ന്നു..
നിഴലനക്കം അടുത്തടുത്ത് വരുന്നതുപോലെ.. അയാള്‍ക്ക് പേടിയായിത്തുടങ്ങി.. നടത്തത്തിനു വേഗം കൂട്ടി.. തെരുവു വിളക്കിന്‍െറ വെളിച്ചത്തില്‍ അയാള്‍ വ്യക്തമായി കണ്ടു..
ഒരു പെണ്‍കുട്ടിയുടെ നിഴല്‍.. പെട്ടെന്ന്
താന്‍ പീഢിപ്പിച്ചു കൊന്ന ആ കൊച്ചു പെണ്‍കുട്ടിയെ അയാള്‍ക്ക് ഓര്‍മ്മ വന്നു..
ആ പെണ്‍കുട്ടി തന്‍റെ പിന്നാലെ വരുന്നതുപോലെ അയാള്‍ക്ക് തോന്നി..
കഴിച്ച മദ്യം മുഴുവന്‍ ആവിയായി പോയി..
പേടികൊണ്ട് അയാള്‍ ഓടാന്‍ തുടങ്ങി… നിഴലനക്കം പിന്നാലെയുണ്ട്..വീട്ടിലേക്കുള്ള വഴിയൊക്കെ മറന്നതു പോലെ.. എങ്ങോട്ടെന്നില്ലാതെ ഒാടിയോടി അയാള്‍ എത്തിയത് റെയില്‍വേ ട്രാക്കിലായിരുന്നു.
ചീറിപ്പാഞ്ഞു വരുന്ന ട്രെയിന്‍ അയാള്‍ കണ്ടില്ല..
ആ ട്രെയിന്‍ അയാളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ടു മുന്നോട്ട് പാഞ്ഞു..

 

RELATED ARTICLES

Most Popular

Recent Comments